തൃശൂര്‍ ജില്ലയിലെ കേച്ചേരിക്കടുത്തുള്ള തിപ്പിലിശ്ശരി അല്‍-അമീന്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും, ചെറുമനയങ്ങാട് നാച്ചിവീട്ടില്‍ പരേതനായ കുഞ്ഞിവാപ്പുവിന്റേയും ഷാജിതയുടേയും മൂന്നുമക്കളില്‍ ഇളയവനുമായ എന്‍.കെ. അബൂബക്കറിനെ അറിയുമോ? ഇല്ലെങ്കില്‍ നാം അധ്യാപകരെങ്കിലും അറിയണം! പിതാവിന്റെ മരണവും തുടര്‍ന്നുള്ള സാമ്പത്തിക പരാധീനതകളും മറികടക്കാന്‍ പാടുപെടുന്ന ആ കുടുംബത്തിലെ പ്രതീക്ഷയുടെ കൈത്തിരിവെട്ടമായി അവതരിച്ചിരിക്കുകയാണ് ഈ പതിനഞ്ചുകാരന്‍. കഴിഞ്ഞ ദിവസം തൃശൂര്‍ സാഹിത്യ അക്കാഡമി ഹാളില്‍ ഐടി@സ്കൂളും ജില്ലയിലെ എസ്.ഐ.ടി.സി ഫോറവും സംയുക്തമായി സംഘടിപ്പിച്ച വിജ്ഞാനപ്രദമായ ഐസിടി ശില്പശാലയില്‍ വെച്ചാണ് കക്ഷിയെ പരിചയപ്പെടുന്നത്. പരിപാടിയിലുടനീളം താരമായി തിളങ്ങിയ അബൂബക്കറിന്റെ മികവെന്താണെന്നല്ലേ..?
കഴിഞ്ഞ അവധിക്കാലത്ത്, തൃശൂര്‍ ഐടി@സ്കൂള്‍ സംഘടിപ്പിച്ച മൂന്നുദിവസത്തെ കംപ്യൂട്ടര്‍ ഹാര്ഡ്വെയര് മെയിന്റനന്‍സ് കോഴ്സില്‍ ഒരു പഠിതാവായി അബൂബക്കറുണ്ടായിരുന്നു. ഐ.ടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ. അജയ്കുമാര്‍ സാറിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട ആ കോഴ്സില്‍ നിന്നും ലഭിച്ച പ്രാഥമിക പാഠങ്ങളും, മാസ്റ്റര്‍ ട്രൈനര്‍മാരായ ജോബ്സണ്‍ എബ്രഹാം, വാസുദേവന്‍, സുദര്‍ശനന്‍, അനില്‍...തുടങ്ങിയവരുടെ നിതാന്ത പിന്തുണയും ഒരു കംപ്യൂട്ടര്‍ ഷോപ്പ് തുടങ്ങാനുള്ള ആത്മവിശ്വാസത്തിലേക്ക് അബൂബക്കറെ കൈപിടിച്ചുയര്‍ത്തി. കൂട്ടിന് ജ്യേഷ്ഠന്‍ ഷജീറും. (തന്റേയും കുടുംബത്തിന്റേയും ജീവിതപ്രയാസങ്ങളിലുടനീളം തണലായി നിന്ന ഡോക്ടര്‍ ശ്രീകുമാറിനെ സദസ്സിലേക്കു കൈചൂണ്ടി എല്ലാവര്‍ക്കും പരിചയപ്പെടുത്തുമ്പോള്‍ അവന്റെ കണ്ണുകളില്‍ കൃതജ്ഞതയുടെ നനവ്.) ഷോപ്പു തുടങ്ങി രണ്ടുമാസത്തിനകം തന്നെ അമ്പതോളം കംപ്യൂട്ടറുകള്‍ സര്‍വ്വീസ് ചെയ്തു . നിരവധിയെണ്ണം അസംബിള്‍ ചെയ്തു നല്‍കി. കുറഞ്ഞ ലാഭമെടുത്ത് മികവോടെ സിസ്റ്റങ്ങള്‍ ചെയ്തുകൊടുക്കുന്ന ഈ 'കുട്ടി മെക്കാനിക്കി'ന് തിരക്കേറിവരുകയാണിപ്പോള്‍! അബൂബക്കര്‍, സാംസങ് പ്രിന്ററില്‍ മഷി നിറക്കുന്ന വിധം വിവരിക്കുന്ന വീഡിയോ ഇവിടെയുണ്ട് .
അബൂബക്കറിന്റെ കഥ ഇവിടെ വിസ്തരിച്ചത്, നാം അധ്യാപകര്‍ ഒരു ആത്മപരിശോധന നടത്തേണ്ടതില്ലേയെന്ന ഒരു സന്ദേഹത്തില്‍ നിന്നാണ്. പ്രതിഭാധനരും ജീവിതം വഴിമുട്ടി നില്ക്കുന്നവരുമായ എത്രയെത്ര അബൂബക്കര്‍മാരാണ് നമ്മുടെ മുന്നില്‍ കണ്ണും കാതും തുറന്നുവെച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് കുറച്ചുപേര്‍ക്കെങ്കിലും ജീവിതമാര്‍ഗ്ഗത്തിലേക്കൊരു കൈചൂണ്ടിയാകാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഗുരുജന്മം സാര്‍ഥകമാകാന്‍ മറ്റെന്തു വേണം?
അബൂബക്കറിന്റേതുപോലുള്ള അനുഭവങ്ങള്‍ നിങ്ങളുടെ സ്കൂളിലും കാണില്ലേ? പങ്കു വെച്ചാല്‍ ഒരുപാടു പേര്‍ക്ക് പ്രയോജനം ചെയ്യും. എന്താ റെഡിയല്ലേ..?
പിന്‍കുറി:
പരിചയപ്പെടാനായി അബൂബക്കറെ അടുത്തുവിളിച്ചു വിവരങ്ങളന്വേഷിച്ചപ്പോള്‍, ഞാനാരാണെന്ന് അവനറിയണം.
മാത്സ് ബ്ലോഗില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ നിറഞ്ഞ സന്തോഷം.
"കണക്കിന്റെ ബ്ലോഗല്ലേ...എനിയ്ക്കറിയാം."
തിരിച്ചുപോരാന്‍ നേരം വാസുദേവന്‍ സാറുമായുള്ള കുശലപ്രശ്നങ്ങള്‍ തീരുവോളം അവനും ഉമ്മയും കാത്തുനിന്നു. ഷേക്ക് ഹാന്റിനായി നീട്ടിയ കൈകള്‍ കൂട്ടിപ്പിടിച്ച് അരികത്തു ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ ആ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞതെന്തിനെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല!
Tidak ada komentar:
Posting Komentar