MATHEMATICS

Senin, 25 Januari 2010

റിപ്പബ്ളിക് ദിന ചിന്തകള്‍

രാജ്യം അറുപത്തൊന്നാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുകയാണ്. പക്ഷെ ഇവിടെയും ചില ചിന്തകള്‍ക്ക് നാം വിധേയരാകേണ്ടിയിരിക്കുന്നു. കാരണം, കാലങ്ങളോളം നമ്മുടെ രാജ്യം അനുഭവിച്ച പാരതന്ത്ര്യം 1947 ആഗസ്റ്റ് 15- ലെ പ്രഭാതത്തോടെ നാടുവിട്ടു പോയതേയില്ലയെന്ന് നമുക്കറിയാം. ഗവര്‍ണര്‍ ജനറലും ബ്രിട്ടീഷ് നിയമങ്ങളും അടക്കം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പല സമ്പ്രദായങ്ങളും പിന്നീടേക്കും നമുക്ക് പിന്തുടരേണ്ടി വന്നു. ഇപ്പോഴും പിന്തുടരുന്നുമുണ്ട്. അതുകൊണ്ടു തന്നെ കോടതികളിലെ രീതികളും പോലീസ് നിയമങ്ങളുമെല്ലാം പരിഷ്ക്കരണത്തിന് വെമ്പി നിശബ്ദരായി വിലപിക്കുന്നുണ്ടാകണം. സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ ശൈശവദശയില്‍ ബ്രിട്ടണിലെ രാജകീയ ഭരണസമ്പ്രദായത്തിന്റെ കാര്‍ബണ്‍ കോപ്പി പോലെ സി.രാജഗോപാലാചാരിയെ ഗവര്‍ണര്‍ ജനറലായി അവരോധിച്ചു കൊണ്ട് ഭരണം മുന്നോട്ട് നീങ്ങി. ഇതിനെല്ലാം ഒരറുതി വരുത്താനായി, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനകീയ ഭരണ സമ്പ്രദായം അച്ചടി മഷി പുരണ്ടൊരു നിയതമായ ചട്ടക്കൂടിലൊരുങ്ങിയെത്താന്‍ രണ്ടു വര്‍ഷത്തിലേറെ കാലമെടുത്തു. പക്ഷെ ഒരു സംശയലേശമില്ലാതെ പറയാം, ഏറെ കഷ്ടപ്പെട്ടിട്ടു തന്നെയാണ് എഴുതിയുണ്ടാക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ബൃഹത്തായ ഭരണഘടന നമ്മുടെ രാജ്യത്തിന് ലഭിച്ചത്. ഭാരതത്തില്‍ നടമാടിയിരുന്ന പല അനാചാരങ്ങളെയും തുടച്ചു നീക്കുകയെന്ന ദീര്‍ഘവീക്ഷണത്തോടെ ഡോ. ബി. ആര്‍ അംബേദ്കര്‍ തന്റെ ജീവിതാനുഭവങ്ങളെയും സാഹചര്യങ്ങളെയും മുന്നില്‍ക്കണ്ടു കൊണ്ടുതന്നെയാണ് സമത്വം വിഭാവനം ചെയ്യുന്ന ഒരു നിയമ സംഹിതയ്ക്ക് ജന്മം നല്‍കാന്‍ പരിശ്രമിച്ചത്. അഞ്ച് വ്യാഴവട്ടക്കാലം കൊണ്ട് ഭരണഘടനാ ശില്പി സ്വപ്നം കണ്ടതിനും മേലെ സ്വാതന്ത്ര്യം നമുക്ക് ആസ്വദിക്കാനായെന്നതില്‍ തര്‍ക്കത്തിനും ഇടയുണ്ടാകില്ല. നാമിന്നാഘോഷിക്കുന്ന സ്വാതന്ത്ര്യമധുരം നുകരാന്‍ ജീവന്‍ ബലി നല്‍കിയ, ജീവിതം ബലി നല്‍കിയ എല്ലാ ധീര ദേശാഭിമാനികളെയും നമുക്ക് അനുസ്മരിക്കാം. ഭാരതത്തിന്റെ 61-ം റിപ്പബ്ളിക് ദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍ നേരുന്നു. ഒപ്പം ഭരണഘടനയെപ്പറ്റി ചില അറിവുകളും

  • 1946 ല്‍ ഇന്‍ഡ്യ സന്ദര്‍ശിച്ച ക്യാബിനറ്റ് മിഷന്റെ നിര്‍​ദ്ദേശപ്രകാരമാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്.
  • ഇന്‍ഡ്യന്‍ ഭരണഘടന നിയമ നിര്‍മ്മാണ സഭയുടെ ആദ്യ സമ്മേളനം 1946 ഡിസംബര്‍ 9 ന് ഡോ.സച്ചിദാനന്ദ സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
  • 1946 ഡിസംബര്‍ 11 ന് ഡോ. രാജേന്ദ്രപ്രസാദിനെ നിയമനിര്‍മ്മാണ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തു.
  • എന്നാല്‍ ഭരണഘടനാ കരട് നിര്‍മ്മാണ സമിതിയുടെ അധ്യക്ഷനായിരുന്നു ഡോ.ബി.ആര്‍.അംബേദ്കര്‍
  • ഇന്‍ഡ്യന്‍ ഭരണഘടന പരമാധികാരം ജനങ്ങളിലാണെന്ന് ഊന്നിപ്പറയുന്നു.
  • ക്യാബിനറ്റ് ഭരണസമ്പ്രദായമാണ് ഇന്‍ഡ്യന്‍ ഭരണഘടനയുടെ മറ്റൊരു സവിശേഷത.
  • രാഷ്ട്രത്തലവന്‍ പ്രസിഡന്റാണെങ്കിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയ്ക്കാണ് യഥാര്‍ത്ഥ അധികാരം
  • അമേരിക്കന്‍ ഐക്യനാടുകളിലെ ഫെഡറല്‍ സമ്പ്രദായത്തോട് ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് കടപ്പാടുണ്ട്.
  • വിവിധ രാജ്യങ്ങളിലെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ കൂട്ടിചേര്‍ത്ത് പരിഷ്ക്കരിച്ചാണ് നമ്മുടെ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്.
  • ഇന്‍ഡ്യയില്‍ നില നില്‍ക്കുന്ന പാര്‍ലമെന്ററി വ്യവസ്ഥയ്ക്കും ഏകപൗരത്വത്തിനും ബ്രിട്ടനോടാണ് ഇന്‍ഡ്യക്ക് കടപ്പാട്
  • രാഷ്ട്രപതി തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അദ്ദേഹത്തിന്റെ അധികാരം എന്നിവയ്ക്ക് അയര്‍ലണ്ടിനോടാണ് നാം കടപ്പെട്ടിരിക്കുന്നത്.
  • ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആമുഖത്തിന് അമേരിക്കയോട് കടപ്പെട്ടിരിക്കുന്നു
  • ഇംപീച്ച് മെന്റ് സമ്പ്രദായം, പൗരന്റെ മൗലികാവകാശങ്ങള്‍ എന്നിവയ്ക്കും കടപ്പാട് അമേരിക്കയോടാണ്.
  • കേന്ദ്രഗവണ്‍മെന്റിന്റെ റസിഡ്യൂവറി പവറിന് കാനഡയുടെ ഭരണഘടന പഠനത്തിന് വിധേയമാക്കിയിരുന്നു
  • മൗലിക ചുമതലയക്ക് കടപ്പാട് പഴയ സോവിയറ്റ് യൂണിയനോടാണ്
  • കണ്‍കറന്റ് ലിസ്റ്റ് ആസ്ട്രിയന്‍ നിയമസംഹിതയില്‍ നിന്നെടുത്തിരിക്കുന്നു
  • എന്നാലും ഇന്‍ഡ്യന്‍ ഭണഘടനയെ രൂപപ്പെടുത്തുന്നതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് 1935 ലെ ബ്രിട്ടീഷ് ഇന്‍ഡ്യയിലെ ഭരണഘടനാ നിയമമാണ്
  • ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് ആമുഖം.
  • ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങള്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ ആദ്യസമ്മേളനത്തില്‍ അവതരിപ്പിച്ചത് നെഹ്റുവാണ്
  • ആമുഖം ഇന്‍ഡ്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുന്നു.
  • ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് 1976 ലെ 42-ം ഭരണഘടനാ ഭേദഗതിയിലൂടെയാണ്
  • ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആമുഖത്തെ, ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയുടെ താക്കോല്‍ എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്
  • ആമുഖം ഒരിക്കലേ ഭേദഗതി വരുത്തിയിട്ടുള്ളു.
മേല്‍ സൂചിപ്പിച്ച പോയിന്റുകളില്‍ വ്യത്യസ്ത അഭിപ്രായമുള്ളവര്‍ അത് കമന്റ് ബോക്സിലൂടെ സൂചിപ്പിക്കുമല്ലോ. കൂട്ടിച്ചേര്‍ക്കലുകളും ഇടപെടലുകളും പ്രതീക്ഷിക്കുന്നു.

ഒരിക്കല്‍ക്കൂടി എ​ല്ലാ മാന്യവായനക്കാര്‍ക്കും ബ്ലോഗ് ടീമിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു

Tidak ada komentar:

Posting Komentar