Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Tampilkan postingan dengan label മലയാളം. Tampilkan semua postingan
Tampilkan postingan dengan label മലയാളം. Tampilkan semua postingan
Selasa, 19 Februari 2013
മാത്സ് ബ്ലോഗ് ഒരുക്കം - മലയാളം 2
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനസഹായികള്‍ മാത്സ് ബ്ലോഗിനു ലഭിച്ചതായി മുന്‍പു സൂചിപ്പിച്ചിരുന്നു. ആ തരത്തില്‍ ലഭിക്കുന്ന പഠനസഹായികള്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവ മാത്രമാണ് പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാറ്. അങ്ങിനെ തിരഞ്ഞടുക്കുമ്പോള്‍ പ്രാധാന്യം നല്‍കേണ്ടവയില്‍ പലതും പരിഗണിക്കപ്പെടാതെ പോകുന്നു എന്നുള്ള യാഥാര്‍ത്ഥ്യം അവ അയച്ചു തന്നവരെയും ഞങ്ങളെയും ഒരുപോലെ വേദനിപ്പിക്കുന്നതാണ്.
ഇതു മനപ്പൂര്‍വ്വം സംഭവിക്കുന്നതല്ല എന്നു തിരിച്ചറിഞ്ഞു സഹകരിക്കുന്ന മാത്സ് ബ്ലോഗ് കുടുംബാംഗങ്ങളായ നിങ്ങള്‍ ഓരോരുത്തരും നല്‍കുന്ന പിന്തുണയാണ് ഓരോ പുതിയ പോസ്റ്റുകള്‍ ഒരുക്കുമ്പോഴും ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്.
മലയാളവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇന്ന്. മുന്‍പ് മലയാളവുമായി ബന്ധപ്പെട്ട രമേശന്‍ പുന്നത്തിരിയന്‍ സാര്‍ തയാറാക്കിയ നോട്സ് ഉള്‍പ്പെടുത്തിയ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ആ നോട്സില്‍ ചേര്‍ക്കാതിരുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കാസര്‍ഗോട്ടെ മോഡല്‍ റസിഡണ്ട്സ് സ്കൂളിലെ അധ്യാപകന്‍, പഴയ പോസ്റ്റുകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അഹമ്മദ് ഷെറീഫ് കുരുക്കള്‍ സാര്‍ തയാറാക്കിയ നോട്ടുകളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരീക്ഷയ്ക്കു തയാറെടുക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് ഈ നോട്സ് ഏറെ ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.
താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും നോട്സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും
Click here to download Malayalam Notes.
Selasa, 24 Juli 2012
കാലിലാലോലം ചിലമ്പുമായ് - ഒരു കുറിപ്പ്

പത്താം ക്ളാസിലെ മലയാളപഠാവലിയിലെ 'കാലിലാലോലം ചിലമ്പുമായ്' എന്ന യൂണിറ്റിലെ ഒരു പ്രവര്‍ത്തനം - കഥകളിക്ക് കേരളീയ പ്രകൃതിയുമായുള്ള ബന്ധം കണ്ടെത്തി ലഘുപന്യാസം തയാറാക്കുക എന്നതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ബ്ലോഗ് ടീമംഗമായ രാമനുണ്ണി മാഷ് തയ്യാറാക്കിയിരിക്കുന്നത് വായിക്കുമല്ലോ. മലയാളവുമായി ബന്ധപ്പെട്ട് ഈ അധ്യയന വര്‍ഷം ഒരു പോസ്റ്റും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പരാതിക്ക് പരിഹാരമാകുമിതെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. വായിച്ച് അഭിപ്രായമെഴുതുമല്ലോ. ഒപ്പം മലയാളം കുട്ടികളോട് ഈ പോസ്റ്റ് വായിക്കുന്നതിനായി നിര്‍ദ്ദേശിക്കുമല്ലോ. ഏതൊരു കലയ്ക്കും അതുരൂപപ്പെട്ട നാടിന്റെ പ്രകൃതിയും സംസ്കാരവുമായി വളരെയധികം ബന്ധമുണ്ട് എന്നു മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. കേരളത്തിന്റെ അഭിമാനവും തികച്ചും സ്വന്തവും ലോകപ്രശസ്തവും ആയ കഥകളി അതിന്റെ രൂപ ഭാവങ്ങളില്‍ ഒരു പാട് ഘടകങ്ങളില്‍ തികച്ചും കേരളീയമാണ്`. എന്നാല്‍ ചിലയിടങ്ങളില്‍ അകേരളീയമായ അംശങ്ങളുണ്ടെന്നും തോന്നാവുന്നതാണ്`.
കുറഞ്ഞത് 400 വര്‍ഷത്തെ പഴക്കം കഥകളിക്കുണ്ട്. കോഴിക്കോട് സാമൂതിരിയുടെ കൃഷ്ണനാട്ടത്തെ കുറിച്ചറിഞ്ഞ കൊട്ടാരക്കര തമ്പുരാന്‍ ഒരടിയന്തിരം പ്രമാണിച്ച് ആ കലാസംഘത്തെ ക്ഷണിച്ചു. എന്നാല്‍ കൃഷ്ണനാട്ടം കണ്ട് രസിക്കാന്‍ കഴിവുള്ളവര്‍ തെക്കന്‍ ദിക്കിലില്ലെന്ന് പറഞ്ഞ് കോഴിക്കോട് രാജാവ് ആ ക്ഷണം നിരസിച്ചു. അതില്‍ കോപവും വാശിയും പൂണ്ട കൊട്ടാരക്കര തമ്പുരാന്‍ കൃഷ്ണനാട്ടത്തിന്നുപകരം 'രാമനാട്ടം' എന്നൊരു പുതിയ കലാരൂപം നിര്‍മ്മിച്ചു. അതിന്റെ വികസിത രൂപമാണത്രേ കഥകളി. ഇതു ഒരു കഥകളിപ്പഴമ. മറ്റൊന്ന് കോട്ടയത്ത് തമ്പുരാനാണ്` കഥകളി രൂപപ്പെടുത്തിയത് എന്നുമുണ്ട്.
പഴമ എന്തൊക്കെയായാലും അന്നു കേരളത്തില്‍ നിലവിലുണ്ടായിരുന്ന വിവിധ കലാരൂപങ്ങളുടെ അംശങ്ങള്‍ സമുചിതമായി സന്നിവേശിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ - വിവിധ കാലങ്ങളില്‍ വിവിധ കലാവിദഗ്ദ്ധര്‍ പരിഷ്കരിച്ചു മിനുക്കിയെടുത്ത - ഒരു കലാരൂപമാണ്` കേരളത്തിന്റെ അഭിമാനമായ കഥകളി എന്നറിയണം. മോഹിനിയാട്ടം, ശാസ്ത്രക്കളി, കൂടിയാട്ടം, അഷ്ടപദിയാട്ടം, കൃഷ്ണനാട്ടം, തിറയാട്ടം, പടയണി, കോലംതുള്ളല്‍, തീയാട്ട്, മുടിയേറ്റ്, കൈകൊട്ടിക്കളി... തുടങ്ങി നിരവധികലാരൂപങ്ങളില്‍ നിന്നും പലഘടകങ്ങളും സ്വീകരിച്ചിരിക്കുന്നതായി മനസ്സിലാക്കാം. നൃത്തം, നൃത്യം, അഭിനയം, വേഷം,മുഖത്തെഴുത്ത്, ഗീതം, വാദ്യം, ചടങ്ങുകള്‍, ആചാരങ്ങള്‍, കാണികള്‍ [ സദസ്സ്] , അരങ്ങ് എന്നിവയിലൊക്കെ ഈ സ്വാധീനങ്ങള്‍ ഉണ്ട്. അല്ലെങ്കില്‍ അന്നു നിലവിലുണ്ടായിരുന്ന വിവിധ കലാരൂപങ്ങളുടെ സ്വാധീനം കഥകളി എന്ന കലാരൂപത്തിന്റെ സര്‍വാംശങ്ങളിലും ഇടപെട്ടിട്ടുണ്ട് എന്നും മനസ്സിലാക്കാം. വളരെ വ്യത്യസ്തതയുള്ള പല കലാരൂപങ്ങളില്‍ നിന്നും ഊറ്റിയെടുത്ത സൗന്ദര്യാംശങ്ങളൊക്കെ ചേര്‍ത്തുവെച്ച് രൂപം കൊടുത്ത ഒരു സമ്പൂര്‍ണ്ണ ദൃശ്യ വിസ്മയം തന്നെയാണീ കലാരൂപം.
കേരളത്തില്‍ ത്തന്നെ രൂപമെടുത്ത [ കൂടിയാട്ടം ഒഴികെ] വിവിധ കലാരൂപങ്ങളില്‍ തീര്‍ച്ചയായും കേരളീയതയുടെ മുദ്രകള്‍ ഉണ്ടാകുമല്ലോ. അത് പ്രകൃതി, സംസ്കാരം എന്നി ഘടകങ്ങളുടെ കാര്യത്തില്‍ തെളിഞ്ഞുകാണുകയും ചെയ്യും. ഈ വിവിധ കലാരൂപങ്ങളുടെ സ്വാധീനം ഉള്‍പ്പെടുന്ന കഥകളിക്കും ഈ സവിശേഷമുദ്രകള്‍ ഉണ്ട്. ഇതു സൂചിപ്പിക്കുന്നത് പൂര്‍ണ്ണമായും കേരളീയതയില്‍ വാര്‍ത്തെടുക്കപ്പെട്ട ഒരു കലാരൂപം എന്നാണെങ്കിലും സൂക്ഷമായി നോക്കിയാല്‍ അകേരളീയമായ ചില ഘടകങ്ങളും നമ്മുടെ പരിശോധനയില്‍ കടന്നുവരുന്നതാണ്`.
ഭാഷ:
കഥകളി സാഹിത്യത്തിന്റെ [ ആട്ടക്കഥ] ഭാഷാരൂപം കേരളീയമെന്നതിനേക്കാള്‍ സംസ്കൃ തത്തിനോടാണ്` ചേര്‍ന്നു നില്‍ക്കുന്നത്. ശ്ളോകം, പദം, ദണ്ഡകം എന്നിങ്ങനെയുള്ള രചനാശില്പ്പം കേരളീയമോ ദ്രവീഡിയന്‍ പോലുമോ അല്ലല്ലോ. മണിപ്രവാള ശൈലി നമ്മുടേതാണെങ്കിലും കാവ്യശൈലി എന്ന രീതിയില്‍ അധികകാലം ഇവിടെ ഉണ്ടായിട്ടില്ല. [അപൂര്‍വമാണെങ്കിലും ] ആട്ടക്കഥാ പ്രസ്ഥാനത്തിന്റെ കാലത്തിനുശേഷം രചിക്കുപ്പെടുന്ന ആട്ടക്കഥകള്‍ പോലും [ കര്‍ണ്ണശപഥം- മാലി] ഭാഷ, രചന ശൈലികളില്‍ സംസ്കൃതത്തിന്റെ വഴിയിലാണെന്നത് ഒരു കുറവായി കാണുകയുമല്ല.
കഥകള്‍ :
ആട്ടക്കഥകളിലെ കഥകളൊക്കെയും പുരാണേതിഹാസങ്ങളില്‍ നിന്നെടുത്തതാണ്`. കേരളീയമായ ഒരു കഥ ആട്ടക്കഥാരൂപത്തില്‍ ഉണ്ടായില്ല. വടക്കന്‍ പാട്ടുകള്‍, കേരളത്തിലെ തനതായ മിത്തുകള്‍, ആധുനിക സാഹിത്യത്തിലെ കഥകള്‍ [ ഉമ്മാച്ചു, മാര്‍ത്താണ്ഡവര്‍മ്മ, ഖസാക്കിന്റെ ഇതിഹാസം] എന്നിവയൊന്നും ആട്ടക്കഥയാവുന്നില്ല. ഈയിടെ ചെമ്മീനിലെ പരീക്കുട്ടിയും കറുത്തമ്മയും കഥകളി വേഷങ്ങളില്‍ അവതരിപ്പിച്ചു എന്ന് നെറ്റില്‍ എവിടെയോ കണ്ടു. ഇങ്ങനെയുള്ള കഥകള്‍ ആട്ടക്കഥയായി വരുന്നില്ല എന്നത് ഒരു കുറവായി ചൂണ്ടിക്കാണിക്കുകയല്ല; മറിച്ച് കഥകളിയുടെ കഥനഘടകം അകേരളീയമാണൊ എന്ന് ചര്‍ച്ച ചെയ്യുകയാണ്`. ഷേക്ക്സ്പിയറുടെ നാടകങ്ങള്‍ ആട്ടക്കഥയായി വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും ഒരിക്കലും വിജയിച്ച അരങ്ങുകളായിരുന്നില്ല. ഷേക്ക്സ്പിയര്‍ നാടകങ്ങള്‍ അരങ്ങത്തെത്തിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും 'പുതുപ്പണം കോട്ടയോ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കോ ' ആട്ടക്കഥയാക്കന്‍ തോന്നിയിരിക്കില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കഥകളിലെ [ അരങ്ങിലെ ] സമൂഹം ഒരു കാലത്തും കേരളീയമായിരുന്നില്ല എന്നു തോന്നുന്നു.
അഭിനയം:
കഥകളിക്ക് അഭിനയത്തിന്നടിസ്ഥാനം [ വേഷത്തിനും ] വലിയൊരളവോളം കൂടിയാട്ടമാകുന്നു. സംസ്കൃത നാടകാഭിനയമാണ്` കൂടിയാട്ടം. കേരളീയ കലകളിലെ [ തിറയാട്ടം, പടയണി, കോലംതുള്ളല്‍, തീയാട്ട്, മുടിയേറ്റ്,......] അഭിനയരീതികളല്ല കഥകളിയില്‍. മുദ്രകള്‍ ആണല്ലോ കഥകളിക്ക് അടിസ്ഥാനം. മുദ്രകള്‍ കേരളീയകളകളില്‍ മിക്കതിലും ഇല്ല. മോഹിനിയാട്ടം പോലുള്ളവയില്‍ മുദ്രകള്‍ കൈക്കൊണ്ടിരിക്കുന്നത് നാട്യശാസ്ത്രത്തില്‍ നിന്നും ഹസ്തലക്ഷണദീപികയില്‍ നിന്നും ഒക്കെയാണ്`. ഇതൊന്നും കഥകളിയുടെ മഹത്വം കുറയ്ക്കുന്നില്ല എന്നുറപ്പ്. എന്നാല്‍ അകേരളീയാംശങ്ങള്‍ എത്രകണ്ട് കഥകളിയില്‍ ഉള്‍പ്പെടുന്നു എന്ന് നിരീക്ഷിക്കുകയാണ്` ഇവിടെ.
വേഷം:
കോട്ടയത്ത് തമ്പുരാന്‍ കഥകളി ഉണ്ടാക്കാനായുള്ള ശ്രമത്തില്‍ ഓരൊ ഘടകങ്ങളും തീരുമാനിക്കുന്ന അവസരത്തില്‍ വേഷം എന്തായിരിക്കണം എന്നാലോചിക്കുകയായിരുന്നു. ഒരെത്തും പിടിയും കിട്ടാതെ തന്റെ പരദേവതയെ ധ്യാനിച്ചപ്പോള്‍ അകലെ സമുദ്രത്തില്‍ ഭഗവതി രാജാവിന്ന് വേഷരൂപങ്ങള്‍ ഓരോന്നായി കാണിച്ചുകൊടുത്തെന്നാണ്` ഐതിഹ്യം. കടലില്‍ ഓളപ്പരപ്പില്‍ ഓരോ വേഷങ്ങളുടേയും അരക്ക് മുകളിലുള്ളതാണ്` കാണിച്ചു കൊടുത്തത്രേ. രാജാവ് അതു പ്രാര്‍ഥനാപൂര്‍വം സ്വീകരിക്കുകയും കഥകളിക്ക് പ്രയോജനപ്പെടുത്തുകയും ചെയ്തു. അതാണ്` ഇപ്പോഴും വേഷങ്ങള്‍ക്ക് അരക്ക് താഴെ തിരമാലകളുടെ ഘടന നിലനില്‍ക്കുന്നതെന്ന് പറയാറുണ്ട്. പിന്നീട് വന്ന പരിഷ്കര്‍ത്താക്കളും [ കല്ലടിക്കോടന്‍, കപ്പ്ളിങ്ങാടന്‍, വെട്ടത്ത്... ] ഈ വേഷത്തില്‍ ഉറച്ചു നിന്നു. കൂടിയാട്ട വേഷങ്ങളുടെ പരിഷ്കരിച്ച രൂപമാണ്` കഥകളിക്ക് ഇവരെല്ലാം പ്രയോജനപ്പെടുത്തിയത്.
എന്നാല്‍ ഈ വേഷങ്ങളൊന്നും കേരളീയമാണെന്ന് പറയാന്‍ വയ്യ. അലങ്കാരങ്ങളില്‍ പലതും കിരീടങ്ങള്‍ എന്നിവയൊന്നും കേരളീയമല്ല. കേരളത്തിലെ ഒരു രാജാവിനും ഈ മട്ടിലുള്ള കിരീടങ്ങള്‍ ഇല്ലായിരുന്നല്ലോ. കുപ്പായം, പാവാട , എന്നിവയില്‍ കേരളീയത ഉണ്ടുതാനും. അതേസമയം സ്ത്രീ വേഷങ്ങളൊന്നും കേരളീയമല്ല എന്ന നിരീക്ഷണം പണ്ടേ ഉണ്ടുതാനും.
മുഖത്തെഴുത്ത്, ചുട്ടി എന്നിവക്കുപയോഗിക്കുന്ന പലതും കേരളീയ പരിസരങ്ങളില്‍ നിന്നല്ല സ്വീകരിച്ചിരിക്കുന്നത്. ചെഞ്ചില്യം, ചായില്യം, മനയോല... [ കഥകളിയിലെ സുപ്രധാന ഘടകങ്ങള്‍ ആണിവ ] തുടങ്ങിയവ കേരളത്തിന്ന് പുറത്തുനിന്നുവരുന്ന ' അങ്ങാടി സാധനങ്ങ' ളാണ്`. അരിയും ചുണ്ണാമ്പും കേരളീയം തന്നെ. കെടേശം, കേശഭാരത്തിലെ / കിരീടത്തിലെ ചില ഭാഗങ്ങളും , മിനുക്കവും തിളക്കവും ഉണ്ടാക്കുന്ന കല്ലുകള്‍ തുടങ്ങിയവയും പുറത്തുനിന്ന് കൊണ്ടുവരുന്നതാണ്`. ഇക്കാലത്ത് കോപ്പ് പണിക്ക് [ വസ്ത്രാലങ്കാരങ്ങള്‍ ] ഏതാണ്ട് പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്ന വസ്തുവകകള്‍ തന്നെയായിരിക്കുന്നു.
സംഗീതം:
അഷ്ടപദി - സോപാനസംഗീത രീതിയാണ് കഥകളിയില്‍ മുഴുവന്‍. കേരളീയ സംഗീതമാണ്` അഷ്ടപദി. എന്നാല്‍ മറ്റുള്ള കേരളീയ സംഗീത പദ്ധതികളൊന്നും തന്നെ കഥകളിയിലില്ല. കേരളത്തിന്റെ ഒരു പൊതു സംഗീത സംസ്കാരം നമുക്കിതില്‍ കാണാനാവില്ല.
ആസ്വാദനം [കാണികള്‍] :
ആസ്വാദനം ഒരു സാധാരണ കേരളീയന്ന് ഇന്നും ക്ഷിപ്രസാധ്യമല്ല. കഥയറിയാത്തതല്ല കാര്യം. അരങ്ങില്ലാത്തതുമല്ല. കേരളത്തിന്റെ സ്വന്തം കല കേരളീയന്റെ പൊതു ആസ്വാദന [ അന്നും ഇന്നും എന്നും ] തലത്തിലൊന്നും ആസ്വാദിക്കാന്‍ എളുപ്പമല്ല.
Rabu, 16 November 2011
എവിടെയാണ് കോത്താഴം
നാടോടിക്കഥകള്കൊണ്ട് സമ്പന്നമാണ് ഓരോ ജനസാമാന്യവും. വിഷയംകൊണ്ടും ആഖ്യാനരീതികൊണ്ടും ഭാവതലംകൊണ്ടുമൊക്കെ നാട്ടുകഥകളില്‍ വ്യത്യസ്തതകളുടെ തുരുത്തുകളുണ്ടാവുന്നു. നാടോടിക്കഥകളിലെ ഒരു സവിശേഷ ഇനമാണ് ഫലിതകഥ. ലൗകിക കഥകള്‍ എന്ന നാടോടിക്കഥാവിഭാഗത്തില് ഉള്‍പ്പെടുത്താവുന്ന ഫലിത കഥകള്‍ പല തരത്തിലുണ്ട്. നിര്‍ദോഷ ഫലിതകഥ, ആക്ഷേപ രീതിയിലുള്ള കഥ എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്. ആലുവ യു.സി.കോളജിലെ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറും പ്രമുഖ ഫോക് ലോര്‍ പണ്ഡിതനുമായ ഡോ.അജു നാരായണന് എഴുതിയ രസകരമായ അന്വേഷണത്തിലേക്ക് നമുക്ക് കണ്ണോടിക്കാം. എന്‍.ബി.എസ് പുറത്തിറക്കിയ ഫോക്‌ലോര്‍ - പാഠങ്ങള്‍, പഠനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നുള്ള ഈ ലേഖനം അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ ആമുഖം അദ്ദേഹം അയച്ചു തന്നിട്ടുള്ളത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. ഫലിത കഥകളില്‍ വലിയൊരു വിഭാഗം, ഏതെങ്കിലും ജാതിക്കാരെ അവരുടേതെന്നു പറയപ്പെടുന്ന വിഡ്ഢിത്തങ്ങളെ പരിഹസിക്കുന്നവയാണ്. എന്നാല്‍ ജാതി സമുദായങ്ങളെ മാത്രമല്ല സ്ഥലത്തെ/ദേശത്തെ കേന്ദ്രമാക്കിയുള്ള ഫലിത/വിഡ്ഢിത്ത കഥകളുമുണ്ട്. കോത്താഴം കഥകള്‍ എന്നറിയപ്പെടുന്ന നാടോടിക്കഥകള്‍ ഈ സംവര്ഗത്തില്പ്പെടുന്നു. എവിടെയാണ് കോത്താഴം? കേരളത്തിലാണ് എന്നെല്ലാവരും സമ്മതിച്ചേക്കും. പക്ഷേ കേരളത്തില്‍ എവിടെ? ചിലര്‍ കോത്താഴം കാട്ടിത്തരാന്‍ കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് വിരല്‍ ചൂണ്ടിയെന്നിരിക്കും. ഔദ്യോഗിക റിക്കോര്‍ഡുകളില്‍ കോത്താഴമൊന്നു സ്ഥലനാമം നാമൊരിക്കലും കണ്ടെത്തുകയില്ല. കോട്ടയത്തിന് കിഴക്ക് മണിമലയ്ക്കടുത്തുള്ള ചിറക്കടവാണ് കോത്താഴമെന്ന് പൊതുവേ പറഞ്ഞു വരുന്നു. ചിറക്കടവുകാര്തന്നെ തങ്ങളുടെ സ്ഥലമാണ് കോത്താഴമെന്നറിയപ്പെടുന്നത് എന്നു സമ്മതിക്കുന്നുണ്ട്. ചിറക്കടവിന്റെ സമീപസ്ഥലത്തുനിന്ന് വരുന്നുവെന്ന കാരണത്താലാവാം പ്രഥമകേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ.പി.ടി. ചാക്കോയെ അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി കോത്താഴത്ത് യാജ്ഞവല്ക്യന് എന്ന് അധിക്ഷേപിച്ച് വിളിച്ചത്.
കൂവത്താഴത്തിന്റെ വാമൊഴി ഭേദമാണ് കോത്താഴം എന്നൊരു നിരീക്ഷണമുണ്ട്. മണ്ടന്മാരുടെ നാടെന്നു പുകള്‍പെറ്റ ഗോറ്റ് ഹാം - Gotham- (ഇംഗ്ലണ്ടിലെ ഒരു സ്ഥലം) ആണ് കോത്താഴമായി രൂപാന്തരപ്പെട്ടതെന്നാണ് മറ്റൊരു നിരീക്ഷണം. ഇതു ശരിയാണെങ്കില്‍, ബ്രിട്ടീഷുകാര്‍ കേരളത്തില്‍ വേരുറപ്പിച്ചതിനു ശേഷം ഗോറ്റ്ഹാം കഥകള്‍ സ്ഥലവും കഥാപാത്രങ്ങളും മാറി ഇവിടെ പ്രചരിച്ചതാവണം.
കോത്താഴത്തിന്റെ പിന്നാമ്പുറക്കഥകള്‍ എന്തായിരുന്നാലും (കോത്താഴം ഒരു സാങ്കല്‍പ്പിക സ്ഥലമാണെങ്കില്പ്പോലും) വിഡ്ഢികളുടെ നാടാണ് അതെന്നും ഇവിടത്തെ ആള്‍ക്കാര്‍ക്ക് ധാരാളം വിഡ്ഢിത്തങ്ങള്‍ പിണഞ്ഞിട്ടുണ്ടെന്നും ഏവരും സമ്മതിക്കും; കോത്താഴത്തുകാര്‍ വരെ!
കോത്താഴത്തിനു സമാനമായ സ്ഥലങ്ങളായി മറ്റു പലയിടങ്ങളും പരികല്പ്പിക്കപ്പെടുന്നുണ്ട്. അതിലൊന്നാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു തെക്കുള്ള കുമ്മനോട് ഗ്രാമം. കുമ്മാട്ടോട്ടുകര ലോപിച്ച് കുമ്മനോടായിത്തീര്ന്നുവെന്നൊരു പ്രബലമായ നാട്ടറിവുണ്ട്. ഈ പ്രദേശത്തും അനുബന്ധസ്ഥലങ്ങളിലും പ്രചരിച്ചു വരുന്ന നാടോടിക്കഥകളില്‍ കുയെയേറെ കഥകള്‍ ഇവിടുത്തുകാര്‍ പമ്പര വിഡ്ഢികളാണെന്നു പ്രത്യക്ഷമായി വിളംബരം ചെയ്യുന്നവയാണ്; കോത്താഴം കഥകളിലെന്ന പോലെ.
വിത്തു വിതയ്ക്കുന്നയാളിന്റെ കാല്‍പ്പാടു പതിഞ്ഞ് പാടം വൃത്തികേടാവാതിരിക്കാന്‍ വേണ്ടി പല്ലക്കു പോലൊരു മഞ്ചം കെട്ടിയുണ്ടാക്കി നാലുപേര്‍ ചേര്‍ന്ന് വിതക്കാരനെ ചുമന്നുവെന്നൊരു കഥയുണ്ട്. നെല്ലിക്ക തിന്നതിനു ശേഷം കുടിച്ച വെള്ളത്തിന്റെ മാധുര്യത്തില്‍ മതി മറന്ന് വെള്ളമെടുത്ത കിണറിനെ കെട്ടിവലിച്ച് നാട്ടിലെത്തിക്കാന്‍ കുമ്മനോട്ടുകാര് ശ്രമിച്ചുവെന്നാണ് മറ്റൊരു കഥ. അടയ്ക്ക എറിഞ്ഞു വീഴ്ത്തിക്കൊണ്ടിരുന്ന കര്ഷകന്, പാള അടര്‍ന്നു വീണ് അടയ്ക്ക കാണാതായതിനെ തുടര്‍ന്ന് കാവുങ്ങില്‍ കയറി പാള മാറ്റിയശേഷം താഴെയിറങ്ങി ഏറു തുടങ്ങിയത്രേ. ചുരുട്ടിവെച്ച പായ നിവര്‍ത്താന്‍ വഴിയില്ലാതെ അതിന്റെ ഒരറ്റം ചവിട്ടിപ്പിടിച്ച് നിലത്തു വീണവരും ഇവിടുത്തുകാര്‍ തന്നെ. പാവല്‍ പടര്‍ത്തി വിടാന്‍ പരുവത്തിലുള്ള ചെടികളോ മരങ്ങളോ കാണാഞ്ഞ കര്ഷകന് അടുത്തു നിന്നിരുന്ന മുള വലിച്ചുതാഴ്ത്തി അതില്‍ പാവല്‍ ബന്ധിച്ചുവെന്നും പിടിവിട്ടപ്പോള് പാവല്‍ വേരോടെ പിഴുതു പോയെന്നും വേറൊരു കഥ.
ഈ കഥകള്‍ സാരമായ വ്യത്യാസങ്ങള്‍ കൂടാതെ കോത്താഴത്തുകാരെപ്പറ്റിയും പരിഹാസരൂപേണ പറഞ്ഞുവരുന്നു. കേരളത്തിലെ മറ്റിടങ്ങളെക്കുറിച്ചോ ജാതിസമുദായങ്ങളെക്കുറിച്ചോ ഈ കഥകള്‍ നിറം മാറി വന്നേക്കാം. എന്നാല്‍ കുമ്മനോട്ടുകാരെക്കുറിച്ച് ചുവടെ ചേര്‍ക്കുന്ന ആനക്കഥയ്ക്ക് പ്രഭേദങ്ങളോ സമാന്തരങ്ങളോ ഉള്ളതായി അറിവില്ല. ഈ കഥയുടെ കാര്യത്തില്‍ കുമ്മനോട്ടുകാര് മുഴുവനായും ഒറ്റ തിരിഞ്ഞു നില്ക്കുന്നുവെന്നു പറയാം.
ആനയെക്കൊന്നവര്
പാടത്തു വിളഞ്ഞു നിന്നിരുന്ന നെല്ല് നശിപ്പിക്കാന്‍ രാത്രിയില്‍ എത്തിയ ഒരു സാധനമാണ് ഈ അന്യാദൃശ്യതയുടെ മൂലം. നെല്ല് നശിക്കുന്നതെങ്ങനെയെന്ന് എത്ര തലപുകഞ്ഞിട്ടും നാട്ടുകാര്‍ക്കു മനസ്സിലായില്ല. വയലില്‍ ദൃശ്യമായ വട്ടത്തിലുള്ള അടയാളങ്ങള്‍ കണ്ടിട്ട് ഉരലും തെങ്ങും രാത്രി ഇറങ്ങി നടക്കുന്നതാണെന്ന സംശയം ബലപ്പെട്ടു. അതുകൊണ്ട് ഇവയെല്ലാം രാത്രിയില്‍ പിടിച്ചു കെട്ടിയിട്ടു. അപ്പോഴും വയലില്‍ വികൃതി തുടര്‍ന്നു. ഒടുവില്‍ നാട്ടുകാര്‍ എല്ലാവരും രാത്രിയില്‍ സംഘടിച്ച് ആയുധങ്ങളുമായി വയലില്‍ കാത്തിരുന്നു. പാതിരാത്രിയില്‍ വയലിലേയ്ക്ക് എന്തോ വരുന്നതായി തോന്നിയപ്പോള്‍ ഒന്നിച്ച് ആക്രമിച്ചു. വെളിച്ചത്തില്‍ നോക്കിയപ്പോഴാണ് വന്നത് കണ്ണുപൊട്ടനായ ഒരു ആനയായിരുന്നു എന്നും തങ്ങളുടെ ആക്രമണത്തില്‍ അത് കൊല്ലപ്പെട്ടുവെന്നും നാട്ടുകാര്‍ക്ക് മനസ്സിലായത്.
ഈ കഥയിലെ സംഭവം നടന്നയിടം എന്നു വിശ്വസിക്കപ്പെടുന്ന ചങ്ങലപ്പാടം ഇപ്പോഴുമുണ്ട്. കുമ്മനോട്ടുകാരെ ഇരുട്ടുകൊട്ടികള് എന്നു കളിയാക്കി വിളിക്കുന്നതിന്റെ സൂചനകള്‍ ഈ കഥയിലേക്കു നീളുന്നു. കുമ്മനോട്ടുള്ള ഏഴ് വീട്ടുകാര്‍ ചേര്‍ന്നാണ് ആനയുടെ ശവം വെട്ടിമുറിച്ച് പങ്കിട്ടെടുത്ത് മറവു ചെയ്തത് എന്നാണ് വിശ്വാസം.
മസ്തകം, കണ്ണ്, എല്ല്, വാല്, പല്ല് എന്നീ ഭാഗങ്ങള്‍ യഥാക്രമം മഠത്തില്‍, കണിയത്താന്, എമ്പാശേരി, വാത്യാപറമ്പന്, പനയഞ്ചേരി എന്നീ നായര്‍ തറവാട്ടുകാര് എടുത്തു. നടുഭാഗം, പൃഷ്ടഭാഗം എന്നിവ നാടുവാണി എന്ന ഈഴവ കുടുംബത്തിനും കഴിമുണ്ട എന്ന വിശ്വകര്‍മ്മ വീട്ടുകാര്‍ക്കും ലഭിച്ചു. ഇതിലെ നാടുവാണി കുടുംബം ഇന്നില്ല. അവര്‍ എവിടേക്കു പോയെന്ന് നാട്ടുകാര്‍ക്ക് അറിവില്ല.
കുമ്മനോട്ടുകാര് കൊന്ന കണ്ണുപൊട്ടനായ ആന ഇടപ്പള്ളി കോവിലകത്തേതാണെന്ന് അറിയാമായിരുന്ന അങ്കമാലി പടപ്പുമനയിലെ ഒരു നമ്പൂതിരി വിവരങ്ങള്‍ അറിഞ്ഞ് കുമ്മനോടിന്റെ അധികാരം കൈക്കലാക്കാനായി ഇടപ്പള്ളി രാജാവിനെ സമീപിച്ചു. അന്ധനായ ഒരു ആനയെ ദാനമായി ആവശ്യപ്പെട്ടു. ആന ചരിഞ്ഞ വിവരമൊന്നും അറിയാതിരുന്ന രാജാവ് ആനയുടെ അവകാശത്തിന്റെ ചിഹ്നമായ തോട്ടി നമ്പൂതിരിക്കു നല്കിയത്രേ. ഇതുമായി കുമ്മനോട്ടെത്തിയ നമ്പൂതിരിയെ നേരിടാന്‍, തങ്ങളുടെ തടിയും നിലവും മറ്റും സംരക്ഷിക്കാന്‍ കുമ്മനോട്ടുകാര് വിഡ്ഢിവേഷം കെട്ടാന്‍ തീരുമാനിച്ചു. ഇങ്ങനെയാണ് ഇരുട്ടെന്നു വിചാരിച്ച് ആനയെക്കൊന്നുവെന്ന കഥ അവര്‍തന്നെ പറഞ്ഞു പരത്തിയത്. തങ്ങളുടെ വിഡ്ഢിത്തം ഊട്ടിയുറപ്പിക്കാനായി കോത്താഴം കഥകള്‍ക്ക് രൂപാന്തരം നല്കി അതിലെ കഥാപാത്രങ്ങളായി അവര്‍ സ്വയം അവരോധിച്ചു.
എന്നാല്‍ ഈ തന്ത്രം പൂര്‍ണമായി ഫലിച്ചില്ല. ആനയെക്കൊന്നതിന്റെ നഷ്ടപരിഹാരമായി ഏതാനും കുടുംബങ്ങളുടെ വസ്തുവിന്റെ ആധാരങ്ങള്‍ നമ്പൂതിരി പിടിച്ചെടുത്തു. ഒപ്പം നാട്ടിലെ ദേവീ ക്ഷേത്രത്തിന്റെ ഊരാണ്മയും അദ്ദേഹത്തിനു വന്നു ചേര്‍ന്നു. ഇന്നും ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം അങ്കമാലി പടപ്പുമനയ്ക്കാണ്. നടത്തിപ്പ് എന്‍.എസ്.എസ്. കരയോഗത്തിനും.
കഥയും ചരിത്രവും
ചരിത്രം അതേപടി പേറുന്നവയല്ല നാടോടിക്കഥകള്‍. ചരിത്രാംശങ്ങളുള്ള നാടോടിക്കഥകള്‍ ഉണ്ടാവാം എന്നു മാത്രം. എന്നാല്‍ പൂര്‍ണമായും ചരിത്രസത്യമെന്ന നിലയിലാണ് ഇവിടെ സൂചിപ്പിച്ച കഥയെ ജനങ്ങളുടെ കൂട്ടായ്മ പരിഗണിക്കുന്നത്. ഗോറ്റ് ഹാം കഥകളും തദ്ദേശീയര്‍ തന്നെ പ്രചരിപ്പിച്ചവയാണെന്നു കരുതപ്പെടുന്നു. അന്നത്തെ നിയമമനുസരിച്ച് രാജാവ് ഒരു പ്രദേശത്തു കൂടി കടന്നുപോയാല്‍ അവിടം കൊട്ടാരം വകയായി മാറും. ഒരിക്കല്‍ രാജാവ് ഗോറ്റ്ഹാം വഴി സഞ്ചരിക്കുന്നതായി അറിയിപ്പുണ്ടായി. തങ്ങളുടെ സ്ഥലം സംരക്ഷിക്കാനായി ഗോറ്റ്ഹാം നിവാസികള്‍, രാജാവിന്റെ യാത്രയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ വന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ വിഡ്ഢികളോ അരക്കിറുക്കന്മാരോ ആയി അഭിനയിച്ചുവത്രേ! വിഡ്ഢികളുടെ നാട്ടിലൂടെയുള്ള യാത്ര രാജാവ് ഒഴിവാക്കുകയും ചെയ്തു.
ഇതിനു സമാന്തരമായ ഒരു കഥാപാഠത്തില്‍ തങ്ങളുടെ നാട്ടില്‍ കൊട്ടാരം നിര്‍മ്മിക്കാനൊരുങ്ങിയ രാജാവിനെ പറ്റിക്കാനായിരുന്നത്രേ ഈ തന്ത്രം. എന്തായാലും ഗോറ്റ്ഹാംകാരുടെ മണ്ടത്തരങ്ങള്‍ക്ക് പിന്നീട് പ്രചാരം ലഭിക്കുകയും അതു മായ്ച്ചു കളയാനാവാത്ത വിധം ജനമനസ്സില്‍ ആഴ്ന്നിറങ്ങുകയും ചെയ്തു.
ഇതേ ഘടനയും അടിസ്ഥാന മോട്ടിഫുകളും തന്നെയാണ് കുമ്മനോടന്‍ കഥയിലും തെളിഞ്ഞു നില്‍ക്കുന്നത്. മനുഷ്യനിര്‍മ്മിതമായ അധികാര ബന്ധങ്ങളെ അതിവര്‍ത്തിക്കുന്ന ഭ്രാന്തിലും വിഡ്ഢിത്തത്തിലും അഭയം തേടുക വഴി ഭരണവര്‍ഗത്തോടുള്ള കലഹത്തിന്റെ ജ്ഞാനമാതൃകകള്‍ നിര്‍മ്മിച്ചെടുക്കുകയാണ് ഈ രണ്ടു കഥാസംഭവങ്ങളും. അടുത്ത കാലംവരെ ഭ്രാന്തും വിഡ്ഢിത്തവും താരതമ്യേന വ്യവച്ഛേദിച്ചറിയാനാവാത്ത അവസ്ഥകളായിരുന്നുവെന്ന മിഷേല്‍ ഫൂക്കോയുടെ നിരീക്ഷണം ഏറെ പ്രസക്തമാണിവിടെ. One Flew Over the Cuckoos Nest എന്ന നോവലിലും സിനിമയിലും ബധിരനും മൂകനുമായിനടിക്കുന്ന ചീഫ് ബ്രോംഡന് എന്ന റെഡ് ഇന്ത്യന്‍ കീഴാളന് എങ്ങനെയാണ് അധികാരത്തിന്റെ പിടിയില്‍ നിന്ന് നായകനെ രക്ഷിക്കുന്നതെന്നും (അതു മരണത്തിലേക്കായാല്പ്പോലും) സ്വയം സ്വതന്ത്ര്യം പ്രാപിക്കുന്നതെന്നും ചേര്‍ത്ത് ആലോചിക്കാവുന്നതാണ്.
പൊതുവെ കീഴാളത്തം അനുഭവിച്ചവരെ ചുറ്റിപ്പറ്റിയുള്ളതാണ് കുമ്മനോടന്‍ കഥ. ഇവര്‍ക്കു മേലെയാണ് പടപ്പ് മനയിലെ നമ്പൂതിരി അധികാരം സ്ഥാപിക്കുന്നത്. എല്ലാ സ്വത്തുക്കള്‍ക്കും ഉടമകളായിരുന്ന ആദിമജനതയെ ബ്രാഹ്മണന് കുടില തന്ത്രങ്ങളിലൂടെ കീഴ്പ്പെടുത്തി നാട്ടുകാര്‍ക്കുമേല്‍ അധികാരം നേടിയെന്ന ചരിത്രത്തിന്റെ / വിശ്വാസത്തിന്റെ മാതൃകയായി ഈ കഥയെയും പരിഗണിക്കാം.
കുമ്മനോട് ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അവകാശിയായ പടപ്പ് മനയില്‍ പരമേശ്വരന് നമ്പൂതിരി ആനയെക്കൊന്ന കഥ കേട്ടിട്ടുണ്ട്. കാരണവന്മാരില്നിന്ന് പകര്‍ന്നു കിട്ടിയതാണത്. എന്നാല്‍ അദ്ദേഹത്തിനു പാരമ്പര്യമായി ലഭിച്ച കഥയില്‍ പടപ്പുമനയിലെ പഴയ നമ്പൂതിരി കുമ്മനോട്ടുകാരുടെ മേല്‍ അധികാരം നേടുന്ന കഥാഭാഗങ്ങളില്ല. നാട്ടുകാര്‍ പറയുന്ന കഥയില്‍ അങ്ങനെയൊരു ഭാഗം ഉണ്ടെന്നു സൂചിപ്പിക്കുമ്പോള്‍ അത് ഐക്കരനാട്ടിലെ തുരുത്തുക്കാട് എന്നറിയപ്പെട്ടിരുന്ന പടപ്പ് മനയെക്കുറിച്ചാവാനേ തരമുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആഖ്യാനങ്ങള്‍ കേവല ആഖ്യാനങ്ങളല്ല, അതിന്റെ പിന്നിലും രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നുണ്ട്.
Jumat, 09 September 2011
കുന്ദലതയും കുട്ട്യോളം..!

അഴകത്ത് പത്മനാഭപിള്ളയുടെ രാമചന്ദ്രവിലാസം എന്ന അമൂല്യകൃതി ഡിജിറ്റലൈസ് ചെയ്തതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത് ഓര്‍ക്കുന്നുണ്ടാകുമല്ലോ..? ഇതാ, വയനാട്ടില്‍ നിന്നും കുറേ 'അണ്ണാരക്കണ്ണന്മാര്‍'വിക്കിഗ്രന്ഥശാലയിലേക്ക് മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടി രചിച്ച കുന്ദലത (നോവല്‍, 1887) എന്ന ഗ്രന്ഥം സംഭാവന ചെയ്യുന്നു.വയനാട്ടിലെ കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ ഐ.റ്റിക്ലബ്ബ് അംഗങ്ങള്‍ കഴിഞ്ഞ ഒരു മാസക്കാലത്തെപ്രവര്‍ത്തനത്തിലൂടെ ഈ ഗ്രന്ഥംമുഴുവന്‍ ടൈപ്പ് ചെയ്ത്പൂര്‍ത്തിയാക്കിയിരിക്കുകയാണ്.കേരളവര്‍മ്മ, ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള, മൂര്‍ക്കോത്ത് കുമാരന്‍, എം.പി. പോള്‍, ഉള്ളൂര്‍ തുടങ്ങിയവര്‍ മലയാളത്തിലെ ആദ്യത്തെ നോവലായാണ് കുന്ദലതയെ പരിഗണിക്കുന്നത്. 120 തോളം പേജുള്ള ഈ അമൂല്യ പുസ്തകം ഇക്കഴിഞ്ഞ തിരുവോണദിവസം വിക്കിയിലെത്തിയതോടെ ലോകം മുഴുവനുള്ള ഭാഷാസ്നേഹികള്‍ക്ക് കുന്ദലത വായിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.
നയന ജോര്‍ജ്, ക്രിസ്റ്റി ജോയി, ജിത്ത്യ സതീഷ്, മിനു ചന്ദ്രന്‍, ലിറ്റി മോള്‍ ജോര്‍ജ്, ശീതള്‍ റോസ് മാത്യു, ആഗിന്‍ മരിയ ജോണ്‍സണ്‍, അമൃത ജയന്‍, ഡാലിയ കുരിയന്‍, ശ്രുതി റ്റി. എസ്, അരുണിമ അലക്ക്സ്, ജോസ്ന ടോമി, എയ്ഞ്ചൽ അന്റണി, ആതിര എം.എസ്, ജാസ്മിന്‍ ഐ. എം, ആര്യ അനിൽ, സുധ കെ.പി, ജെസ്ന ജെയിസണ്‍, അര്‍ച്ചന ലക്ഷമണന്‍, ഷാഫ്രന്‍ ജോസഫ്, അനു മോള്‍, സംഗീത കെ.എസ്, ആദിത്യാ രാജന്‍, നീതു ബാബുരാജ്, ജെസ്ലിന്‍ സജി എന്നീ വിദ്യാര്‍ഥികളാണ് ഈ പദ്ധതി വിജയ്പ്പിക്കാന്‍ ഉത്സാഹിച്ചത്. ഏകോപനം നിര്‍വ്വഹിച്ചത് മധുമാസ്റ്ററാണ്.
Jumat, 10 Juni 2011
ഐതിഹ്യമാല ഡിജിറ്റല്‍ രൂപത്തില്‍..!

നമ്മുടെ പുരാതന കേരളത്തിന്റെ ഐതിഹ്യങ്ങള്‍ പ്രതിപാദിക്കുന്ന ഐതിഹ്യമാലയെക്കുറിച്ച് മുമ്പൊരിക്കല്‍ രാമനുണ്ണിമാഷ് എഴുതിയ ഒരു പോസ്റ്റ് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ..? കൂട്ടായ്മയിലൂടെ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന വിക്കി സംരംഭത്തിലൂടെ ഇതിനൊരു ഡിജിറ്റല്‍ ഭാഷ്യം രചിച്ചിരിക്കുകയാണ് നിസ്വാര്‍ത്ഥരായ ഒരു കൂട്ടം സുമനസ്സുകള്‍..! മണ്‍മറഞ്ഞുപോകുന്ന നമ്മുടെ പുരാതന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് ശക്തിപകരാന്‍ ഇത്തരം സംരംഭങ്ങള്‍ എത്രമാത്രമാണ് സഹായകമാകുന്നതെന്ന് പറയേണ്ടതില്ലല്ലോ..!
ഒരു കൂട്ടം മലയാള ഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല പ്രോജക്റ്റിന്റെ യൂണീക്കോഡ് ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വിക്കിഗ്രന്ഥശാലയില്‍ ഓണ്‍
ആദ്യപതിപ്പ്
ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി
ഉറവിടം
പങ്കാളി(കൾ)
ആത്മ, ജെറിൻ ഫിലിപ്പ്, കുഞ്ഞൻസ്, കല്യാണി, മനോജ്. കെ, മലയാളം ഇ ബുക്ക് ടീം ജയ്ദീപ് ജോൺ റോഡ്രിഗ്സ്, കണ്ണൻ ഷൺമുഖം, സനൽ ശശിധരൻ, അൻവർ വടക്കൻ, വെള്ളെഴുത്ത്, അനീഷ് എൻ.എൽ., അഫ്താബ് ഷെയ്ഖ്, നിരക്ഷരൻ, ശ്യാം കുമാർ, വിനേഷ് പുഷ്പർജ്ജുനൻ, ജിഷ്ണു മോഹൻ, നിഷാന്ത്, അഖിലൻ എസ്. ഉണ്ണിത്താൻ, സജി നെടിയഞ്ചത്ത്, കുര്യൻ, എ.പി. ബാലകൃഷ്ണൻ,സൂര്യഗായത്രി
98%
കുറിപ്പുകൾ
സംശോധകർ
വിക്കിഗ്രന്ഥശാല
Rabu, 09 Februari 2011
മലയാളം പരീക്ഷയെ നേരിടാം..............പേടിയില്ലാതെ !!!

പരീക്ഷാ ഹാളിലേക്ക് നടന്നെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമല്ലേയുള്ളൂ. ആദ്യമായി പൊതുപരീക്ഷയെഴുതുവാന്‍ പോകയല്ലേ. അങ്കലാപ്പ് നിസ്സാരമല്ലെന്നറിയാം. എന്താണ് ചോദിക്കുക?. എങ്ങനെയാണ് ഉത്തരമെഴുതുക?. ഇതിനിടെ പഠിച്ചു തീര്‍ക്കാന്‍ എത്ര വിഷയങ്ങളാണുള്ളത്. ഓരോന്നും ഓരോ തരമാണ്. മലയാളം പോലെയല്ല ഇംഗ്ലീഷും ഹിന്ദിയും. ഇവയൊന്നും പോലെയല്ല കണക്കും സയന്‍സും. സോഷ്യല്‍ സയന്‍സ് മറ്റൊരു വഴി. ആകെക്കൂടി ഒരു കുഴമറിച്ചിലാണ്. ചോദ്യങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കുമെന്നും ഉത്തരമെഴുതേണ്ടത് എങ്ങനെയാണെന്നും ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കില്‍ ആശ്വാസമായേനെ. അല്ലേ.......... തുടക്കം നന്നായാല്‍ മറ്റെല്ലാം നന്നാവുമെന്നല്ലേ കാരണവന്മാര്‍ പറയാറ്. ആദ്യപരീക്ഷയായ മലയാളത്തെക്കുറിച്ച് കുറച്ചു കാര്യങ്ങളറിഞ്ഞാല്‍ നല്ലതല്ലേ. നമുക്ക് ഒന്നു ശ്രമിച്ചാലോ. മലയാളം പരീക്ഷയുടെ റിവിഷന്‍ നടത്തേണ്ടതെങ്ങനെയെന്നതിനെക്കുറിച്ച് വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ മലയാളം അധ്യാപകനും സംസ്ഥാന റിസോഴ്സ് ഗ്രൂപ്പില്‍ അംഗവുമായ ജോസ് ഫിലിപ്പ് സാര്‍ തയ്യാറാക്കിയ ലേഖനം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണം ചെയ്യും. വര്‍ഷങ്ങളായി പാഠപുസ്തകത്തിന്റേയും അധ്യാപകസഹായിയുടേയും ചോദ്യപേപ്പറുകളുടേയുമൊക്കെ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നയാളാണ് അദ്ദേഹം. താഴെയുള്ള ലിങ്കില്‍ അദ്ദേഹം തയ്യാറാക്കിയ ഒരു മാതൃകാ ചോദ്യപേപ്പറും നല്‍കിയിട്ടുണ്ട്.
ഓരോ പാഠവും ആവര്‍ത്തിച്ച് പഠിക്കുന്നതിനേക്കാള്‍ കുറച്ചുകൂടി എളുപ്പമല്ലേ സമാന സ്വഭാവമുള്ള പാഠങ്ങള്‍ താരതമ്യപ്പെടുത്തി പഠിക്കുന്നത്. ഒന്നു പരീക്ഷിച്ചാലോ. രാവണന്‍, മൂന്നു പണ്ഡിതന്മാര്‍, മഗ്ദലന മറിയം, ജോഗി, ഇന്ദ്രദ്യുമ്‌നന്‍ എന്നിവരെല്ലാം ആപത്തില്‍ പെട്ടവരല്ലേ. ഒന്നു താരതമ്യപ്പെടുത്തി നോക്കൂ. ആരോടെല്ലാമാണ് നമുക്ക് അനുകമ്പ തോന്നുന്നത്.? ആരോടെല്ലാം ദേഷ്യം തോന്നുന്നു.? മരണത്തെ മുന്നില്‍കാണുന്ന ജോഗിയുടെയും, ഇന്ദ്രദ്യുമ്‌നന്റെയും പ്രതികരണങ്ങളെങ്ങനെയാണ് ? സമാനമായ അവസ്ഥയില്‍ പെട്ട രാവണനോ ? ഒന്നു കുറിച്ചു നോക്കുക. ജോഗിയെയും മഗ്ദലനമറിയത്തെയും അപകടത്തില്‍ പെടുത്തിയതാരാണ്?
കാവലും ലോകാവസാനവും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കൂ.? അവതരണരീതി, ഭാഷ, കഥാപാത്രങ്ങള്‍, പ്രമേയം എന്നിവയില്‍ സാമ്യമുണ്ടോ? മുണ്ടശ്ശേരിയുടെ ഹിമാലയവും, അഴീക്കോടിന്റെ ഹിമാലയവും ഒന്നാണോ.? വിന്ധ്യഹിമാലയങ്ങള്‍ക്കിടയില്‍, അന്നത്തെ നാടകം, പിന്‍നിലാവില്‍ എന്നിവ അനുഭവക്കുറിപ്പുകളാണ്. ആദ്യത്തേത് യാത്രാനുഭവക്കുറിപ്പ്. മറ്റു രണ്ടും ജീവിതാനുഭവ കുറിപ്പകള്‍. ഇവ ഏതെല്ലാം കാര്യങ്ങളിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്.?
അന്നും ഇന്നും പഴയ കാലത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്ന കവിതയാണ്. ഓര്‍മ്മയുടെ മാധുര്യത്തില്‍ പഴയതിന്റെ തുടര്‍ച്ചയായി തന്റെ ജീവിതം തുടരണമെന്ന് ആഗ്രഹിക്കുന്ന നളിനിയുടെ ചിന്തകളും വാക്കുകളുമാണ്. പഴയകാലം തെറ്റായിരുന്നു,അതൊരിക്കലും തിരിച്ചുവരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്ന മഗ്ദലന മറിയത്തെയാണ് നാം കാണുന്നത്. മൂന്നു കവിതകളും താരതമ്യപ്പെടുത്തിയാല്‍ എളുപ്പമാവില്ലേ. നമ്മുടെ ജീവിതത്തിലും ഈ മൂന്നു കാര്യങ്ങളല്ലേയുള്ളൂ. അഭിമാനം തോന്നുന്ന ഇന്നലെകള്‍.! ആവര്‍ത്തിക്കണമെന്നാഗ്രഹിക്കുന്ന ഇന്നെലകള്‍ !. ഒരിക്കലും ആവര്‍ത്തിക്കരുതെന്നാഗ്രഹിക്കുന്ന ഇന്നലെകള്‍.!.
മൂന്നു പണ്ഡിതന്മാരിലെ വിദൂഷകനും, അന്നത്തെ നാടകത്തിലെ വിദൂഷകനും തമ്മില്‍ ഒന്നു താരതമ്യപ്പെടുത്തിയാല്‍ പോരേ നാടകവേദിയുടെ വളര്‍ച്ചയും വികാസവും ബോധ്യപ്പെടാന്‍? എഴുത്തച്ഛന്‍, എം ആര്‍ ബി, വിതയ്ക്കാം മാനവികതയുടെ വിത്തുകള്‍ എന്നിവ ഒരുമിച്ചു വിലയിരുത്തിയാല്‍ പഠിക്കാനും ഓര്‍ത്തിരിക്കാനും എളുപ്പമാവും.
പുതപ്പാട്ടിലെ പൂതവും, കലിയും തമ്മില്‍ ഏതെല്ലാം കാര്യങ്ങളിലാണ് സാമ്യമുള്ളത് ?. പൂതവും കലിയും മൂന്നു പണ്ഡിതന്മാരും ചേര്‍ന്നാണോ പഥികന്റെ പാട്ടിലെ അവസ്ഥ നാട്ടിലുണ്ടാക്കിയത്? ഈ അവസ്ഥയില്‍ നിന്ന് രക്ഷനേടാന്‍ വിഷുക്കണിയിലെ സന്ദേശം നമ്മെ സഹായിക്കുമോ? വിഷുക്കണിയും ഗജേന്ദ്രമോക്ഷവും തമ്മില്‍ എന്താണ് ബന്ധം? ഗജേന്ദ്രമോക്ഷം എങ്ങനെയാണ് ആധുനിക കവിതയായത്. പരിസ്ഥിതിക്കവിതയെന്ന നിലയില്‍ അതിനെ വിലയിരുത്താന്‍ കഴിയുമോ ?
നോവലിന്റെ ചരിത്രവും കവിതയുടെ ചരിത്രവും തമ്മില്‍ താരതമ്യപ്പെടുത്താനാവുമോ. ഇനി ബാക്കി രണ്ടു മൂന്നു പാഠങ്ങളല്ലേയുള്ളൂ. ചന്ദനം നേരായിത്തീര്‍ന്ന കിനാവുകള്‍, വെണ്ണക്കല്ലിന്റെ കഥ, പ്രലോഭനം, മേഘരൂപന്‍, എന്നിവ. പാഠങ്ങള്‍ ശരിയായി മനസ്സിലാക്കിയ ശേഷം ഈ രീതിയില്‍ റിവിഷന്‍ നടത്തിയാല്‍ പരീക്ഷ വളരെയെളുപ്പമാകും. ശ്രമിച്ചു നോക്കൂ. പാഠങ്ങള്‍ കൃത്യമായി ഓര്‍ത്തിരിക്കാനും വ്യത്യസ്ത സാഹചര്യങ്ങളില്‍ അനുയോജ്യമായ വിധത്തില്‍ ഉപയോഗിക്കാനും ഈ രീതി പ്രയോജനപ്പെട്ടേക്കും. ഇനിയൊരു ചോദ്യപേപ്പര്‍ മാതൃക കൂടിയാവാം അല്ലേ.! താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ.
Click here to download the steps to answer a question
Click here to download the SSLC Malayalam Model Question Paper
Langganan:
Postingan (Atom)
