MATHEMATICS

Senin, 31 Mei 2010

നവ അധ്യയനവര്‍ഷാശംസകള്‍


പ്രാര്‍ത്ഥന
അറിവായലിയണേ സകലം ഞങ്ങളില്‍
അറിവേ ജീവനം.
നിറവായ് ഈ പ്രപഞ്ച ഗണിതം
ചരിതം ശാസ്ത്ര സംസ്കാരം

വ്യവഹാരാദിരൂപങ്ങള്‍ മെനയും ഭാഷകള്‍ മൂന്നും
അറിവായലിയണേ സകലം ഞങ്ങളില്‍
അറിവേ ജീവനം....
മറയാതീഭൂമിനിത്യം നിറവായിത്തീരണേ

കറയറ്റുള്ള രാഗം സകലപ്രാണി സംയുക്തം
അറിവായലിയണേ സകലം ഞങ്ങളില്‍
അറിവേ ജീവനം....

അറിവായലിയണേ....

പുത്തനുടുപ്പും പുതിയ സ്വപ്നങ്ങളുമായി സ്ക്കൂളിലേക്ക് പോകുന്ന കുരുന്നുകള്‍ക്കും അവര്‍ക്ക് വഴിവെട്ടമേകാന്‍ തയ്യാറെടുക്കുന്ന അധ്യാപകസുഹൃത്തുക്കള്‍ക്കും നമുക്ക് പരസ്പരം ആശംസകള്‍ നേരാം. അതിനു മുമ്പൊരു ചോദ്യം. എന്താണ് ഈ പ്രാര്‍ത്ഥനയുടെ സാംഗത്യം?

പുസ്തകത്താളിന്നിടയില്‍ മാനം കാണാതെ ഒളിച്ചുവെക്കുന്ന മയില്‍പ്പീലി പെറ്റുപെരുകുമെന്നാണ് കുട്ടിയുടെ വിശ്വാസം. പുതുവര്‍ഷത്തില്‍ പുത്തനുടുപ്പും പുതുപുസ്തകവും ഒക്കെ ഉണ്ടാകുമെങ്കിലും പുതുമയില്‍പ്പീലി ഇല്ല. കഴിഞ്ഞ വര്‍ഷത്തെ അതേ പീലി പുതിയപുസ്തകത്തിന്‍റെ മണത്തോടൊന്നിച്ചു (ഇതൊരു സവിശേഷ മണം തന്നെ) ചേര്‍ക്കാറേ ഉള്ളൂ. ഇക്കൊല്ലം പുതിയൊരു പീലി ജനിക്കും. ഒന്നാം ക്ലാസുമുതല്‍ തുടങ്ങിയതാണീ കൈശോരഭാവന. മയില്‍പ്പീലി ഒരു പ്രതിരൂപമാണ്. പെറ്റുപെരുകുന്നത് അറിവാണ്. അറിവ് തേടുന്നതിലെ ഏകാഗ്രതയാണ് മാനം കാണാതെ പുസ്തകത്താളില്‍ ഒളിച്ചിരിക്കല്‍. ഉള്ളിലെ അറിവിന്‍റെ ആകാശത്തിലാണ് കണ്ണ്. സഹസ്രവര്‍ണ്ണങ്ങള്‍ വികസിക്കുന്ന മയില്‍പ്പീലിക്കണ്ണ്. അറിവാണ് ആനന്ദം. ഈ ആനന്ദമാണല്ലോ പെറ്റുപെരുകേണ്ടതും... പെരുകുന്നതും. ഏവര്‍ക്കും ആനന്ദമുണ്ടാകട്ടെ. ഒരിക്കല്‍ക്കൂടി പുതിയ അധ്യയനവര്‍ഷത്തില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സര്‍വമംഗളങ്ങളും ആശംസിക്കുന്നു.

Tidak ada komentar:

Posting Komentar