നാടോടിക്കഥകള്കൊണ്ട് സമ്പന്നമാണ് ഓരോ ജനസാമാന്യവും. വിഷയംകൊണ്ടും ആഖ്യാനരീതികൊണ്ടും ഭാവതലംകൊണ്ടുമൊക്കെ നാട്ടുകഥകളില്‍ വ്യത്യസ്തതകളുടെ തുരുത്തുകളുണ്ടാവുന്നു. നാടോടിക്കഥകളിലെ ഒരു സവിശേഷ ഇനമാണ് ഫലിതകഥ. ലൗകിക കഥകള്‍ എന്ന നാടോടിക്കഥാവിഭാഗത്തില് ഉള്‍പ്പെടുത്താവുന്ന ഫലിത കഥകള്‍ പല തരത്തിലുണ്ട്. നിര്‍ദോഷ ഫലിതകഥ, ആക്ഷേപ രീതിയിലുള്ള കഥ എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്. ആലുവ യു.സി.കോളജിലെ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറും പ്രമുഖ ഫോക് ലോര്‍ പണ്ഡിതനുമായ ഡോ.അജു നാരായണന് എഴുതിയ രസകരമായ അന്വേഷണത്തിലേക്ക് നമുക്ക് കണ്ണോടിക്കാം. എന്‍.ബി.എസ് പുറത്തിറക്കിയ ഫോക്ലോര് - പാഠങ്ങള്‍, പഠനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നുള്ള ഈ ലേഖനം അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ ആമുഖം അദ്ദേഹം അയച്ചു തന്നിട്ടുള്ളത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. ഫലിത കഥകളില്‍ വലിയൊരു വിഭാഗം, ഏതെങ്കിലും ജാതിക്കാരെ അവരുടേതെന്നു പറയപ്പെടുന്ന വിഡ്ഢിത്തങ്ങളെ പരിഹസിക്കുന്നവയാണ്. എന്നാല്‍ ജാതി സമുദായങ്ങളെ മാത്രമല്ല സ്ഥലത്തെ/ദേശത്തെ കേന്ദ്രമാക്കിയുള്ള ഫലിത/വിഡ്ഢിത്ത കഥകളുമുണ്ട്. കോത്താഴം കഥകള്‍ എന്നറിയപ്പെടുന്ന നാടോടിക്കഥകള്‍ ഈ സംവര്ഗത്തില്പ്പെടുന്നു. എവിടെയാണ് കോത്താഴം? കേരളത്തിലാണ് എന്നെല്ലാവരും സമ്മതിച്ചേക്കും. പക്ഷേ കേരളത്തില്‍ എവിടെ? ചിലര്‍ കോത്താഴം കാട്ടിത്തരാന്‍ കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് വിരല്‍ ചൂണ്ടിയെന്നിരിക്കും. ഔദ്യോഗിക റിക്കോര്‍ഡുകളില്‍ കോത്താഴമൊന്നു സ്ഥലനാമം നാമൊരിക്കലും കണ്ടെത്തുകയില്ല.
കോട്ടയത്തിന് കിഴക്ക് മണിമലയ്ക്കടുത്തുള്ള ചിറക്കടവാണ് കോത്താഴമെന്ന് പൊതുവേ പറഞ്ഞു വരുന്നു. ചിറക്കടവുകാര്തന്നെ തങ്ങളുടെ സ്ഥലമാണ് കോത്താഴമെന്നറിയപ്പെടുന്നത് എന്നു സമ്മതിക്കുന്നുണ്ട്. ചിറക്കടവിന്റെ സമീപസ്ഥലത്തുനിന്ന് വരുന്നുവെന്ന കാരണത്താലാവാം പ്രഥമകേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ.പി.ടി. ചാക്കോയെ അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി കോത്താഴത്ത് യാജ്ഞവല്ക്യന് എന്ന് അധിക്ഷേപിച്ച് വിളിച്ചത്.
കൂവത്താഴത്തിന്റെ വാമൊഴി ഭേദമാണ് കോത്താഴം എന്നൊരു നിരീക്ഷണമുണ്ട്. മണ്ടന്മാരുടെ നാടെന്നു പുകള്‍പെറ്റ ഗോറ്റ് ഹാം - Gotham- (ഇംഗ്ലണ്ടിലെ ഒരു സ്ഥലം) ആണ് കോത്താഴമായി രൂപാന്തരപ്പെട്ടതെന്നാണ് മറ്റൊരു നിരീക്ഷണം. ഇതു ശരിയാണെങ്കില്‍, ബ്രിട്ടീഷുകാര്‍ കേരളത്തില്‍ വേരുറപ്പിച്ചതിനു ശേഷം ഗോറ്റ്ഹാം കഥകള്‍ സ്ഥലവും കഥാപാത്രങ്ങളും മാറി ഇവിടെ പ്രചരിച്ചതാവണം.
കോത്താഴത്തിന്റെ പിന്നാമ്പുറക്കഥകള്‍ എന്തായിരുന്നാലും (കോത്താഴം ഒരു സാങ്കല്‍പ്പിക സ്ഥലമാണെങ്കില്പ്പോലും) വിഡ്ഢികളുടെ നാടാണ് അതെന്നും ഇവിടത്തെ ആള്‍ക്കാര്‍ക്ക് ധാരാളം വിഡ്ഢിത്തങ്ങള്‍ പിണഞ്ഞിട്ടുണ്ടെന്നും ഏവരും സമ്മതിക്കും; കോത്താഴത്തുകാര്‍ വരെ!
കോത്താഴത്തിനു സമാനമായ സ്ഥലങ്ങളായി മറ്റു പലയിടങ്ങളും പരികല്പ്പിക്കപ്പെടുന്നുണ്ട്. അതിലൊന്നാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു തെക്കുള്ള കുമ്മനോട് ഗ്രാമം. കുമ്മാട്ടോട്ടുകര ലോപിച്ച് കുമ്മനോടായിത്തീര്ന്നുവെന്നൊരു പ്രബലമായ നാട്ടറിവുണ്ട്. ഈ പ്രദേശത്തും അനുബന്ധസ്ഥലങ്ങളിലും പ്രചരിച്ചു വരുന്ന നാടോടിക്കഥകളില്‍ കുയെയേറെ കഥകള്‍ ഇവിടുത്തുകാര്‍ പമ്പര വിഡ്ഢികളാണെന്നു പ്രത്യക്ഷമായി വിളംബരം ചെയ്യുന്നവയാണ്; കോത്താഴം കഥകളിലെന്ന പോലെ.
വിത്തു വിതയ്ക്കുന്നയാളിന്റെ കാല്‍പ്പാടു പതിഞ്ഞ് പാടം വൃത്തികേടാവാതിരിക്കാന്‍ വേണ്ടി പല്ലക്കു പോലൊരു മഞ്ചം കെട്ടിയുണ്ടാക്കി നാലുപേര്‍ ചേര്‍ന്ന് വിതക്കാരനെ ചുമന്നുവെന്നൊരു കഥയുണ്ട്. നെല്ലിക്ക തിന്നതിനു ശേഷം കുടിച്ച വെള്ളത്തിന്റെ മാധുര്യത്തില്‍ മതി മറന്ന് വെള്ളമെടുത്ത കിണറിനെ കെട്ടിവലിച്ച് നാട്ടിലെത്തിക്കാന്‍ കുമ്മനോട്ടുകാര് ശ്രമിച്ചുവെന്നാണ് മറ്റൊരു കഥ. അടയ്ക്ക എറിഞ്ഞു വീഴ്ത്തിക്കൊണ്ടിരുന്ന കര്ഷകന്, പാള അടര്‍ന്നു വീണ് അടയ്ക്ക കാണാതായതിനെ തുടര്‍ന്ന് കാവുങ്ങില്‍ കയറി പാള മാറ്റിയശേഷം താഴെയിറങ്ങി ഏറു തുടങ്ങിയത്രേ. ചുരുട്ടിവെച്ച പായ നിവര്‍ത്താന്‍ വഴിയില്ലാതെ അതിന്റെ ഒരറ്റം ചവിട്ടിപ്പിടിച്ച് നിലത്തു വീണവരും ഇവിടുത്തുകാര്‍ തന്നെ. പാവല്‍ പടര്‍ത്തി വിടാന്‍ പരുവത്തിലുള്ള ചെടികളോ മരങ്ങളോ കാണാഞ്ഞ കര്ഷകന് അടുത്തു നിന്നിരുന്ന മുള വലിച്ചുതാഴ്ത്തി അതില്‍ പാവല്‍ ബന്ധിച്ചുവെന്നും പിടിവിട്ടപ്പോള് പാവല്‍ വേരോടെ പിഴുതു പോയെന്നും വേറൊരു കഥ.
ഈ കഥകള്‍ സാരമായ വ്യത്യാസങ്ങള്‍ കൂടാതെ കോത്താഴത്തുകാരെപ്പറ്റിയും പരിഹാസരൂപേണ പറഞ്ഞുവരുന്നു. കേരളത്തിലെ മറ്റിടങ്ങളെക്കുറിച്ചോ ജാതിസമുദായങ്ങളെക്കുറിച്ചോ ഈ കഥകള്‍ നിറം മാറി വന്നേക്കാം. എന്നാല്‍ കുമ്മനോട്ടുകാരെക്കുറിച്ച് ചുവടെ ചേര്‍ക്കുന്ന ആനക്കഥയ്ക്ക് പ്രഭേദങ്ങളോ സമാന്തരങ്ങളോ ഉള്ളതായി അറിവില്ല. ഈ കഥയുടെ കാര്യത്തില്‍ കുമ്മനോട്ടുകാര് മുഴുവനായും ഒറ്റ തിരിഞ്ഞു നില്ക്കുന്നുവെന്നു പറയാം.
ആനയെക്കൊന്നവര്
പാടത്തു വിളഞ്ഞു നിന്നിരുന്ന നെല്ല് നശിപ്പിക്കാന്‍ രാത്രിയില്‍ എത്തിയ ഒരു സാധനമാണ് ഈ അന്യാദൃശ്യതയുടെ മൂലം. നെല്ല് നശിക്കുന്നതെങ്ങനെയെന്ന് എത്ര തലപുകഞ്ഞിട്ടും നാട്ടുകാര്‍ക്കു മനസ്സിലായില്ല. വയലില്‍ ദൃശ്യമായ വട്ടത്തിലുള്ള അടയാളങ്ങള്‍ കണ്ടിട്ട് ഉരലും തെങ്ങും രാത്രി ഇറങ്ങി നടക്കുന്നതാണെന്ന സംശയം ബലപ്പെട്ടു. അതുകൊണ്ട് ഇവയെല്ലാം രാത്രിയില്‍ പിടിച്ചു കെട്ടിയിട്ടു. അപ്പോഴും വയലില്‍ വികൃതി തുടര്‍ന്നു. ഒടുവില്‍ നാട്ടുകാര്‍ എല്ലാവരും രാത്രിയില്‍ സംഘടിച്ച് ആയുധങ്ങളുമായി വയലില്‍ കാത്തിരുന്നു. പാതിരാത്രിയില്‍ വയലിലേയ്ക്ക് എന്തോ വരുന്നതായി തോന്നിയപ്പോള്‍ ഒന്നിച്ച് ആക്രമിച്ചു. വെളിച്ചത്തില്‍ നോക്കിയപ്പോഴാണ് വന്നത് കണ്ണുപൊട്ടനായ ഒരു ആനയായിരുന്നു എന്നും തങ്ങളുടെ ആക്രമണത്തില്‍ അത് കൊല്ലപ്പെട്ടുവെന്നും നാട്ടുകാര്‍ക്ക് മനസ്സിലായത്.
ഈ കഥയിലെ സംഭവം നടന്നയിടം എന്നു വിശ്വസിക്കപ്പെടുന്ന ചങ്ങലപ്പാടം ഇപ്പോഴുമുണ്ട്. കുമ്മനോട്ടുകാരെ ഇരുട്ടുകൊട്ടികള് എന്നു കളിയാക്കി വിളിക്കുന്നതിന്റെ സൂചനകള്‍ ഈ കഥയിലേക്കു നീളുന്നു. കുമ്മനോട്ടുള്ള ഏഴ് വീട്ടുകാര്‍ ചേര്‍ന്നാണ് ആനയുടെ ശവം വെട്ടിമുറിച്ച് പങ്കിട്ടെടുത്ത് മറവു ചെയ്തത് എന്നാണ് വിശ്വാസം.
മസ്തകം, കണ്ണ്, എല്ല്, വാല്, പല്ല് എന്നീ ഭാഗങ്ങള്‍ യഥാക്രമം മഠത്തില്‍, കണിയത്താന്, എമ്പാശേരി, വാത്യാപറമ്പന്, പനയഞ്ചേരി എന്നീ നായര്‍ തറവാട്ടുകാര് എടുത്തു. നടുഭാഗം, പൃഷ്ടഭാഗം എന്നിവ നാടുവാണി എന്ന ഈഴവ കുടുംബത്തിനും കഴിമുണ്ട എന്ന വിശ്വകര്‍മ്മ വീട്ടുകാര്‍ക്കും ലഭിച്ചു. ഇതിലെ നാടുവാണി കുടുംബം ഇന്നില്ല. അവര്‍ എവിടേക്കു പോയെന്ന് നാട്ടുകാര്‍ക്ക് അറിവില്ല.
കുമ്മനോട്ടുകാര് കൊന്ന കണ്ണുപൊട്ടനായ ആന ഇടപ്പള്ളി കോവിലകത്തേതാണെന്ന് അറിയാമായിരുന്ന അങ്കമാലി പടപ്പുമനയിലെ ഒരു നമ്പൂതിരി വിവരങ്ങള്‍ അറിഞ്ഞ് കുമ്മനോടിന്റെ അധികാരം കൈക്കലാക്കാനായി ഇടപ്പള്ളി രാജാവിനെ സമീപിച്ചു. അന്ധനായ ഒരു ആനയെ ദാനമായി ആവശ്യപ്പെട്ടു. ആന ചരിഞ്ഞ വിവരമൊന്നും അറിയാതിരുന്ന രാജാവ് ആനയുടെ അവകാശത്തിന്റെ ചിഹ്നമായ തോട്ടി നമ്പൂതിരിക്കു നല്കിയത്രേ. ഇതുമായി കുമ്മനോട്ടെത്തിയ നമ്പൂതിരിയെ നേരിടാന്‍, തങ്ങളുടെ തടിയും നിലവും മറ്റും സംരക്ഷിക്കാന്‍ കുമ്മനോട്ടുകാര് വിഡ്ഢിവേഷം കെട്ടാന്‍ തീരുമാനിച്ചു. ഇങ്ങനെയാണ് ഇരുട്ടെന്നു വിചാരിച്ച് ആനയെക്കൊന്നുവെന്ന കഥ അവര്‍തന്നെ പറഞ്ഞു പരത്തിയത്. തങ്ങളുടെ വിഡ്ഢിത്തം ഊട്ടിയുറപ്പിക്കാനായി കോത്താഴം കഥകള്‍ക്ക് രൂപാന്തരം നല്കി അതിലെ കഥാപാത്രങ്ങളായി അവര്‍ സ്വയം അവരോധിച്ചു.
എന്നാല്‍ ഈ തന്ത്രം പൂര്‍ണമായി ഫലിച്ചില്ല. ആനയെക്കൊന്നതിന്റെ നഷ്ടപരിഹാരമായി ഏതാനും കുടുംബങ്ങളുടെ വസ്തുവിന്റെ ആധാരങ്ങള്‍ നമ്പൂതിരി പിടിച്ചെടുത്തു. ഒപ്പം നാട്ടിലെ ദേവീ ക്ഷേത്രത്തിന്റെ ഊരാണ്മയും അദ്ദേഹത്തിനു വന്നു ചേര്‍ന്നു. ഇന്നും ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം അങ്കമാലി പടപ്പുമനയ്ക്കാണ്. നടത്തിപ്പ് എന്‍.എസ്.എസ്. കരയോഗത്തിനും.
കഥയും ചരിത്രവും
ചരിത്രം അതേപടി പേറുന്നവയല്ല നാടോടിക്കഥകള്‍. ചരിത്രാംശങ്ങളുള്ള നാടോടിക്കഥകള്‍ ഉണ്ടാവാം എന്നു മാത്രം. എന്നാല്‍ പൂര്‍ണമായും ചരിത്രസത്യമെന്ന നിലയിലാണ് ഇവിടെ സൂചിപ്പിച്ച കഥയെ ജനങ്ങളുടെ കൂട്ടായ്മ പരിഗണിക്കുന്നത്. ഗോറ്റ് ഹാം കഥകളും തദ്ദേശീയര്‍ തന്നെ പ്രചരിപ്പിച്ചവയാണെന്നു കരുതപ്പെടുന്നു. അന്നത്തെ നിയമമനുസരിച്ച് രാജാവ് ഒരു പ്രദേശത്തു കൂടി കടന്നുപോയാല്‍ അവിടം കൊട്ടാരം വകയായി മാറും. ഒരിക്കല്‍ രാജാവ് ഗോറ്റ്ഹാം വഴി സഞ്ചരിക്കുന്നതായി അറിയിപ്പുണ്ടായി. തങ്ങളുടെ സ്ഥലം സംരക്ഷിക്കാനായി ഗോറ്റ്ഹാം നിവാസികള്‍, രാജാവിന്റെ യാത്രയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ വന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ വിഡ്ഢികളോ അരക്കിറുക്കന്മാരോ ആയി അഭിനയിച്ചുവത്രേ! വിഡ്ഢികളുടെ നാട്ടിലൂടെയുള്ള യാത്ര രാജാവ് ഒഴിവാക്കുകയും ചെയ്തു.
ഇതിനു സമാന്തരമായ ഒരു കഥാപാഠത്തില്‍ തങ്ങളുടെ നാട്ടില്‍ കൊട്ടാരം നിര്‍മ്മിക്കാനൊരുങ്ങിയ രാജാവിനെ പറ്റിക്കാനായിരുന്നത്രേ ഈ തന്ത്രം. എന്തായാലും ഗോറ്റ്ഹാംകാരുടെ മണ്ടത്തരങ്ങള്‍ക്ക് പിന്നീട് പ്രചാരം ലഭിക്കുകയും അതു മായ്ച്ചു കളയാനാവാത്ത വിധം ജനമനസ്സില്‍ ആഴ്ന്നിറങ്ങുകയും ചെയ്തു.
ഇതേ ഘടനയും അടിസ്ഥാന മോട്ടിഫുകളും തന്നെയാണ് കുമ്മനോടന്‍ കഥയിലും തെളിഞ്ഞു നില്‍ക്കുന്നത്. മനുഷ്യനിര്‍മ്മിതമായ അധികാര ബന്ധങ്ങളെ അതിവര്‍ത്തിക്കുന്ന ഭ്രാന്തിലും വിഡ്ഢിത്തത്തിലും അഭയം തേടുക വഴി ഭരണവര്‍ഗത്തോടുള്ള കലഹത്തിന്റെ ജ്ഞാനമാതൃകകള്‍ നിര്‍മ്മിച്ചെടുക്കുകയാണ് ഈ രണ്ടു കഥാസംഭവങ്ങളും. അടുത്ത കാലംവരെ ഭ്രാന്തും വിഡ്ഢിത്തവും താരതമ്യേന വ്യവച്ഛേദിച്ചറിയാനാവാത്ത അവസ്ഥകളായിരുന്നുവെന്ന മിഷേല്‍ ഫൂക്കോയുടെ നിരീക്ഷണം ഏറെ പ്രസക്തമാണിവിടെ. One Flew Over the Cuckoos Nest എന്ന നോവലിലും സിനിമയിലും ബധിരനും മൂകനുമായിനടിക്കുന്ന ചീഫ് ബ്രോംഡന് എന്ന റെഡ് ഇന്ത്യന്‍ കീഴാളന് എങ്ങനെയാണ് അധികാരത്തിന്റെ പിടിയില്‍ നിന്ന് നായകനെ രക്ഷിക്കുന്നതെന്നും (അതു മരണത്തിലേക്കായാല്പ്പോലും) സ്വയം സ്വതന്ത്ര്യം പ്രാപിക്കുന്നതെന്നും ചേര്‍ത്ത് ആലോചിക്കാവുന്നതാണ്.
പൊതുവെ കീഴാളത്തം അനുഭവിച്ചവരെ ചുറ്റിപ്പറ്റിയുള്ളതാണ് കുമ്മനോടന്‍ കഥ. ഇവര്‍ക്കു മേലെയാണ് പടപ്പ് മനയിലെ നമ്പൂതിരി അധികാരം സ്ഥാപിക്കുന്നത്. എല്ലാ സ്വത്തുക്കള്‍ക്കും ഉടമകളായിരുന്ന ആദിമജനതയെ ബ്രാഹ്മണന് കുടില തന്ത്രങ്ങളിലൂടെ കീഴ്പ്പെടുത്തി നാട്ടുകാര്‍ക്കുമേല്‍ അധികാരം നേടിയെന്ന ചരിത്രത്തിന്റെ / വിശ്വാസത്തിന്റെ മാതൃകയായി ഈ കഥയെയും പരിഗണിക്കാം.
കുമ്മനോട് ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അവകാശിയായ പടപ്പ് മനയില്‍ പരമേശ്വരന് നമ്പൂതിരി ആനയെക്കൊന്ന കഥ കേട്ടിട്ടുണ്ട്. കാരണവന്മാരില്നിന്ന് പകര്‍ന്നു കിട്ടിയതാണത്. എന്നാല്‍ അദ്ദേഹത്തിനു പാരമ്പര്യമായി ലഭിച്ച കഥയില്‍ പടപ്പുമനയിലെ പഴയ നമ്പൂതിരി കുമ്മനോട്ടുകാരുടെ മേല്‍ അധികാരം നേടുന്ന കഥാഭാഗങ്ങളില്ല. നാട്ടുകാര്‍ പറയുന്ന കഥയില്‍ അങ്ങനെയൊരു ഭാഗം ഉണ്ടെന്നു സൂചിപ്പിക്കുമ്പോള്‍ അത് ഐക്കരനാട്ടിലെ തുരുത്തുക്കാട് എന്നറിയപ്പെട്ടിരുന്ന പടപ്പ് മനയെക്കുറിച്ചാവാനേ തരമുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആഖ്യാനങ്ങള്‍ കേവല ആഖ്യാനങ്ങളല്ല, അതിന്റെ പിന്നിലും രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നുണ്ട്.
Tidak ada komentar:
Posting Komentar