MATHEMATICS

Selasa, 18 Mei 2010

പാഠം 1. ബഹുഭുജങ്ങള്‍.

ഒന്‍പതാം ക്ലാസിലെ പുതിയ പാ​ഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചില പഠനവിഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഈ പക്തിയുടെ ലക്ഷ്യം. എല്ലാ ആഴ്ചയിലും ചൊവ്വാഴ്ചകളില്‍ ഇത് തുടരാനാണ് ഉദ്ദേശ്യം.നമ്മുടെ ബ്ലോഗ് ടീമിലെ ജോണ്‍സാറാണ് ഇതു കൈകാര്യം ചെയ്യാമെന്നേറ്റിരിക്കുന്നത്. ഇതിലെ ഒരു പ്രവര്‍ത്തനവും സ്റ്റാന്റേഡൈസ് ചെയ്തവയല്ല. ഗണിതാധ്യാപകരുടെ ,ഗണിതചിന്തകരുടെ വിലയേറിയ നിര്‍ദ്ദേശങ്ങളാല്‍ തിരുത്തപ്പെടുകയും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്യുമ്പോള്‍ മാത്രമേ ഇവ പൂര്‍ണ്ണമാകുകയുള്ളൂ. മാറിയ പാഠപുസ്തകം പഠിപ്പിക്കുമ്പോള്‍ അധ്യാപികയ്ക്കുണ്ടാവാനിടയുള്ള സംശയങ്ങളും പ്രയാസങ്ങളുമൊക്കെത്തന്നെ നമുക്ക് പരസ്പരം ചര്‍ച്ച ചെയ്യാം. ഒന്നാമത്തെ യൂണിറ്റായ 'ബഹുഭുജങ്ങളി'ല്‍ നിന്നും നമുക്ക് തുടങ്ങാം.

ഒന്നാമത്തെ യൂണിറ്റ് ബഹുഭുജങ്ങളാണ്.പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കുന്ന പഠനലക്ഷ്യങ്ങള്‍ (learning objectives) ലിസ്റ്റ് ചെയ്യാം.
ബഹുഭുജങ്ങള്‍ എന്ന ആശയം രുപപ്പെടുത്തുക, ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുക വശങ്ങളുടെ എണ്ണവുമായി ബന്ധപ്പെടുത്തി കണ്ടെത്തുക, ബാഹ്യകോണുകളുടെ തുക 360 ഡിഗ്രിയെന്ന് തിരിച്ചറിയുക, ഒരു ബഹുഭുജം സമബഹുഭുജമാകുന്ന സാഹചര്യം വിലയിരുത്തുക, അതിന്റെ പ്രത്യേകതകളും ,ബന്ധപ്പെട്ട ജ്യാമിതീയ ചിന്തകളും വിശകലനം ചെയ്യുക എന്നിവയൊക്കെയാണ് പ്രധാന ലക്ഷ്യങ്ങള്‍.സൈഡ് ബോക്സുകള്‍ നല്‍കുന്ന നൂതനചിന്തകള്‍ പഠിതാവിന് അനന്യസാധാരണമായ പഠനാനുഭവങ്ങള്‍ പകര്‍ന്നുതരാന്‍ പര്യാപ്തമാണ്.

നിര്‍വചിതചിന്തകള്‍ ക്കപ്പുറമുള്ള കാഴ്ചകളിലേയ്ക്ക് കുട്ടിയെ നയിക്കാന്‍പറ്റുന്ന വിധമാണ് പഠനവസ്തുതകള്‍ പാഠപുസ്തകത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ഒരു പഠനപ്രോജക്ടാണ് ഇന്നത്തെ പോസ്റ്റ്. ഒരു പഠനലക്ഷ്യം നേടുന്നതിനായി പഠിതാവ് ഒറ്റയ്ക്കോ ,കൂട്ടായോ നിശ്ചിതസമയംകൊണ്ട് ചെയ്തുതീര്‍ക്കുന്ന പരസ്പരപൂരകങ്ങളായ പഠനപ്രവര്‍ത്തനമാണ് പഠനപ്രോജക്ട് . പോജക്ട് പുര്‍ത്തിയാക്കിയ ശേഷമാണ് അതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. പ്രോജകട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് അനുചിതമാണ്. അതുകൊണ്ട് അഞ്ച്കുട്ടികള്‍ കൂടി നടത്തുന്ന ഒരു പ്രോജക്ട് ചര്‍ച്ചതന്നെയാവാം.

ശ്രാവണി നല്ലൊരു കണക്കധ്യാപികയാണ്. ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിപ്പിക്കുന്നു. ഒന്‍പതാം ക്ലാസിലെ പുതിയ പാഠപുസ്തകം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഒന്നാമത്ത യൂണിറ്റായ ബഹുഭുജത്തിലെ വശങ്ങളുടെ എണ്ണവും കോണുകളുടെ തുകയും തമ്മിലുള്ള ബന്ധം ചര്‍ച്ചകളിലൂടെ സ്ഥാപിച്ചു കഴിഞ്ഞു. അതിനുശേഷം ശ്രാവണി ടീച്ചര്‍ ഒരു ത്രികോണം വരച്ചു. ത്രികോണത്തിന് എത്ര വികര്‍ണ്ണങ്ങളുണ്ടെന്ന് ചോദിച്ചു. ത്രികോണത്തിന് വികര്‍ണ്ണമോ? ഈ ടിച്ചര്‍ക്ക് എന്തുപറ്റി എന്നായി ചില വിരുതന്മാര്‍. അമ്മുവാണ് ആദ്യം പറഞ്ഞത്. ത്രികോണത്തിന് വികര്‍ണ്ണമുണ്ടാകില്ലെന്ന്. ചതുര്‍ഭുജത്തിന് എത്രവികര്‍ണ്ണങ്ങളുണ്ടെന്ന ചോദ്യത്തിന് എല്ലാമിടുക്കന്മാകും മിടുക്കികളും 2 എന്ന്ഉത്തരം പറഞ്ഞു.
ശ്രാവണിടീച്ചര്‍ വിട്ടില്ല. പഞ്ചഭുജത്തിന്റെയും ഷഡ്ഭുജത്തിന്റെയും വികര്‍ണ്ണങ്ങളുടെ എണ്ണത്തെക്കുറിച്ചുചോദിച്ചു. ഒറ്റയ്ക്കത്തരം പറയാന്‍ വിഷമിക്കുന്നതുകണ്ടപ്പോഴാണ് അഞ്ചുപേര്‍വീതമുള്ള ഗ്രുപ്പുകളായിരുന്ന് ,ചിത്രംവരച്ച് എണ്ണിനോക്കാന്‍ പറഞ്ഞത്.
ഇതോരു പ്രോജക്ടിന്റെ തുടക്കമായിരുന്നു
അമ്മു, അനുറാണി, ശ്രിക്കുട്ടന്‍, റിയാസ് , സൗമിനി എന്നിവര്‍ ഗ്രൂപ്പായി.അവര്‍ പ്രോജക്ടിന് ഒരു പേരിട്ടു.
"ബഹുഭുജങ്ങളുടെ വശങ്ങളും കോണുകളും തമ്മിലുള്ള ബന്ധം ..ഒരു അമ്പേഷണം‌ " ഇതായിരുന്നു പേര്
പടം വരച്ച്, വികര്‍ണ്ണങ്ങള്‍ അടയാളപ്പെടുത്തി ,വശങ്ങളുടെ എണ്ണവും വികര്‍ണ്ണങ്ങളുടെ എണ്ണവും നോക്കി ,പട്ടികയിലാക്കി.
പട്ടിക വിശകലനം ചെയ്യവെ അവര്‍ ഒരു പാറ്റേണ്‍ കണ്ടെത്തി.തുടര്‍ന്ന് n വശങ്ങളുള്ള ബഹുഭുജത്തിന് n(n - 3)/2 വികര്‍ണ്ണങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ കണ്ടെത്തി.

ശ്രാവണിടീച്ചര്‍ അവരുടെ പ്രോജക്ട് നിര്‍വഹണത്തില്‍ ഇടപെട്ടുകൊണ്ട് ഒരു യുക്തിചിന്തയിലേയ്ക്ക് അവരെ നയിച്ചു

‌രണ്ട് ശീര്‍ഷങ്ങള്‍ യോജിപ്പിക്കുമ്പോഴാണ് വികര്‍ണ്ണമുണ്ടാകുന്നത്.

ഏതുരണ്ട് ശിര്‍ഷങ്ങള്‍ യോജിപ്പിച്ചാലും വികര്‍ണ്ണം ഉണ്ടാകുന്നില്ല.

ഒരു ശീര്‍ഷത്തെ സമീപസ്ഥങ്ങളായ ശീര്‍ഷങ്ങളുമായി ചേര്‍ത്താല്‍ വികര്‍ണ്ണമുണ്ടാകുന്നില്ല.

ഒരു ശീര്‍ഷത്തില്‍ നിന്നും n - 3 വികണ്ണങ്ങളുണ്ടാകും.

n ശീര്‍ഷങ്ങളുയോഗിച്ച് n ( n - 3 ) എണ്ണമുണ്ടാക്കാം.

അതില്‍ പകുതി എണ്ണമെടുക്കുന്നതിന്റെ യുക്തി എന്താണ്?


ഇത് കുട്ടികള്‍ക്ക് നല്‍കാനായി അധ്യാപകര്‍ക്കുമുന്നില്‍ ചര്‍ച്ചക്കുനല്‍കുന്ന ഒരു പഠനപ്രവര്‍ത്തനമാണ്. പാഠപുസ്തകത്തില്‍ ഇതിന്റെ സ്ഥാനം ,പ്രസക്തി ഇവ ചോദ്യം ചെയ്യപ്പെട്ടെക്കാം.....

ഭാവനയുടെ അനന്തമായ ആകാശം കുട്ടിക്കു കാട്ടിക്കൊടുക്കുന്നവളാകട്ടെ പുതിയ സമീപനത്തിലെ മാറുന്ന അധ്യാപിക .

ഗണിതാധ്യാപകരില്‍ നിന്നും ഗണിതസ്നേഹികളില്‍ നിന്നും കുട്ടികള്‍ക്കായി ചില പഠനപ്രവര്‍ത്തനങ്ങള്‍ ഈ യുണിറ്റില്‍ നിന്നും കമന്റുകളായും ,മെയിലായും പ്രതീക്ഷിക്കുന്നു. അവ e question Bank ന് ഒരു മുതല്‍ക്കൂട്ടായിരിക്കും.

Tidak ada komentar:

Posting Komentar