
പാലക്കാട്ടെ എസ്.വി. രാമനുണ്ണിമാഷ് അയച്ചുതന്ന നിലവിലുള്ള പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ള ചിന്തോദ്വീപകമായ ഒരു ലേഖനം ഇന്നത്തെ സംവാദത്തിനായി തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് 'ദേശാഭിമാനി' പത്രത്തില്‍ ഫ്രണ്ട് പേജില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. എങ്കില്‍ പിന്നെ രാമനുണ്ണിമാഷിന്റെ ലേഖനം അടുത്തയാഴ്ചയാകട്ടെയെന്നു കരുതി. ഇന്നലത്തെ പത്രം ഇതുവരെ കാണാത്തവര്‍ക്കായി ആ വാര്‍ത്ത ഇങ്ങനെ സംഗ്രഹിക്കാം.
സഊദി അറേബ്യയിലെ കോടതി ഒരു എട്ടാം ക്ലാസ്സുകാരിയെ 90 ചമ്മട്ടിയടിയ്ക്കും, രണ്ടു മാസത്തെ കഠിന തടവിനും ശിക്ഷിച്ചിരിക്കുന്നു. ഇതില്‍ ചമ്മട്ടിപ്രയോഗം സ്കൂളില്‍ എല്ലാവരും കാണ്‍കെത്തന്നെ വേണമെന്നും, അത് മറ്റുള്ളവര്‍ക്ക് പാഠമാകണമെന്നും പ്രിന്‍സിപ്പലിന്റെ പ്രത്യേക അപേക്ഷ അനുവദിച്ചുകൊണ്ട് കോടതിയുടെ ഉത്തരവ്! ഇത്രയും വലിയ ശിക്ഷ ലഭിക്കാനായി (പത്രവാര്‍ത്ത സത്യമാണെങ്കില്‍!)ആ 'കൊടും കുറ്റവാളി' ചെയ്ത കുറ്റമെന്തെന്നല്ലേ..?
ജുബൈലിലെ സ്കൂളില്‍ കഴിഞ്ഞവര്‍ഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്യാമറയുള്ള മൊബീല്‍ ഫോണ്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്നതിന് ഇവിടെ നിരോധനമുണ്ട്.( ഇന്റര്‍നെറ്റ്, സിഡികള്‍, മൊബീല്‍ ഫോണുകള്‍ മുതലായ ആധുനിക വിവര സാങ്കേതിക മാധ്യമങ്ങളെ, നമ്മുടെ സ്കൂളുകളിലും മിക്ക അധ്യാപകരും മോശമായ പട്ടികയിലല്ലേ പെടുത്താറ്?). നമ്മുടെ കഥാനായിക ഈ നിരോധനം ലംഘിച്ച് ക്ലാസ്സില്‍ അത്തരമൊരു മൊബീല്‍ കൊണ്ടുവന്നത് കയ്യോടെ പിടികൂടപ്പെട്ടു. അത്രതന്നെ! പിടിവലിക്കിടയില്‍ ഈ പതിമൂന്നുകാരിയുടെ നഖസ്പര്‍ശമേറ്റതാകണം പ്രിന്‍സിപ്പലിന് അവള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായി കോടതിയെ അറിയിക്കാന്‍ പ്രേരണയായത്. സ്കൂള്‍ നിയമാവലിയില്‍ നേരത്തേതന്നെ എഴുതിച്ചേര്‍ക്കപ്പെട്ടതാണ് ഈ നിയമമെങ്കില്‍, പ്രിന്‍സിപ്പലും കോടതിയും ചെയ്തത് തെറ്റല്ലെന്ന് പറയുന്നവരും കാണുമെന്ന് കഴിഞ്ഞ സംവാദങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും തികഞ്ഞ ബോധ്യമുണ്ട്. അമ്മയെ തല്ലിയാലും കാണും രണ്ടഭിപ്രായം, അല്ലേ...?
Tidak ada komentar:
Posting Komentar