MATHEMATICS

Senin, 31 Januari 2011

മാത്​സ് ബ്ലോഗിന്റെ ജന്മദിന പസില്‍


ആയിരത്തോളം വരുന്ന ഫോളോവേഴ്സും പതിനാല് ലക്ഷത്തോളം ഹിറ്റുകളും 3500 നോടടുത്ത് അംഗങ്ങളുള്ള SMS ഗ്രൂപ്പും ആയി അധ്യാപകര്‍ക്കൊപ്പം വര്‍ദ്ധിതവീര്യത്തോടെ ചരിക്കുകയാണ് മാത്‍സ് ബ്ലോഗ് ഇന്നും. എന്താണ് ഈ ഊര്‍ജ്ജത്തിന് കാരണം? സമാനചിന്താഗതിക്കാരായ അധ്യാപകര്‍ ഈ സംരംഭത്തിനോട് സഹകരിച്ചതുകൊണ്ട് തുടക്കത്തിലുള്ള ആവേശം പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ് അശ്രാന്തപരിശ്രമികളായ ഞങ്ങളുടെ ടീമംഗങ്ങള്‍ക്ക്. പ്രതിഭാധനരായ ഒട്ടേറെ അധ്യാപക-അധ്യാപകേതര സഹചാരികള്‍. പലരും ഒരു ദിനചര്യപോലെ ഇടപെടുന്നു. വിദേശരാജ്യങ്ങളില്‍ അധ്യാപകര്‍ക്കുള്ളതുപോലെ നമ്മുടെ നാട്ടിലും വിദ്യാഭ്യാസവിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു സങ്കേതം; അതായിരുന്നു ബ്ലോഗിന്റെ പ്രധാന ഉദ്ദേശം. കേരളത്തിലെ അധ്യാപകര്‍ എന്താണോ ആഗ്രഹിക്കുന്നത്, എന്താണോ അവരറിയേണ്ടത്, അതെല്ലാം സമയാസമയങ്ങളില്‍ നല്‍കുന്നതിന് ഞങ്ങളിന്നോളം ശ്രമിച്ചിട്ടുണ്ട്. അതുതന്നെയാണ് നമ്മുടെ വിജയരഹസ്യവും. ഇതിന് പകരം ഞങ്ങളെന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാമല്ലോ. ബ്ലോഗിനെ കൂടുതല്‍ പേരിലേക്കെത്തിക്കുക. അതിനുള്ള സഹകരണം ഏവരില്‍ നിന്നും പ്രതീക്ഷിക്കുന്നു. നന്ദിയും കടപ്പാടും വാക്കുകളില്‍ ഒതുങ്ങുന്നതല്ല. കേവലം ഒരു ആശംസാ പോസ്റ്റ് മാത്രമാക്കാന്‍ ഇന്നത്തെ ദിവസം വിനിയോഗിക്കുന്നില്ല. ഒരു പസില്‍ കൂടിയായാലോ? നോക്കാം.
(തയ്യാറാക്കി അയച്ചു തന്നത് ബ്ലോഗ് ടീമംഗം വിജയന്‍ ലാര്‍വ)

    സാധാരണ കാണാത്ത തിരക്ക് അടുക്കളയില്‍ കണ്ടു കൊണ്ടാണ് മകന്‍ അപ്പു അമ്മയുടെ അടുത്തെത്തിയത്. പതിവില്‍ കവി‍ഞ്ഞ ഒരുക്കം കണ്ടപ്പോള്‍ അപ്പു അമ്പരന്നു. "ഇന്നെന്താണ് വിശേഷം?" അപ്പു ചോദിച്ചു. "എനിക്കുമറിയില്ല. അച്ഛന്റെ നിര്‍ബന്ധമാണ്, ഇന്നൊരു സര്‍പ്രൈസ് ഉണ്ടാക്കണമത്രെ” ! അമ്മ മറുപടിഞ്ഞു. ഭക്ഷണം ഏല്ലാം ഡൈനിംഗ് ടേബിളില്‍ നിരന്നു. അപ്പുവിനെ വിളിച്ചു. അവന്‍ വിളികേട്ടതല്ലാതെ വന്നില്ല. "ഒരുക്കത്തിന്റെ കാരണമറിയാതെ ഏനിക്കുഭക്ഷണം വേണ്ട. അവന്‍ വാശി പിടിച്ചു”. പാവം ..........അനുസരിച്ചുമാത്രം ശീലമുള്ള ഒന്നുമറിയാത്ത..... അമ്മ എന്തുപറയും? ഒടുക്കം അച്ഛന്‍ ‍ഇടപെട്ടു. ഇന്നു ജന്മദിനമാണ്. അതിന്റെ ഒരുക്കമാണ്. "ആവു.......... ഉത്തരം കിട്ടിയല്ലൊ”. വിശന്ന് പൊരിയുന്ന അപ്പു ഭക്ഷണത്തിന് തയ്യാറായി. "ആരുടെ ജന്മദിനം എന്നുപറയാതെ ഞാനും കഴിക്കുന്നില്ല” . അമ്മ നൊടി‌ഞ്ഞു.

"ശരി.ഞാന്‍ ജന്മദിനത്തിന്റെ കാര്യം സൂചിപ്പിക്കുന്ന ഒരു ഗണിതപ്രശ്നം അവതരിപ്പിക്കാം. ആരുടെ ജന്മദിനമെന്ന് ആരെങ്കിലും കണ്ടുപിടിച്ചശേ‍ഷം നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാം”.
പ്രശ്നം ഇതാണ് .

"എന്റെപ്രായത്തിന്റെ ആറിലൊന്നാണ് അപ്പുവിന്റെ പ്രായം. ഇന്ന് നമ്മള്‍ മൂന്ന് പേരുടേയും വയസ്സിന്റെ തുക 70. എന്റെപ്രായം അപ്പുവിന്റെ പ്രായത്തിന്റെ ഇരട്ടിയാകുന്ന ദിവസം മൂന്ന് പേരുടേയും വയസ്സിന്റെ തുക ഇന്നത്തെ തുകയുടെ ഇരട്ടിയാകും.”

പൊതുവേ ഗണിതത്തില്‍ മോശമായ അമ്മയും വാശിപിടിച്ച മകനും ഉത്തരം കിട്ടാതെ വിശന്ന് നില്‍ക്കുകയാണ്. അവരെ ആര് സഹായിക്കും?

Tidak ada komentar:

Posting Komentar