"കുട്ടികളെ സംബന്ധിച്ച് അധ്യാപകര്‍ നടത്തുന്ന ഗീര്‍വ്വാണപ്രസംഗങ്ങള്‍ കേട്ട് സ്വയം മോശക്കാരെന്നു ധരിച്ച് , മിണ്ടാതെ ഒരു ചായയും കുടിച്ച് കുറ്റബോധത്തോടെ മടങ്ങിപ്പോകാനുള്ളതാണോ പി.ടി.ഏ.ജനറല്‍ബോഡികള്‍? അതോ, രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ പഠനത്തില്‍ സഹായിക്കാന്‍ ചെറിയതോതിലെങ്കിലും കെല്‍പ്പ് കൈവരണമോ, ഇത്തരം യോഗങ്ങളിലൂടെ?" ചോദിക്കുന്നത് നമ്മുടെ രാമനുണ്ണിമാഷ് . വെറുതേ ചോദിക്കുകമാത്രമല്ല അദ്ദേഹം. സ്വന്തം സ്കൂളിലെ അനുഭവത്തിലൂടെ, എങ്ങിനെ ഇത്തരം യോഗങ്ങളുടെ അര്‍ഥശൂന്യതയും മുരടിപ്പും മാറ്റി കാര്യക്ഷമമാക്കാമെന്നു കൂടി പറയുന്നുണ്ടദ്ദേഹം. ലേഖനം മുഴുവന്‍ വായിച്ചശേഷം നിങ്ങളുടെ പ്രതികരണങ്ങളും പുത്തന്‍ ആശയങ്ങളും കമന്റുചെയ്യണം.
2009 നവംബറില്‍ ഞങ്ങളുടെ സ്കൂളില്‍ പി.ടി.എ.ജനറല്‍ബോഡി ചേര്‍ന്നു. സ്വാഗതവും അധ്യക്ഷപ്രസംഗവും 'റിപ്പോര്‍ട്ടും കണക്കും ചര്‍ച്ചയും' 'റിപ്പോര്‍ട്ടും കണക്കും പാസാക്കലും' ഒക്കെ കഴിഞ്ഞു. തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളേയും അധ്യാപകരേയും ചെറുഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിലും 4-5 അധ്യാപകരും 40-45 രക്ഷിതാക്കളും. ഓരോഗ്രൂപ്പും വിവിധ ക്ലാസുമുറികളില്‍ കയറി ഇരുന്നു. ഇരിക്കാനുള്ള ഒരല്‍പ്പം തിരക്കുകണ്ട് ഒരധ്യാപിക രക്ഷിതാക്കളോട് തട്ടിക്കയറി.
"ഇത്ര മുതിര്‍ന്ന ആളുകള്‍ ഇങ്ങനെയാണോ പെരുമാറുന്നത്? ഒരു മര്യാദയില്ലാതെ... എന്താ ഇതൊരു സ്കൂളല്ലേ? (ഒരാളെ ചൂണ്ടി) എന്താ നോക്കിപേടിപ്പിക്കയാണോ? മര്യാദക്കിരിക്കില്ലെങ്കില്‍ എണീറ്റ് പോകണം". ഒരു രണ്ടു മിനുട്ട് രക്ഷിതാക്കളോട് ഭയങ്കരമായി തട്ടിക്കയറി അവര്‍ ക്ലാസ് വിട്ടുപോയി. രക്ഷിതാക്കള്‍ ആകെ ക്ഷുഭിതരായി . ഉടനെ മറ്റൊരധ്യാപിക ഇടപെട്ടു. ക്ഷമ പറഞ്ഞു. "ആ ടീച്ചര്‍ ഒരല്‍പ്പം ദേഷ്യക്കാരിയാണ്. ക്ഷമിക്കണം. നമ്മള്‍ ഇങ്ങനെ തിരക്കുണ്ടാക്കുന്നത് ശരിയല്ലല്ലോ.എല്ലാര്‍ക്കും ഇരിക്കാന്‍ സ്ഥലമുണ്ട്. ഒന്നു സാവകാശം ഇരുന്നാല്‍ മതിയായിരുന്നു,അല്ലേ... ശരി, നമ്മള്‍ വന്നത് വഴക്കുണ്ടാക്കനല്ലല്ലോ. നമ്മുടെ കുട്ടികളുടെ കാര്യങ്ങള്‍ സംസാരിക്കാനല്ലേ..?” അവരോട് ശാന്തമായി മറുപടി പറഞ്ഞു. രക്ഷിതാക്കള്‍ മയപ്പെട്ടു.
നേരത്തെ ഇറങ്ങിപ്പോയ അധ്യാപിക മെല്ലെ തിരിച്ചുവന്നു. രക്ഷിതാക്കള്‍ കുശുകുശുപ്പ് തുടങ്ങി.
രണ്ടാമത്തെ അധ്യാപിക ചോദിച്ചു:
"രണ്ടു അധ്യാപികമാര്‍ നിങ്ങളുമായി ഇടപെട്ടു. ഇതില്‍ ആരുടെ പെരുമാറ്റമാണ് നിങ്ങള്‍ക്ക് ഇഷ്ടം തോന്നിയത്?"
ഉടനെ എല്ലാരും പറഞ്ഞു. "നിങ്ങളുടെ. ആദ്യം വഴക്കിട്ട ടീച്ചര്‍ മോശം.അവരെ ഇവിടെനിന്നു പറഞ്ഞയക്കണം.എന്നാലേ ഇനിയുള്ള കാര്യങ്ങള്‍ നേരെ നടക്കൂ."
അധ്യാപിക: "എന്നാല്‍ ചോദിക്കട്ടെ, നിങ്ങള്‍ സ്വന്തം കുട്ടികളോട് പെരുമാറുന്നതെങ്ങനെയാ? അവര്‍ ചെയ്തതുപോലെയാണോ? അതോ ഞാന്‍ ചെയ്തതുപോലെയാണോ?"
എല്ലാരും നിശ്ശബ്ദരായി. ആദ്യ ടീച്ചര്‍ ഒരു 'നാടകം' കളിച്ചതാണ് എന്നും ഇതു ചര്‍ച്ചകള്‍ക്കുള്ള തുടക്കമാണെന്നും പറഞ്ഞതോടെ രക്ഷിതാക്കള്‍ ഉഷാറായി. പരസ്പരം നോക്കി ചിരിച്ചു. "നമ്മുടെ കുട്ടികളോട് നാം പലപ്പോഴും പെരുമാറുന്നത് രൂക്ഷമായാണ്. തെറ്റു ചെയ്യുമ്പോഴാണെന്ന് ഒരു വാദം ഉണ്ട്. തെറ്റു ചെയ്യുമ്പോഴും വഴക്കുപറഞ്ഞാല്‍ പ്രശ്നം തീരുമോ? കുട്ടി നല്ല സ്വഭാവത്തില്‍ വരുമോ? തെറ്റുബോധ്യപ്പെടുകയും തിരുത്തുകയും ചെയ്യുമോ? തെറ്റു തിരുത്തുകയാണോ, ശരി ചൂണ്ടിക്കാണിക്കുകയാണോ വേണ്ടത്?"
നല്ലൊരു ചര്‍ച്ച നടന്നു. രക്ഷിതാക്കള്‍ സ്വയം പരിശോധിക്കാനും വേണ്ട തിരുത്തലുകള്‍ വരുത്താനും തയ്യാറായി. ‘ഇനി ഈ പ്രായത്തിലും‘ പെരുമാറ്റത്തില്‍ മാറ്റംവരുത്താന്‍ തയ്യാറാകുമെന്ന് പ്രഖ്യാപിച്ചു.
ഇതിനിടയ്ക്ക് ഒരധ്യാപിക ഒരു സംഭവം വിവരിച്ചു. കുട്ടി സ്കൂള്‍ വിട്ടുവന്നു അഛന്‍ കേള്‍ക്കെ അമ്മയോട് പരാതി പറയുകയാണ് . "ഇനി ഞാന്‍ സ്കൂളില്‍ പോകില്ല." "അതെന്താ? പഠിച്ചു പോകാഞ്ഞിട്ടല്ലേ? ഹോം വര്‍ക്ക് ചെയ്യാഞ്ഞിട്ടല്ലേ? പുസ്തകം മറന്നിട്ടല്ലേ? ഇന്‍സ്റ്റ്രുമെന്റ് ബോക്സ് കളഞ്ഞിട്ടല്ലേ?
"അല്ലല്ല. പഠിച്ചിട്ടുണ്ട്. കണക്ക് ചെയ്തിട്ടുണ്ട്.പുസ്തകം ഒക്കെ ഉണ്ട്. ബോക്സും പെന്‍സിലും ഒക്കെ ഉണ്ട്.ഫീസും കൊടുത്തിട്ടുണ്ട്.
ഞാന്‍ നല്ല കുട്ടിയാണ് . മാഷ് പറഞ്ഞു. പക്ഷെ,...."
"പിന്നെന്താ?"
"എന്നെ സ്കൂളില്‍ ചേര്‍ത്തതില്‍ പിന്നെ അഛന്‍ സ്കൂളിലേ വന്നിട്ടില്ല. ക്ലാസ് പിടിഏ ക്ക് ഞാന്‍ എത്ര നിര്‍ബന്ധിച്ചു. ആരും തിരിഞ്ഞുനോക്കിയില്ലല്ലോ."
"അതെ, അതഛന്നു തിരക്കായതുകൊണ്ടല്ലേ.?"
"എന്നാല്‍ അമ്മക്ക് വരാമായിരുന്നില്ലെ?"
"എനിക്ക് കുഞ്ഞുമോനേ നോക്കണ്ടേ? വീട്ടുപണി നോക്കണ്ടേ?"
രക്ഷിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. പിറുപിറുത്തു. അധ്യാപിക ചോദിച്ചു: നിങ്ങള്‍ ആരുടെ പക്ഷത്താണ്? കുട്ടിയുടെ പക്ഷത്തോ, രക്ഷിതാക്കളുടെ പക്ഷത്തോ?
ചര്‍ച്ച ഉഷാറായി. കുറേപേര്‍ രക്ഷിതാക്കളുടെ കൂടെ. കുറച്ചുപേര്‍ കുട്ടിയുടെ കൂടെ. അധ്യാപിക: "കുട്ടിക്ക് പഠിക്കാനുള്ള ഉപകരണങ്ങള്‍ നല്‍കിയാല്‍ നമ്മുടെ പണി തീര്‍ന്നോ? രക്ഷിതാക്കളുടെ യോഗങ്ങളില്‍ പങ്കെടുക്കുകയെന്നത് അത്യാവശ്യമല്ലേ? കുട്ടിയുടെ പഠനകാര്യങ്ങളില്‍ അധ്യാപകരുമായി സംസാരിക്കേണ്ടേ? അതു കുട്ടിക്ക് ഗുണകരമാവില്ലേ? കുട്ടിക്ക് തന്നെപ്പറ്റി (ഞാന്‍ നല്ല കുട്ടിയാണ് , മാഷ് പറഞ്ഞു.) രക്ഷിതാവിന്റെ മുന്നില്‍ അഭിമാനം തോന്നില്ലേ? സ്വയം ഇനിയും മികവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രചോദനമാവില്ലെ? കുട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിക്കില്ലേ? ഇതു പഠനത്തിനു ഗുണം ചെയ്യില്ലേ?"
രക്ഷിതാക്കളുടെ ചര്‍ച്ച വഴിതെളിഞ്ഞു. എല്ലാരും കുട്ടിയുടെ പക്ഷത്തായി. പി.ടി.ഏ മീറ്റിങ്ങ് /ചര്‍ച്ച മാത്രമല്ല, എന്തൊക്കെയാണ് കുട്ടിയുടെ പഠനാവശ്യങ്ങള്‍? ഭക്ഷണവും ഡ്രസ്സും പുസ്തകവും മാത്രമാണോ? ഇന്നു ഒരു സാധാരണ രക്ഷിതാവ് എന്തു പ്രയാസപ്പെട്ടും ഇതൊക്കെ നല്‍കുന്നില്ലേ? ഇന്നത്തെ കാലത്ത് ഇതുമാത്രം മതിയോ?
കുട്ടിക്ക് പിന്തുണ എന്നാല്‍ മാനസികവും കൂടിയാവേണ്ടതല്ലേ?കുട്ടിയെ ഉഷാറാക്കി, പഠിക്കാന്‍ നല്ല അന്തരീക്ഷവും ആത്മവിശ്വാസവും നല്‍കേണ്ടതല്ലേ?
മുതിര്‍ന്നവര്‍ക്ക് എന്തൊക്കെ പരാധീനതകളുണ്ടെങ്കിലും ചില സ്ഥിരം ഏര്‍പ്പാടുകള്‍ ഉണ്ടല്ലോ. നിശ്ചിതസമയത്ത് ഭക്ഷണം, ഉറക്കം, വിനോദം (7.30 നു സീരിയല്‍ വിടുമോ!). ഇരിക്കാന്‍ സ്വന്തം കസേര, കിടക്കാന്‍ സ്വന്തമായി വിരിപ്പും പുതപ്പും, സ്വന്തം പണിയായുധം….എന്നാല്‍ കുട്ടിക്കോ? സ്ഥിരമായി ഇരുന്നു പഠിക്കാന്‍ ഒരിടം ഉണ്ടോ? സമയം ഉണ്ടോ?..കസേര, മേശ….ഒക്കെ പോകട്ടെ….സ്ഥിരമായി ഒരിടത്തിരുന്നു പഠിക്കാന്‍ ഇടമില്ലാത്തവരാണ് അധികം കുട്ടികളും. വീട്ടിലെ സ്ഥലപരിമിതികൊണ്ടല്ല, അങ്ങനെയൊരു ചിന്ത നമ്മുടെ മനസ്സില്‍ ഉണ്ടായിട്ടില്ലന്നു മാത്രം.
ഇതിനിടയക്ക് മറ്റൊരധ്യാപകന്‍ ഒരു ചോദ്യം ചോദിച്ചു. "നമ്മുടെ കുട്ടികളെ നമുക്ക് നന്നായറിയാം.അവരുടെ ദോഷങ്ങള്‍/ കുറ്റങ്ങള്‍/കുറവുകള്‍ ഒക്കെ നമുക്കറിയാം…അല്ലേ?" "ഉവ്വുവ്വ്…".രക്ഷിതാക്കള്‍ ഇരമ്പി. "ശരി, എന്നാല്‍ നമ്മളോരോരുത്തരും സ്വന്തം കുട്ടിയുടെ ഒരു കുറവ് /പോരായ്മ പറയൂ.ഒന്നു മതി…"
"ഒന്നല്ല സര്‍, ഒരുപാടു കുറവുകള്‍ ഓരോരുത്തര്‍ക്കും ഉണ്ട്….പറയട്ടെ…."
"വേണ്ട..വേണ്ട…സ്വന്തം കുട്ടിയുടെ കുറവുകള്‍ പരസ്യമായി പറയരുത്…."
"എന്നാല്‍ കുട്ടിയുടെ ഒരു മികവ്/ ഒരു കഴിവ്/ ഗുണം…പറയൂ."
രക്ഷിതക്കള്‍ മൌനികളായി..എന്താപ്പോ എന്റെ കുട്ടിയുടെ മികവ്?….
ഒരുപാടാലോചിച്ചു….ചിലര്‍ പറയാന്‍ തുടങ്ങി…
"നന്നായി പാടും. നന്നായി ചിത്രം വരയ്ക്കും
പറഞ്ഞതനുസരിക്കും…സത്യം പറയും…ധൈര്യശാലിയാണ്…..കണക്ക് സൂക്ഷിക്കും…"
അധ്യാപകന്‍: കുറ്റങ്ങള്‍ പറയാന്‍ നമുക്ക് പ്രയാസമുണ്ടായില്ല…ഗുണങ്ങള്‍ എത്ര ആലോചിച്ചു….ഇതല്ലേ ശരിക്കാലോചിച്ചാല്‍ നമ്മുടെ കുഴപ്പം. കുട്ടികളുടെ കഴിവുകള്‍ / മികവുകള്‍ നമുക്ക് ആലോചിക്കാനാവുന്നില്ല. അതു കൊണ്ടുതന്നെ അതു പ്രയോജനപ്പെടുത്താനാവുന്നില്ല. കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുക എന്നൊക്കെ നാം പ്രസംഗിക്കും…പക്ഷെ കഴിവുകള്‍ എന്തൊക്കെയെന്നുതന്നെ നമുക്ക് അറിയില്ല.
ഈ കഴിവുകള്‍ കുട്ടിക്ക് പഠനത്തില്‍ പ്രയോജനപ്പെടുത്താനാവണം.അതിനുള്ള പരിശീലനം വീട്ടില്‍ നിന്നു തുടങ്ങണം. കുട്ടി നന്നായി വായിക്കും എന്ന കഴിവ് കൂടുതല്‍ വായിക്കാന്‍ പ്രയോജനപ്പെടുത്തണം.വായിക്കാന്‍ നല്ല പുസ്തകങ്ങള്‍ നല്‍കാന്‍ കഴിയണം.പഠിക്കാനുള്ള പുസ്തകങ്ങള്‍ നന്നായി വായിക്കാന്‍ പ്രേരിപ്പിക്കണം….നമുക്കൊരുപാട് ചെയ്യാന്‍ കഴിയും. കുട്ടി നേരത്തെ ഉണരും…ഒരു ഗുണമാണ്…ഇതു പ്രയോജനപ്പെടുത്തണം..കുട്ടിയുടെ പോരായ്മകള്‍ പരിഹരിക്കാന്‍ സമയം നന്നായി വിനിയോഗിക്കണം…അതിനുള്ള പരിശീലനം നല്‍കണം….നന്മയില്‍ നിന്നേ പിടിച്ചു കയറാനാകൂ. തിന്മകള്‍ മാത്രം അവരെ ഓര്‍മ്മിപ്പിച്ച( ചെക്കന്‍ സത്യം പറയില്ല….മലയാളം വായിക്കാനറിയില്ല…കണക്കറിയില്ല…)തുകൊണ്ട് ഒരു നേട്ടവും ഉണ്ടാവില്ല. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ കണക്കെടുക്കുകയായിരുന്നു ബാക്കി സമയം. മറ്റൊരധ്യാപിക ഇടപെട്ടു: "ശരി . അങ്ങനെയാണെങ്കില്‍ നമ്മള്‍ നമ്മുടെ കുട്ടിയുടെ ഏതു ഗുണമാണ് / മികവാണ് ഇന്നുമുതല്‍ ആദ്യം ശ്രദ്ധിക്കുക. അതു വളര്‍ത്തിയെടുക്കാനും അതു പഠനത്തിനു സഹായിക്കാനും എന്തൊക്കെയാണു ഇന്ന് ചെയ്യുക."
എല്ലാവരും ഉഷാറായി. ഇന്നുമുതല്‍ ഞാന്‍ ശ്രദ്ധിക്കും. കുട്ടിക്ക് ചിത്രംവര ഇഷ്ടമാണ്. അവള്‍ വരയ്ക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കും / വരച്ച ചിത്രങ്ങള്‍ ചുമരില്‍ പ്രദര്‍ശിപ്പിക്കും / അവള്‍ നന്നായി വരയ്ക്കുന്നുവെന്ന് കൂട്ടുകാരോട് പറയും / വരയ്ക്കാന്‍ വേണ്ട സാമഗ്രികള്‍ ചിലതെങ്കിലും വാങ്ങിക്കൊടുക്കും /
"ശരി: എന്നാല്‍ ഇതിനെ അവളുടെ പഠനുമായി ബന്ധിപ്പിക്കണം. ചിത്രകാരിയാകുന്നതിന്റെ കൂടെ ഇക്കൊല്ലത്തെ പരീക്ഷ കൂടി പാസാവണം..എന്നാലേ കാര്യമുള്ളൂ. അതിനെന്തു ചെയ്യാം…"
ചിത്രം വരയ്ക്കാനുള്ള കഴിവ് പഠിക്കാനുള്ള ചിത്രങ്ങളിലേക്ക് തിരിക്കണം. ബയോളജി, കണക്ക്, ഭൂമിശാസ്ത്രം ഒക്കെ പരിഗണിക്കപ്പെടണം. വരച്ച ചിത്രം ഭാഷയില്‍ വിവരിക്കാന്‍ പ്രോത്സാഹിപ്പിക്കണം. വായിച്ചതൊന്ന് വരയ്ക്കാന്‍ ഉത്സാഹിപ്പിക്കണം (‘ചന്ദനക്കട്ടില്‍ ‘ കവിതയിലെ ഒരു രംഗം-8ലെ കുട്ടിക്ക്), വരച്ച ചിത്രത്തിന്ന് അടിക്കുറിപ്പ് എഴുതാന്‍ സഹായിക്കണം (ഭാഷാപഠനം). ചിത്രത്തിലെ നിറങ്ങളെ കുറിച്ചു പഠിക്കാന്‍ പ്രേരിപ്പിക്കണം (ഫിസിക്സ്) . ചിത്രത്തിലെ ആകൃതികള്‍ തിരിച്ചറിയാന്‍ കൂടണം (ജ്യോമട്രി). വരച്ച ചിത്രങ്ങളൊക്കെ തുന്നിക്കെട്ടി ഒരു ആല്‍ബം ഉണ്ടാക്കാം. അതിന്നു ഒരു ആമുഖം എഴുതാം. പഠനം എഴുതാന്‍ പേരിപ്പിക്കാം.ഇംഗ്ലീഷില്‍ ചിത്രക്കുറിപ്പുകള്‍ ഉണ്ടാക്കാം. ഹിന്ദിയില്‍ പേരേഴുതാം.ചിത്ര ചരിത്രത്തിലേക്ക് നയിക്കാം. ഒരു കഴിവ് അനേകവിഷയങ്ങളിലേക്കുള്ള പടിവാതില്‍ തുറക്കുമെന്ന് നാം അറിയണം. എല്ലാ കുട്ടിക്കും എല്ലാ കഴിവും ഉണ്ടാവില്ല; ഒരു കുട്ടിക്കും ഒരു കഴിവും ഇല്ലാതേയുമിരിക്കില്ല. ഉള്ളത് ഇല്ലാത്തതിലേക്ക് കടന്നുകയറാന്‍ പ്രയോജനപ്പെടും എന്നതും തീര്‍ച്ച. കുട്ടിയുടെ കഴിവ് പഠനത്തിലേക്ക് തിരിച്ചു വിടണം ഒരുപാട് സാധ്യതകള്‍ തെളിയുന്നില്ലേ?
തെളിയും. നാം കൂടെ പരിശ്രമിക്കണം.നാം കൂടെ പഠിക്കുകയൊന്നും വേണ്ട.ചില സാധ്യതകള്‍ കണ്ടറിഞ്ഞ് ചൂണ്ടിക്കാട്ടിയാല്‍ മതി."അപ്പോ ഇതിനൊക്കെ സാധ്യമാക്കുന്ന പാഠങ്ങളല്ലേ ഇതുപോലുള്ള പി.ടി.ഏ കളില്‍ ഉണ്ടാവേണ്ടത്?"
"സംശയമില്ല". രക്ഷിതാക്കള്‍ ഉടന്‍ പ്രതികരിച്ചു. "ഇതൊന്നും ഇന്നേവരെ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു."
മറ്റൊരധ്യാപിക ഇടപെട്ടു: ശരി. ഇപ്പോള്‍ നമ്മള്‍ കുറച്ചു കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ഇതിലേതാ ഇന്നു നടപ്പാക്കുക. എല്ലാവര്‍ക്കും എല്ലാ കാര്യവും പറ്റില്ല. ഓരോരുത്തരുടേയും സാഹചര്യങ്ങള്‍ വ്യത്യസ്ത്മാണല്ലോ. നമുക്ക് ഇന്നു ചെയ്യാന്‍ കഴിയുന്ന സംഗതി ഒന്നാലോചിക്കൂ.
"ഞാന്‍ കുട്ടിക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും വളരുന്ന തരത്തില്‍ ഇന്നുമുതല്‍ പെരുമാറും."
"അവള്‍ക്ക് സ്ഥിരമായി ഇരുന്നു പഠിക്കാനും പുസ്തകങ്ങള്‍ അടുക്കിവെക്കാനും ഒരു സൌകര്യം ഉണ്ടാക്കും."
"അവളുടെ കഴിവുകള്‍ / മികവുകള്‍ കൂടുതല്‍ ശ്രദ്ധിക്കും."
"അവള്‍ക്ക് വായിക്കാന്‍ ഒരു ചെറിയ വിളക്ക് നല്‍കും".
"പഠിക്കുന്ന സമയത്ത് അവളോട് മറ്റു ജോലികള്‍ പറയില്ല."
"മതി.മതി….സംഗതികള്‍ നമുക്ക് ബോധ്യപ്പെട്ടു. ഇതൊക്കെ ഇവിടെനിന്നു പറഞ്ഞുപോകും.വീട്ടില്‍ ചെന്നാല്‍ ചെയ്യുമെന്ന് എന്തുറപ്പ്?"
"ഉറപ്പ് , ഞങ്ങളുടെ കുട്ടികള്‍ തന്നെ. ക്ലാസ്മുറിയില്‍ മാഷിന്ന് അവരുടെ മാറ്റം തിരിച്ചറിയാം."
ഒരു മണിക്കൂറിലധികം സമയം ചര്‍ച്ചകള്‍ നടന്നു.
നിരീക്ഷണം:
എല്ലാവരും നന്നയി സംസാരിച്ചു. അഭിപ്രായം പറഞ്ഞു. വാദിച്ചു.
സ്വയം മാറണമെന്ന തീരുമാനം ഉണ്ടായി.
കുട്ടിയോടുള്ള സ്നേഹം അവളുടെ പഠനസഹായിയാവും എന്നു ബോധ്യപ്പെട്ടു.
Tidak ada komentar:
Posting Komentar