MATHEMATICS

Senin, 14 Juni 2010

ബ്ലോഗ് ഹിറ്റുകള്‍ 4 ലക്ഷം.


എന്നും ഞങ്ങളെ പ്രോത്സാഹിപ്പിച്ച അധ്യാപകരേ, വിദ്യാര്‍ത്ഥികളേ, സഹബ്ലോഗര്‍മാരേ,
ഇന്നു നമ്മുടെ മാത്‍സ് ബ്ലോഗ് നാലുലക്ഷം ഹിറ്റുകള്‍ എന്ന നാഴികക്കല്ലു പിന്നിടുകയാണ്. ഒരു പ്രാദേശിക ഭാഷയില്‍ പൂര്‍ണ്ണമായും അദ്ധ്യാപകര്‍ തന്നെ ഒരുക്കുന്ന ഒരു ബ്ലോഗ് ഇത്തരമൊരു മുഹൂര്‍ത്തം പിന്നിടുക എന്നത് തീര്‍ച്ചയായും അഭിമാനാര്‍ഹം തന്നെ എന്നതില്‍ സംശയമില്ല.ഈ നേട്ടത്തിന് ഞങ്ങളെ പ്രാപ്‌തരാക്കിയ നിങ്ങളോരോരുത്തരുടെയും മുന്നില്‍ ഞങ്ങള്‍ സ്നേഹത്തോടെ നമ്രശിരസ്ക്കരാകട്ടെ. അധ്യാപകരുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ നേട്ടത്തിന്റെ കാരണമായി ഞങ്ങള്‍ വിലയിരുത്തുന്നത്...തുടര്‍ന്നും അതു പ്രതീക്ഷിക്കാം. പകരം വേണ്ടത് നിങ്ങളുടെ പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മാത്രം...കേരളത്തിലെ ഗണിത ശാസ്ത്ര പാഠപുസ്തക നിര്‍മ്മിതിയുടെ ചുക്കാന്‍ പിടിക്കുന്ന പ്രൊഫ. ഇ കൃഷ്ണന്‍ സാറിനേയും രാമാനുജം സാറിനേയുമെല്ലാം ഈ അറിവു തേടിയുള്ള യാത്രയില്‍ ഒപ്പം കിട്ടിയതില്‍ ഞങ്ങളേറെ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു. ഞങ്ങളുടെ ലക്ഷ്യം സാര്‍ത്ഥകമായിക്കൊണ്ടി രിക്കുന്നുവെന്ന് ഈ രണ്ട് മഹദ്‍വ്യക്തിത്വങ്ങളെ മുന്‍നിര്‍ത്തി സധൈര്യം പറയാം. കാരണം, താന്‍ കൈകാര്യം ചെയ്യുന്ന പാഠപുസ്തകത്തിന്‍റെ ഗുണദോഷവശങ്ങളെപ്പറ്റി അധ്യാപകര്‍ക്കെന്നല്ല, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിയിക്കേണ്ടവരെ അറിയിക്കാനുള്ള ഈ അസുലഭഭാഗ്യം മാത്‍സ് ബ്ലോഗിന് ലഭിച്ചില്ലേ. ഇതില്‍പ്പരം അഭിമാനാര്‍ഹമായി മറ്റെന്തു വേണം? ഈ അവസരം മുതലെടുക്കേണ്ടത് അധ്യാപകരാണ്. മലയാളം ടൈപ്പിങ് അറിയില്ല എന്ന ഒറ്റക്കാരണം കൊണ്ട് കമന്‍റ് ചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയല്ല, പകരം അത് വാശിയോടെ പഠിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ പരസ്പരം പങ്കുവെക്കുകയാണ് വേണ്ടത്. ഹിറ്റുകള്‍ കൂടുമ്പോള്‍ സന്തോഷത്തോടൊപ്പം നെഞ്ചിടിപ്പുകളും കൂടുന്നു എന്ന് ഞങ്ങള്‍ പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാണ്. നിങ്ങള്‍ ഞങ്ങളിലര്‍പ്പിച്ച ഉത്തരവാദിത്വമേറുകയാണ്. ഈ സന്തോഷവേളയില്‍ ബ്ലോഗ് ടീമിലേക്ക് രണ്ടു പുതിയ അംഗങ്ങളെ കൂടെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ...(ബ്ലോഗ് ടീമിലേക്ക് പുതുതാണെങ്കിലും ബ്ലോഗ് അംഗങ്ങള്‍ക്ക് ഇവര്‍ സുപരിചിതരാണ്...അവര്‍ ആരാണെന്നറിയേണ്ടേ?

ഒന്ന് നമ്മുടെ ബ്ലോഗിലെ സജീവ സാന്നിധ്യമായ ജനാര്‍ദ്ദനന്‍ സാറാണ്. കോഴിക്കോട് ജില്ലയിലെ ഊരള്ളൂര്‍ എം.യു.പി.സ്ക്കൂളിലെ അധ്യാപകനായിരുന്നു അദ്ദേഹം. കവിത, കഥ, ഗണിതം എന്നിങ്ങനെ സര്‍വ്വ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളയാളാണ്.

രണ്ടാമത്തെ ടീം അംഗം പൂത്തോട്ട കെ.പി.എം സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ജോമോന്‍ സാറാണ്. പക്ഷെ സാറിനെ ഈ പേരിലല്ല നമുക്ക് പരിചയം.. ജോംസ് എന്ന പേരില്‍ നമ്മുടെ ബ്ലോഗിലെ കമന്റ് ബോക്‌സില്‍ ഏറെ നാളായി സജീവ സാന്നിദ്ധ്യമാണ് ജോമോന്‍ സാര്‍. മാത്രമല്ല, മാത്‍സ് ബ്ലോഗിന് വേണ്ടി ഒട്ടേറെ പോസ്റ്റുകള്‍ തയ്യാറാക്കിത്തരുന്നതിനും അദ്ദേഹം ഏറെ മുന്‍കൈയ്യെടുത്തിട്ടുണ്ട്.

പലപ്പോഴും ടീം അംഗങ്ങളേക്കാളും കൂടുതല്‍ ബ്ലോഗിന്‍റെ വളര്‍ച്ചയ്ക്കായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ളതാണ് ഞങ്ങളുടെ അനുഭവം. അതുതന്നെയാണ് ജനാര്‍ദ്ദനന്‍ മാഷിനേയും ജോമോന്‍ സാറിനേയും ടീമിലേക്ക് ക്ഷണിക്കാന്‍ കാരണമായത്.
മാത്‍സ് ബ്ലോഗിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലായ ഈ വേളയില്‍ നമ്മുടെ പ്രവര്‍ത്തനം ഒന്നു വിപുലീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ തുടര്‍ന്നുള്ള പോസ്‌റ്റുകളിലൂടെ അറിയിക്കാം...ഏവരും നല്‍കുന്ന പിന്തുണയ്‌ക്കുള്ള നന്ദിയും കടപ്പാടും ഒരിക്കല്‍ കൂടി അറിയിച്ചു കൊള്ളട്ടെ...

Tidak ada komentar:

Posting Komentar