MATHEMATICS

Jumat, 26 April 2013

2013 എസ് എസ് എല്‍ സി റിസല്‍ട്ടില്‍ നിന്നും ഏത് റിപ്പോര്‍ട്ടും ഞൊടിയിടയില്‍

സ്റ്റുഡന്റ് റിസല്‍ട്ട്, സ്ക്കൂള്‍ വൈസ് റിസല്‍ട്ട്, ഡി.ഇ.ഒ വൈസ് റിസല്‍ട്ട് എന്ന രീതിയില്‍ മാത്രമാണ് വിവിധ വെബ്സൈറ്റുകളിലൂടെ നമുക്ക് എസ്.എസ്.എല്‍.സി റിസല്‍ട്ട് കിട്ടുന്നത്. ഓരോ വര്‍ഷവും പരീക്ഷ കഴിയുമ്പോള്‍ സ്റ്റാറ്റിസ്റ്റിക്സുകളും മറ്റും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്ക്കൂളുകളില്‍ നിന്ന് ശേഖരിക്കാറാണ് പതിവ്. വിവിധ പത്രങ്ങളില്‍ ജില്ലാതല വാര്‍ത്തകളായി വരുന്ന കണക്കുകളില്‍ ചിലപ്പോഴൊക്കെ ഏറ്റക്കുറച്ചിലുകള്‍ വരാറുണ്ട്. കൃത്യതയാര്‍ന്ന വിവരത്തിന് നമുക്ക് യാതൊരു വഴിയുമില്ലാതിരിക്കുമ്പോഴാണ് മാത്​സ് ബ്ലോഗിന് മുന്നില്‍ ഇത്തരമൊരു ആവശ്യം വരുന്നത്. ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ, ആ വെല്ലുവിളി മാത്‌സ് ബ്ലോഗിന്റെ ഗോള്‍പോസ്റ്റിലേക്കു തന്നെ തന്ന നമ്മുടെ പരീക്ഷാ സെക്രട്ടറി ശ്രീ ജോണ്‍സ് വി ജോണ്‍സാറിനാണ് ഈ മികവുകളുടെയെല്ലാം ആദ്യ ക്രെഡിറ്റ്. ഇതിനു മുമ്പ് ഇങ്ങനെയൊരു പ്രോഗ്രാമോ പോര്‍ട്ടലോ ഇല്ലാത്തതു കൊണ്ട് എങ്ങിനെ വേണമെന്ന് ഒരു ധാരണയും ആദ്യ ഘട്ടത്തില്‍ ഇല്ലായിരുന്നു. ഒരു ഔട്ട്ലൈന്‍ തയ്യാറാക്കി ബ്ലോഗിലൂടെ പോസ്റ്റ് പ്രസിദ്ധീകരിച്ചു. അതിന്റെ ഫലമായി ലഭിച്ച മൂന്ന് റിസല്‍ട്ട് അനാലിസിസ് പ്രോഗ്രാമുകളുടെ ലിങ്ക് ഏറെ അഭിമാനത്തോടെയാണ് നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത്. ഒരു കുട്ടിക്ക് സ്വന്തം റിസല്‍ട്ട്, ഹെഡ്മാസ്റ്റര്‍ക്ക് സ്ക്കൂളിലെ റിസല്‍ട്ടും സ്റ്റാറ്റിസ്റ്റിക്സും, സബ്ജക്ട് വൈസ് അനാലിസിസ്, വിദ്യാഭ്യാസജില്ല-ജില്ല-സംസ്ഥാന തലത്തില്‍ സ്ക്കൂളുകളുടെയും കുട്ടികളുടേയും വിവിധ തരത്തിലുള്ള സ്റ്റാറ്റിസ്റ്റിക്സും ഓരോ വിഷയത്തിലുമുള്ള പ്രകടനവുമെല്ലാം നിങ്ങള്‍ക്കു കാണാം. എന്തെങ്കിലും പിശകുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താനായോ? റിസല്‍ട്ടില്‍ നിന്നും ഇനി മറ്റെന്തെങ്കിലും വിവരങ്ങള്‍ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ? ആ സൗകര്യം കൂടി പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ സസന്തോഷം ഇവര്‍ തയ്യാറാണ്. പകരം വേണ്ടത് ആത്മാര്‍ത്ഥതയോടെയുള്ള നിങ്ങളുടെ വിലയിരുത്തല്‍ മാത്രം!!

Maths Blog Result statistical Analyser 2013
(Online Portal Developed by Sreenadh.H, Maths Blog Team)

Jayavisakalanam for 2013, 2012 and 2011
(Online Portal Developed by Nandakumar E, Plus One Student)

Offline Result 2013
(Windows Based Offline software Developed by Unnikrishnan Valanchery)

മാത്​സ് ബ്ലോഗിനു വേണ്ടി ഈ ഉത്തരവാദിത്വം നിസ്വാര്‍ത്ഥമായി ഏറ്റെടുത്ത പ്രോഗ്രാമേഴ്സായ ഇവര്‍ മൂവരും ദിവസങ്ങളോളം ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സിനിമയുടെ പരിസമാപ്തിയിലുണ്ടായേക്കാവുന്ന എല്ലാ ആവലാതികളും യഥാര്‍ത്ഥത്തില്‍ ഞങ്ങളും അനുഭവിച്ചു. പ്രോഗ്രാം തയ്യാറാക്കുന്ന തിരക്കിനിടയില്‍ ഇവരുമായി ഇടപെട്ടപ്പോഴുള്ള ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങളേക്കുറിച്ചും ഓരോ പ്രോഗ്രാമുകളുടേയും സവിശേഷതകളേക്കുറിച്ചും പറയാനുണ്ട്. അവ ചുവടെ നല്‍കുന്നു.

കഥ ഇടയ്ക്കു നിന്നാണ് തുടങ്ങുന്നത്. പറഞ്ഞ ആ നിമിഷം തന്നെ മറുത്തൊന്നും പറയാതെ തിരുവനന്തപുരം ഐടി@സ്ക്കൂളിലെ മാസ്റ്റര്‍ ട്രെയിനറായ സഹാനി സാര്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. ഒട്ടും സമയം പാഴാക്കാതെ തന്നെ അദ്ദേഹം ഡാറ്റ അപ്​ലോഡു ചെയ്തു തരികയും ചെയ്തു. മാത്​സ് ബ്ലോഗിലെ അധ്യാപകക്കൂട്ടായ്മയുടെ ആവേശത്തെ അതിന്റേതായ രീതിയില്‍ത്തന്നെ ഉള്‍ക്കൊണ്ട് ഒട്ടും സമയം പാഴാക്കാതിരിക്കാന്‍ അദ്ദേഹം വളരെയേറെ ശ്രദ്ധിച്ചു. എന്നാല്‍ എന്തായിരിക്കും ലഭിക്കാന്‍ പോകുന്ന ഡാറ്റയെന്നതിനെപ്പറ്റി പ്രോഗ്രാം ചെയ്യാനിരിക്കുന്ന ശ്രീനാഥ്, നന്ദകുമാര്‍, ഉണ്ണികൃഷ്ണന്‍ സാര്‍ എന്നിവര്‍ക്ക് വ്യക്തമായ ധാരണയൊന്നുമില്ലായിരുന്നു.

ആസിഫ് സാറിന്റെ പ്രോഗ്രാമില്‍ മാറ്റം വരുത്തേണ്ടി വരികയാണെങ്കില്‍ അതു ചെയ്യാനായി ഹസൈനാര്‍ മങ്കട സാറും സജ്ജരായിരിക്കുകയായിരുന്നു. ഔട്ട് പുട്ടായി ലഭിക്കുന്ന പി.ഡി.എഫിന്റെ ഹെഡറില്‍ 2012 എന്നത് 2013 ആക്കി മാറ്റാന്‍ അദ്ദേഹം പാച്ച് റെഡിയാക്കിയെങ്കിലും ഈയൊരു പ്രശ്നം മാത്രമേ കാണിക്കുന്നുള്ളു എന്നതു കൊണ്ടു തന്നെ മറ്റു മാറ്റങ്ങളൊന്നും വേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു കൊണ്ടാണ് ആസിഫ് സാറിന്റെ സോഫ്റ്റ്​വെയര്‍ ധൈര്യമായി ഉപയോഗിച്ചോളൂ എന്നുള്ള അറിയിപ്പ് ബ്ലോഗിലൂടെ നല്‍കിയത്.

ശ്രീനാഥ് തയ്യാറാക്കിയ മാത്​സ് ബ്ലോഗ് റിസല്‍ട്ട് അനലൈസറിന്റെ സവിശേഷതകള്‍
ഇടപ്പള്ളിയിലുള്ള ഒരു പ്രോഗ്രാമറും സിസ്റ്റം അഡ്മിനും ഫോസ് കണ്‍സള്‍ട്ടന്റുമാണ് ശ്രീനാഥ്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഐലഗ് കൊച്ചിന്‍ (Indian Linux users Groupന്റെ) മൂന്നാം ഞായര്‍ മീറ്റിങ്ങുകളില്‍ വച്ചാണ് ശ്രീനാഥുമായി പരിചയപ്പെടാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചത്. കഴിവുള്ളയാളാണെന്നു ബോധ്യപ്പെട്ടതു കൊണ്ടുതന്നെ ശ്രീനാഥിനെ മാത്​സ് ബ്ലോഗിന്റെ ആരംഭദശയില്‍ത്തന്നെ ടീമിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. മാത്​സ് ബ്ലോഗിന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊരാളാണ് ശ്രീനാഥ്. ചെയ്യുന്ന ജോലിയിലെ മികവും അതിനോടു കാണിക്കുന്ന ആത്മാര്‍ത്ഥതയുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അല്ലെങ്കില്‍ ഇക്കഴിഞ്ഞ നാലഞ്ചു ദിവസം ഉറക്കം പോലും ഉപേക്ഷിച്ച് ഇങ്ങനെയൊരു പോര്‍ട്ടല്‍ മാത്​സ് ബ്ലോഗ് കൂട്ടായ്മയ്ക്കു വേണ്ടി ഉണ്ടാക്കുമോ?

Maths Blog Result statistical Analyser 2013
Online Portal Developed by Sreenadh.H, Maths Blog Team

റിസല്‍ട്ടു പ്രസിദ്ധീകരിക്കുന്നതിന്റെ തലേന്നാണ് ഈ റിസല്‍ട്ട് അനാലിസിസ് പ്രോഗ്രാമിങ്ങിലേക്ക് ശ്രീനാഥ് തയ്യാറായി വരുന്നത്. പദ്ധതി വിശദീകരിച്ചപ്പോള്‍ അതിയായ താല്പര്യത്തോടെ സ്വയം സന്നദ്ധനായാണ് അദ്ദേഹം മുന്നോട്ടു വരികയായിരുന്നു. തുടര്‍ന്നങ്ങോട്ട് അക്ഷീണ പരിശ്രമം. വീട്ടിലെ ഇന്റര്‍നെറ്റ് പണിമുടക്കിയപ്പോള്‍ ഐടി@സ്കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്രര്‍ ജോസഫ് ആന്റണി സാറും ജയദേവന്‍ സാറും നിസാര്‍ മാഷും വഴി ഐടി@സ്ക്കൂളിന്റെ എറണാകുളം ഓഫീസിലും രാത്രി സമയം ഒരു സുഹൃത്തിന്റെ വീട്ടിലുമിരുന്നാണ് അദ്ദേഹം പോര്‍ട്ടല്‍ തയ്യാറാക്കിയത്. ഏപ്രില്‍ 27 ശനിയാഴ്ച വെളുപ്പിന് 01.54 ന് ഈ പോസ്റ്റ് എഴുതുമ്പോഴും ശ്രീനാഥ് പോര്‍ട്ടല്‍ അപ്ഡേഷനുമായി അങ്ങേയറ്റത്തുണ്ട്. പരീക്ഷയെഴുതിയ ഒരു കുട്ടിക്കു മുതല്‍ സ്റ്റേറ്റ് വാര്‍ത്ത തയ്യാറാക്കുന്ന പത്രക്കാര്‍ക്കു വരെ താരതമ്യം ചെയ്യാനാകും വിധം ഭംഗിയായാണ് അദ്ദേഹം ഈ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വായനക്കാരുടേയും അധ്യാപകരുടേയും ആവശ്യങ്ങള്‍ക്കനുസരിച്ച് ഇനിയും പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ ശ്രീനാഥ് തയ്യാറായിരിക്കുമെന്ന് ഞങ്ങള്‍ ഗ്യാരന്റി. അഭിപ്രായങ്ങള്‍ പറയുമല്ലോ?

നന്ദകുമാര്‍ തയ്യാറാക്കിയ ജയവിശകലനത്തിന്റെ സവിശേഷതകള്‍
ഒരു പ്ലസ് വണ്‍കാരന്‍ കുട്ടിയാണെങ്കിലും ഉത്തരവാദിത്വമേറ്റെടുത്തതു നന്ദകുമാറായിരുന്നത് കൊണ്ടു തന്നെ അതില്‍ ഒട്ടും ആശങ്ക തോന്നിയില്ല. 'നമുക്കതു ചെയ്യാം' എന്ന് നന്ദകുമാര്‍ പറഞ്ഞതും ഉറച്ച ശബ്ദത്തില്‍ത്തന്നെയായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴേ ചലനം എന്ന പേരില്‍ ഒരു ആനിമേഷന്‍ സോഫ്റ്റ്​വെയര്‍ ഉണ്ടാക്കിയ കുട്ടിയെക്കുറിച്ചും അവന്റെ കഴിവുകളെപ്പറ്റിയും നല്ല ധാരണയുണ്ടായിരുന്നതു കൊണ്ട് പ്രോഗ്രാം തയ്യാറാകുമെന്നു തന്നെയായിരുന്നു ധാരണ. തികച്ചും സൗജന്യമായി നല്‍കുന്ന ഒരു വെബ്സൈറ്റിന്റെ സേവനം ഉപയോഗിച്ച് ഈയൊരു പ്രോഗ്രാം റണ്‍ ചെയ്യിച്ചെങ്കില്‍ എങ്ങിനെ ആ കുട്ടിയെ അംഗീകരിക്കാതിരിക്കും. ഞങ്ങളവിടെ അവന്റെ ശിഷ്യരാവുകയായിരുന്നു. മൊബൈല്‍ ഫോണില്‍ നിന്ന് കുത്തിയെടുത്ത സ്ലോ ഇന്റര്‍നെറ്റിലൂടെയാണ് ഈ പ്രോഗ്രാം നന്ദു എഴുതിയതും അത് റണ്‍ ചെയ്യിച്ച് പരീക്ഷിച്ചതും.

Jayavisakalanam for 2013, 2012 and 2011
Online Portal Developed by Nandakumar E, Plus One Student

ഓരോ തവണ ഔട്ട്പുട്ട് റിപ്പോര്‍ട്ടിനേക്കുറിച്ചു പറയുമ്പോഴും അത് കേട്ട് ക്ഷമയോടെ അതു ചെയ്യാം എന്ന് നന്ദു പറയുമായിരുന്നു. പ്രോഗ്രാമിന്റെ പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടത്തേപ്പറ്റി പറയുമ്പോഴൊന്നും സംസാരിക്കുന്നത് ഒരു കുട്ടിയോടാണെന്ന് തോന്നിയിരുന്നേയില്ല. മൊബൈല്‍ ഫോണില്‍ പോലും ഈസിയായി റണ്‍ ചെയ്യിക്കാവുന്ന വിധത്തിലാണ് പ്രോഗ്രാമിന്റെ രൂപ കല്‍പ്പന. 2013 ലെ മാത്രമല്ല, 2012, 2011 തുടങ്ങിയ വര്‍ഷങ്ങളിലെ വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള വിശദമായ അനാലിസിസ് ഈ പോര്‍ട്ടലില്‍ നിന്ന് എളുപ്പം ലഭിക്കും. പ്രോഗ്രാമെല്ലാം ചെയ്തു കഴിഞ്ഞ് നന്ദി പറയാനായി വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞതു കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. 'റിസല്‍ട്ട് അനാലിസിസ് തയ്യാറാക്കിയതോടെ എനിക്ക് ജാവാ സ്ക്രിപ്റ്റ് പഠിക്കാന്‍ കഴിഞ്ഞു'. അതെ, നമ്മുടെ പോര്‍ട്ടലുണ്ടാക്കാന്‍ നന്ദു റിസല്‍ട്ടിന്റെ തൊട്ടു മുമ്പും ശേഷവുമായി ജാവസ്ക്രിപ്റ്റ് പഠിച്ച് ചെയ്ത പ്രോഗ്രാമാണത്രേ, ജയവിശകലനം. പക്ഷേ റിപ്പോര്‍ട്ട് കണ്ടാല്‍ പരിചയ സമ്പന്നനായ ഒരാള്‍ ചെയ്തതാണെന്നേ ആരും പറയൂ. യഥാര്‍ത്ഥത്തില്‍ ഇതു തന്നെയല്ലേ, അവന്റെ മികവ്? ജയവിശകലനം എന്ന പോര്‍ട്ടലിന്റെ പേരില്‍ തന്നെ പ്രത്യേകതകളില്ലേ? അഭിപ്രായങ്ങളെഴുതുമല്ലോ?

ഉണ്ണികൃഷ്ണന്‍ സാറിന്റെ ഓഫ്​ലൈന്‍ സോഫ്റ്റ്​വെയറിന്റെ സവിശേഷതകള്‍
പത്താം ക്ലാസുകാര്‍ക്കു വേണ്ടി എ ലിസ്റ്റ് ഡാറ്റയില്‍ നിന്നും ടി.സി പ്രിന്റ് ചെയ്യാനുള്ള സോഫ്റ്റ്​വെയര്‍ തയ്യാറാക്കിയ നല്ലൊരു പ്രോഗ്രാമറാണ് അധ്യാപകന്‍ കൂടിയായ ശ്രീ. ഉണ്ണികൃഷ്ണന്‍ വളാഞ്ചേരി. വിന്‍ഡോസ് അധിഷ്ഠിത പ്രോഗ്രാമുകളില്‍ അദ്ദേഹത്തിന് നല്ല അറിവുണ്ട്. ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ലിനക്സ് അധിഷ്ഠിത ടി.സി സോഫ്റ്റ്​വെയര്‍ വേണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതിനു വേണ്ടി പൈത്തണ്‍ പ്രോഗ്രാമിങ്ങ് പഠിക്കുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായി അദ്ദേഹം നിര്‍മ്മിച്ച പൈത്തണ്‍ അധിഷ്ഠിതമായ ടിക് ടാക് എന്ന ഗെയിം നോക്കൂ. നമ്മുടെ ബ്ലോഗിലെ പോസ്റ്റ് കണ്ട് വിന്‍ഡോസിലാണെങ്കില്‍ ആവശ്യപ്പെട്ട പോലൊരു റിസല്‍ട്ട് അനാലിസിസ് സോഫ്റ്റ്​വെയറില്‍ ഒരു കൈ നോക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.

Offline Result 2013
Windows Based Offline software Developed by Unnikrishnan Valanchery

ചെയ്യുന്ന ജോലി ഏകാഗ്രമായിരുന്ന് മുഴുമിപ്പിക്കുന്ന ശീലത്തിനുടമായാണെന്ന് അദ്ദേഹത്തോട് ഇടപെട്ടപ്പോള്‍ മനസ്സിലായി. രണ്ടു ദിവസം പ്രോഗ്രാമിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹം ഇതു പൂര്‍ത്തിയാക്കിയത്. നമ്മുടെ നന്ദകുമാറിന്റെ വീടിന് അധികം ദൂരയല്ലാതെയാണ് ഉണ്ണികൃഷ്ണന്‍ സാറിന്റെ വീടും. ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കാം. പിന്നീട് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. ആര്‍ക്കു വേണമെങ്കിലും പെന്‍ഡ്രൈവില്‍ കോപ്പിയെടുത്ത് വിവിധ കമ്പ്യൂട്ടറുകളിലേക്ക് സേവ് ചെയ്യാനും അതിലെല്ലാം വിവിധ തരത്തിലുള്ള റിസല്‍ട്ട് അനാലിസിസുകള്‍ നടത്താനും ഈ സോഫ്റ്റ്​വെയര്‍ ഏറെ സഹായിക്കും. പ്രത്യേകിച്ച് സദാസമയവും റിപ്പോര്‍ട്ടുകളുടെ പ്രിന്റ് ഔട്ട് ആവശ്യമായി വരുന്ന ഈ സമയത്ത്.

ഈ പ്രോഗ്രാമുകളെല്ലാം തന്നെ മാത്​സ് ബ്ലോഗിലെ വായനക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. ആധികാരിക വിവരങ്ങള്‍ക്ക് എപ്പോഴും ഔദ്യോഗിക സൈറ്റുകളെത്തന്നെ ആശ്രയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും കമന്റായി രേഖപ്പെടുത്തുമല്ലോ. കൂടുതല്‍ ഫീച്ചറുകള്‍ ആവശ്യമുണ്ടെങ്കില്‍ അവ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്താം.

Tidak ada komentar:

Posting Komentar