പരീക്ഷാ ഹാളിലേക്ക് നടന്നെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമല്ലേയുള്ളൂ. ആദ്യമായി പൊതുപരീക്ഷയെഴുതുവാന്‍ പോകയല്ലേ. അങ്കലാപ്പ് നിസ്സാരമല്ലെന്നറിയാം. എന്താണ് ചോദിക്കുക?. എങ്ങനെയാണ് ഉത്തരമെഴുതുക?. ഇതിനിടെ പഠിച്ചു തീര്‍ക്കാന്‍ എത്ര വിഷയങ്ങളാണുള്ളത്. ഓരോന്നും ഓരോ തരമാണ്. മലയാളം പോലെയല്ല ഇംഗ്ലീഷും ഹിന്ദിയും. ഇവയൊന്നും പോലെയല്ല കണക്കും സയന്‍സും. സോഷ്യല്‍ സയന്‍സ് മറ്റൊരു വഴി. ആകെക്കൂടി ഒരു കുഴമറിച്ചിലാണ്. ചോദ്യങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കുമെന്നും ഉത്തരമെഴുതേണ്ടത് എങ്ങനെയാണെന്നും ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കില്‍ ആശ്വാസമായേനെ. അല്ലേ.......... തുടക്കം നന്നായാല്‍ മറ്റെല്ലാം നന്നാവുമെന്നല്ലേ കാരണവന്മാര്‍ പറയാറ്. ആദ്യപരീക്ഷയായ മലയാളത്തെക്കുറിച്ച് കുറച്ചു കാര്യങ്ങളറിഞ്ഞാല്‍ നല്ലതല്ലേ. നമുക്ക് ഒന്നു ശ്രമിച്ചാലോ. മലയാളം പരീക്ഷയുടെ റിവിഷന്‍ നടത്തേണ്ടതെങ്ങനെയെന്നതിനെക്കുറിച്ച് വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ മലയാളം അധ്യാപകനും സംസ്ഥാന റിസോഴ്സ് ഗ്രൂപ്പില്‍ അംഗവുമായ ജോസ് ഫിലിപ്പ് സാര്‍ തയ്യാറാക്കിയ ലേഖനം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണം ചെയ്യും. വര്‍ഷങ്ങളായി പാഠപുസ്തകത്തിന്റേയും അധ്യാപകസഹായിയുടേയും ചോദ്യപേപ്പറുകളുടേയുമൊക്കെ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നയാളാണ് അദ്ദേഹം. താഴെയുള്ള ലിങ്കില്‍ അദ്ദേഹം തയ്യാറാക്കിയ ഒരു മാതൃകാ ചോദ്യപേപ്പറും നല്‍കിയിട്ടുണ്ട്.
ഓരോ പാഠവും ആവര്‍ത്തിച്ച് പഠിക്കുന്നതിനേക്കാള്‍ കുറച്ചുകൂടി എളുപ്പമല്ലേ സമാന സ്വഭാവമുള്ള പാഠങ്ങള്‍ താരതമ്യപ്പെടുത്തി പഠിക്കുന്നത്. ഒന്നു പരീക്ഷിച്ചാലോ. രാവണന്‍, മൂന്നു പണ്ഡിതന്മാര്‍, മഗ്ദലന മറിയം, ജോഗി, ഇന്ദ്രദ്യുമ്‌നന്‍ എന്നിവരെല്ലാം ആപത്തില്‍ പെട്ടവരല്ലേ. ഒന്നു താരതമ്യപ്പെടുത്തി നോക്കൂ. ആരോടെല്ലാമാണ് നമുക്ക് അനുകമ്പ തോന്നുന്നത്.? ആരോടെല്ലാം ദേഷ്യം തോന്നുന്നു.? മരണത്തെ മുന്നില്‍കാണുന്ന ജോഗിയുടെയും, ഇന്ദ്രദ്യുമ്‌നന്റെയും പ്രതികരണങ്ങളെങ്ങനെയാണ് ? സമാനമായ അവസ്ഥയില്‍ പെട്ട രാവണനോ ? ഒന്നു കുറിച്ചു നോക്കുക. ജോഗിയെയും മഗ്ദലനമറിയത്തെയും അപകടത്തില്‍ പെടുത്തിയതാരാണ്?
കാവലും ലോകാവസാനവും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കൂ.? അവതരണരീതി, ഭാഷ, കഥാപാത്രങ്ങള്‍, പ്രമേയം എന്നിവയില്‍ സാമ്യമുണ്ടോ? മുണ്ടശ്ശേരിയുടെ ഹിമാലയവും, അഴീക്കോടിന്റെ ഹിമാലയവും ഒന്നാണോ.? വിന്ധ്യഹിമാലയങ്ങള്‍ക്കിടയില്‍, അന്നത്തെ നാടകം, പിന്‍നിലാവില്‍ എന്നിവ അനുഭവക്കുറിപ്പുകളാണ്. ആദ്യത്തേത് യാത്രാനുഭവക്കുറിപ്പ്. മറ്റു രണ്ടും ജീവിതാനുഭവ കുറിപ്പകള്‍. ഇവ ഏതെല്ലാം കാര്യങ്ങളിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്.?
അന്നും ഇന്നും പഴയ കാലത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്ന കവിതയാണ്. ഓര്‍മ്മയുടെ മാധുര്യത്തില്‍ പഴയതിന്റെ തുടര്‍ച്ചയായി തന്റെ ജീവിതം തുടരണമെന്ന് ആഗ്രഹിക്കുന്ന നളിനിയുടെ ചിന്തകളും വാക്കുകളുമാണ്. പഴയകാലം തെറ്റായിരുന്നു,അതൊരിക്കലും തിരിച്ചുവരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്ന മഗ്ദലന മറിയത്തെയാണ് നാം കാണുന്നത്. മൂന്നു കവിതകളും താരതമ്യപ്പെടുത്തിയാല്‍ എളുപ്പമാവില്ലേ. നമ്മുടെ ജീവിതത്തിലും ഈ മൂന്നു കാര്യങ്ങളല്ലേയുള്ളൂ. അഭിമാനം തോന്നുന്ന ഇന്നലെകള്‍.! ആവര്‍ത്തിക്കണമെന്നാഗ്രഹിക്കുന്ന ഇന്നെലകള്‍ !. ഒരിക്കലും ആവര്‍ത്തിക്കരുതെന്നാഗ്രഹിക്കുന്ന ഇന്നലെകള്‍.!.
മൂന്നു പണ്ഡിതന്മാരിലെ വിദൂഷകനും, അന്നത്തെ നാടകത്തിലെ വിദൂഷകനും തമ്മില്‍ ഒന്നു താരതമ്യപ്പെടുത്തിയാല്‍ പോരേ നാടകവേദിയുടെ വളര്‍ച്ചയും വികാസവും ബോധ്യപ്പെടാന്‍? എഴുത്തച്ഛന്‍, എം ആര്‍ ബി, വിതയ്ക്കാം മാനവികതയുടെ വിത്തുകള്‍ എന്നിവ ഒരുമിച്ചു വിലയിരുത്തിയാല്‍ പഠിക്കാനും ഓര്‍ത്തിരിക്കാനും എളുപ്പമാവും.
പുതപ്പാട്ടിലെ പൂതവും, കലിയും തമ്മില്‍ ഏതെല്ലാം കാര്യങ്ങളിലാണ് സാമ്യമുള്ളത് ?. പൂതവും കലിയും മൂന്നു പണ്ഡിതന്മാരും ചേര്‍ന്നാണോ പഥികന്റെ പാട്ടിലെ അവസ്ഥ നാട്ടിലുണ്ടാക്കിയത്? ഈ അവസ്ഥയില്‍ നിന്ന് രക്ഷനേടാന്‍ വിഷുക്കണിയിലെ സന്ദേശം നമ്മെ സഹായിക്കുമോ? വിഷുക്കണിയും ഗജേന്ദ്രമോക്ഷവും തമ്മില്‍ എന്താണ് ബന്ധം? ഗജേന്ദ്രമോക്ഷം എങ്ങനെയാണ് ആധുനിക കവിതയായത്. പരിസ്ഥിതിക്കവിതയെന്ന നിലയില്‍ അതിനെ വിലയിരുത്താന്‍ കഴിയുമോ ?
നോവലിന്റെ ചരിത്രവും കവിതയുടെ ചരിത്രവും തമ്മില്‍ താരതമ്യപ്പെടുത്താനാവുമോ. ഇനി ബാക്കി രണ്ടു മൂന്നു പാഠങ്ങളല്ലേയുള്ളൂ. ചന്ദനം നേരായിത്തീര്‍ന്ന കിനാവുകള്‍, വെണ്ണക്കല്ലിന്റെ കഥ, പ്രലോഭനം, മേഘരൂപന്‍, എന്നിവ. പാഠങ്ങള്‍ ശരിയായി മനസ്സിലാക്കിയ ശേഷം ഈ രീതിയില്‍ റിവിഷന്‍ നടത്തിയാല്‍ പരീക്ഷ വളരെയെളുപ്പമാകും. ശ്രമിച്ചു നോക്കൂ. പാഠങ്ങള്‍ കൃത്യമായി ഓര്‍ത്തിരിക്കാനും വ്യത്യസ്ത സാഹചര്യങ്ങളില്‍ അനുയോജ്യമായ വിധത്തില്‍ ഉപയോഗിക്കാനും ഈ രീതി പ്രയോജനപ്പെട്ടേക്കും. ഇനിയൊരു ചോദ്യപേപ്പര്‍ മാതൃക കൂടിയാവാം അല്ലേ.! താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ.
Click here to download the steps to answer a question
Click here to download the SSLC Malayalam Model Question Paper
Tidak ada komentar:
Posting Komentar