MATHEMATICS

Sabtu, 24 Agustus 2013

Social Media - How secure we are..?

ഫേസ്ബുക്കില്‍ സജീവമായിക്കൊണ്ടിരുന്ന ഒരു സമയത്ത്, സുഹൃത്ത് സുനില്‍സാറിന്റേതായി ഷെയര്‍ ചെയ്യപ്പെട്ടുകണ്ട ഒരു വീഡിയോ ലിങ്ക് കണ്ടു. വളരെ രസകരമായ പല പോസ്റ്റുകളും അദ്ദേഹത്തില്‍നിന്ന് ഷെയര്‍ ചെയ്ത് ലഭിക്കാറുള്ളതിനാല്‍ ഒട്ടും സന്ദേഹമില്ലാതെയാണ് ക്ലിക്ക് ചെയ്തത്. പ്രത്യേകിച്ചൊന്നും തുറന്നുകണ്ടില്ല. എന്നാല്‍ ചാറ്റ്ബോക്സില്‍ പ്രത്യക്ഷപ്പെട്ട പഴയ ഒരു സ്റ്റുഡന്റിന്റെ ചോദ്യം ഞെട്ടിക്കുന്നതായിരുന്നു. " Sir, I can't believe its from you..!". ഇതിനിടയില്‍ അനില്‍സാറിന്റെ വിളി വന്നു. തന്റെ പേരില്‍ ഷെയര്‍ ചെയ്യപ്പെട്ടുപോകുന്ന ആ അശ്ലീല ലിങ്ക്, തന്റെ അറിവോടെയല്ലെന്നും, ഒരു സുഹൃത്തിന്റെ മേല്‍പ്പടി ലിങ്ക് ക്ലിക്ക് ചെയ്തപ്പോള്‍ സംഭവിച്ചതാണെന്നും ക്ലിക്ക് ചെയ്തുപോകല്ലേയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്..! സംഗതി വിശദമാക്കിക്കൊണ്ടുള്ള ഒരു പോസ്റ്റിങ്ങിലൂടെ ഒരുവിധം അഭിമാനം രക്ഷിച്ചു. സൈബറിടത്തില്‍ നാം എത്രത്തോളം സുരക്ഷിതരാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ..? സുരക്ഷയും സ്വകാര്യതയുമൊക്കെ സംരക്ഷിക്കപ്പെടുന്ന ബദല്‍ സംവിധാനമുണ്ടോ..? പ്രസക്തങ്ങളായ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി തരുന്നത്, നൂറനാട് ശ്രീ ബുദ്ധ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ബിരുദ പഠനം പൂര്‍ത്തിയാക്കിയ അഖില്‍കൃഷ്ണനാണ്.

പണ്ട് ചായക്കടയിലും ബാര്‍ബര്‍ ഷോപ്പുകളിലുമായി ഒതുങ്ങി നിന്നിരുന്ന നാട്ടു വര്‍ത്തമാനങ്ങള്‍ ഇന്നു സാമൂഹ്യക്കൂട്ടായ്മാ വെബ്‌സൈറ്റുകള്‍ എന്ന പീടികത്തിണ്ണകളിലാണു്. ഓരോ വ്യക്തിയേയും കേവലം 'ഉപയോക്താവ്' എന്ന നിലയില്‍ നിന്നും 'ഉള്ളടക്കത്തിന്റെ ജനയിതാവ്' എന്ന നിലയിലേക്ക് വളര്‍ത്തിയെടുത്ത വെബ്‌ 2.0ന്റെ ഏറ്റവും ശക്തമായ സന്താനങ്ങളിലൊന്നാണിവ. മുല്ലപ്പൂ വിപ്ലവവും, അറബ് വസന്തവും, വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലുമെല്ലാം സോഷ്യല്‍ മീഡിയയുടെ ശക്തിയെയാണു് കാണിക്കുന്നതു്. ഒരു പക്ഷേ സോഷ്യല്‍ മീഡിയയില്ലായിരുന്നെങ്കില്‍ ഇവയെല്ലാം അമ്പേ പരാജയപ്പെടുമായേനെ എന്നു പറഞ്ഞാലൊട്ടും അത്ഭുതപ്പെടാനില്ല. നാട്ടിലാണെങ്കില്‍, ശ്രീക്കുട്ടന്റെ കോഴപ്പണം മുതല്‍ മലയാളി ഹൗസ് വരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കു് ജീവികളുടെ സൂക്ഷ്മപഠനത്തിനു വിധേയമാവുന്നു. ഇവയ്ക്കു് പുറമേ അമേരിക്കന്‍ തിരഞ്ഞെടുപ്പു മുതല്‍ പഞ്ചായത്തുതിരഞ്ഞെടുപ്പില്‍ വരെ ഇവയിലെ ഇലക്ട്രോണിക്ക് ചുവരെഴുത്തു് കൃത്യമായി സ്വാധീനിക്കുന്നുമുണ്ടു്. ചുരുക്കത്തില്‍, സോഷ്യല്‍ മീഡിയ എന്ന ഉപകരണത്തിന്റെ പ്രസക്തി ഒട്ടും വിസ്മരിക്കാവുന്നതല്ല.

ഇങ്ങനെ, ജീവിതത്തിന്റെ വലിയൊരു ഭാഗം ഇന്റര്‍നെറ്റാകുന്ന യാഗാഗ്നിയില്‍ ഹോമിച്ച്, വ്യക്തിത്വമുണ്ടാക്കിയെടുത്ത സൈബറിടത്തില്‍ നിങ്ങള്‍ എത്രമാത്രം സുരക്ഷിതരാണെന്നു ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ? നാം അപ്‌ലോഡ് ചെയ്തു വിടുന്ന ഡാറ്റയ്ക്കും മറ്റും എന്തുമാത്രം സ്വകാര്യതയാണു കല്‍പ്പിക്കാനാകുകയെന്നും? നമ്മുടെ വ്യക്തിപര വിവരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കു നല്‍കി, പണം വാങ്ങുകയാണെന്ന ആരോപണം ഫേസ്‌ബുക്കിനെതിരെ പണ്ട് മുതല്‍ക്കേയുണ്ട്. ഫേസ്‌ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച ഒരാളുടെ മെയില്‍ പെട്ടിയില്‍ നിറയുന്ന പാഴ്‌മെയില്‍ തന്നെ ഇതിനു വലിയ തെളിവ്. സി.എന്‍.ബി.സി നടത്തിയ സര്‍വേ പ്രകാരം , 13 ശതമാനം അമേരിക്കക്കാര്‍ മാത്രമേ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്‌ബുക്കുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് യാതൊരു വിധ പ്രാധാന്യ‌ വും നല്‍കുന്നില്ലെന്ന പരാതി, സ്ഥാപകനായ മാര്‍ക് സക്കര്‍ബര്‍ഗിന്റെ സഹോദരി തന്നെ കഴിഞ്ഞ കൊല്ലം ആരോപിച്ചതാണു്. ഏതാണ്ട് സമാനമായ അവസ്ഥ തന്നെയാണു മറ്റു സേവനങ്ങളിലും നിലനില്‍ക്കുന്നതു്. ഗൂഗിള്‍ 2012ല്‍ സ്വകാര്യതാ നയത്തില്‍ വരുത്തിയ നവീകരണമനുസരിച്ച്, ഉപയോക്താക്കളുടെ വിവരങ്ങള്‍ ഏതുവിധേനയുള്ള പുനരുപയോഗത്തിനും അവരെ അനുവദിക്കുന്നുണ്ടു്.

കുറച്ചു ദിവസങ്ങളുക്കു മുമ്പ്, വാഷിങ്ടണ്‍ പോസ്റ്റും, ഗാര്‍ഡിയനും പുറത്തുവിട്ട, അമേരിക്കന്‍ സുരക്ഷാ ഏജന്‍സി 2007 മുതല്‍ നടത്തിപ്പോരുന്ന പ്രിസം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അതിജീവന പദ്ധതിയേയും ഇതിനോട് കൂട്ടിവായിക്കേണ്ടി വരും. ഇത് അമേരിക്കയിലൂടെ വിനിമയം നടത്തപ്പെടുന്ന ഡാറ്റയെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ ഭരണകൂടത്തിനവസരമൊരുക്കുന്നു. നാം നിത്യേനയുപയോഗിക്കുന്ന ഫേസ്‌ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്‌, യൂട്യൂബ്, ആപ്പിള്‍, സ്കൈപ് എന്നീ ഭീമന്മാരാണു് എന്‍.എസ്.ഏയുമായി കൈകോര്‍ത്തിരിക്കുന്നതു് എന്നത് നമ്മുടെ ഭീതിയ്ക്ക് ആക്കം കൂട്ടുന്നു. ലോക ഡാറ്റാ വിനിമയത്തിന്റെ ഭുരിഭാഗവും നടക്കുന്നതു് അമേരിക്കയിലൂടെയാണു്. രണ്ടു നോഡുകള്‍ തമ്മിലുള്ള വിവരകൈമാറ്റം ഏറ്റവും എളുപ്പമുള്ള വഴികളിലൂടെയാവണമെന്നില്ല, മറിച്ച് ഏറ്റവും ചിലവു കുറഞ്ഞ പാതയിലൂടെയാകും. അതിനാല്‍, സാധാരണയായി അമേരിക്ക ഇതിന്റെയൊരു ഭാഗമായിരിക്കും. ഈയവസരങ്ങളിലാണു് ഡയാസ്പുറ (Diaspora)പോലത്തെ സംരംഭങ്ങള്‍ പ്രസക്തമാകുന്നതു്.

ഒരു വികേന്ദ്രീകൃത സാമൂഹ്യക്കൂട്ടായ്മാ സോഫ്റ്റ്‌വെയറാണു് ഡയാസ്പുറ (Diaspora*). കൊളമ്പിയയിലെ കൗറന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ഡാന്‍ ഗ്രിപ്പി, മാക്സ്‌വെല്‍ സാല്‍‌സ്ബെര്‍ഗ്, റാഫേല്‍ സോഫര്‍, ഇല്യ ഷിതോമിര്‍സ്കി എന്നിവരാണു് ഇതിനു തുടക്കംകുറിച്ചതു്.
നിലവില്‍ പ്രശസ്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സാങ്കേതികവിദ്യ യില്‍ ഒരു ഉപയോക്താവിന്റെ സ്വകാര്യത എങ്ങനെ പണയപ്പെടുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ഫ്രീഡം ബോക്സ് സ്ഥാപകനായ എബന്‍ മോഗ്ലന്‍ നടത്തിയ 'ഫ്രീഡം ഇന്‍ ദ ക്ലൗഡ്' എന്ന പ്രഭാഷണമാണു് ഇവരെ ഡയാസ്പുറയിലെത്തിച്ചതു്. കിൿസ്റ്റാര്‍ട്ടറിലൂടെ ഇവര്‍ പദ്ധതിക്കു വേണ്ട പണം സ്വരൂപിച്ചു. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നും ആളുകള്‍ ഈ സംരംഭത്തിനു് പണം നല്‍കി (ഫേസ്ബുക്കിന്റെ മാര്‍ക്ക് സുക്കന്‍ബര്‍ഗ് വരെ !). പതിനായിരം അമേരിക്കന്‍ ഡോളര്‍ ലക്ഷ്യമിട്ടു് തുടങ്ങിയ കാമ്പൈന്‍ പന്ത്രണ്ടു് ദിവസം കൊണ്ടു് ലക്ഷ്യം നേടുകയും ഒരു മാസത്തിനകം രണ്ടു് ലക്ഷത്തിലധികം അമേരിക്കന്‍ ഡോളര്‍ സ്വരൂപിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് 2010 സെപ്റ്റം‌ബറില്‍ സോഫ്റ്റ്‌വെയറിന്റെ ഡവലപ്പേഴ്സ് പ്രിവ്യൂവും നവം‌ബറില്‍ ആല്‍ഫാ പതിപ്പും പുറത്തിറങ്ങി. റൂബി ഭാഷയിലെഴുതിയിരിക്കുന്ന ഡയാസ്പുറ, അഫേറോ ഗ്നൂ സാര്‍‌വ്വജനിക അനുമതിപത്രത്തിലാണ്‌(AGPL) വിതരണം ചെയ്തിരിക്കുന്നതു്. നാലു പേരില്‍ നിന്നും വളര്‍ന്ന്, ഇന്ന് ഡയാസ്പുറയെ നിയന്ത്രിക്കുന്നത് ഡയാസ്പുറ കൂട്ടായ്മയാണു് (Diaspora Foundation). loom.io എന്ന പശ്ചാത്തലത്തില്‍ കൂട്ടായ്മയിലെ അംഗങ്ങളെല്ലാവരും ചേര്‍ന്നു് പൂര്‍ണ്ണമായും ജനാധിപത്യപരമായാണു് തീരുമാനങ്ങളെടുക്കുന്നതു്.

നിര്‍മ്മാതാക്കള്‍ നാലുപേരും ഡയാസ്പുറയെ ഫേസ്‌ബുക്കിന്റെ എതിരാളിയായി കാണുന്നില്ലെങ്കില്‍ പോലും വിപരീത ധ്രുവത്തിലുള്ള മൂല്യങ്ങള്‍ മുന്‍പോട്ടു വയ്ക്കുന്നതു മൂലം ഫേസ്‌ബുക്കടക്കമുള്ള പരമ്പരാഗത സാമൂഹ്യക്കൂട്ടായ്മയ്ക്കൊരു ബദലാവുകണു ഡയാസ്പുറ. ഇവരുടെ അനുമാനപ്രകാരം, അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ വെബ്, നിലവിലെ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ്ങ് ദ്വീപുകളില്‍ നിന്നും ഫെഡറേറ്റഡ് സോഷ്യല്‍ വെബ് എന്നു വിളിക്കാവുന്ന അവസ്ഥയിലേക്ക് പരിണമിക്കും. ഇതില്‍ ഓരോ വ്യക്തിക്കും, നിലവില്‍ ഈമെയില്‍ ദാതാവിനെ തിരഞ്ഞെടുക്കുന്നതു പോലെ അയാളുടെ ശൃംഖല ദാതാവിനെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണു്. ഈ നവ വെബിന്റെ മാതൃക ഇവര്‍ നാലുപേരില്‍ മാത്രം ഒതുങ്ങുന്നില്ല. ചില സര്‍വ്വകലാശാലകളും, മോസില്ല, ഗൂഗിള്‍, വോഡ‌ഫോണ്‍ മുതലായ വന്‍കിട കമ്പനികളും ഇതിനായുള്ള ഓപ്പണ്‍ സ്റ്റാന്റേഡുകള്‍ നിര്‍മ്മിക്കാനാരംഭിച്ചിട്ടുണ്ടു്. "ഞാനുപയോഗിക്കുന്നതല്ലാത്ത മറ്റൊരു ഡൊമൈന്‍ ഉപയോഗിക്കുന്ന വ്യക്തിക്കു മെയില്‍ അയക്കാന്‍ കഴിയാത്ത ഒരു അവസ്ഥയെക്കുറിച്ചു ആലോചിച്ചു നോക്കൂ. ഏതാണ്ട് ഇതേ പോലെ തന്നെയാണു ഇന്നത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകല്‍ പ്രവര്‍ത്തിക്കുന്നതു്. ഇതു തീര്‍ച്ചയായും ഒരു പിഴവാണു്. അതുകൊണ്ടു തന്നെ അതു പരിഹരിക്കുകയും വേണം " ഗൂഗിളില്‍ സോഷ്യല്‍ വെബ് എഞ്ചിനീയറായ ജോസഫ് സ്മാള്‍ അഭിപ്രായപ്പെടുന്നു.

ഫേസ്‌ബുക്കും, ഓര്‍ക്കുട്ടും, ഗൂഗിള്‍ പ്ലസുമടക്കം ഒരു പിടി മുന്‍നിര സൊഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളുണ്ട്. ലിങ്ക്ഡ് ഇന്‍ പോലത്തെ പ്രഫഷണല്‍ സൈറ്റുകളും ട്വിറ്റര്‍ പോലത്തെ മൈക്രോബ്ലോഗിങ്ങ് സൈറ്റുകളും ഉണ്ട്. ഇതിനെല്ലാം പുറമേ റെൻ‌റെൻ, വീകൊണ്ടാക്ടേ പോലത്തെ പ്രാദേശിക സൈറ്റുകളുമുണ്ട്. എന്തിനേറേ കേരളത്തീന്നുമുണ്ട് കൂട്ടം, സസ്നേഹം എന്നിങ്ങനെ കുറേയെണ്ണം. സാമൂഹ്യക്കൂട്ടായ്മാ സൈറ്റുകളെ മുട്ടീട്ട് നടക്കാന്‍ വയ്യാത്ത സൈബറിടത്തിലേയ്ക്ക് എന്തിനിനി പുതിയൊരെണ്ണമെന്നു് ചിന്തിക്കുകയാവാം? അതിനു വ്യക്തമായ കാരണങ്ങളുണ്ടു്. തീര്‍ച്ചയായും മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂടി എന്നല്ല ഇതിനു പിന്നിലെ നിലപാടു്. മറിച്ചു് , എപ്രകാരമാണോ നിലവിലെ സാമൂഹ്യക്കൂട്ടായ്മാ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതു്, അവയ്ക്ക് ബീജം മുതലേ അഴിച്ചു പണിതൊരു ബദല്‍ സംവിധാനമൊരുക്കുകയാണിവിടെ. നിലവിലുപയോഗിക്കുന്ന സാമൂഹ്യക്കൂട്ടായ്മാ വെബ്‌സൈറ്റുകള്‍ കേന്ദ്രീകൃതമാണു്, അതായത് സ്വന്തം ഉടമസ്ഥതയിലുള്ള ഒരു കൂട്ടം സെര്‍വറുകളില്‍, സ്വന്തം ഡെവലപ്പറുമാര്‍ തയ്യാറാക്കിയ കോഡുകള്‍ അടിസ്ഥാനമാക്കി ഇവ പ്രവര്‍ത്തിക്കുന്നു. ഇവരുടെ സര്‍വ്വറുകളുടെ സവ സ്വാതന്ത്ര്യ വും അതാതു സേവനദാതാക്കള്‍ക്കു മാത്രമാണു്. അവര്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്കനുസൃതമായി ചുരുക്കം ചില അനുമതികള്‍ മാത്രമാണു് ഉപയോക്താക്കള്‍ക്കുള്ളതു്. മറ്റെല്ലാ വിപണികളിലും വസ്തുക്കള്‍ ഉപയോക്താക്കള്‍ക്ക് വാണിജ്യം ചെയ്യപ്പെടുമ്പോള്‍, ഇവിടെ ഉപയോക്താക്കള്‍ തന്നെയാണു് വില്‍പ്പനച്ചരക്കാവുക. ഇവര്‍, ഉപയോക്തൃവിവരങ്ങളുടെ ഭീമമായ ഒരു ഡാറ്റാബേസ് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണു്. ഒരോ തവണ നമ്മളെ ഒരു ചിത്രത്തില്‍ ടാഗ് ചെയ്യപ്പെടുമ്പോള്‍, ഓരോ തവണ നാം ലൊക്കേഷന്‍ ഡാറ്റ സജീവമാക്കി സ്റ്റാറ്റസ് നവീകരിക്കുമ്പോള്‍, ഈ ഡാറ്റാബേസില്‍ കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണു്.

വികേന്ദ്രീകൃത സാമൂഹ്യക്കൂട്ടായ്മ എന്നതു് തീര്‍ത്തും പുതിയതായ ഒരു കാഴ്ചപ്പാടല്ല. ഗിറ്റ് പോലത്തെ വികേന്ദ്രീകൃത പതിപ്പ് നിയന്ത്രകസംവിധാനങ്ങളും ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഇതിനെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടു്. 2007ല്‍ കോംപ്ലാങ്, 'ഡിസ്ടിബ്യൂട്ടഡ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് പ്രോട്ടോക്കോള്‍' എന്ന ഒരു നയരേഖയുമായി മുമ്പോട്ട് വന്നതാണ് ഈ ഗണത്തിലെ ആദ്യ ശ്രദ്ധേയമായ മുന്നേറ്റം. ഉപയോക്താക്കളുടെ എണ്ണത്തിലധിഷ്ഠിതമായാണു് ഒട്ടുമിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും കെട്ടിപ്പൊക്കിയിരിക്കുന്നതു്. ഇങ്ങനെ ഉപയോക്തൃവിവരങ്ങളുടെ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് നിര്‍മ്മാണത്തിനു തടയിടുകയായിരുന്നു ഡി.എസ്.എൻ.പിയുടെ ലക്ഷ്യം. എന്നാല്‍, കാര്യമാത്രമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ ഇതിനു കഴിഞ്ഞില്ല. ഏതാണ്ട് തൊട്ടുപിറകേ തന്നെയാണു മൈക്ക് മൿഗിർവൻ 'ഫ്രണ്ടിക്ക' എന്ന സോഫ്റ്റ്‌വെയറുമായി മുമ്പോട്ടു വന്നത്. സാങ്കേതിക കാര്യങ്ങളില്‍ അത്ര വിദഗ്ദരല്ലാത്തവര്‍ക്കു പോലും ഒരു സെര്‍വ്വറില്‍ ലാഘവത്തോടു കൂടി സന്നിവേശിപ്പിക്കാന്‍ തക്കവണ്ണമായിരുന്നു ഇതിന്റെ നിര്‍മ്മാണം. ഫ്രണ്ടിക്കയ്ക്കും സൈബറിടത്തില്‍ കാര്യമായ ഓളങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല. മൈക്രോബ്ലോഗിങ്ങില്‍ ട്വിറ്ററിനൊരു ബദലായി മുമ്പോട്ടു വച്ച സ്റ്റാറ്റസ്‌ നെറ്റാണ് മറ്റൊരു താരം. ഐഡന്റിക്ക, ഫ്രീലിഷ് അസ് മുതലായ ഇതിന്റെ ചില ഡിപ്ലോയ്‌മെന്റുകള്‍ ചെറിയ തോതിലെങ്കിലും സജീവമാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഗ്നു സോഷ്യല്‍, പമ്പിയോ എന്നിവയും തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചുകൊണ്ടു രംഗത്തുണ്ടു്. ഓപ്പണ്‍ ഓഥ്, ആറ്റം , എക്സ്.എം.പി.പി., പോര്‍ട്ടബിള്‍ കോണ്ടാക്ട്സ്, ഓപ്പണ്‍ സോഷ്യല്‍, ഫോഫ് എന്നിങ്ങനെ അമ്പതിലധികം ഓപണ്‍ പ്രോട്ടോക്കോളുകള്‍ ഇവയിലോരോന്നിലും സജീവമായി ഉപയോഗിക്കുന്നുണ്ട്.

'ഡയാസ്പുറ' എന്ന ഗ്രീക്ക് വാക്കിനര്‍ത്ഥം ‘ചിതറിയത്’ അഥവാ ‘വിതരണം ചെയ്യപ്പെട്ടത്’ എന്നാണു്. ഇത് ഈ സേവനത്തിന്റെ ഘടനെയെ പ്രതിപാദിക്കുന്നു. ഡയാസ്പുറ ഒരു കൂട്ടം സ്വതന്ത്ര പോഡുകളുടെ (സെര്‍വര്‍ ഇന്‍സ്റ്റാളേഷനുകള്‍) സഞ്ചയമാണു്. ഈ പോഡുകള്‍ തമ്മില്‍ ഒരു ശൃംഖല പോലെ വര്‍ത്തിക്കുകയും തമ്മില്‍ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് അവര്‍ ഏത് പോഡാണുപയോഗിക്കേണ്ടത് എന്ന് സ്വ യം തീരുമാനിക്കാവുന്നതാണു്. ഒരു പൊതു പോഡുപയോഗിക്കണമെന്നു കരുതുന്നവര്‍ക്ക് അപ്രകാരമാകാം. മറിച്ച് സ്വന്തമായി ഒരു പോഡ് നിര്‍മ്മിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കു അപ്രകാരവും. ഡയാസ്പുറ നിര്‍മ്മാതാക്കള്‍ തന്നെ നിര്‍മ്മിച്ച ജോയിന്‍ഡയാസ്പുറ , ഡയാസ്പോര്‍ഗ് , പോഡെറി എന്നിവയാണു് പ്രശസ്തമായ ചില പൊതു പോഡുകള്‍. (നിലവിലുള്ള എല്ലാ പോഡുകളേയും പോഡപ്‌ടൈം ട്രാക്ക് ചെയ്യുന്നുന്നുണ്ടു്.) . ഇപ്രകാരം ഒരു പോഡില്‍ ഉപയോക്താവ് നിര്‍മ്മിക്കുന്ന അംഗത്വത്തെ സീഡ് എന്നു വിളിക്കുന്നു. (ഒരു ഫേസ്‌ബുക്ക്/ഗൂ+ പ്രൊഫൈലിനു തുല്യം) ഏതൊരു സീഡിനും അതേ പോഡില്‍ തന്നെയുള്ളതോ മറ്റൊരു പോഡില്‍ നിര്‍മ്മിക്കപ്പെട്ടതോ ആയ ഏതൊരു സീഡുമായും ബന്ധപ്പെടാം. എന്നിരുന്നാലും തങ്ങളുടെ വിവരങ്ങളിന്മേല്‍ അയാള്‍ അംഗമായ പോഡിനു മാത്രമേ ഉടമസ്ഥാവകാശമുള്ളു. ഓരോ സീഡിനേയും തിരിച്ചറിയുന്നത് ഈമെയില്‍ ഐഡിയ്ക്ക് തുല്യമായ ഒരു സംവിധാനമുപയോഗിച്ചായിരിക്കും. ഉപയോക്തൃനാമം@പോഡ്നാമം എന്ന വിധേനയായിരിക്കും ഇതിന്റെ ഘടന. (ഉദാഹരണത്തിനു ലേഖകന്റെ വിലാസം akhilan@diasp.org എന്നിങ്ങനെയാണു്) ഒരു സീഡിന്റെ എല്ലാ സമ്പര്‍ക്കങ്ങളും ആസ്പെക്ടുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. (ഗൂഗിള്‍+-ലെ സര്‍ക്കിളുകള്‍ക്ക് തുല്യം) ഡയാസ്പുറ ശ്രംഖലയില്‍ ഉപയോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയം പ്രധാനമായും പോസ്റ്റുകള്‍ വഴിയാണു് നടക്കുന്നതു്. ഒരു പോഡിലെ പോസ്റ്റ് മറ്റൊരു പോഡിലേക്ക് പുഷ് ചെയ്യാനും അവിടെയുള്ളവര്‍ക്കു കമന്റിടാനും അതു തിരികെ മാതൃപോഡിലെത്തിക്കാനുമായി സാൽമൺ, പബ്‌സബ്‌ഹബ്‌ബബ്‌ എന്നീ പ്രോട്ടോക്കോളാണു ഉപയോഗിക്കുക. ഓരോ പോസ്റ്റുകളുടേയും സ്വകാര്യത രണ്ടു തലത്തിലാകും - പബ്ലിക് പോസ്റ്റുകളും ലിമിറ്റഡ് പോസ്റ്റുകളും. പബ്ലിക് പോസ്റ്റ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും കാണാന്‍ കഴിയുമെങ്കില്‍, ലിമിറ്റഡ് പോസ്റ്റ്, ഉടമ തീരുമാനിക്കുന്ന ആസ്പെക്റ്റുകളില്‍ പെട്ടവര്‍ക്കു മാത്രമേ പ്രാപ്യമാകുകയുള്ളു. സമാനസ്വഭാവമുള്ള സമ്പര്‍ക്കങ്ങളെ ചേര്‍ത്തു് ഓരോ ആസ്പെക്ടുകള്‍ നിര്‍മ്മിക്കുന്നതു മൂലം ഉപയോക്താക്കള്‍ക്കു് പോസ്റ്റിന്റെ സ്വകാര്യതയെ മെച്ചപ്പെട്ട രീതിയില്‍ നിയന്ത്രിക്കാനാകും. അതായത് ഒരു പ്രത്യേക പോസ്റ്റ് ബന്ധുക്കള്‍ക്കിടയിലെത്തേണ്ട, മറിച്ച് സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രം എത്തിയാല്‍ മതിയെങ്കില്‍ ഇരുവരേയും രണ്ട്‌ആസ്പെക്ടിലാക്കിയ ശേഷം പോസ്റ്റ് സുഹൃത്തുക്കള്‍ക്കു മാത്രമായി വെളിപ്പെടുത്തുക. ഫേസ്‌ബുക്കില്‍ കാണപ്പെടുന്ന ലൈക്ക് ഓപ്ഷന്‍, ഡയറക്ട് മെസേജിങ്ങ്, ഷെയര്‍ മുതലായവ ഡയാസ്പുറയിലും ലഭ്യമാണു്. ട്വിറ്ററിലൂടെ പ്രശസ്തമായ ഹാഷ്‌ടാഗ് സൗകര്യം ഡയാസ്പുറയിലുണ്ട്. മാത്രമല്ല ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക ഹാഷ്‌ടാഗ് പിന്തുടരാന്‍ സൗകര്യമൊരുക്കുന്നതിലൂടെ അതുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സ്ട്രീമില്‍ ലഭ്യമാകുന്നു. (ഉദാ: #NewHere എന്ന ടാഗ് പിന്തുടരുന്ന വ്യക്തിക്ക് പുതിയതായി ഡയാസ്പുറയിലെത്തുന്നവരെ കണ്ടെത്താനും അവര്‍ക്ക് സ്വാഗതം പറയാനും അവസരമൊരുക്കുന്നു) എന്നാല്‍ ടിറ്ററിലും ഫേസ്‌ബുക്കിലും നിന്നും വ്യത്യസ്ഥമായി ഇതില്‍ ഇരട്ടപ്പേരുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കും. മാത്രമല്ല ഡയാസ്പുറ പരസ്യങ്ങളില്‍ നിന്നും മുക്തവുമാണു്.
ഡയാസ്പുറയില്‍ സുഹൃത്തുക്കളെ കണ്ടെത്താനായി വെബ്‌ഫിംഗര്‍ എന്ന മറ്റൊരു പ്രോട്ടോക്കോളാണു് ഉപയോഗിക്കുന്നതു്. സ്വന്തം പോഡുപയോഗിക്കുന്ന ആള്‍ക്കാരെ പേരുപയോഗിച്ചു തിരഞ്ഞു കണ്ടെത്താം. എന്നാല്‍ മറ്റൊരു പോഡുപയോക്താവിനെ അദ്ദേഹത്തിന്റെ ഐഡി (username@podname) ഉപയോഗിച്ചാവും തിരയേണ്ടതു്. ഇപ്രകാരം തിരയുമ്പോല്‍ നമ്മുടെ റിക്വസ്റ്റിനെ അദ്ദേഹത്തിന്റെ പോഡിലേക്ക് അയയ്ക്കുകയും അവിടെ നിന്നും അത്യാവശ്യ വിവരങ്ങല്‍ നമ്മുടെ പോഡ് സ്വീകരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാം. ഇപ്രകാരം നമ്മള്‍ മറ്റൊരു പോഡുമായി ബന്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പോഡില്‍ നമ്മുടെ ഒരു വിര്‍ച്വല്‍ അക്കൗണ്ട് നിര്‍മ്മിക്കപ്പെടുന്നു. ഇതു മുഖാന്തരമാവും നമ്മുടെ സീഡ് അദ്ദേഹവുമായി ബന്ധപ്പെടുക. ഈ വിര്‍ച്വല്‍ അക്കൗണ്ട് നമ്മുടെ അനാവശ്യ വിവരങ്ങള്‍ മറ്റൊരു പോഡിലെത്താതെ സംരക്ഷിക്കുന്നു. സുഹൃത്തുക്കളുടെ നവീകരണങ്ങള്‍ സ്ട്രീമിലെത്തിക്കാന്‍ ആക്ടിവിറ്റി സ്ട്രീംസ് എന്ന ഓപ്പണ്‍ പ്രോട്ടോക്കോളാണുപയോഗിക്കുന്നതു്. മുമ്പ് അപ്‌ലോഡ് ചെയ്യപ്പെട്ട എല്ലാ ഡാറ്റയും ഡൗണ്‍ലോഡ് ചെയ്യാനും അതു മറ്റൊരു പോഡിലേക്ക് അപ്‌ലോഡ് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ പണിപ്പുരയിലാണു്. ഗിറ്റ്‌ഹബിൽ പദ്ധതിയുടെ കോഡ് സൗജന്യമായി ലഭ്യമാണു്. ഇതു് ഒരു പോഡുടമയ്ക്ക് അയാള്‍ക്കാവശ്യമായ കൂട്ടിച്ചേര്‍ത്തലുകള്‍ വരുത്താനും ഡാറ്റാ സ്വകാര്യത ഉറപ്പുവരുത്താനും സഹായിക്കുന്നു. പോഡുകളിലേക്കുള്ള ഡാറ്റ ട്രാഫിക്ക് 128 ബിറ്റിനു മുകളിലുള്ള ഗ്നുപിജി തിവ്ര എന്‍ക്രിപ്ഷനു വിധേയമായതിനാല്‍ ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരമോഷണത്തിനു ഇതു തടയിടുന്നു. ഒരു കേന്ദ്രീകൃത ഡാറ്റാബേസാണെങ്കില്‍ ഭരണകൂടത്തിനു അതിലേക്കുള്ള പ്രവേശനം വളരെ എളുപ്പമാണു്. എന്നാല്‍ ഡയാസ്പുറയിലാണെങ്കില്‍ ഇതിനായി ലോകത്തെമ്പാടുമുള്ള പോഡുടമകളുമായി അവര്‍ക്കു ബന്ധപ്പെടേണ്ടിയോ ഇത്രയധികം ശൃംഖലകള്‍ ഹാക്കു ചെയ്യപ്പെടേണ്ടിയോ വരും. നിലവില്‍ മലയാളമടക്കം നാല്പതിലധികം ഭാഷകളിലേക്ക് പ്രാദേശികവത്കരിക്കപ്പെട്ട ഡയാസ്പുറ, ഉപയോക്താക്കളുടെ ട്വിറ്റര്‍, ടംബ്ലര്‍, ഫേസ്‌ബുക്ക് അക്കൗണ്ടുകളിലേക്ക് സിങ്ക് ചെയ്യാനുള്ള ഉപാധിയും ഒരുക്കുന്നുണ്ടു്.

തുടക്കത്തില്‍ നിലനിന്നിരുന്ന പല അസന്തുലിതാവസ്ഥകളും, സുരക്ഷിതത്വപ്രശ്നങ്ങളും പരിഹരിച്ചാണു് 0.1 പതിപ്പു പുറത്തിറങ്ങിയിരിക്കുന്നതു്. ബാല്യദശയില്‍ നിന്നും വളരെയധികം മുമ്പോട്ടു പോകാന്‍ ഡയാസ്പുറയ്ക്ക് ഇന്നു കഴിഞ്ഞിട്ടുണ്ടു്. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റ് എക്സ്പേട്ടായ ബെൻ ഷാവോ അഭിപ്രായപ്പെട്ടതു പൊലെ "നാം ഫേസ്‌ബുക്കിന്റെ എല്ലാ എതിരാളികളേയും ഒരുമിച്ചു കൂട്ടി അവയില്‍ നിന്നും ഐശ്ചികങ്ങളുടെ ഒരു പുതിയ വെ‌ബ് നിര്‍മ്മിക്കുകയാണെങ്കില്‍, അടുത്ത തവണ സ്വകാര്യത പ്രശ്നം ഫേസ്‌ബുക്കില്‍ അനുഭവപ്പെടുമ്പോള്‍ അവര്‍ തീര്‍ച്ചായായും അതുപേക്ഷിക്കും, കാരണം അവര്‍ക്ക് മുന്നില്‍ മികച്ച മറ്റൊരു വഴിയുണ്ട്". ഇപ്രകാരം ധൂളിയായി മാറുന്ന ഉപയോക്തൃസ്വകാര്യതയ്ക്ക് പുതിയൊരു മാനം കൈവരിക്കാന്‍ ഡയാസ്പുറയും ഒരു താങ്ങുപലകയാകട്ടെയെന്നു ആഗ്രഹിക്കുന്നു.

കുറിപ്പു്: അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട പ്രമുഖ ഡയാസ്പുറ പോഡായ poddery.com അടുത്തിടെ ചില സന്നദ്ധപ്രവര്‍ത്തകരുടെ ശ്രമഫലമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സ്വരൂപിച്ച് പുനരുജ്ജീവിപ്പിച്ചിട്ടുണ്ടു്. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ savepoddery.com എന്ന താളില്‍ ലഭ്യമാണു്.
അവലംബം
1. The Anti Facebook - Ariel Bleicher on IEEE Spectrum
2. Decentralization: The Future of Online Social Networking - Au Yeung, Liccardi, Kanghao Lu, Seneviratne & Tim Bernes Lee
3. The Better Facebook - Claudio Muller on Chip Magazine, 2012 June
4. The Growth of Diaspora: A Decentralized Online Social Network in a wild - Ames, Helm, Gentilucci, Stefanescu & Zhang
5. DSNP: A Protocol for Personal Identity and Communication on the Web - Adrian D. Thurston
ലേഖനം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് 2.5 ഇന്ത്യ (CC BY-SA 2.5 IN) അനുമതിപ്രകാരം പ്രസിദ്ധീകരിക്കുന്നു.

Tidak ada komentar:

Posting Komentar