MATHEMATICS

Selasa, 02 November 2010

18000 അധ്യാപകതസ്തിക ഉണ്ടാകും അത്രയുമെണ്ണം ഇല്ലാതാകും


കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം നടപ്പിലാകുമ്പോള്‍ സംസ്ഥാനത്ത് 18000 അധ്യാപകതസ്തിക അധികമായുണ്ടാകും! എന്നാല്‍ ഏതാണ്ടത്രയും തന്നെ അധ്യാപകതസ്തികകള്‍ ഇല്ലാതാകുകയും ചെയ്യും.സ്‌കൂള്‍ ഒരു യൂണിറ്റായിക്കണ്ട് 1: 30 എന്ന അധ്യാപക, വിദ്യാര്‍ഥി അനുപാതം നിശ്ചയിക്കണമെന്നാണ് കേന്ദ്ര നിയമം. എന്നാല്‍ ക്ലാസ് ഒരു യൂണിറ്റായിക്കണ്ട് അനുപാതം കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ലിഡാ ജേക്കബ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയും ഈ ദിശയിലാണ്. എല്‍.പിയില്‍ 40 കുട്ടികളുണ്ടെങ്കില്‍ രണ്ടാമത്തെ അധ്യാപകനെ നിയമിക്കും. 61 കുട്ടികളുണ്ടെങ്കില്‍ മൂന്നാമത്തെയും 91 ഉണ്ടെങ്കില്‍ നാലാമത്തെയും അധ്യാപകതസ്തിക സൃഷ്ടിക്കപ്പെടും. യു.പിയില്‍ 40 കുട്ടികളുണ്ടെങ്കില്‍ രണ്ടാമത്തെ അധ്യാപകന്‍, 71 ഉണ്ടെങ്കില്‍ മൂന്നാമത്തേത്, 106 ആണെങ്കില്‍ നാലാമത്തെ അധ്യാപകന്‍ ഉണ്ടാകും. യു.പി.യില്‍ അനുപാതം 1: 35 ആണ്.

150 കുട്ടികളില്‍ അധികമുള്ള എല്‍.പി. സ്‌കൂളിലും 100 കുട്ടികളില്‍ കൂടുതലുള്ള യു.പിയിലും പ്രത്യേക ചുമതലയോടെ ഹെഡ്മാസ്റ്ററുണ്ടാകും. ഒന്നു മുതല്‍ പത്തുവരെയുള്ള സ്‌കൂളുകള്‍ വിഭജിച്ച് പ്രൈമറി വേര്‍പെടുത്തും. അവിടങ്ങളിലും പുതിയ ഹെഡ്മാസ്റ്റര്‍ തസ്തിക വരും. ഈ കണക്ക് അടിസ്ഥാനമാക്കിയാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5000വും എയ്ഡഡ് മേഖലയില്‍ 13000ഉം അധ്യാപകതസ്തിക സൃഷ്ടിക്കപ്പെടുമെന്നാണ് കണക്ക്.

അധ്യാപകതസ്തിക നഷ്ടപ്പെടുമെന്നതിന്റെ കാരണങ്ങള്‍ ഇവയാണ്.- ഒന്നാം ക്ലാസ് പ്രവേശനം ആറു വയസ്സാക്കാനാണ് നിര്‍ദേശം. രണ്ടുവര്‍ഷത്തേക്ക് ആറു മാസം ഇളവുണ്ട്. ഈ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സില്‍ 98321 ഉം എയ്ഡഡ് മേഖലയില്‍ 197802 കുട്ടികളുമാണ് ചേര്‍ന്നത്. അഞ്ചര വയസ്സ് ചേരുന്ന പ്രായമാക്കിയാല്‍ ഇത്പകുതിയായി കുറയും. പ്രവേശന പ്രായം ആറുവയസ്സായി കൂട്ടുന്ന മൂന്നാം വര്‍ഷവും ഇതേ സ്ഥിതിയുണ്ടാകും. ഒന്നാം ക്ലാസ്സിലെ 13000 അധ്യാപകരില്‍ പകുതിപേര്‍ ആദ്യവര്‍ഷവും ബാക്കി മൂന്നാം വര്‍ഷവും അധികമാവും.

അഞ്ചാം ക്ലാസ് എല്‍.പിയിലേക്ക് മാറുമ്പോഴും എട്ടാം ക്ലാസ് യു.പിയിലേക്ക് വരുമ്പോഴും വലിയൊരു വിഭാഗം അധ്യാപകരുടെ ജോലി പ്രശ്‌നത്തിലാകും. എട്ട് യു.പിയിലേക്ക് വരുമ്പോള്‍ 20,000 അധ്യാപകര്‍ ഹൈസ്‌കൂള്‍ വിടേണ്ടി വരും. കോര്‍പ്പറേറ്റ് മാനേജ്‌മെന്‍റുകള്‍ ഹൈസ്‌കൂളില്‍ നിന്നുള്ള അധ്യാപകരെ അവരുടെ യു.പിയില്‍ സ്വീകരിച്ചാലും ഏക മാനേജ്‌മെന്‍റുകള്‍ക്ക് പ്രശ്‌നമാകും. നിലവില്‍ 4000 ഓളം അധ്യാപകര്‍ തൊഴില്‍ നഷ്ടപ്പെട്ട് നില്‍ക്കുന്നുമുണ്ട്. കുട്ടികളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞു വരുന്നതിനാല്‍ 40 കുട്ടികളുള്ള ക്ലാസ്സില്‍ ഒരു കുട്ടി കുറഞ്ഞാല്‍ രണ്ടാമത്തെ അധ്യാപകന്റെ തൊഴിലും നഷ്ടമാകും.

ഈ സാഹചര്യം മുന്നില്‍ക്കണ്ട് നിലവിലുള്ള മുഴുവന്‍ അധ്യാപകരെയും സംരക്ഷിക്കുകയും പുതിയ തസ്തികകളില്‍ അധ്യാപകനിയമനത്തിന് സാമൂഹികനിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണമെന്ന് ഒരു പ്രമുഖ ഭരണപക്ഷഅദ്ധ്യാപകസംഘടന ആവശ്യപ്പെട്ടു. ഈ വാര്‍ത്തയ്ക്ക് മാതൃഭൂമി ഓണ്‍ലൈനോട് കടപ്പാട്.

Tidak ada komentar:

Posting Komentar