MATHEMATICS

Minggu, 18 Maret 2012

SSLC മൂല്യനിര്‍ണയവും അതിന്റെ സറണ്ടറും

എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയവും അതിന്റെ സറണ്ടറും സംബന്ധിച്ച ഒരു പ്രശ്നമാണ് നാം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ചില അധ്യാപകര്‍ ചോദിച്ച സംശയം വായനക്കാരുമായി പങ്കുവെക്കട്ടെ.
    ഇക്കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി വാല്വേഷനു പോയവര്‍ക്ക് 14 ദിവസം ഡ്യൂട്ടി ചെയ്തതായി കാണിച്ചാണല്ലോ ക്യാമ്പുകളില്‍ നിന്ന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. അറിഞ്ഞിടത്തോളം എല്ലാ ഓഫീസുകളിലും അത് പരിഗണിച്ച് അത്രയും ദിവസം ജോലി ചെയ്തതായി പരിഗണിച്ച് സറണ്ടര്‍ ബില്‍ മാറിയെടുക്കുകയും ചെയ്തു. എന്നാല്‍ ഒരിടത്തു മാത്രം ഇതു പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. 14 ദിവസം ഡ്യൂട്ടി ചെയ്തു എന്നു ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിലുണ്ടെങ്കിലും അതില്‍ രണ്ട് ഞായറാഴ്ചകളും ഒരു ശനിയാഴ്ചയും ഉണ്ടെന്നാണ് ഇത് പരിഗണിക്കുന്ന ഉദ്യോഗസ്ഥ/ന്‍ പറയുന്നത്. 11 ദിവസത്തേക്ക് ബില്ല് എഴുതിക്കൊണ്ടു വന്നാല്‍ ബില്ല് അംഗീകരിക്കാമെന്ന് വാക്കാല്‍ പറഞ്ഞ് സറണ്ടര്‍ ബില്ലുകളെല്ലാം അകാരണമായി മടക്കിയിരിക്കുകയാണ്. പരിഗണിക്കണമെങ്കില്‍ അതിന്റെ ഓര്‍ഡറുമായി വരണമെന്നാണ് ബില്ലുമായി വരുന്നവരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ എയ്ഡഡ് സ്ക്കൂളുകള്‍ക്കു മാത്രമാണ് ഈ പ്രശ്നം. ഇവിടത്തെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ 14 ദിവസം ഡ്യൂട്ടി ചെയ്തതായി കാണിച്ചു കൊണ്ട് ഒരു പ്രശ്നവുമില്ലാതെ സറണ്ടര്‍ ചെയ്തത്രേ. ഒരു പ്രദേശത്ത് തന്നെ രണ്ടു തരം നീതി നടപ്പാക്കപ്പെടുമ്പോള്‍ ഇതിന്റെ നിയമവശത്തേക്കുറിച്ച് അറിയണമെന്നാണ് എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിനു പോയ ചില അധ്യാപകര്‍ ആവശ്യപ്പെടുന്നത്. ഇവര്‍ ആവശ്യപ്പെടുന്നതു പോലെ ഇത്തരമൊരു ഓര്‍ഡറിന്റെ ആവശ്യമുണ്ടോ? കെ.എസ്.ആര്‍ തന്നെയല്ലേ അതിന് ആധാരം? വര്‍ഷങ്ങളായി പരീക്ഷാ ഡ്യൂട്ടിക്കു പോകുന്നവരും അത് സറണ്ടര്‍ ചെയ്യുന്നവരുമായ അധ്യാപകര്‍ നമ്മുടെ ഇടയിലുണ്ടല്ലോ. ചുവടെ കൊടുത്തിട്ടുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കാമോ?

    1.സറണ്ടര്‍ ചെയ്യുമ്പോള്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിലെ ഡ്യൂട്ടി ദിവസങ്ങള്‍ തന്നെയല്ലേ പരിഗണിക്കേണ്ടത്? അതില്‍ നിന്ന് ഡ്യൂട്ടി ദിവസങ്ങള്‍ മറ്റാര്‍ക്കെങ്കിലും ഒഴിവാക്കാനാകുമോ?
    2.മൂല്യനിര്‍ണയജോലിക്ക് ചെല്ലുമ്പോള്‍ ഒരു സെഷനിലെ ആദ്യ ദിവസം ഒരു ടി.എയും അവസാന ദിവസം ഒരു ടി.എയും ലഭിക്കുന്നതിന്റെ അര്‍ത്ഥം അവിടെ താമസിച്ചു കൊണ്ട് ഡ്യൂട്ടി ചെയ്യുന്നു എന്നല്ലേ? തങ്ങുന്ന ദിവസങ്ങള്‍ക്ക് ഹാള്‍ട്ട് ഡി.എ ലഭിക്കുന്നതിനു കാരണവും അതല്ലേ?
    3.ഡ്യൂട്ടിയുടെ ഭാഗമമായി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും 8 കിലോമീറ്ററിനപ്പുറത്തേക്ക് പോകേണ്ടി വരികയും ഡ്യൂട്ടിയുടെ ഭാഗമായി അവിടെ തങ്ങേണ്ടി വരികയും ചെയ്താല്‍ ഇടയ്ക്കു വരുന്ന അവധി ദിവസങ്ങള്‍ വര്‍ക്കിങ്ങ് ഡേ ആയി പരിഗണിക്കണമെന്ന് കെ.എസ്.ആര്‍ രണ്ടാം ഭാഗമായ 'ഡ്യൂട്ടീസി'ല്‍ പറയുന്നില്ലേ? അതു കൊണ്ട് തന്നെ ഞങ്ങള്‍ക്ക് 14 ദിവസം ഡ്യൂട്ടി ചെയ്തു എന്നുള്ള പൊതുനിയമം ഇവിടെയും ബാധകമല്ലേ?
    4. മൂല്യനിര്‍ണയ ക്യാമ്പിനെ ഇടക്ക് രണ്ടു സെഷനാക്കി തിരിക്കുന്നതിനു കാരണവും ഇതല്ലേ?
    5. 2010ല്‍ വടക്കന്‍ ജില്ലയിലൊരിടത്ത് സമാനമായൊരു പ്രശ്നമുയര്‍ന്നപ്പോള്‍ ഒരു മുതിര്‍ന്ന സംഘടനാ നേതാവ് ഡയറക്ടര്‍ക്കു നിവേദനം നല്‍കുകയും ഡയറക്ടറുടെ ഉത്തരവിന്‍ പ്രകാരം അത് പരിഹരിക്കപ്പെടുകയും ചെയ്തു എന്ന് കേട്ടിട്ടുണ്ട്. ഇത് വാസ്തവമാണോ?

    അജ്ഞതമൂലം നമ്മുടെ ഒരു അവകാശവും ഹനിക്കപ്പെടരുതെന്ന് നാമെല്ലാവരും ആഗ്രഹിക്കാറുണ്ട്. അര്‍ഹതയില്ലാത്തതാണെങ്കില്‍ പോലും നമുക്ക് അതിന്റെ കാരണമറിയാന്‍ അവകാശമുണ്ട്. എന്നാല്‍ കാരണം പറഞ്ഞു തരേണ്ടവര്‍ തന്നെ മറുചോദ്യം ചോദിക്കുകയാണെങ്കിലോ? നമുക്ക് പരസ്പരം അന്വേഷണം നടത്താമല്ലോ. ബ്ലോഗ് ഉള്ളതിനാല്‍ ഇത്തരം സംശയങ്ങള്‍ ദുരീകരിക്കല്‍ വളരെ എളുപ്പമാണ്. ഈ സംശയങ്ങള്‍ തീര്‍ത്തു തരാന്‍ സഹായിക്കണേ.

Tidak ada komentar:

Posting Komentar