ശാസ്ത്രമേളകളുടെ കാലമാണല്ലോ. പ്രവൃത്തിപരിചയം, ഗണിതം ഐ.ടി തുടങ്ങിയ മേളകളും ഇതോടൊന്നിച്ച് നടക്കും. മിടുക്കന്‍മാരും മിടുക്കികളുമായവര്‍ ഇതിലൊക്കെ പങ്കെടുക്കും. നല്ല സമ്മാനങ്ങളും നേടും. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായ സഹകരണങ്ങള്‍ ഇതിനൊക്കെ വേണ്ടുന്ന പിന്‍ബലം നല്‍കും. ഈ വര്‍ഷത്തെ മത്സരങ്ങള്‍ സമാപിക്കുന്നതിലൂടെ അടുത്ത വര്‍ഷത്തേക്കു വേണ്ട തയ്യാറെടുപ്പുകളില്‍ മുഴുകും. തീര്‍ച്ചയായും ഇതൊക്കെയും നല്ലതുതന്നെ. എന്നാല്‍ ഇതിന്റെ മറുവശം കൂടി നാം കാണണം. ഈ തരത്തിലുള്ള പരിപാടികളും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വൈജ്ഞാനിക വികാസവും കയ്യില്‍ കിട്ടുന്നത് വളരെ ചെറിയൊരു വിഭാഗം കുട്ടികള്‍ക്ക് മാത്രമാണ്. എല്ലാ സൌകര്യങ്ങളും ഉള്ള മികച്ച വിദ്യാലയങ്ങളില്‍ പോലും ഇതാണവസ്ഥ. കലാമത്സരങ്ങള്‍, ക്വിസ്സ് പോലുള്ള വൈജ്ഞാനിക പരിപാടികള്‍, ശാസ്ത്രമേളകള്‍ തുടങ്ങിയവയിലൊക്കെ ഇതാണവസ്ഥ. അപ്പോള്‍ ഇതൊക്കെയുള്ളതുകൊണ്ട് എല്ലാ കുട്ടികള്‍ക്കും ലഭിക്കേണ്ട അറിവനുഭവങ്ങള്‍ ലഭിക്കാനെന്തുചെയ്യാം എന്ന ആലോചന ചര്‍ച്ച ചെയ്യപ്പെടണം. പാലക്കാട് മണ്ണാര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ പ്രഥമാധ്യാപകനും എഴുത്തുകാരനുമായ എസ്.വി രാമനുണ്ണി മാഷ് ഇതേക്കുറിച്ചുള്ള വിപ്ലവകരമായ ചില ആശയങ്ങള്‍ പങ്കുവെക്കുന്നു. വായിച്ച് അഭിപ്രായം പങ്കുവെക്കുമല്ലോ.ഈ ചര്‍ച്ചയുടെ ഭാഗമായാണ് ശാസ്ത്രപ്രദര്‍ശനം പോലുള്ള സംഗതികള്‍ വിപുലമായ തോതില്‍ സ്കൂളുകളില്‍ സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായത്. ‘വിപുലമായ ‘ എന്നൊക്കെ സങ്കല്‍പിച്ചുവെങ്കിലും വളരെ ചെറിയതോതില്‍ മാത്രമാണിതൊക്കെ പലപ്പോഴും നടക്കുന്നത്. അതുകൊണ്ടുതന്നെ മുഴുവന്‍ കുട്ടികളേയും ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നാം തന്നെ ഇനിയും ആലോചിക്കണം. ഒരു സാധ്യത ഇങ്ങനെയാണ്:
കഴിഞ്ഞ ദിവസങ്ങളില്‍ സാധാരണ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഒരു മുഴു ദിവസ പ്രദര്‍ശനം സ്കൂളില്‍ സംഘടിപ്പിക്കുക. ഇതിന്നായി 6 സ്റ്റാളുകള്‍ ഒരുക്കണം. ശാസ്ത്രം, ചരിത്രം, ഭാഷ, ഗണിതം, പ്രവൃത്തിപരിചയം, ഐ.ടി എന്നിങ്ങനെ ആറു സ്റ്റാളുകള്‍. ഇതില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും പങ്കാളികളായും കാണികളായും പങ്കെടുക്കണം. മുഴുവന്‍ അധ്യാപകരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാവണം.പങ്കാളിത്തം ഉറപ്പാക്കാന്‍ താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാം.
- ഒരു ക്ലാസിലുള്ള മുഴുവന്‍ കുട്ടികളേയും ആറ് സ്റ്റാര്‍ ഗ്രൂപ്പുകളിലായി നിശ്ചയിക്കുക.ഗ്രൂപ്പുകള്‍ ഇങ്ങനെ. 1] ശാസ്ത്രം, 2]ചരിത്രം, 3] ഭാഷ (എല്ലാ ഭാഷയും ഉള്‍പ്പെടും), 4] ഗണിതം, 5]പ്രവൃത്തിപരിചയം (ചിത്രമടക്കം), 6] ഐ.ടി.
- സ്റ്റാര്‍ ഗ്രൂപ്പുകളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നത് കഴിയുന്നത്ര അവരുടെ താല്‍പര്യം അനുസരിച്ചാവാം.എല്ലാ ക്ലാസുകളിലുമായി ഈ ഗ്രൂപ്പുകള്‍ സജീവമാകണം.
- പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളും കുട്ടികള്‍ സവിശേഷമായി നിര്‍മ്മിക്കുന്ന പഠനോപകരണങ്ങളും സമയ ബന്ധിതമായി ശേഖരിക്കുകയും ഒരുക്കിയെടുക്കുകയും വേണം. ഇതിന്നായി ക്ലാസിലെ അധ്യാപകരുടെ സഹായവും മേല്‍നോട്ടവും വേണം.
- ഒരു ക്ലാസില്‍ ആറു സ്റ്റാര്‍ ഗ്രൂപ്പുകള്‍ എന്ന തോതില്‍ സമയബന്ധിതമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. 5 മുതല്‍ 10 വരെ 20 ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ ആകെ 120 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കും. ഒരു വിഷയത്തില്‍ 20 സ്റ്റാര്‍രൂപ്പുകളും. ഒരു ഗ്രൂപ്പില്‍ 7-8 കുട്ടികള്‍ ഉണ്ടാവും.എല്ലാ കുട്ടിയും സജീവമാകും.വിഷയാടിസ്ഥാനത്തില്‍ അധ്യാപകര്‍ ഇടപെട്ട് സഹായിക്കും.
- വേണ്ടത്ര പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഓരോ ഗ്രൂപ്പും നടത്തണം. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പ്രദര്‍ശനപരിപാടി സംഘടിപ്പിക്കണം. അധ്യാപകരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി മേല്‍നോട്ടം വഹിക്കണം.
- ഒരോവിഷയത്തിലും സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനവസ്തുക്കള്‍ നിശ്ചയിച്ച മുറികളില്‍ നന്നായി പ്രദര്‍ശിപ്പിക്കുകയും വേണ്ടത്ര വിവരണങ്ങള്‍ നല്‍കുകയും വേണം. അതിനുവേണ്ട നിര്‍ദ്ദേശങ്ങളും കൈത്താങ്ങും അധ്യാപകര്‍ നല്‍കും.
- രാവിലെ 9 മുതല്‍ 11 വരെ സ്റ്റാള്‍ ഒരുക്കല്‍, 11 മുതല്‍ 12 വരെ മൂല്യനിര്‍ണ്ണയം-സമ്മാനങ്ങള്‍ നിശ്ചയിക്കല്‍ എന്നിവ നടക്കനം. 12 മുതല്‍ 4 മണിവരെ എല്ലാകുട്ടികളും പരസ്പരം സ്റ്റാളുകള്‍ സന്ദര്‍ശിക്കലും വിലയിരുത്തലും നടക്കണം.
- 4 മണിക്ക് സമാപന സമ്മേളനവും പൊതു വിലയിരുത്തലും സമ്മാനങ്ങളും ഉണ്ടാവണം
- സ്റ്റാളുകളിലെ അലങ്കരണം, ഒരുക്കല്‍, ഇനങ്ങള്‍ നിശ്ചയിക്കല്‍ എന്നിവ കുട്ടികള്‍ മത്സരബുദ്ധിയോടെ ചെയ്തു തീര്‍ക്കണം.
- മുഴുവന്‍ കുട്ടികളുടേയും അധ്യാപകരുടേയും പങ്കാളിത്തം ഉണ്ടാവുന്നു.
- കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട മേഖലകളില്‍ അവരുടെ തനിമ പ്രദര്‍ശിപ്പിക്കാന്‍ ഇടം കിട്ടുന്നു.
- പരസ്പരം എല്ലാവരും കാണികളാവുന്നതിലൂടെ സ്വയം വിലയിരുത്താന്‍ അവസരം ഉണ്ടാവുന്നു. മെച്ചപ്പെടുത്താന്‍ കഴിയുന്നു.
- മികച്ച അധ്വാനവും പങ്കാളിത്തവും ഉണ്ടാവുന്നതിലൂടെ പൊതു ചെലവുകള്‍ വളരെ കുറയുന്നു.
- സ്കൂളിലെ പഠനപ്രവര്‍ത്തനങ്ങളുടെ മികവും നിലവാരവും രക്ഷിതാക്കള്‍ക്കടക്കം പൂര്‍ണ്ണമായി ബോധ്യപ്പെടുന്നു. എല്ലാം ഡോക്യുമെന്റ് ചെയ്യുന്നതിലൂടെ വരും കാലങ്ങളില്‍ നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നു.
- ഒരൊറ്റ ദിവസം കൊണ്ട് - കഴിഞ്ഞ ദിവസങ്ങളില്‍ മുഴുവന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ നമുക്ക് സ്വയം വിലയിരുത്താന്‍ കഴിയുന്നു.
- പോരായ്മകള്‍ പരിഹരിച്ചേ മതിയാകൂ എന്ന അവസ്ഥ സ്വയമേവ ഉണ്ടാവുന്നു.
Tidak ada komentar:
Posting Komentar