ഖത്തറിലെ അസീസ് മാഷ് പസിലുകളുടെ തോഴനാണെന്ന് ഇതിനോടകം നിങ്ങള്‍ക്കേവര്‍ക്കും അറിയാനാകും. കോഴിക്കോട്ടെ വിജയന്‍ മാഷിന്റെ ശിഷ്യനായതു കൊണ്ടായിരിക്കാം അദ്ദേഹത്തിന് പസിലുകളോട് ഇത്രയേറെ ഒരു അഭിനിവേശം വരാന്‍ കാരണമായത്. ഡല്‍ഹിയില്‍ ഉള്ള അനുജ് പന്‍വാറിനെ കമന്റ് ബോക്സിലേക്കെത്തിച്ചത് അസീസ് സാറാണ്. അനുജിന് മലയാളം അറിയില്ല. അതുകൊണ്ട് തന്നെ കമന്റ് ബോക്സില്‍ ഇടുന്ന പസിലുകളുടെ പസിലുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും നല്‍കിയാല്‍ നന്നായിരിക്കും. മാത്രമല്ല, നമ്മുടെ ട്വിറ്റര്‍ അക്കൊണ്ട് വഴി ബ്ലോഗിലേക്കെത്തുന്ന വിദേശ ഗണിതസ്നേഹികള്‍ ഇതേ പരാതി ചൂണ്ടിക്കാട്ടിയിരുന്നു. പസിലുകള്‍ ഇംഗ്ലീഷ് ആകുന്നതില്‍ കുട്ടികളടക്കമുള്ള പലര്‍ക്കും ബുദ്ധിമുട്ടുള്ളതിനാല്‍ മലയാളവും നമുക്കാവശ്യമുണ്ട്. അതുകൊണ്ട് കഴിയുമെങ്കില്‍ ചോദ്യങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും നല്‍കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ മലയാളം ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്ക് സധൈര്യം ഇംഗ്ലീഷ് മാത്രം ഉപയോഗിക്കാം. അധികം നീട്ടാതെ ഇന്നത്തെ പസിലിലേക്ക് കടക്കാം. ഒരു കൃഷിസ്ഥലവുമായി ബന്ധപ്പെട്ട പസില്‍ ആണിത്.
ത്രികോണാകൃതിയിലുള്ള ഒരു കൃഷി സ്ഥലത്തിന്റെ വശങ്ങള്‍ 10 മീറ്റര്‍, 17 മീറ്റര്‍, 21 മീറ്റര്‍ എന്നിങ്ങനെയാണ്. ഇതിനകത്ത് സമചതുരാകൃതിയില്‍ കുറച്ച് സ്ഥലത്ത് പുല്‍ത്തകിടി നിര്‍മ്മിക്കണം. പുല്‍ത്തകിടിയുടെ ഒരു വശം ചിത്രത്തില്‍ കാണുന്നതു പോലെ ത്രികോണത്തിന്റെ ഒരു വശത്തായിരിക്കും. എതിര്‍മൂലകള്‍ മറ്റ് രണ്ട് വശങ്ങളെ തൊട്ടു നില്‍ക്കുന്നു. ഇത്തരം ഒരു പുല്‍ത്തകിടിയില്‍ എത്ര ചതുരശ്രമീറ്റര്‍ പുല്ലുണ്ടായിരിക്കും?
കുറഞ്ഞത് മൂന്ന് തരത്തിലെങ്കിലും ഈ പ്രശ്നം നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയും. ഹൈസ്ക്കൂള്‍ ക്ലാസുകളിലേക്ക് നല്ലൊരു പസില്‍ അധിഷ്ഠിത പഠനപ്രവര്‍ത്തനമായി ഈ പ്രശ്നം അവതരിപ്പിക്കാവുന്നതേയുള്ളു. ആരാണ് ഈ പ്രശ്നത്തിന് ആദ്യം ഉത്തരം നല്‍കുന്നതെന്ന് നോക്കാം.
Tidak ada komentar:
Posting Komentar