MATHEMATICS

Sabtu, 20 Maret 2010

പള്ളിയറയും കണക്കിന്റെ കൊമ്പും..!

ഞായറാഴ്ചകളില്‍ സംവാദങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ നാം തീരുമാനിച്ചതനുസരിച്ച്, പ്രസിദ്ധീകരിച്ച ആദ്യ പോസ്റ്റിന് ഒരു അനോണിമസ് വായനക്കാരന്‍ കമന്റായി നല്‍കിയ മറുചോദ്യം 'ഗണിതത്തിനെന്താ, കൊമ്പുണ്ടോ?' എന്നായിരുന്നു. വിഖ്യാതമായ നൊബേല്‍ പുരസ്കാരത്തിന്, എന്തേ ഗണിതം പരിഗണിക്കപ്പെടാത്തതെന്നായിരുന്നൂ സംവാദ വിഷയം. കമന്റു പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം വന്നൂ, പള്ളിയറ ശ്രീധരന്‍ മാഷുടെ മറുപടി. "എന്താ, ഗണിതത്തിനു കൊമ്പുണ്ടോ എന്നൊരാള്‍ എഴുതിക്കാണുന്നു. കൊമ്പുണ്ട്! ചെറുതല്ല, വലിയ വല്ലൃ വല്ലൃ കൊമ്പ്. ഈ ലോകത്തില്‍ ഏതു വിഷയത്തേക്കാളും കൊമ്പുള്ള വിഷയമാണ് ഗണിതം. ഗണിതമില്ലാത്ത ലോകത്തില്‍ ഒരു വിഷയത്തിനും അസ്തിത്വമില്ല. ഇതുപോലുള്ള മറ്റേതെങ്കിലും വിഷയമുണ്ടോയെന്ന് ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആ അനോണിമസിനെ വെല്ലുവിളിക്കുന്നു." ആത്മാര്‍ഥമായ ഗണിതസ്നേഹത്തിന്റെ ആള്‍രൂപമായ അദ്ദേഹത്തിന്റെ വെല്ലുവിളിക്കുമുമ്പില്‍ ഒന്നു പ്രതിരോധിക്കാന്‍ പോലും നില്‍ക്കാതെ, ആ അനോണിമസ് സുഹൃത്ത് പോയ വഴി പുല്ലുപോലും മുളച്ചില്ല.

ഈയാഴ്ച ഈ വിഷയം തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം, കഴിഞ്ഞദിവസം അദ്ദേഹം നമുക്കയച്ചുതന്ന പരിഭവം നിറഞ്ഞ ഒരു മെയിലാണ്. ഗൌരവതരമായ ഒരു വിഷയം, ഇതു വരേ, ഗണിതബ്ലോഗിന്റെ ശ്രദ്ധയില്‍ പെടാഞ്ഞതെന്തേയെന്നദ്ദേഹം ആശ്ചര്യപ്പെടുന്നു. വിഷയമിതാണ്. അടുത്തവര്‍ഷം മുതല്‍ വിദ്യാഭ്യാസവകുപ്പ് നാലുവിഷയങ്ങള്‍ക്ക് പുതിയ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നു. വളരെ സ്വാഗതാര്‍ഹമായ ഈ വാര്‍ത്തയില്‍ ഇത്ര ഗൌരവപ്പെടാനെന്തുണ്ടെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്, അല്ലേ? പ്രസ്തുത വിഷയങ്ങളേതൊക്കെയെന്നുകൂടി കേട്ടോളൂ.., സാമൂഹ്യശാസ്ത്രം, സാഹിത്യം, സംഗീതം-കല, കായികം. കഴിഞ്ഞു, ഗണിതമില്ല! ഫെബ്രുവരി 15ന് ഈ വാര്‍ത്ത പുറത്തുവന്ന് ഇത്രനാള്‍ കഴിഞ്ഞിട്ടും ഗണിതസ്നേഹികളുടെ, പ്രത്യേകിച്ച് ഗണിതബ്ലോഗിന്റെ യാതൊരു പ്രതിഷേധവും ഇക്കാര്യത്തിലില്ലാഞ്ഞതാണ് അദ്ദേഹത്തിന്റെ ന്യായമായ പരിഭവത്തിനു നിദാനം. പരിഭവം പറഞ്ഞ് വെറുതേയിരിക്കുകയായിരുന്നില്ല, ഇദ്ദേഹം. തല്‍സംബന്ധമായി, ബഹു. വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതുകയും പത്രക്കോളത്തിലെ പ്രതികരണപേജുകളില്‍ പ്രതികരിക്കുക കൂടി ചെയ്തു.

അല്ലെങ്കിലും ബഹുമാനിക്കേണ്ട വിഷയങ്ങളേയും, വ്യക്തികളേയും പരിഗണിക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് നാം കാണിക്കാറുള്ളത്. നമ്മുടെ പള്ളിയറ മാഷിന്റെ കാര്യം തന്നെയെടുക്കാം. ഈ ലേഖകന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ആദ്യമായി കിട്ടിയ "കണക്കിന്റെ കളികള്‍" എന്ന സമ്മാന പുസ്തകവും മുപ്പതു കൊല്ലം പഴക്കമുള്ള അതിന്റെ മുഷിഞ്ഞ പുറംതാളിലെ പള്ളിയറ ശ്രീധരന്‍ എന്ന ഗ്രന്ഥകാരന്റെ പേരും ഇന്നും ഇടയ്ക്കിടെ എടുത്തു നോക്കാറുണ്ട്. ഇതുപോലെ, എത്രയെത്ര മരമണ്ടൂസന്മാരെയായിരിക്കും, ഇദ്ദേഹം ക​ണക്കിന്റെ അത്ഭുത ലോകത്തേക്ക് ആനയിച്ചിട്ടുണ്ടാവുക? കണ്ണൂര്‍ ജില്ലയിലെ, വാരം സ്വദേശിയായ ഈ അറുപതുകാരന് നാം, അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിട്ടുണ്ടോ? കഥകള്‍, കവിതകള്‍, ജാലവിദ്യകള്‍ എന്നിവയിലൂടെ ഗണിതശാസ്ത്രരഹസ്യങ്ങള്‍ കുട്ടികളിലേക്കെത്തിക്കാനായി നൂറോളം പുസ്തകങ്ങളിലൂടെ അക്ഷീണം പ്രയത്നിക്കുന്ന ഇദ്ദേഹം ആറുവര്‍ഷത്തെ അധ്യാപന ജീവിതം ബാക്കി നില്‍ക്കെ, സര്‍വ്വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചതിനു പിന്നില്‍, മറ്റേതെങ്കിലും സ്വാര്‍ഥലക്ഷ്യങ്ങളായിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.

"ഇന്ത്യന്‍ ഭാഷകളില്‍ മാത്​സില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിച്ചത് ഞാനാണ്. കേരളത്തിന്റെ ഗണിതപഠന നിലവാരം ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണെന്ന് NCERT പഠനറിപ്പോര്‍ട്ട് വന്നിട്ടുണ്ട്. എന്റെ ഒരു പുസ്തകമോ ലേഖനം പോലുമോ ഇതുവരെ കുട്ടികള്‍ക്കു പഠിക്കാന്‍ സെലക്ട് ചെയ്തിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം DSMA സെക്രട്ടറി ആയത് റിട്ടയര്‍ ചെയ്യുമ്പോള്‍ ഞാനായിരുന്നു. ഒരിക്കല്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി. കേരളത്തില്‍ ഉടനീളം അദ്ധ്യാപകര്‍ക്ക് നിരവധി ഇന്‍ സര്‍വ്വീസ് കോഴ്സുകള്‍ നടത്തിയിട്ടുണ്ട്. പക്ഷെ റിട്ടയര്‍ ചെയ്ത ശേഷം 10 വര്‍ഷമായിട്ടും ഒരു മാത്​സ് ഫെയറിനോ ഒരു മാത്​സ് പ്രോഗ്രാമിനോ ഇതുവരെ എന്നെ ക്ഷണിച്ചിട്ടില്ല. കണക്കു മാഷുമ്മാര്‍ക്ക് എന്നെ അറിയില്ല എന്നാണോ ഞാന്‍ മനസ്സിലാക്കേണ്ടത്? കണക്കിന് ജീവിതത്തിലുള്ള പ്രാധാന്യം ഞാന്‍ വിശദീകരിക്കേണ്ടതില്ല. ആ വിഷയത്തില്‍ മലയാളത്തില്‍ മാത്രമല്ല, ഇന്‍ഡ്യന്‍ ഭാഷകളില്‍ തന്നെ, ഏറ്റവും കൂടുതല്‍ പുസ്തകമെഴുതിയ ആളിനോടാണ് ഈ അവഗണന! കണക്കിനു വേണ്ടി ജോലി രാജി വെച്ചതില്‍ ഞാന്‍ അങ്ങയേറ്റം ഖേദിക്കുന്നു. സാമ്പത്തിക പ്രയാസം വളരെ വലുതാണ്. പുസ്തകങ്ങള്‍ അച്ചടിച്ച് ലക്ഷങ്ങള്‍ തുലച്ചു. പെന്‍ഷന്‍ ഒരു യു.പി.എസ്.എക്കാരന്റേതാണ്. മലയാളത്തില്‍ ഒരു അഞ്ചു കഥയെഴുതിയാല്‍ മഹാസാഹിത്യകാരന്‍. കഥാപുസ്തകത്തെക്കാള്‍, നോവലിനെക്കാള്‍, കവിതാപുസ്തകത്തെക്കാള്‍ മോശമാണോ, ഒരു കണക്കു പുസ്തകം? "
എസ്.എസ്.എ. ഫണ്ടുപയോഗിച്ച് സ്കൂളുകളിലേക്കും മറ്റും വാങ്ങിക്കൂട്ടുന്ന ആയിരക്കണക്കിനു പുസ്തകങ്ങളില്‍ ഒന്നു പോലും ഈ മനുഷ്യന്റേതായിട്ടില്ലായെന്നുകൂടി അറിയുമ്പോഴാണ് നാം ഈ അവഗണനയുടെ മുഴുവന്‍ പൊരുളും മനസ്സിലാക്കുന്നത്.

ഗണിതത്തോടുള്ള അവഗണനയെപ്പറ്റി പറഞ്ഞുവന്നപ്പോള്‍ മാഷിന്റെ കാര്യം കൂടി ഓര്‍ത്തുപോയെന്നേയുള്ളൂ. സ്വകാര്യമായ ഒരു കത്തിലെ പൊള്ളുന്ന ഈ യാഥാര്‍ഥ്യങ്ങള്‍ പരസ്യപ്പടുത്തിയതിന് അദ്ദേഹം ചിലപ്പോള്‍ വഴക്കുപറഞ്ഞേക്കാം. എങ്കിലും, ഇതൊക്കെ ഭൂരിഭാഗം അധ്യാപകരായുള്ള നമ്മുടെ വായനക്കാര്‍ അറിയുകയും പ്രതികരിക്കുകയും വേണ്ടത് അവശ്യമാണെന്നു തോന്നിയതിനാല്‍ മാത്രം പ്രസിദ്ധീകരിക്കുന്നു. കമന്റുകളിലൂടെ പ്രതിഷേധങ്ങള്‍ ആഞ്ഞടിക്കട്ടെ.

Tidak ada komentar:

Posting Komentar