MATHEMATICS

Tampilkan postingan dengan label അനുഭവങ്ങള്‍. Tampilkan semua postingan
Tampilkan postingan dengan label അനുഭവങ്ങള്‍. Tampilkan semua postingan

Minggu, 22 Januari 2012

റിച്ചാഡ് സ്റ്റാള്‍മാനോടൊപ്പം മാത്​സ് ബ്ലോഗ് ടീം

2012 ജനുവരി 22. ഞങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനം. ഇന്റര്‍നെറ്റിലേയും പുസ്തകങ്ങളിലേയും ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ കുലപതിയും ജീവനാഡിയുമായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനെ നേരിട്ടു കാണാന്‍ ഒരു അവസരം. അദ്ദേഹവുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും കേരളത്തിലെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം കിട്ടിയ അവസരം ജീവിതത്തിലെ അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായ മൂഹൂര്‍ത്തമെന്നു വിശേഷിപ്പിക്കുന്നതില്‍ തീര്‍ത്തും അനൗചിത്യമുണ്ടാവില്ല. മാത്​സ് ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിനിടെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വേണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ Happy Hacking, Thanks for spreading freedom, Rechard Stallman എന്നെഴുതി അദ്ദേഹം നല്‍കിയ ഓട്ടോഗ്രാഫ് മുകളിലെ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. കൊച്ചിന്‍ ഐലഗിന്റെ (Indian Libre User Group) മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടി കൊച്ചിയിലെത്തിയപ്പോഴാണ് RMS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായുള്ള അപൂര്‍വ കൂടിക്കാഴ്ചയ്ക്ക് മാത്​സ് ബ്ലോഗ് ടീമംഗങ്ങള്‍ക്ക് അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രഭാഷണത്തിലെ ചില ഭാഗങ്ങളും ചുവടെ കാണാം. കാര്യങ്ങള്‍ കുറേക്കൂടി വിശദമായി പറയാം. ഞായറാഴ്ച വൈകുന്നേരം നാല് അന്‍പത്തഞ്ചിനായിരുന്നു അദ്ദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ചിത്രങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
RMSന് എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്നേഹോഷ്ണമളമായ സ്വീകരണം

നിറ‌ഞ്ഞ സന്തോഷം.

ഐലഗ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ നെടുമ്പാശ്ശേരി-ആലുവ-ഇടപ്പള്ളി-കണ്ടെയ്നര്‍ റോഡ് വഴി ഗോശ്രീ റോഡിലൂടെ എറണാകുളത്തേക്ക് ‌ഞങ്ങള്‍ക്കൊപ്പം യാത്രയ്ക്കൊരുങ്ങുന്നു.
കോണ്‍ഫറന്‍സ് ഹാളിലേക്ക് മീറ്റിങ്ങിനായി.

സ്റ്റാള്‍മാനുമൊത്ത് ഐലഗ് കോഡിനേറ്റര്‍ ജേ ജേക്കബ്.

ഹാസ്യവും വാസ്തവവും കൂട്ടിക്കലര്‍ന്ന മനോഹരമായ പ്രഭാഷണം.

പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
അറിവ് എപ്പോഴും പങ്കുവെക്കപ്പെടണം. എങ്കിലേ എല്ലാവര്‍ക്കും വളര്‍ച്ചയുണ്ടാവുകയുള്ളുവെന്ന് സ്റ്റാള്‍മാന്‍ പറഞ്ഞു. കേരളത്തിലെ പാഠപുസ്തകങ്ങള്‍ കോപ്പി റൈറ്റില്ലാതെ പ്രസിദ്ധീകരിക്കണമെന്ന് താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതേ വരെ ഒരു തീരുമാനവുമുണ്ടായിട്ടില്ല. ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തേണ്ടതാണ്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്ത് കേരളം ഏറെ മുന്നിലാണ്. കേരളത്തിലെ പ്രവര്‍ത്തകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രദ്ധിക്കണം. സ്വതന്ത്ര സോഫ്റ്റ്‌വെയറും കുത്തകസോഫ്റ്റ്‌വെയറും തമ്മിലുള്ള സമരത്തില്‍ ആരു വിജയിക്കും എന്നു പറയാനാകില്ല. പക്ഷേ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ക്ക് വിജയം അനിവാര്യമാണെന്ന കാര്യം മറക്കരുത്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതു പോലെ സ്വതന്ത്ര ഹാര്‍ഡ്​വെയറുകളുടെ നിര്‍മ്മാണങ്ങളിലേക്കും ശ്രദ്ധപതിപ്പിക്കാനാണ് ഭാവിപരിപാടി. ഇടയ്ക്ക് ദാഹമകറ്റുന്നതിനിടെ ബഹുരാഷ്ട്രകമ്പനികളുടെ കോളകള്‍ ഉപേക്ഷിക്കാനുള്ള തന്റെ ഉദ്യമത്തില്‍ ഇന്‍ഡ്യയില്‍ നിന്നുള്ളവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സ്‌കൂളുകളും സര്‍ക്കാരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണം - സ്റ്റാള്‍മാന്‍
മാത്​സ് ബ്ലോഗ് ടീമംഗങ്ങളുമൊത്തുള്ള ചിത്രങ്ങള്‍

Jumat, 27 Mei 2011

ഉറുമ്പുകളും സ്വാതന്ത്ര്യത്തിലേക്ക്..!


"ഞാന്‍ ആദ്യമായിട്ട് കമ്പ്യൂട്ടറില്‍ വരച്ച ചിത്രം ഒരു പൂമ്പാറ്റയുടേതാണ്. അതിന്റെ ചിറകുകള്‍ക്ക് ആദ്യമായി ഒരു ഇളക്കം കിട്ടിയപ്പോള്‍ അതിന് അനിമേഷന്‍ കൊടുത്തതായല്ല, മറിച്ച് ജീവന്‍ കൊടുത്ത പോലെയാണ് എനിയ്ക്ക് തോന്നിയത്..". ഒമ്പതാം ക്ലാസുകാരന്‍ ഗോവിന്ദിന്റെ നിഷ്കളങ്കമായ വിടര്‍ന്ന ചിരിയോടെയും കട്ടിക്കണ്ണടയുടെ ഇടയിലൂടെ കണ്ട തിളങ്ങുന്ന കണ്ണുകളോടെയുമുള്ള ഈ വാക്കുകള്‍ക്ക് ഒരു അത്ഭുതത്തിന്റെ കഥ പറയാനുണ്ട്. അതെ, കഴിഞ്ഞ പത്തു കൊല്ലക്കാലമായി പൊതുവിദ്യാഭ്യാസരംഗത്ത് ഐടി@സ്കൂള്‍ നടത്തിക്കണ്ടിരിക്കുന്ന ഒട്ടേറെ അത്ഭുതങ്ങളിലൊന്ന്!

സാധാരണ കുടുംബങ്ങളില്‍ നിന്നും വരുന്ന ആയിരക്കണക്കിന് കുട്ടികളാണ് ഈ ദിവസങ്ങളില്‍ നാലുദിവസം വീതം നീണ്ടുനില്‍ക്കുന്ന കോഴ്സുകളിലൂടെ അനിമേഷന്റെ മായാലോകത്തേക്ക് പിച്ചവെയ്ക്കുന്നത്- ANTS (ANimation Training for Students)എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രശസ്തനായ കാര്‍ടൂണിസ്റ്റും ഇപ്പോള്‍ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനറുമായ കോഴിക്കോട്ടുകാരന്‍ ഇ സുരേഷ് സാറാണ് ഈ സംരംഭത്തിന് നായകത്വം വഹിക്കുന്നത്-കൂടെ സര്‍വ്വവിധ പിന്‍തുണയുമായി ഐടി@സ്കൂളിന്റെ എക്സി. ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറും മൊത്തം ടീമംഗങ്ങളും.

നാലുവര്‍ഷം മുമ്പ് കുറ്റിപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ പ്രതിഭാധനരായ കുട്ടികള്‍ക്ക് വേണ്ടി ഫ്ലാഷ് എന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്​വെയറില്‍ തുടങ്ങിയതാണ് ഈ സംരംഭം. സ്ഥലം എംഎല്‍എ (ഇപ്പോള്‍ തവന്നൂര്‍ എംഎല്‍എ)ശ്രീ. കെ ടി ജലീലിന്റെ കൂടി ഉത്സാഹത്തില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് ആവേശകരമായ പിന്‍തുടര്‍ച്ചകളിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. തുടക്കം ഫ്ലാഷിലായിരുന്നുവെങ്കിലും കെ ടൂണിന്റേയും, ജിമ്പ്- ഒഡാസിറ്റി- ഓപണ്‍ഷോട്ട് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്​വെയറുകളുടെയും മികവും കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഈ കോഴ്സിനെ യഥാര്‍ത്ഥ പാതയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ആദ്യ ബാച്ചുകള്‍ സുരേഷ്സാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നൂവെങ്കില്‍, തുടര്‍ന്ന് ജില്ലാതലങ്ങളിലേക്കും, ഇപ്പോള്‍ ഉപജില്ലാതലങ്ങളിലേക്കും വ്യാപിക്കുന്നത്, ആദ്യ ബാച്ചുകളില്‍ മികവുകാട്ടിയ 'കുട്ടി ആര്‍പി'മാരുടെ മേല്‍നോട്ടത്തിലാണ്. നാലുദിവസത്തെ പത്ത് മൊഡ്യൂളുകളുടെ വീഡിയോ ഡിവിഡിയിലൂടെയും, എഡ്യൂസാറ്റ് വഴിയുള്ള ഇന്ററാക്ഷനുകളിലൂടെയും സജീവസാന്നിധ്യമായി സുരേഷ് സാര്‍ കൂടെത്തന്നെയുണ്ട്.
നാലുദിന പഠനം കഴിഞ്ഞ് നമ്മുടെ കൊച്ചുകൂട്ടുകാര്‍ തയ്യാറാക്കിയ ചില അനിമേഷന്‍ ലഘുചിത്രങ്ങള്‍ ഇവിടെയുണ്ട്.

Minggu, 11 Juli 2010

രമണീയം, ആ കാലം.


"അധ്യാപകപരിശീലനത്തിനെത്തിയ പതിനെട്ടുകാരിയായ പെണ്‍കുട്ടി. അവള്‍ അഞ്ചാം ക്ലാസിലെ കുട്ടികളെ കല്‍ക്കരിയെ കുറിച്ചു പഠിപ്പിക്കാന്‍ പോകുന്നു. വളരെ മനോഹരമായി അവള്‍ പാഠങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ക്ലാസില്‍ കാണിക്കേണ്ട പ്രവര്‍ത്തനങ്ങളെല്ലാം ഭംഗിയായി ഒരുക്കിയിട്ടുമുണ്ട്. അധ്യാപക പരിശീലകയായ എന്നെ കാണിച്ചു.
അവളുടെ പരിശ്രമം കണക്കിലെടുത്ത് ഞാനതു തിരുത്തൊന്നും കൂടാതെ അംഗീകരിച്ചു. തുടര്‍ന്ന് അവളുടെ ക്ലാസ് കാണാന്‍ ഞാനും ചെന്നിരുന്നു. മനോഹരമായി അവള്‍ പാഠങ്ങള്‍ പഠിപ്പിച്ചു. കുട്ടികളുടെ പ്രാതിനിധ്യം കൂടുതലായുണ്ടെന്നു തോന്നിയില്ല. എഴുതിത്തയാറാക്കിയതിനനുസരിച്ച് അവള്‍ മനോഹരമായി പാഠങ്ങള്‍ എടുത്തു തീര്‍ക്കുന്നുണ്ടെങ്കിലും എവിടെയോ എന്തോ ഒരു കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു.
അവളുടെ ക്ലാസു കഴിഞ്ഞതും ഞാന്‍ ആ ക്ലാസിലുണ്ടായിരുന്ന ഒരു കുട്ടിയെ വിളിച്ച് കല്‍ക്കരിയെന്തെന്നു ചോദിച്ചു. അവന്‍ അറിയില്ലെന്നു പറഞ്ഞു. ഞാന്‍ ക്ലാസിലുണ്ടായിരുന്ന മറ്റു കുട്ടികളെ നോക്കി. അവരു പേടിയോടെയാണ് എന്നെ നോക്കുന്നത്. ഇനി കല്‍ക്കരിയെന്തെന്നു ഞാന്‍ അവരോടു ചോദിച്ചെങ്കിലോ എന്ന പേടി. ആ കുട്ടികളുടെ അവസ്ഥ മനസിലാക്കി ഞാന്‍ അവരോടു കൂടുതലൊന്നും ചോദിച്ചില്ല.
തുടര്‍ന്ന് സ്‌റ്റാഫ് റൂമില്‍ ചെല്ലുമ്പോള്‍ പൊട്ടിക്കരയുന്ന ആ പതിനെട്ടുകാരിയെ ആണു കണ്ടത്.."

കെ.ടി മാര്‍ഗരറ്റിന്റെ "ദി ഓപ്പണ്‍ സ്‌കൂള്‍ "എന്ന പുസ്‌തകത്തില്‍ അവരെഴുതിയ അനുഭവമാണിത്.

ഓര്‍മ്മയുണ്ടോ ആ സുവര്‍ണ്ണകാലം...? അധ്യാപക പരിശീലനത്തിനെത്തിയ കാലം.. ആദ്യമായി കുട്ടികളെ ക്ലാസില്‍ അറിഞ്ഞ കാലം.. രാത്രി ഉറക്കളച്ചിരുന്ന് റെക്കോഡുകളെഴുതിയും ചാര്‍ട്ടുകള്‍ തയാറാക്കിയും അവയ്‌ക്ക് ഒപ്പു വാങ്ങാന്‍ ഓടി നടന്നും ടെന്‍ഷനടിച്ച കാലം.. നാളെ ക്ലാസില്‍ എന്തു ചെയ്യണമെന്ന് ആലോചിച്ച് തലപുകച്ച കാലം..

ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു തമാശ..
പക്ഷെ ആ കാലത്ത് അവ എന്തെല്ലാം ടെന്‍ഷനടിപ്പിച്ചിരിക്കണം..
ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു സാധിക്കുമെന്ന് നമ്മെ പഠിപ്പിച്ച കാലമാണതെന്നാണ് ഒരു സുഹൃത്ത് ഈയിടെ അഭിപ്രായപ്പെട്ടത്. പലരും സഹകരണം എന്തെന്ന് പഠിക്കുന്ന കാലമാണതെന്നും ഒരഭിപ്രായം കേട്ടു. എന്തായാലും ഇത്രയധികം ജോലികള്‍ തെരക്കിട്ട് ചെയ്‌തു തീര്‍ത്ത അവസരങ്ങള്‍ വിരളമാകാനാണ് സാധ്യത.

മുകളില്‍ സൂചിപ്പിച്ച അനുഭത്തിലേതു പോലെ നമ്മെ ഏറെ വേദനിപ്പിച്ച സ്‌കൂള്‍ അനുഭവങ്ങള്‍ അക്കാലത്തുണ്ടായിട്ടുണ്ടാകാം. അതു പോലെ കുട്ടീകളുടെ പല പ്രശ്‌നങ്ങളും ആദ്യമായി മുന്നിലെത്തുമ്പോള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നാലോചിച്ച് തലപുകച്ചിട്ടുണ്ടാകാം. പിന്നീട് ആലോചിക്കുമ്പോള്‍ ഉള്ളില്‍ ചിരിയുണര്‍ത്തുന്ന ഓര്‍മ്മകളും ഉണ്ടാകാം. അവയൊക്കെയൊന്നു പങ്കു വച്ചു കൂടേ....?

അതു പോലെ ഇപ്പോള്‍ 'അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍' പരിശീലനത്തിനായി നമ്മുടെ സ്‌കൂളുകളില്‍ എത്തുന്ന കാലമാണ്..
അവരുടെ ശൈലിയും നമ്മുടേതുമായി യോജിച്ചു പോകുന്നുണ്ടോ..? അതായത് നമ്മള്‍ ഐ.സി.ടി അധിഷ്ഠിതമായി മുന്നോട്ടു പോകുമ്പോള്‍ പരിശീലനത്തിനെത്തിയവരും അതേ ശൈലിയാണോ സ്വീകരിക്കുന്നത്..?
മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഗൌരവം കുറയുന്നുണ്ടോ..? വഴിപാടായി ഇതു മാറുന്നുണ്ടോ..?

അധ്യാപക പരിശീലനത്തിനുള്ളവര്‍ എത്തിയാല്‍ സ്‌കൂളിലെ അച്ചടക്കം പോകും എന്ന അഭിപ്രായത്തോടു യോജിക്കുന്നുണ്ടോ ?
അവര്‍ ക്ലാസെടുക്കുമ്പോള്‍ നമ്മള്‍ ചെന്നിരുന്നാല്‍ അവര്‍ക്കു് അസ്വസ്ഥത, ചെല്ലാതിരുന്ന് ക്ലാസില്‍ എന്തെങ്കിലും സംഭവിച്ചാല്‍ സമാധാനം നമ്മള്‍ പറയുകയും വേണം..
അവരൊപ്പിക്കുന്ന തമാശകളും അബദ്ധങ്ങളും വേദനിപ്പിച്ച സംഭവങ്ങളും....കൂടാതെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ഒപ്പം നമ്മുടെ അനുഭവങ്ങളുമെല്ലാം തുറന്നെഴുതുക.

Sabtu, 01 Mei 2010

അധ്യാപകരും ശിക്ഷാ നടപടികളും.

കഴിഞ്ഞയാഴ്ചത്തെ സംവാദത്തിന്റെ കമന്റുബോക്സില്‍ നിറഞ്ഞുനിന്നിരുന്ന ഒരു നാമമാണ് 'ഹോംസ്'. റവന്യൂവകുപ്പ് ജീവനക്കാരനാണെന്ന് ഞങ്ങളനുമാനിക്കുന്ന ആ സുഹൃത്തിന്റെ പ്രതികരണങ്ങളില്‍ ആദ്യാവസാനം നുരഞ്ഞുയര്‍ന്ന അധ്യാപകവിരോധം ഞങ്ങളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്!
പല സുഹൃത്തുക്കളും ,ഫോണിലൂടെയും മറ്റും, അയാള്‍ക്ക് ചുട്ട മറുപടി കൊടുക്കണമെന്നും ''പന്നി"യെന്നും മറ്റുമൊക്കെ ടീച്ചര്‍മാരെ വിളിച്ച കമന്റുകള്‍ നീക്കം ചെയ്യണമെന്നുംവരെ ആവശ്യപ്പെട്ടു. എന്നാല്‍, സംവാദത്തിന്റെ മൂര്‍ദ്ധന്യത്തിനിടയിലെ ഇടവേളകളിലൊന്നില്‍ ഏറെ നിഷ്കളങ്കമായ ഒരു ചോദ്യത്തിന് ഹോംസ് നല്കിയ മറുപടി വായനക്കാരെ സ്തബ്​ധരാക്കാന്‍ പോന്നതായിരുന്നു....അതുവരെ അദ്ദേഹത്തോടുതോന്നിയ എല്ലാ അനിഷ്ടവും ഉരുകിയൊലിച്ച് സഹതാപത്തിനും ധാര്‍മ്മികമായ കുറ്റബോധത്തിനും വഴിമാറിയതുപോലെയാണ് മാത്​സ് ബ്ലോഗിനു തോന്നിയത്.
കഴിഞ്ഞ പോസ്റ്റ് വായിക്കാന്‍ കഴിയാതിരുന്നവര്‍ക്കു വേണ്ടി ഇത്തരതതിലുള്ള മാറ്റത്തിനു കാരണമായ മനുവിന്റെ ചോദ്യവും ഹോംസിന്റെ മറുപടിയും ഇവിടെ ഒരിക്കല്‍ക്കൂടി എടുത്തെഴുതാം.

മനു : "ഹോംസ് ചേട്ടനെന്താ ടീച്ചര്‍മാരോട് ഇത്ര വിരോധം? സ്കൂളില്‍ പഠിക്കുമ്പോള്‍ നല്ല തല്ലു കിട്ടിയിട്ടുണ്ടാകുമല്ലേ? ഇപ്പോള്‍ പറയുന്നത് വായിച്ചാലറിയാം, നല്ല വികൃതി ആയിരുന്നിരിക്കും."
ഹോംസ് :
"മനൂ,
ഹോംസ് ചേട്ടന്‍ എന്നും ഒറ്റക്കായിരുന്നു.
സത്യത്തില്‍, ചെറുപ്പന്നേ അനാഥനായിരുന്ന ഈ ചേട്ടന് ആവശ്യമായ വൈകാരിക സംരക്ഷണം സ്കൂളില്‍ നിന്നുപോലും കിട്ടിയില്ല! ഒരു കീഴാളജാതിയില്‍ ജനിച്ച ചേട്ടന്റെ കറുപ്പുനിറത്തെ കളിയാക്കാന്‍ ആറാംക്ലാസ്സിലെ അബോക്കര്‍ മാഷ് ചെയ്തത് മോനറിയണോ?
"വര്‍ണ്ണവൈജാത്യങ്ങള്‍" സാമൂഹ്യശാസ്ത്രം ക്ലാസ്സില്‍ പഠിപ്പിക്കുകയായിരുന്നൂ കക്ഷി!
"പഠിക്കുന്ന കുട്ടി"യായിരുന്ന സുഹറാബിടീച്ചറുടെ മകള്‍ സാജിതയുടെ കൈ ഉയര്‍ത്തിച്ച് വെളുത്തവര്‍ഗ്ഗക്കാരുടെ പ്രത്യേകതകള്‍ വിശദമാക്കിയ ശേഷം, ഹോംസിന്റെ കൈ ഉയര്‍ത്തിച്ച് കറുത്തവര്‍ഗ്ഗക്കാരുടെ സവിശേഷതകള്‍ വിസ്തരിച്ചു കളഞ്ഞൂ, ആ കശ്മലന്‍!!ഭൂമി പിളര്‍ന്ന് താഴോട്ടു പോയിരുന്നെങ്കിലെന്ന് മോഹിച്ചുപോയീ, കരച്ചിലിനിടയിലും ഹോംസ്!"

വാദപ്രതിവാദങ്ങളുടെ രൂക്ഷതയില്‍ കത്തിപ്പടര്‍ന്നുകയരുകയായിരുന്ന സംവാദ ചര്‍ച്ച ബ്രേക്കിട്ടതു പോലെ അവിടെ നിന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു അധ്യാപകന്റെ ഭാഗത്തു നിന്നു വന്ന കൈത്തെറ്റിന്റെ ആഘാതം, ഏറെ കാലത്തിനുശേഷവും ഒരു വ്യക്തിയുടെയുള്ളില്‍ നീറിപ്പുകയുന്നുവെന്ന സത്യത്തിന്നു മുമ്പില്‍ എല്ലാവരും തരിച്ചുപോയിരിക്കണം!
സ്വയം വിമര്‍ശനത്തിനു അധ്യാപക സമൂഹത്തെ പ്രേരിപ്പിക്കുന്ന ഒരു കമന്റായാണ് മാത്​സ് ബ്ലോഗിന് ഇതനുഭവപ്പെട്ടത്. അധ്യാപകര്‍ ക്ലാസില്‍ പറയുന്ന വാചകങ്ങള്‍, പ്രവൃത്തികള്‍, നല്‍കുന്ന ശിക്ഷാ നടപടികള്‍ എല്ലാം ഏറെ ആഴത്തിലാണ് കുട്ടികളുടെ മനസ്സില്‍ പതിയുന്നത് എന്നത് ശിക്ഷകള്‍ നല്‍കുമ്പോഴോ, അവരെ പരിഹസിക്കുമ്പോഴോ നമ്മില്‍ പലരും ചിന്തിക്കാറില്ല.

മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു.
കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനായ, യുവാവായ ഒരധ്യാപകസുഹൃത്തിന്റെയൊപ്പം ബസില്‍ ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. യാത്രാമധ്യേ, ഒരു വീടിന്റെ പൂമുഖത്ത് തന്റെ തളര്‍ന്ന ശരീരം ചാരുകസേരയിലേക്ക് ചായ്ച്, ആര്‍ക്കും അനുതാപം തോന്നത്തക്കവണ്ണമുള്ള ഒരു ദയനീയരൂപത്തെ നോക്കി സുഹൃത്ത് ഒരു തെറിവാക്കാണ് പറഞ്ഞത്. അമ്പരന്നുപോയ എന്നോട് സുഹൃത്ത് അതിന്റെ കാരണവും വ്യക്തമാക്കി. ആ കസേരയിലിരുന്ന മനുഷ്യന്‍ മൂന്നാം ക്ലാസ്സില്‍ തന്റെ ക്ലാസ് ടീച്ചറായിരുന്നുവെന്നും, ഒരു കാരണവുമില്ലാതെ കടുത്ത ശിക്ഷകള്‍ നല്‍കിയിരുന്നതിന്റെ ഫലമാണ് ഇപ്പോള്‍ അയാള്‍ അനുഭവിക്കുന്നതത്രെ!

വിദ്യാര്‍ഥികളെ നന്നാക്കാനാണ് അധ്യാപകരുടെ ശിക്ഷയെന്നാണു വെപ്പ്. എന്നാല്‍ അവ വിപരീതഫലം ഉണ്ടാക്കുന്നുവെന്നതിനു തെളിവല്ലേ ഈ രണ്ടാമത്തെ സംഭവം?

സ്കൂളുകളില്‍ അധ്യാപകര്‍ കുട്ടികളോടു സ്വീകരിക്കുന്ന സമീപനം എന്തായിരിക്കണമെന്നാണ് ഈ വിഷയത്തില്‍ ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ചര്‍ച്ച. വിദ്യാര്‍ഥികളെ മാനസികമായി തകര്‍ക്കുന്ന സമീപനം അധ്യാപകരില്‍ നിന്നും ഉണ്ടാകാമോ...? സ്കൂളുകളില്‍ നല്‍കുന്ന ശാരീരികമായ ശിക്ഷാനടപടികള്‍ പൂര്‍ണ്ണമായും നിരോധിക്കേണ്ടതുമണ്ടോ..? മനശാസ്ത്രപരമായ സമീപനം സ്കൂളുകളില്‍ പ്രാവര്‍ത്തികമായിട്ടുണ്ടോ..? എന്നിങ്ങനെ ചോദ്യങ്ങള്‍ ഒരുപാട് ഉയര്‍ന്നുവരുന്നുണ്ട്. ഏറെയൊന്നും മാറാത്ത ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തി നഷ്ടപ്പെടാത്ത വിഷയമെന്ന നിലയില്‍ മുഴുവന്‍ ബൂലോകവാസികളേയും ഈ ചര്‍ച്ചയിലേക്ക് സ്വാഗതം ചെയ്യുന്നു.