MATHEMATICS

Tampilkan postingan dengan label സ്കോളര്‍ഷിപ്പ്. Tampilkan semua postingan
Tampilkan postingan dengan label സ്കോളര്‍ഷിപ്പ്. Tampilkan semua postingan

Minggu, 28 Juli 2013

Awareness Program on July 31 Updated with presentation on cyber crime

ഈ മാസം ജൂലൈ 31ന് എല്ലാ സ്ക്കൂളുകളിലും ക്ലാസ് പിടിഎ വിളിച്ചു കൂട്ടുന്നതിന് നിര്‍ദ്ദേശിക്കുന്ന പൊതുവിദ്യാഭ്യാസഡയറക്ടറുടെ സര്‍ക്കുലര്‍ ഏവരും ഇതിനോടകം കണ്ടിരിക്കുമല്ലോ. സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ്, എസ്.എസ്.എ, ഡയറ്റുകള്‍, സ്ക്കൂള്‍ പി.ടി.എ, എസ്.എം.സി എന്നിവയുടെ സഹകരണത്തോടെ ഈ ക്ലാസ് സംഘടിപ്പിക്കുന്നത്. ക്ലാസ് പി.ടി.എകളില്‍ അതത് ക്ലാസ് ടീച്ചര്‍മാരാണ് ബോധവല്‍ക്കരണക്ലാസ് നയിക്കേണ്ടത്. മേല്‍പ്പറഞ്ഞ ഒന്നര മണിക്കൂര്‍ പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായകമായ ഡോക്യുമെന്റുകളും ചുവടെ നല്‍കിയിരിക്കുന്നു.

ക്ലാസ് പി.ടി.എയുടേയും ബോധവല്‍ക്കരണപരിപാടിയുടേയും നടത്തിപ്പിനെപ്പറ്റിയുള്ള ഡി.പി.ഐ നിര്‍ദ്ദേശങ്ങള്‍ ചുവടെ പറയുന്നു.
  • 2013 ജൂലൈ 31 ന് 2 മണി മുതല്‍ 3 മണി വരെ സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍ എന്ന വിഷയത്തെക്കുറിച്ചും 3 മണി മുതല്‍ 3.30 വരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചും ആണ് ക്ലാസ് നടത്തേണ്ടത്.
  • യോഗത്തിന്റെ കാര്യപരിപാടികള്‍ പ്രത്യേകം പ്രതിപാദിച്ചു കൊണ്ടുള്ള കത്ത് രക്ഷിതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണം. എല്ലാവരുടേയും സാന്നിധ്യം ഉറപ്പുവരുത്താനുള്ള നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കണം.
  • പരിശീലനത്തിന് വേണ്ടി സീമാറ്റ്-കേരള തയ്യാറാക്കിയ അധ്യാപകര്‍ക്കുള്ള മാര്‍ഗരേഖ, സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകളുടെ പട്ടിക, സൈബര്‍കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുറിപ്പ് തുടങ്ങിയ രേഖകള്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ www.education.kerala.gov.in, www.siemat.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
  • സ്കോളര്‍ഷിപ്പുകളുടെ പട്ടിക, സൈബര്‍ ക്രൈം-രക്ഷാകര്‍ത്തബോധവല്‍ക്കരണം എന്നീ രേഖകള്‍ ഡൌണ്‍ലോഡ് ചെയ്ത് പി.ടി.എ/എസ്.എം.സി ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് ഫോട്ടോകോപ്പിയെടുത്ത് രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കേണ്ടതാണ്.
  • ബോധവല്‍ക്കരണ പരിപാടിയുടെ മുന്നോടിയായി ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയില്‍ എസ്.ആര്‍.ജി യോഗങ്ങള്‍ കൂടി മൊഡ്യൂള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ വ്യക്തത വരുത്തേണ്ടതാണ്.
  • ക്ലാസ് പിടിഎകളില്‍ ക്ലാസ് ടീച്ചറാണ് ബോധവല്‍ക്കരണ ക്ലാസ് നയിക്കേണ്ടത്.
  • സ്ക്കൂള്‍തലത്തില്‍ എസ്.എം.സി/പി.ടി.എ കമ്മിറ്റി കൂടി ബോധവല്‍ക്കരണത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്.
  • എ.ഇ.ഒമാരും ഡി.ഇ.ഒമാരും പ്രധാനാധ്യാപകരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ബോധവല്‍ക്കരണ പരിപാടിയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടതും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുമാണ്.
  • ഡി.ഡി.ഇ, ആര്‍.ഡി.ഡി, ഡയറ്റ് പ്രിന്‍സിപ്പല്‍, ഡി.പി.ഒ, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ഡി.ഇ.ഒ, എ.ഇ.ഒ, ഹെഡ്മാസ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്ന മോണിറ്ററിംഗ് ടീം വിവിധ തലങ്ങളില്‍ മോണിറ്ററിങ് നടത്തി ബോധവല്‍ക്കരണപരിപാടി ഫലപ്രദമാക്കേണ്ടതാണ്. ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഏകോപനം ഡി.ഡി.ഇ, ഡയറ്റ് പ്രിന്‍സിപ്പല്‍ എന്നിവര്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നിര്‍വഹിക്കേണ്ടതാണ്.
  • ഓരോ സ്ക്കൂളിലും നടന്ന ബോധവല്‍ക്കരണ പരിപാടി സംബന്ധിച്ച് റിപ്പോര്‍ട്ട് ബന്ധപ്പെട്ട മേലുദ്യോഗസ്ഥന് ഹെഡ്മാസ്റ്റര്‍ നല്‍കേണ്ടതാണ്.
  • ബോധവല്‍ക്കരണ പരിപാടി അതത് ഹെഡ്മാസ്റ്റര്‍മാരുടെ പൂര്‍ണ ഉത്തരവാദിത്വത്തിലും ചുമതലയിലുമാണ് നടത്തേണ്ടത്.
  • ബോധവല്‍ക്കരണ പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റേയും വിവിധ സ്കോളര്‍ഷിപ്പുകള്‍ സമയബന്ധിതമായി കുട്ടികള്‍ക്ക് വിതരണം നടത്തുന്നതിന്റേയും പൂര്‍ണ ഉത്തരവാദിത്തം അതാത് സ്ക്കൂള്‍ മേധാവികളില്‍ നിക്ഷിപ്തമായിരിക്കും.

രണ്ടു സെഷനുകളാണ് ഈ ബോധവല്‍ക്കരണപരിപാടിയിലുള്ളത്. ആദ്യത്തെ ഒരു മണിക്കൂറില്‍ സ്ക്കൂളില്‍ വിതരണം ചെയ്യപ്പെടുന്ന സ്കോളര്‍ഷിപ്പുകളെക്കുറിച്ചാണ് പറയുന്നതെങ്കില്‍ പിന്നീടുള്ള അര മണിക്കൂറില്‍ സൈബര്‍കുറ്റകൃത്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. രണ്ടു സെഷനുകളേയും കുറിച്ച് ചുവടെ വിശദമാക്കിയിരിക്കുന്നു.

സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍

കേരളത്തില്‍ പ്രീ-പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും സഹായങ്ങളുമായി 120 എണ്ണം നിലവിലുണ്ട്. ഇതിന്റെ ഗുണഫലം ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ലഭിക്കേണ്ടതാണ്. ബന്ധപ്പെട്ടവര്‍ക്ക് ശരിയായ അവബോധം ഇല്ലാത്തതു കൊണ്ടും ആവശ്യമായ വിവരങ്ങള്‍ ലഭിക്കാത്തതു കൊണ്ടും ഇവ കുട്ടികള്‍ക്ക് ലഭിക്കാതെ പോകുന്നുണ്ട്. ഈ വസ്തുത കണക്കിലെടുത്ത് വിവിധ സ്കോളര്‍ഷിപ്പുകള്‍ രക്ഷകര്‍ത്താക്കളെ പരിചയപ്പെടുത്തുന്നതിനും അത് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സെഷന്‍. ഈ സെഷന്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

1. Scholarship Pre-primary Section

2. Scholarship L.P Section

3. Scholarship U.P Section

4. Scholarship H.S Section

ആമുഖം (5 മിനിറ്റ്)
ആദ്യത്തെ ക്ലാസ് പി.ടി.എ യോഗമെന്ന നിലയില്‍ പുതിയ അധ്യയന വര്‍ഷത്തിലെ വിദ്യാലയകാര്യങ്ങളെക്കുറിച്ചും സ്‌ക്കൂളില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്ന സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും ലഘുവായ ഒരു ആമുഖമാകാം.

സ്‌കോളര്‍ഷിപ്പുകള്‍ - (പൊതു അവതരണം) (15 മിനിറ്റ്)

സീമാറ്റ്- കേരള തയ്യാറാക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പുകളെ പൊതുവായി താഴെ പറയും വിധം തരം തിരിക്കാവുന്നതാണ്. അക്കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കേണ്ടത്. ഇതിനുള്ള മാര്‍ഗരേഖ മുകളില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് വേണ്ടി നല്‍കിയിട്ടുള്ളത് കണ്ടിരിക്കുമല്ലോ.

അക്കാദമിക മികവിന് ലഭിക്കുന്ന മെരിറ്റു സ്‌കോളര്‍ഷിപ്പുകള്‍
രണ്ടു തരത്തിലാണ് ഈ സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യത നിര്‍ണയിക്കുന്നത്

പ്രത്യേക പരീക്ഷകള്‍ വഴി
എല്‍.എസ്.എസ്, യു.എസ്.എസ്, പ്രതിഭാനിര്‍ണയ പരീക്ഷ, ടാലന്റ് സെര്‍ച്ച് പരീക്ഷ, സംസ്‌കൃത സ്‌കോളര്‍ഷിപ്പ് പരീക്ഷ തുടങ്ങിയവ

പഠിച്ചു കൊണ്ടിരിക്കുന്ന ക്ലാസുകളിലെ പരീക്ഷകളില്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍, ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ - പട്ടിക പരിശോധിച്ച് വിശദീകരിക്കണം.

ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക്, അവരുടെ ന്യൂനതകളുടെ തോതനുസരിച്ച് ലഭിക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍

ദിവസവും സ്‌ക്കൂളില്‍ പോയി പഠിക്കുന്നവര്‍, ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവര്‍ എന്നിവര്‍ക്ക് അര്‍ഹതയും മാനദണ്ഡങ്ങളും അനുസരിച്ച് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ - (മുകളില്‍ ഡൗണ്‍ലോഡിനായി നല്‍കിയ പട്ടിക നോക്കി വിശദാംശങ്ങള്‍ നല്‍കണം).

രക്ഷാകര്‍ത്താക്കളുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ ക്ഷേമനിധി സ്‌കോളര്‍ഷിപ്പുകള്‍

വിവിധ തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകള്‍, തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ മുകളില്‍ നല്‍കിയ പട്ടിക പരിശോധിച്ച് വിശദീകരിക്കണം.

പട്ടികജാതി, പട്ടിക വര്‍ഗ, പിന്നോക്ക, മുന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍

പ്രത്യേക ജാതി-മത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക്, അവയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇക്കൂട്ടത്തില്‍പ്പെടും. പട്ടിക പരിശോധിച്ചു ഇക്കാര്യം വിശദീകരിക്കണം.

പ്രത്യേക നിര്‍ദ്ദേശം

ക്ലാസ് പി.ടി.എയില്‍ ബന്ധപ്പെട്ട ക്ലാസിലെ കുട്ടികള്‍ക്ക് ലഭിക്കാനുള്ള സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് വിശദീകരിച്ചാല്‍ മതി. വിശദവിവരങ്ങള്‍ അടങ്ങിയ സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍ എന്ന പുസ്തകത്തില്‍ ഇതിന്റെ വ്യക്തമായ വിശദീകരണം ലഭിക്കുന്നതാണ്.

സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍

ഗ്രൂപ്പ് ചര്‍ച്ച (15 മിനിറ്റ്)

സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ പട്ടിക രക്ഷകര്‍ത്താക്കളുടെ ഗ്രൂപ്പില്‍ നല്‍കി ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കുക.

പൊതുചര്‍ച്ച (15 മിനിറ്റ്)
ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച നിയന്ത്രിക്കുന്ന ക്ലാസ് ടീച്ചര്‍ വിശദീകരണം നല്‍കണം.

ഉപസംഹാരം (5 മിനിറ്റ്)
ഒന്നിലധികം സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള കുട്ടികള്‍ ധാരാളം ഉണ്ടാകാം. എന്നാല്‍ എല്ലാ സ്‌കോളര്‍ഷിപ്പുകളും ഒരു കുട്ടിക്ക് ലഭിക്കുകയില്ല. ആയതിനാല്‍ തന്റെ കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മെച്ചപ്പെട്ട സ്‌കോളര്‍ഷിപ്പ് ഏതായിരിക്കുമെന്ന് ബോധ്യപ്പെടാന്‍ ഈ പരിപാടി സഹായകമാകണം. ഓരോ സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കേണ്ട സമയം, അതിനുള്ള യോഗ്യത, ഹാജരാക്കേണ്ട രേഖകള്‍ എന്നിവ സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരിക്കുവാന്‍ ഇത് പ്രയോജനപ്പെടണം.

സൈബര്‍ കുറ്റകൃത്യങ്ങള്‍

വിവരസാങ്കേതിക വിദ്യയുടെ വ്യാപനം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലയേയും സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ വ്യാപനത്തില്‍ ഗുണകരമായ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെങ്കിലും ദുരുപയോഗം മൂലം ഒട്ടേറെ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. കുറ്റകൃത്യരംഗത്ത് സൈബര്‍ക്രൈം എന്ന ഒരു ശാഖയും ഇതിനു വേണ്ടി ഒട്ടേറെ നിയമങ്ങളും ഉത്തരവുകളും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അവബോധവും ധാരണ അധ്യാപക-രക്ഷകര്‍ത്തൃസമൂഹത്തിലുണ്ടാക്കിയെടുക്കുന്നതിനാണ് ഈ സെഷന്‍. ഇതു സംബന്ധിക്കുന്ന സെഷന്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ചുവടെയുണ്ട്.

Guidelines for Teachers

Guidelines for Parents


What is Cyber crime (Pages from ICT Text book, Standard IX)

ആമുഖം (10 മിനിറ്റ്)
സീമാറ്റ്-കേരള തയ്യാറാക്കിയ രേഖയുടെ അടിസ്ഥാനത്തില്‍ ആമുഖപ്രഭാഷണം നടത്താം. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അവതരണം ആകര്‍ഷകമാക്കണം.

ഗ്രൂപ്പ് ചര്‍ച്ച (10 മിനിറ്റ്)
സീമാറ്റ് കേരള തയ്യാറാക്കിയ മാര്‍ഗരേഖ എല്ലാ രക്ഷാകര്‍ത്താക്കള്‍ക്കും നല്‍കുകയും ലഘു സംഘങ്ങളായി തിരിഞ്ഞ് ഗ്രൂപ്പ് ചര്‍ച്ചയ്ക്കുള്ള അവസരം ഒരുക്കുകയും വേണം. (സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാഭ്യാസവകുപ്പും സീമാറ്റും ചേര്‍ന്ന് തയ്യാറാക്കിയ മാര്‍ഗരേഖ ഡൗണ്‍ലോഡ് ചെയ്ത് കോപ്പി എടുത്ത് രക്ഷിതാക്കള്‍ക്ക് നല്‍കാവുന്നതാണ്.

പൊതു അവതരണം, ചര്‍ച്ച (10 മിനിറ്റ്)
സംഘചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന സംശയങ്ങളുടെ അവതരണം, പൊതുചര്‍ച്ച, മറുപടി, ഉപസംഹാരം എന്നിവയാണ് അവസാന പത്തു മിനിറ്റില്‍ നടക്കേണ്ടത്.

മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളെല്ലാം സീമാറ്റ്-കേരളാ ഡയറക്ടര്‍ സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിക്കള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്കു വേണ്ടി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിന്നുള്ളതാണ്. ഈ പരിപാടി വിജയിപ്പിക്കുന്നതിനും കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് മാത്‍സ് ബ്ലോഗിലൂടെ ഇത് പ്രസിദ്ധീകരിക്കുന്നത്. ഈ പരിപാടിക്കു വേണ്ടി നിങ്ങള്‍ തയ്യാറാക്കുന്ന പ്രസംഗങ്ങളുടേയും കുറിപ്പുകളുടേയും ചുരുക്കം മാത്‍സ് ബ്ലോഗിലേക്ക് അയച്ചു തരുമെങ്കില്‍ അത് കേരളത്തിലെമ്പാടുമുള്ള അധ്യാപകര്‍ക്ക് വലിയൊരു സഹായമാകും. സംശയങ്ങളും അഭിപ്രായങ്ങളുമെല്ലാം പങ്കുവെക്കുമല്ലോ.

രക്ഷിതാക്കളോടു സംവദിക്കാനായി നിലന്പൂര്‍ സി.കെ.എച്ച്.എസ് മണിമൂളിയിലെ ഹൗലത്ത് ടീച്ചര്‍ തയാറാക്കിയ കുറിപ്പ് വായിക്കാനായി ഇവിടെ ക്ലിക്കു ചെയ്യുക

Click here to download presentation file on Cyber Crime created by SREEKUMAR.G,P.D.TEACHER,GUPS SREENARAYANAPURAM ,ATTINGAL SUB DISTRICT

Presentation about Cyber crimes
Prepared by സുരേഷ് കെ . പി, കെ.പി.ഇ.എസ് .ഹൈസ്കൂള്‍ , കായക്കൊടി, കോഴിക്കോട് ജില്ല

Cyber Crime 2 Page Short Note
Prepared by Vipin Mahatma, GVHS Kadakkal

Rabu, 10 Juli 2013

PRE-MATRIC MINORITY SCHOLARSHIP 2013-14

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്ന് നിബന്ധനയുണ്ട്. മാത്രമല്ല, അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്നും നിബന്ധനയുണ്ട്. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല. 2013 ജൂലൈ 1 മുതല്‍ ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. N2/22494/13/DPI എന്ന നമ്പറിലുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. വരുമാനം, മതം എന്നിവയെ സംബന്ധിക്കുന്ന സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. കുട്ടികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സൈറ്റിലേക്ക് സ്ക്കൂളുകളില്‍ നിന്നു ഡാറ്റാ എന്‍ട്രി നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനേയും കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

അപേക്ഷ എങ്ങനെ?
  • കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
  • സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
  • കഴിഞ്ഞ അധ്യയനവര്‍ഷത്തെ വാര്‍ഷികപരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. എന്നാല്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അപേക്ഷകരെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
  • അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
  • അപേക്ഷയോടൊപ്പം മതമോ വരുമാനമോ തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റോ മുദ്രപത്രങ്ങളോ ആവശ്യമില്ല.
  • രക്ഷകര്‍ത്താക്കള്‍ വരുമാനം സംബന്ധിച്ച് അപേക്ഷാഫോമില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതി. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
  • പുതുതായി അപേക്ഷിക്കുന്നവര്‍ അപേക്ഷയിലെ Fresh കോളവും കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷയിലെ Renewal കോളവും ടിക് ചെയ്യണം.
  • ഒരു കുടുംബത്തില്‍ നിന്നും 2 വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുള്ളൂ.

അപേക്ഷകള്‍ സ്ക്കൂളില്‍ സ്വീകരിക്കുമ്പോള്‍
  • കുട്ടിക്ക് അപേക്ഷ പൂരിപ്പിക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അധ്യാപകര്‍ സഹായിക്കേണ്ടതാണ്.
  • അപേക്ഷകരുടെ വരുമാനം, മതം, മാര്‍ക്ക്/ഗ്രേഡ് എന്നിവ ഉറപ്പുവരുത്തേണ്ടതാണ്. മറ്റൊരു വിദ്യാലയത്തില്‍ നിന്നും ഈ വര്‍ഷം സ്ക്കൂളിലെത്തിയ വിദ്യാര്‍ത്ഥിയാണ് അപേക്ഷകനെങ്കില്‍ നേരത്തേ പഠിച്ചിരുന്ന വിദ്യാലയത്തില്‍ നിന്നും വാങ്ങുന്ന സര്‍ട്ടിഫിക്കറ്റുമായി ഒത്തു നോക്കിയിരിക്കണം.
  • അപേക്ഷയ്ക്ക് രണ്ട് പാര്‍ട്ടുകളുണ്ട്. ആദ്യ പാര്‍ട്ട് അപേക്ഷകനു വേണ്ടിയുള്ളതും രണ്ടാമത്തെ പാര്‍ട്ട് സ്ക്കൂള്‍ അധികാരികള്‍ പൂരിപ്പിക്കേണ്ടതുമാണ്. അപേക്ഷയുടെ ആദ്യ പാര്‍ട്ടില്‍ Fresh/Renewalസ്റ്റാറ്റസ്, ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിലുള്ള യു.ഐ.ഡി നമ്പര്‍, എന്നിവ നിശ്ചിത കോളങ്ങളില്‍ ഉണ്ടോയെന്ന് ഉറപ്പു വരുത്തണം.
  • Renewal അപേക്ഷയാണെങ്കില്‍ കുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റേയോ അല്ലെങ്കില്‍ കുട്ടിയുടേയും രക്ഷകര്‍ത്താവിന്റേയും പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടിന്റേയോ നമ്പറും ആവശ്യമായ മറ്റ് വിവരങ്ങളും ഉണ്ടായിരിക്കണം.

സ്ക്കൂളുകളില്‍ നിന്നുമുള്ള ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി എങ്ങനെ?
  • അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ (ന്യൂനപക്ഷം) സൈറ്റിലേക്ക് സ്ക്കൂളില്‍ നിന്നു തന്നെ എന്റര്‍ ചെയ്യണം.
  • ലോഗിന്‍ ചെയ്യുമ്പോള്‍ New Password സെറ്റ് ചെയ്യുന്നതിനു പേജാണ് വരിക.
  • അതിനു ശേഷം സ്ക്കൂളിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടി വരും. അതില്‍ School Code, School Name, Class From, Class To (ഏതു ക്ലാസ് മുതല്‍ ഏത് ക്ലാസ് വരെയുണ്ട് സ്ക്കൂളില്‍), Education District, Educational Sub District, Type of Institution, Aided/Unaided.., സ്ക്കൂളിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളായി Name of the Bank, Branch Name, Name of the Account Holder, Account Number, IFSC Code എന്നിവയായിരിക്കും എന്റര്‍ ചെയ്യുക.
  • ഇനി അപേക്ഷകള്‍ ഓരോന്നായി ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യാം. ഏറ്റവും മുകളിലെ Dash Board എന്ന മെനുവില്‍ നിന്നോ ഇടതുവശത്തെ Application Form എന്ന മെനുവില്‍ നിന്നോ New Application തിരഞ്ഞെടുക്കാം.
  • പുതുതായി അപേക്ഷിക്കുന്നവര്‍ അപേക്ഷയിലെ Fresh കോളവും കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷയിലെ Renewal കോളവും സെലക്ട് ചെയ്യണം ചെയ്യണം.
  • Renewal കോളം സെലക്ട് ചെയ്യുമ്പോള്‍ Previous Application നമ്പര്‍ ചോദിക്കും. ഈ കുട്ടി നമ്മുടെ വിദ്യാലയത്തില്‍ പഠിച്ചിരുന്ന കുട്ടിയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം എന്റര്‍ ചെയ്ത വിവരങ്ങളെ ഈ ഫീല്‍ഡുകളിലേക്ക് കൊണ്ടു വരാന്‍ കഴിയും. അങ്ങനെ ടൈപ്പിങ് ജോലി ലഘൂകരിക്കാം. അവിടെ Report ലെ Previous Year Applicant list ല്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ Application Number കണ്ടെത്തി നല്‍കി അഡ്മിഷന്‍ നമ്പറിന്റെ കോളത്തിലേക്ക് വരുമ്പോഴേക്കും കഴിഞ്ഞ വര്‍ഷം ടൈപ്പ് ചെയ്തു ചേര്‍ത്ത വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ഈ കുട്ടി മറ്റൊരു സ്ക്കൂളില്‍ നിന്നും ഈ വര്‍ഷം നമ്മുടെ വിദ്യാലയത്തിലേക്ക് എത്തിയതാണെങ്കില്‍ Application Number എന്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല.
  • ചുവന്ന സ്റ്റാര്‍ ചിഹ്നം (*) ഇട്ട ഫീല്‍ഡുകള്‍ നിര്‍ബന്ധമായും നിശ്ചിത ഡാറ്റ എന്റര്‍ ചെയ്തിരിക്കണം. കുട്ടിയുടെ Admission Number, Name, Class, Date of Birth, Gender, Name of Father/Mother/Guardian, Guardian Type(Father/Mother/Guardian), Religion, House name/No, Street/Place, City / Town / Village & P.O, District, Pin code, Annual Income എന്നിവയാണ് ചുവന്ന സ്റ്റാര്‍ ചിഹ്നം ഇട്ടിരിക്കുന്ന ഫീല്‍ഡുകള്‍. ഇവ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. കഴിഞ്ഞ വര്‍ഷം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷം)ലഭിച്ച (Renewal) കുട്ടിയാണെങ്കില്‍ Bank Name, Branch Name, Name of Account Holder, Account No എന്നിവ കൂടി വേണ്ടി വരും. എന്റര്‍ ചെയ്യുന്നതിനു മുമ്പ് അപേക്ഷയില്‍ മേല്‍ വിവരങ്ങളെല്ലാം ഉണ്ടോയെന്ന് ഉറപ്പു വരുത്തണം. ഈ വിവരങ്ങളിലേതെങ്കിലും ഇല്ലെങ്കില്‍ ഡാറ്റാ എന്‍ട്രി നടത്തി സേവ് ചെയ്യാന്‍ സാധിക്കില്ല.
  • കുട്ടിക്ക് ആധാര്‍/യു.ഐ.ഡി നമ്പര്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അത് എന്റര്‍ ചെയ്യേണ്ടതാണ്.
  • ഒരു അപേക്ഷ എന്റര്‍ ചെയ്ത് സേവ് ചെയ്യുമ്പോള്‍ ആപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ചെയ്യപ്പെടും. ആയത് അപേക്ഷയുടെ മുകള്‍ ഭാഗത്ത് എഴുതിവെക്കേണ്ടതും അപേക്ഷയിലെ Receipt ഭാഗത്ത് എഴുതി അപേക്ഷകന് നല്‍കേണ്ടതുമാണ്.
  • അപേക്ഷകള്‍ എന്റര്‍ ചെയ്യപ്പെടുന്നതിന്റെ സ്റ്റാറ്റസ് Reports മെനുവില്‍ നിന്നു കാണാന്‍ കഴിയും. Data Entry Status, Class wise list, School wise list, Consolidated List എന്നിവ Reports മെനുവില്‍ നിന്നും ലഭിക്കും.
  • അപേക്ഷകളെല്ലാം ഓണ്‍ലൈനില്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ Verify ചെയ്യേണ്ടതാണ്.

NB :- Renewal-നെ Fresh ആക്കാനും Fresh-നെ Renewal ആക്കാനും ഉള്ള ഓപ്ഷന്‍ School Reports - ല്‍ ഉണ്ട്

അപേക്ഷകള്‍ സ്വീകരിക്കേണ്ട അവസാന തീയതി 16-8-2013 ആണ്. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് എന്റര്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ ട്രാഫിക് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഉപകരിക്കും. എന്‍ട്രി കഴിഞ്ഞതിനു ശേഷം അപേക്ഷകള്‍ സ്ക്കൂളില്‍ത്തന്നെയാണ് സൂക്ഷിക്കേണ്ടത്. വെരിഫൈ ചെയ്ത ശേഷം സൈറ്റില്‍ നിന്നും അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് പ്രിന്റെടുത്ത് അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. മേല്‍പ്പറഞ്ഞവയുടെയെല്ലാം വിശദാംശങ്ങള്‍ വിവിധ സര്‍ക്കുലറുകളിലായി ചുവടെയുണ്ട്. അതെല്ലാം വിശദമായി വായിച്ചു നോക്കിയതിനു ശേഷം ഡാറ്റാ എന്‍ട്രി ആരംഭിക്കാം.


പ്രധാനപ്പെട്ട സര്‍ക്കുലറുകള്‍

INSTRUCTION – FOR APPLICANTS

INSTRUCTION – FOR SCHOOLS

APPLICATION FORM

PRE-MATRIC SCHOLARSHIP (Minority) – SITE

Circular About UID and Bank Account

ഒരിക്കല്‍ക്കൂടി പറയട്ടെ, അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് മുകളില്‍ നല്‍കിയിരിക്കുന്ന സര്‍ക്കുലറുകള്‍ കൃത്യമായി പരിശോധിക്കുക. സംശയങ്ങള്‍ കമന്റിലൂടെ ചോദിക്കുമല്ലോ.