MATHEMATICS

Jumat, 07 Mei 2010

ഈ ലംബകത്തിന്‍റെ കൂടിയ വിസ്തീര്‍ണമെന്ത്?

കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം ഗണിത പ്രശ്നങ്ങളെ‍ ബ്ലോഗിലേക്ക് തിരിച്ചു കൊണ്ടു വരികയാണ്. ഒട്ടേറെ പേര്‍ ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിച്ചിരിക്കുന്നു എന്ന കമന്റ് തന്നെ ഇത്തരം പോസ്റ്റുകള്‍ക്ക് ജന്മം നല്‍കും. വായനക്കാരുടെ ഭാഗത്തു നിന്നും, നിങ്ങളാഗ്രഹിക്കുന്ന വിധത്തിലുള്ള ചില ലേഖനങ്ങള്‍ കൂടി തയ്യാറാക്കിത്തരികയാണെങ്കില്‍ ഈ ബ്ലോഗില്‍ സന്തോഷത്തോടെ അത് പ്രസിദ്ധീകരിക്കാവുന്നതേയുള്ളു. ഇന്നൊരു ജ്യാമിതീയ പ്രശ്നമാണ് ചര്‍ച്ചയ്ക്ക് നല്‍കുന്നത്. പ്രശ്നനിര്‍ദ്ധാരണം ചെയ്യുമ്പോഴുള്ള ബൗദ്ധീകവ്യായാമങ്ങള്‍ യുക്തിചിന്തയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണമാകുന്നു. അതുകൊണ്ടുതന്നെയാണ് ഗണിതശാസ്ത്രത്തിന്റെ ചരിത്രം മനുഷ്യബുദ്ധിയുടെ വികാസ പരിണാമങ്ങളുടെ ചരിത്രമാകുന്നത്. മഹാഗണിതജ്ഞനായ ലിയനാര്‍ഡ് അയ്‍ലര്‍ ( Leonard Euler) നിര്‍ദ്ധാരണം ചെയ്ത കോണിസ്ബര്‍ഗ്ഗ് പസ്സില്‍ ഉദാഹരണം. പസ്സിലുകള്‍ പഠനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. പാഠ്യദ്ദേശ്യങ്ങള്‍ പഠിതാവില്‍ പൂര്‍ത്തീകരിക്കുന്നതിനായി അധ്യാപകന്‍ ബോധപൂര്‍വ്വം പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുന്വോള്‍ പഠിതാവില്‍ സ്വതന്ത്രചിന്തയുണത്താന്‍ പസ്സിലുകള്‍ ഉത്തമമാണ്. പസ്സിലുകളില്‍ വിരിയുന്ന ഗണിതപഠനം ഒരു പുതിയ ആശയമൊന്നുമല്ലെങ്കിലും അതിന്റെ പ്രസക്തി മറ്റേതുകാലത്തേക്കാളും ഇന്ന് കൂടുതലാണ്. കാരണം ഇന്ന് ഗണിതപഠനം തനിയാവര്‍ത്തനമല്ല, അന്വേഷണമാണ്, കുട്ടി ശ്രോതാവല്ല, ഗവേഷകനാണ്.

വ്യത്യസ്ത നീളമുള്ള മൂന്നു കമ്പുകള്‍ (നീളങ്ങള്‍ p,q,r എന്നെടുക്കാം.p ചെറുതാണ് q ചെറുതാണ് r).ഇതില്‍ രണ്ടെണ്ണം പരസ്പരം സമാന്തരമായും ഒന്ന് അവയ്ക്കിടയില്‍ ഒരറ്റത്ത് ലംബമായും വച്ചിരിക്കുന്നു.സമാന്തരമായി വച്ചിരിക്കുന്ന കമ്പുകളുടെ മറ്റെരണ്ടറ്റങ്ങള്‍ ചേര്‍ത്തുവരച്ചാല്‍ അതൊരുലംബകമാകും. ലംബകത്തിന് ഏറ്റവും കൂടിയ വിസ്തീര്‍ണ്ണം കിട്ടാന്‍ കമ്പുകള്‍ എപ്രകാരം ക്രമീകരിക്കണം.

പസ്സില്‍ നിര്‍ദ്ധാരണം ചെയ്യുന്നതിനൊപ്പം സമാനമായ പ്രശ്നങ്ങള്‍ പങ്കുവെയ്ക്കമല്ലോ. ഉത്തരത്തിലെത്തുന്നതിനുള്ള ഗണിതയുക്തികൂടി നല്കിയാലേ പൂര്‍ണ്ണമാകുകയുള്ളൂ. അടുത്തദിവസം ഉത്തരം ആവശ്യമെങ്കില്‍ നല്‍കാം. കമന്റുകളായിതന്നെ ഉത്തരം കിട്ടിയാല്‍ നന്ന്. പ്രശ്ന നിര്‍ദ്ധാരണത്തിന് ശേഷം ആധാരമാക്കിയുള്ള സമാനപ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനും അവ നിര്‍ദ്ധാരണം ചെയ്യുന്നതിനും വായനക്കാരെ മുന്‍കൂട്ടി സ്വാഗതം ചെയ്യുന്നു. വഴിതെറ്റാത്ത കമന്റുകള്‍ നമ്മുടെ ഗണിതസ്നേഹികളില്‍ നിന്ന് ലഭിക്കുന്നതോടെ ഈ പോസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാര്‍ത്ഥമാകും. ഏവരുടെയും ശ്രദ്ധ സാദരം ഇവിടേയ്ക്ക് ക്ഷണിക്കുന്നു.

Tidak ada komentar:

Posting Komentar