MATHEMATICS

Minggu, 02 Mei 2010

SSLC സേ പരീക്ഷ, പുനര്‍മൂല്യനിര്‍ണയം എങ്ങനെ?

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ ബ്ലോഗിലെ കിലുക്കാംപെട്ടി കുഴല്‍മന്ദം CAHSS ലെ എം. വിസ്മയയ്ക്കും(അമ്മു - 296869)ചുറുചുറുക്കിന്റെ പ്രതീകമായ പാലക്കാട് ചളവറ എച്ച്.എസിലെ എസ്.ധനുഷിനും (292141) അഭിനന്ദനങ്ങള്‍. രണ്ടാളും നമ്മുടെ ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകരായിരുന്നുവല്ലോ. കൂടാതെ മാത്​സ് ബ്ലോഗ് ടീമംഗമായ കോലഞ്ചേരിയിലെ എം.എ രവി സാറിന്റെ മകളും പൂത്തൃക്ക ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളിലെ എം അലീനയ്ക്കും (365311) എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്. അലീനയ്ക്കും മാത്‍സ് ബ്ലോഗിന്റെ പേരില്‍ അഭിനന്ദനങ്ങള്‍. അതോടൊപ്പം തന്നെ 2010 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച എല്ലാ കുട്ടികള്‍ക്കും മാത്​സ് ബ്ലോഗിന്റെ പേരില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തട്ടെ

ഇനി നമുക്ക് എസ്.എസ്.എല്‍.സി സേ പരീക്ഷയെക്കുറിച്ചും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി എടുക്കുന്നതിനും സ്ക്രൂട്ടനിങ്, പുനര്‍മൂല്യനിര്‍ണയം എന്നിവയെക്കുറിച്ചുമെല്ലാം വിശദീകരിക്കാം. ഇവയ്കോരോന്നിനുമുള്ള അപേക്ഷാഫോമുകളും താഴെ നല്‍കിയിരിക്കുന്നു. ഒപ്പം തീയതിയടക്കമുള്ള പ്ലസ് വണ്‍ പ്രവേശന വിവരങ്ങളെപ്പറ്റിയും ഈ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നു. എസ്.എസ്.എല്‍.സി പരീക്ഷാ വ്യക്തിഗതം, സ്ക്കൂള്‍, വിദ്യാഭ്യാസജില്ല തുടങ്ങിയവ തരംതിരിച്ചെടുക്കുന്നതിനുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകളും താഴെ നല്‍കിയിട്ടുണ്ട്.

ഗ്രേഡ് തിരിച്ചുള്ള ഫലങ്ങള്‍


  • എ പ്ലസ് - 5,182
  • എ ഗ്രേഡ് - 17,515
  • ബി പ്ലസ് - 41,011
  • ബി ഗ്രേഡ് - 79,898
  • സി പ്ലസ് - 1,44,674
  • സി ഗ്രേഡ് - 2,56,981

  • എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ്, 315 പേര്‍. റവന്യൂ ജില്ലാ തലത്തില്‍ തൃശൂരാണ് മുന്നില്‍, 656 പേരാണ് ഇവിടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.

    സ്ക്കൂള്‍- വിദ്യാഭ്യാസ ജില്ല തരംതിരിച്ചുള്ള റിസല്‍ട്ട് അറിയുന്നതിനും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനും മനോരമ ഓണ്‍ലൈനിന്റെ ഈ ലിങ്ക് ഉപയോഗിക്കാം

    ഐ.ടി അറ്റ് സ്ക്കൂളിന്റെ റിസല്‍ട്ട് പോര്‍ട്ടല്‍ ഇവിടെ Result Portal

    സ്ക്കൂള്‍ വൈസ് റിസല്‍ട്ടിന് വേണ്ടി keralaresults.nic.in

    സേ പരീക്ഷ ഈ മാസം 19 ന് നടക്കും. ഇതിനെക്കുറിച്ചുള്ള സര്‍ക്കുലര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഇതിനോടനുബന്ധിച്ച് പരീക്ഷാ ഭവന്‍ പുറത്തിറക്കിയ വിജ്ഞാപനം ഇവിടെ നിന്നും കോപ്പി ചെയ്തെടുക്കാം.

    SAY - 2010: Application form for download


    ഫോട്ടോ കോപ്പി

    ഒരു കുട്ടിക്ക് ലഭിച്ച ഗ്രേഡുകളില്‍ തൃപ്തിയില്ലെങ്കില്‍ ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി എടുക്കാം. ഫീസ് 200 രൂപ. ഇതോടൊപ്പം നല്‍കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം പരീക്ഷാഭവനില്‍ എത്തിക്കേണ്ടതാണ്. ക്യാമ്പുകളില്‍ മാര്‍ക്കുകള്‍ കൂട്ടി എഴുതുമ്പോള്‍ എന്തെങ്കിലും വ്യത്യാസം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിലേക്കുള്ള ഉദ്ദേശത്തിനാണിത്. മൂല്യനിര്‍ണ്ണയം ചെയ്തിട്ടുള്ള ഉത്തരങ്ങളൊന്നും തന്നെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തുന്നതല്ല. ഫോട്ടോകോപ്പി ലഭിച്ച ശേഷം പുനര്‍മൂല്യനിര്‍ണ്ണയം അനുവദനീയവുമല്ല. ഒരു പ്രാവശ്യം അടയ്ക്കുന്ന തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

    ഫോട്ടോകോപ്പി എടുക്കുന്നതിനുള്ള അപേക്ഷാ ഫോം

    പുനഃപരിശോധന (Scrutiny)

    പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തിയതി മുതല്‍ 15 നകം നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമില്‍ പുനഃപരിശോധനയ്ക്കായി അപേക്ഷിക്കാം. താമസിച്ചു കിട്ടുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. സ്ക്രൂട്ടനിക്ക് പേപ്പറൊന്നിന് 50 രൂപ ക്രമത്തിലാണ് ഫീസ്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകള്‍ക്ക് സ്ക്രൂട്ടിനി ആവശ്യമില്ല. അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരിച്ചു നല്‍കുന്നതല്ല.

    സ്ക്രൂട്ടിനിക്കുള്ള അപേക്ഷാ ഫോം

    പുനര്‍മൂല്യനിര്‍ണ്ണയം

    ഉത്തരക്കടലാസുകള്‍ രണ്ടാമത് മൂല്യനിര്‍ണയം നടത്തുന്നതിന് നിശ്ചിത ഫോമില്‍ അപേക്ഷിക്കണം. ഫീസ് 400 രൂപയാണ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം തന്നെ അപേക്ഷിച്ചിരിക്കണം. ഇപ്രകാരം അപേക്ഷകള്‍ അയക്കുന്നവര്‍ അതേ പേപ്പറിന് സ്ക്രൂട്ടനിക്കു വേണ്ടി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നമ്പര്‍ 157/08/G.Edn dated 8-9-2008 പ്രകാരം പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് മാത്രമേ പുനര്‍മൂല്യനിര്‍ണ്ണയത്തിന് അടച്ച ഫീസ് തിരികെ നല്‍കുകയുള്ളു.

    പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷാ ഫോം

    NB:- ഫോട്ടോകോപ്പി, സ്ക്രൂട്ടിനി, പുനര്‍മൂല്യനിര്‍ണയം എന്നിവയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് " സെക്രട്ടറി റ്റു ദി കമ്മീഷണര്‍ ഫോര്‍ ഗവ. എക്സാമിനേഷന്‍സ്, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 " എന്ന വിലാസത്തില്‍ തിരുവനന്തപുരത്ത് മാറാവുന്ന രീതിയില്‍ ഏതെങ്കിലും ദേശസാല്‍കൃതബാങ്കിന്റെ ഡിമാന്റ് ഡ്രാഫ്റ്റായി വേണം അടയ്ക്കേണ്ടത്. ഇതിലേക്ക് മണി ഓര്‍ഡര്‍, ക്യാഷ്, ചെക്ക്, ചലാന്‍ എന്നിവ സ്വീകരിക്കുന്നതല്ല.

    പ്ലസ് വണ്‍ പ്രവേശനം

    മെയ് 05 ബുധനാഴ്ച മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ ഫോം വിതരണം ചെയ്യും. അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി മേയ് 20 ആണ്. ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 1ന്. ജൂണ്‍ 9 ന് ആദ്യ അലോട്ട്മെന്റ് ആരംഭിക്കും. ജൂണ്‍ 27 ന് അലോട്ട് മെന്റ് പൂര്‍ത്തിയാക്കും. ജൂണ്‍ 30നാകും പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുക

    Tidak ada komentar:

    Posting Komentar