MATHEMATICS

Tampilkan postingan dengan label service doubt. Tampilkan semua postingan
Tampilkan postingan dengan label service doubt. Tampilkan semua postingan

Rabu, 20 Februari 2013

ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്റും ഈസി-ടാക്സ് 2013 മലയാളം സോഫ്ട്‍വെയറും

പുതുവര്‍ഷം പുലര്‍ന്ന് ആഴ്ചകള്‍ പിന്നിട്ടുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥി സമൂഹം പരീക്ഷാ ചൂടിലാകാറുണ്ട്‍! ഒപ്പം അദ്ധ്യാപകര്‍ സ്റ്റാഫ് റൂമില്‍ ചൂടുപിടിച്ച ചര്‍ച്ചകളില്‍ ഒത്തുകൂടുന്ന സമയവും ഇതു തന്നെ! കാരണം മറ്റൊന്നാണ്. ഇന്‍കംടാക്സ് കണക്കാക്കണം, നികുതി സ്റ്റേറ്റുമെന്റ്റു നല്‍കിയില്ലെങ്കില്‍ ശമ്പളം മുടങ്ങും! ഓരോ വര്‍ഷവും ഫെബ്രുവരിയിലാണ് ശമ്പളബില്ലിനോടൊപ്പം നമ്മുടെ ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരന്റെ ഇന്‍കംടാക്സ് കണക്കാക്കുന്നതിനും സമര്‍പ്പിക്കേണ്ട ഫോമുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നതുമായ എക്സെല്‍ അധിഷ്ഠിത പ്രോഗ്രാം ഈ പോസ്റ്റിലൂടെ നിങ്ങള്‍ക്കു നല്‍കുന്നു. തൃശൂര്‍ വാടാനപ്പിള്ളി കെ.എന്‍.എം.വി.എച്ച്.എസിലെ അക്കൌണ്ടന്‍സി അധ്യാപകനായ ശ്രീ.ബാബു വടക്കുംചേരിയാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. വര്‍ഷാവസാനം ഇന്‍കംടാക്സ് ഒറ്റയടിക്ക് നല്‍കാതെ ഓരോ മാസവും ടി.ഡി.എസ് ഗഡുക്കളായി ഇതു നല്‍കുന്നതിനെക്കുറിച്ച് മാത്‌സ് ബ്ലോഗിനു വേണ്ടി അദ്ദേഹം തയ്യാറാക്കിയ പോസ്റ്റ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓരോ വര്‍ഷവും സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അദ്ദേഹം തയ്യാറാക്കുന്ന ഈസി ടാക്സ് എന്ന ഈ പ്രോഗ്രാം അധ്യാപകര്‍‌ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരനുഗ്രഹമാണ്. എന്താ നമുക്ക് ഇന്‍കംടാക്സ് വരുമോയെന്ന് നോക്കാന്‍ തയ്യാറല്ലേ? ഒപ്പം ശമ്പളബില്ലിനോടൊപ്പം നല്‍കേണ്ട ഫോമുകള്‍ തയ്യാറാക്കുകയുമാകാം. ഈ ഫോം പൂരിപ്പിച്ചു കൊണ്ട് സോഫ്റ്റ്‌വെയറിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ എത്തുകയാണെങ്കില്‍ അഞ്ചു മിനിറ്റിനകം സ്റ്റേറ്റ്മെന്റ് പ്രിന്റ് ചെയ്തെടുക്കാം. ചുവടെയുള്ള ലിങ്കില്‍ നിന്നും സോഫ്റ്റ്‍വെയര്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

ശമ്പളം മാത്രം വരുമാനമാര്‍ഗ്ഗമുള്ള ഒരു ജീവനക്കാരനു പറ്റിയ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ജീവനക്കാരന്‍ 2012 ഏപ്രില്‍ 1 നും 2013 മാര്‍ച്ച് 31 നും ഇടക്ക് കിട്ടിയ ശമ്പളത്തില്‍നിന്നും (അതായത് 2012 മാര്‍ച്ച് മാസം മുതല്‍ 2013 ഫെബ്രുവരി വരെയുള്ള കാലാവധിയില്‍ എഴുതുന്ന ശമ്പളത്തില്‍നിന്നും) നിക്ഷേപങ്ങള്‍ക്കും മറ്റുമുള്ള കിഴിവുകള്‍ കുറച്ച് ബാക്കി വരുന്ന വരുമാനം 2 ലക്ഷത്തിനു മുകളിലാണെങ്കില്‍ (സ്തീ പുരുഷ വ്യത്യസമില്ലാതെ) നികുതി ശമ്പളത്തില്‍നിന്നുള്ള കിഴിവായി അടക്കാന്‍ ബാദ്ധ്യസ്ഥനാണ്. ശമ്പള ദാതാവിനാകട്ടെ [(DDO) – ജീവനക്കാരന്‍ സെല്‍ഫ് ഡ്രായിങ് ഓഫീസറാണെങ്കില്‍ ട്രഷറി ഓഫീസര്‍ ] ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് വരെ നല്‍ക്കുന്ന അയാളുടെ ശമ്പളത്തില്‍നിന്നും ഈ നികുതി ഗഡുക്കളായി പിടിച്ച് മാത്രമേ ശമ്പളം വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന ഉത്തരവാദിത്വവുമുണ്ട്. ഏപ്രില്‍ മുതല്‍ ഇങ്ങനെ നികുതി ഗഡുക്കള്‍ പിടിച്ചുകൊണ്ടിരുന്നാല്‍ ഫെബ്രുവരിയില്‍ ശമ്പളബില്ല് എഴുതുമ്പോള്‍ (മാര്‍ച്ചില്‍ കിട്ടുന്ന ശമ്പളത്തിന്റെ) പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ ഗഡു പിടിക്കാനുള്ള സമയം വന്നെത്തുകയാണ്. അവസാനത്തെ നികുതി പിടിക്കുമ്പോള്‍ DDO ഒരു കാര്യം ഉറപ്പു വരുത്തണം , അതായത് ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തേക്കുള്ള മൊത്തം നികുതി പൂര്‍ണ്ണമായും അവസാന ഇന്‍സ്റ്റാള്‍മെന്റോടെ അടച്ചു തീര്‍ന്നിരിക്കണം. അതു കൊണ്ടുതന്നെ ഫെബ്രുവരി മാസത്തെ “പുണ്യ മാസമായി” കരുതണമെന്നര്‍ത്ഥം.

ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്
ഓരോ ജീവനക്കാരനും തന്റെ വരുമാനവും നികുതി കുറക്കുന്നതിനുള്ള നിക്ഷേപങളുടേയും മറ്റും വിശദാംശങ്ങള്‍ വ്യക്തമാക്കി ഫെബ്രുവരിയില്‍ എഴുതുന്ന ബില്ലില്‍ തന്റെ ശമ്പളത്തില്‍നിന്നും കുറക്കേണ്ട അവസാന നികുതി എത്രയാണെന്നു കാണിക്കുന്ന രേഖയാണ് ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്. ഈ രേഖ 4 കോപ്പിയില്‍ തയ്യാറാക്കേണ്ടി വരും. സ്വന്തം കോപ്പി, DDO കോപ്പി, ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ് കോപ്പി, ട്രഷറി കോപ്പി എന്നിങനെ. DDO ഇത് രേഖകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി അതതു കേന്ദ്രങളിലേക്ക് നല്‍കും.

ഫോം 16
ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു രേഖയാണ് ഇത്. ഫോം 16 വാസ്തവത്തില്‍ DDO ജീവനക്കാരനു നല്‍കേണ്ട രേഖയാണ്. ഏപ്രില്‍ മേയ് മാസങളിലായി തന്റെ അവസാന Qarterly Return Tin facilitation Centre കളില്‍ നല്‍കുമ്പോള്‍ കിട്ടുന്ന റസീപ്റ്റ് നമ്പര്‍ സഹിതം അടുത്ത 4 മാസങള്‍ക്കു ശേഷം മാത്രമാണു ഈ രേഖ ജീവനക്കാരനു നല്‍കേണ്ടത്. പക്ഷേ പലയിടങളിലും ശമ്പളം വാങുന്ന ആള്‍ ഫെബ്രുവരിയില്‍ തയ്യാറാക്കേണ്ട രേഖയായ ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ് നു പകരം ഫോം 16 ആണു സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാറ്. ഈ രണ്ടു രേഖകളും തലക്കെട്ടില്‍ ഉള്ള വ്യതാസമൊഴിച്ചാല്‍ ഇരട്ടക്കുട്ടികളേപ്പോലെയിരിക്കുമന്നതിനാല്‍ ഇവിടെ തര്‍ക്കം ഉണ്ടാക്കാതെ ആവശ്യപ്പെടുന്നതു നല്‍കി നീങ്ങുന്നതാണു ബുദ്ധി.

ഈസി-ടാക്സ് 2013 മലയാളം സോഫ്ട്‍വെയര്‍
മുകളില്‍ പറഞ്ഞ രണ്ടു രേഖകളും തയ്യാറാക്കുന്നതിനു ഉതകുന്ന സോഫ്ടുവെയറുകളില്‍ ഒന്നാണ് ഇത്. മലയാളത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഡൌണ്‍ലോഡ് ചെയ്യുമ്പോളും ഉപയോഗിക്കുമ്പോഴും ചുവടെ കാണുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക:-

1.ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ കാണുന്ന വിന്‍ഡോയില്‍ എപ്പോഴും Save file എന്ന ഓപ്ഷന്‍ സ്വീകരിക്കുക. Open with എന്ന ഓപ്ഷന്‍ സ്വീകരിക്കരുത്.

2.സേവ് ചെയ്ത സോഫ്ടു വെയര്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ ചില പ്രാരംഭ നടപടിക്രമങള്‍ ചെയ്യേണ്ടതായി വരും അത് അറിയാന്‍ ഹെല്‍പ്പ് ക്ലിക്ക് ചെയ്ത് നടപടിക്രമങള്‍ എഴുതിയെടുത്ത് , എഴുതിയെടുത്തത് നോക്കി ചെയ്യുക. അല്ലാതെ സ്ക്രീനില്‍ നോക്കി ചെയ്യുക പ്രായോഗികമല്ല.

3.സോഫ്ട് വെയര്‍ എക്സല്‍ പ്രോഗ്രാമിലാണ് പ്രവര്‍ത്തിക്കുന്നത്, ഫയല്‍ സേവ് ചെയ്യാന്‍ പരമ്പരാഗത രീതിയില്‍ നമ്മള്‍ പ്രയോഗിക്കുന്ന Save അല്ലെങ്കില്‍ Save as രീതികള്‍ക്കു പകരം അതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതി മാത്രം ഉപയോഗിക്കുക.

4.സാധാരണ എക്സല്‍ ഫയലുകള്‍ ഓപ്പണ്‍ ഓഫീസ് സ്പ്രെഡ്ഷീറ്റില്‍ പ്രവര്‍ത്തിക്കാറുണ്ടെങ്കിലും ഇതില്‍ ചില പ്രത്യേക സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അതിനു കഴിയുന്നതല്ല. അതുകൊണ്ടു തന്നെ ലീനക്സ് സ്വതന്ത്ര സോഫ്ട് വെയറില്‍ ഇത് പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നത് വലിയ പോരായ്മയാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെ ക്ഷമാപൂര്‍വ്വം തല കുനിക്കുന്നു.

ഒരു വിദ്യാലയത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഈ ഫോം എല്ലാവരോടും പൂരിപ്പിച്ചു കൊണ്ടു വരാന്‍ പറയുകയാണെങ്കില്‍ അഞ്ചു മിനിറ്റു കൊണ്ട് എളുപ്പം ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കാം.


Click here for download the Easy Tax-2013


(ഡൌണ്‍ ലോഡ് ചെയ്യുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന പുതിയ വിന്‍ഡോയില്‍ എപ്പോഴും save file എന്ന ഓപ്ഷന്‍ സ്വീകരിക്കുക , open with എന്ന ഓപ്ഷണ്‍ സ്വീകരിക്കരുത്. ഡൊണ്‍ ലോഡ് ചെയ്തതിനുശേഷം സിപ്പ് ചെയ്തിരിക്കുന്ന പ്രോഗ്രാം അണ്‍സിപ്പ് ചെയ്ത് ഉപയോഗിക്കുക)

Jumat, 10 Agustus 2012

പി എഫ് ലോണ്‍ സഹായി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ,അധ്യാപകര്‍ക്കും പലപ്പോഴും തങ്ങളുടെ പ്രോവിഡണ്ട് ഫണ്ടില്‍ (GPF/KASEPF)നിന്നും വായ്പ എടുക്കേണ്ടതായി വരാറുണ്ടല്ലോ..? അത് ആലോചിക്കുന്നതുമുതല്‍ ട്രഷറിയില്‍ നിന്നും തുക ലഭിക്കുന്നതുവരേയുള്ള കാലയളവില്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ പറഞ്ഞറിയിക്കേണ്ടതില്ല, പ്രത്യേകിച്ച് എയിഡഡ് സ്കൂളുകളിലും മറ്റും. ഫോമുകളൊക്കെ വാങ്ങി ക്ലാര്‍ക്കിനെ ഏല്‍പിക്കണം. അദ്ദേഹത്തിന്റെ സൗകര്യം പോലെ പൂരിപ്പിച്ച് പല ഫോമുകളിലേക്ക് തെറ്റാതെ പകര്‍ത്തി എഴുതണം, മേലധികാരി എഇഒ/ഡിഇഒ യ്ക്ക് ഫോര്‍വേഡ് ചെയ്യണം, ഇനി തുക കൂടുതലോ NRA ആണെങ്കിലോ? മേല്‍ ആപ്പീസിലേക്ക് വീണ്ടും പോണം, അവിടുത്തെ സൗകര്യങ്ങള്‍ക്കനുസരിച്ച് പല സെക്ഷന്‍ കറങ്ങി ഉത്തരവായി തിരിച്ചെത്തണം, ബില്‍ എഴുതി ട്രഷറിയിലെത്തിക്കണം....എന്തിനേറെപ്പറയുന്നൂ, മാതാവിന്റെ അസുഖത്തിന് അപേക്ഷിച്ചയാള്‍ക്ക് മരിച്ച്, ആണ്ടിനെങ്കിലും കിട്ടിയാല്‍ കിട്ടി!
ഇനി ഫോമുളെല്ലാം തയ്യാറാക്കുന്ന ജോലി വളരെ എളുപ്പം. സഹായിക്കാനെത്തുന്നത് ഇടുക്കി ഐടി@സ്കൂളിലെ ബഹുമാന്യ സുഹൃത്ത് റോയ് സാറാണ്. സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയറുപയോഗിച്ച് ഉബുണ്ടുവില്‍ നിഷ്പ്രയാസം പ്രവര്‍ത്തിപ്പിച്ച് ശരവേഗത്തില്‍ എല്ലാ ഫോമുകളും നമുക്ക് റെഡിയാക്കി പ്രന്റടുക്കാം..!GPF, KASEPF എന്നീ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv.) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു.

Easy PF Calculator 1.0

User Guide


GPF, KASEPF എന്നീ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv. & NRA എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് User Guide കാണുക.

Easy PF Calculator – TA 1.1

Easy PF Calculator – NRA 1.1

User Guide

പിന്‍കുറി :NRA വായ്പയ്ക്ക് വേണ്ടിയുള്ള സഹായിയുടെ പണിപ്പുരയിലാണ് റോയ്സാര്‍. അത് ഉടനേതന്നെ നമുക്ക് പ്രതീക്ഷിക്കാം. സോഫ്റ്റ്‌വെയറിനകത്തെ ഹെല്‍പ്പ് ഫയലിനുള്ളിലുള്ള നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ നമുക്കും ഇതുപോലുള്ള സഹായികള്‍ രൂപപ്പെടുത്താവുന്നതും മറ്റുള്ളവര്‍ക്ക് കൈമാറാവുന്നതുമുള്ളൂ. പക്ഷേ..?

Minggu, 18 Maret 2012

SSLC മൂല്യനിര്‍ണയവും അതിന്റെ സറണ്ടറും

എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയവും അതിന്റെ സറണ്ടറും സംബന്ധിച്ച ഒരു പ്രശ്നമാണ് നാം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ചില അധ്യാപകര്‍ ചോദിച്ച സംശയം വായനക്കാരുമായി പങ്കുവെക്കട്ടെ.
    ഇക്കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി വാല്വേഷനു പോയവര്‍ക്ക് 14 ദിവസം ഡ്യൂട്ടി ചെയ്തതായി കാണിച്ചാണല്ലോ ക്യാമ്പുകളില്‍ നിന്ന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. അറിഞ്ഞിടത്തോളം എല്ലാ ഓഫീസുകളിലും അത് പരിഗണിച്ച് അത്രയും ദിവസം ജോലി ചെയ്തതായി പരിഗണിച്ച് സറണ്ടര്‍ ബില്‍ മാറിയെടുക്കുകയും ചെയ്തു. എന്നാല്‍ ഒരിടത്തു മാത്രം ഇതു പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. 14 ദിവസം ഡ്യൂട്ടി ചെയ്തു എന്നു ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിലുണ്ടെങ്കിലും അതില്‍ രണ്ട് ഞായറാഴ്ചകളും ഒരു ശനിയാഴ്ചയും ഉണ്ടെന്നാണ് ഇത് പരിഗണിക്കുന്ന ഉദ്യോഗസ്ഥ/ന്‍ പറയുന്നത്. 11 ദിവസത്തേക്ക് ബില്ല് എഴുതിക്കൊണ്ടു വന്നാല്‍ ബില്ല് അംഗീകരിക്കാമെന്ന് വാക്കാല്‍ പറഞ്ഞ് സറണ്ടര്‍ ബില്ലുകളെല്ലാം അകാരണമായി മടക്കിയിരിക്കുകയാണ്. പരിഗണിക്കണമെങ്കില്‍ അതിന്റെ ഓര്‍ഡറുമായി വരണമെന്നാണ് ബില്ലുമായി വരുന്നവരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ എയ്ഡഡ് സ്ക്കൂളുകള്‍ക്കു മാത്രമാണ് ഈ പ്രശ്നം. ഇവിടത്തെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ 14 ദിവസം ഡ്യൂട്ടി ചെയ്തതായി കാണിച്ചു കൊണ്ട് ഒരു പ്രശ്നവുമില്ലാതെ സറണ്ടര്‍ ചെയ്തത്രേ. ഒരു പ്രദേശത്ത് തന്നെ രണ്ടു തരം നീതി നടപ്പാക്കപ്പെടുമ്പോള്‍ ഇതിന്റെ നിയമവശത്തേക്കുറിച്ച് അറിയണമെന്നാണ് എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിനു പോയ ചില അധ്യാപകര്‍ ആവശ്യപ്പെടുന്നത്. ഇവര്‍ ആവശ്യപ്പെടുന്നതു പോലെ ഇത്തരമൊരു ഓര്‍ഡറിന്റെ ആവശ്യമുണ്ടോ? കെ.എസ്.ആര്‍ തന്നെയല്ലേ അതിന് ആധാരം? വര്‍ഷങ്ങളായി പരീക്ഷാ ഡ്യൂട്ടിക്കു പോകുന്നവരും അത് സറണ്ടര്‍ ചെയ്യുന്നവരുമായ അധ്യാപകര്‍ നമ്മുടെ ഇടയിലുണ്ടല്ലോ. ചുവടെ കൊടുത്തിട്ടുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കാമോ?

    1.സറണ്ടര്‍ ചെയ്യുമ്പോള്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിലെ ഡ്യൂട്ടി ദിവസങ്ങള്‍ തന്നെയല്ലേ പരിഗണിക്കേണ്ടത്? അതില്‍ നിന്ന് ഡ്യൂട്ടി ദിവസങ്ങള്‍ മറ്റാര്‍ക്കെങ്കിലും ഒഴിവാക്കാനാകുമോ?
    2.മൂല്യനിര്‍ണയജോലിക്ക് ചെല്ലുമ്പോള്‍ ഒരു സെഷനിലെ ആദ്യ ദിവസം ഒരു ടി.എയും അവസാന ദിവസം ഒരു ടി.എയും ലഭിക്കുന്നതിന്റെ അര്‍ത്ഥം അവിടെ താമസിച്ചു കൊണ്ട് ഡ്യൂട്ടി ചെയ്യുന്നു എന്നല്ലേ? തങ്ങുന്ന ദിവസങ്ങള്‍ക്ക് ഹാള്‍ട്ട് ഡി.എ ലഭിക്കുന്നതിനു കാരണവും അതല്ലേ?
    3.ഡ്യൂട്ടിയുടെ ഭാഗമമായി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും 8 കിലോമീറ്ററിനപ്പുറത്തേക്ക് പോകേണ്ടി വരികയും ഡ്യൂട്ടിയുടെ ഭാഗമായി അവിടെ തങ്ങേണ്ടി വരികയും ചെയ്താല്‍ ഇടയ്ക്കു വരുന്ന അവധി ദിവസങ്ങള്‍ വര്‍ക്കിങ്ങ് ഡേ ആയി പരിഗണിക്കണമെന്ന് കെ.എസ്.ആര്‍ രണ്ടാം ഭാഗമായ 'ഡ്യൂട്ടീസി'ല്‍ പറയുന്നില്ലേ? അതു കൊണ്ട് തന്നെ ഞങ്ങള്‍ക്ക് 14 ദിവസം ഡ്യൂട്ടി ചെയ്തു എന്നുള്ള പൊതുനിയമം ഇവിടെയും ബാധകമല്ലേ?
    4. മൂല്യനിര്‍ണയ ക്യാമ്പിനെ ഇടക്ക് രണ്ടു സെഷനാക്കി തിരിക്കുന്നതിനു കാരണവും ഇതല്ലേ?
    5. 2010ല്‍ വടക്കന്‍ ജില്ലയിലൊരിടത്ത് സമാനമായൊരു പ്രശ്നമുയര്‍ന്നപ്പോള്‍ ഒരു മുതിര്‍ന്ന സംഘടനാ നേതാവ് ഡയറക്ടര്‍ക്കു നിവേദനം നല്‍കുകയും ഡയറക്ടറുടെ ഉത്തരവിന്‍ പ്രകാരം അത് പരിഹരിക്കപ്പെടുകയും ചെയ്തു എന്ന് കേട്ടിട്ടുണ്ട്. ഇത് വാസ്തവമാണോ?

    അജ്ഞതമൂലം നമ്മുടെ ഒരു അവകാശവും ഹനിക്കപ്പെടരുതെന്ന് നാമെല്ലാവരും ആഗ്രഹിക്കാറുണ്ട്. അര്‍ഹതയില്ലാത്തതാണെങ്കില്‍ പോലും നമുക്ക് അതിന്റെ കാരണമറിയാന്‍ അവകാശമുണ്ട്. എന്നാല്‍ കാരണം പറഞ്ഞു തരേണ്ടവര്‍ തന്നെ മറുചോദ്യം ചോദിക്കുകയാണെങ്കിലോ? നമുക്ക് പരസ്പരം അന്വേഷണം നടത്താമല്ലോ. ബ്ലോഗ് ഉള്ളതിനാല്‍ ഇത്തരം സംശയങ്ങള്‍ ദുരീകരിക്കല്‍ വളരെ എളുപ്പമാണ്. ഈ സംശയങ്ങള്‍ തീര്‍ത്തു തരാന്‍ സഹായിക്കണേ.