കുട്ടികളെ നേര്‍വഴിക്കു നയിക്കുന്നതില്‍ രക്ഷിതാക്കളേക്കാള്‍ ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ട്. രക്ഷിതാക്കളുടെ പരിമിതി മനസ്സിലാക്കി കുട്ടികളെ നന്നായി വളര്‍ത്താന്‍ അവരെ സഹായിക്കേണ്ടതു നല്ല അധ്യാപകന്റെ പ്രധാന കടമകളിലൊന്നാണ് - പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ മനോരമയില്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗമാണിത്. ഈ അധ്യയന വര്‍ഷാരംഭത്തില്‍ തലക്കെട്ടില്‍ ഉന്നയിച്ച ചോദ്യത്തിന് പ്രസക്തിയുമുണ്ട്. നല്ലൊരു ചര്‍ച്ച പ്രതീക്ഷിക്കുന്നു. വഴി തെറ്റലുകളില്ലാത്ത ആ ചര്‍ച്ച അദ്ദേഹം കാണുമെന്നും പ്രതീക്ഷിക്കാം. സജീവമായ കാര്യമാത്രപ്രസക്തമായ ഇടപെടലുകള്‍ ഏവരില്‍ നിന്നും പ്രതീക്ഷിക്കുന്നു. ലേഖനത്തിന്റെ പൂര്‍ണരൂപം ചുവടെ കൊടുത്തിരിക്കുന്നു.
കഴിഞ്ഞ ദിവസം മനോരമയില്‍ ഞാനൊരു വാര്‍ത്ത വായിച്ചു. നൂറുവയസ്സു പിന്നിട്ട ഗുരു ശിഷ്യനെ കാണാന്‍ ശിഷ്യന്റെ വീട്ടില്‍ എത്തിയ കഥ. പൊന്നാനി എ.വി ഹൈസ്‌കൂളിലെ അധ്യാപകനായ കെ. മാധവവാരിയരാണു ചമ്രവട്ടം പാലം കടന്നു ശിഷ്യനായ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്റെ വീട്ടിലെത്തിയത്. 90 വര്‍ഷത്തെ ജീവസ്സുറ്റ ഗുരുശിഷ്യബന്ധം. വേണമെങ്കില്‍ ഗുരുവിനു ശിഷ്യനെ വീട്ടിലേക്കു വിളിച്ചുവരുത്താമായിരുന്നു. പക്ഷേ, അദ്ദേഹം ശിഷ്യനെ തേടി ശിഷ്യന്റെ വീട്ടിലെത്തുകയായിരുന്നു. കൗതുകമോ വിസ്മയമോ അല്ല, മനസ്സു നിറഞ്ഞുപോകുന്ന വാര്‍ത്തയായിരുന്നു അത്. ഒപ്പം നമുക്കെല്ലാമുള്ള ഒരോര്‍മപ്പെടുത്തലും.
അധ്യാപകന്‍ യഥാര്‍ഥത്തില്‍ ആരായിരിക്കണം എന്ന ചോദ്യത്തിനു പല ഉത്തരങ്ങള്‍ പല കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആരായിരിക്കരുത് എന്ന ചോദ്യമാണ് ഇക്കാലത്തു പ്രസക്തം. കുട്ടികളെ വഴിതെറ്റിക്കുന്ന, വഴിതെറ്റാന്‍ പ്രേരിപ്പിക്കുന്നവരായിരിക്കരുത് ഒരിക്കലും അധ്യാപകരും സ്‌കൂളിലെ സാഹചര്യങ്ങളും. എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിക്കൊടുക്കുകയും നൂറുശതമാനം വിജയം തികയ്ക്കുകയും മാത്രമാവരുത് അധ്യാപകരുടെ ലക്ഷ്യം.
പുതിയ മുഖങ്ങള്‍
ഇന്നത്തെ കുട്ടികള്‍ക്കു രണ്ടു മുഖങ്ങളുണ്ട്. ഒന്ന് അണുകുടുംബങ്ങളില്‍ ശ്വാസംമുട്ടി ശ്രദ്ധയും പരിഗണനയും കിട്ടാതെ വളരുന്നവര്‍. ഗ്രേഡുകളും റാങ്കുകളും ഉല്‍പാദിപ്പിക്കാനുള്ള ഉപകരണങ്ങളായി കുട്ടികളെ കാണുന്ന രക്ഷിതാക്കളുടെ മക്കള്‍. ചില കാര്യങ്ങളിലെങ്കിലും അധ്യാപകരെക്കാള്‍ മിടുക്കു കാണിക്കുന്നതാണ് അവരുടെ രണ്ടാമത്തെ മുഖം. ആ മിടുക്ക് കുട്ടിയുടെ ജീവിതസാഹചര്യങ്ങളനുസരിച്ചു മാറും. ഇതു തിരിച്ചറിഞ്ഞ് ഈ മിടുക്കുകളെ പ്രോല്‍സാഹിപ്പിച്ചു വളര്‍ത്തുക എന്നതാണ് ഇന്നത്തെക്കാലത്തെ അധ്യാപകന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
വിദ്യാഭ്യാസ അവകാശനിയമം പല ഘട്ടങ്ങളിലായി പ്രാവര്‍ത്തികമാകുകയാണ്. സ്‌കൂള്‍ അന്തരീക്ഷത്തില്‍ വിപ്ലവകരമായ മാറ്റമാണ് അതുണ്ടാക്കാന്‍ പോകുന്നത്. ഓരോ കുട്ടിയുടെയും മനസ്സറിഞ്ഞ് അതിനനുസരിച്ച് അവനു വഴികാട്ടുകയെന്നതാണു പ്രധാനം. വിദ്യാഭ്യാസ അവകാശനിയമത്തെക്കുറിച്ചുള്ള കൃത്യമായ അറിവും അതിനുവേണ്ടിയുള്ള സ്വയം നവീകരണവും നിങ്ങളുടെ അധ്യാപനശേഷിയുയര്‍ത്തും.
നല്ല അധ്യാപകനു പ്രധാനമായും വേണ്ടതു നാലു ഗുണങ്ങളാണ്. സൃഷ്ടിപരത (ക്രിയേറ്റീവ്), പരിചിന്തനശേഷി (റിഫ്‌ളക്ടീവ്), നൂതനത്വം (ഇന്നൊവേറ്റീവ്), സൂക്ഷ്മബോധം (സെന്‍സിറ്റീവ്). പഠിപ്പിക്കേണ്ട വിഷയം എത്രമാത്രം ഗഹനമായിരുന്നാലും ഈ നാലു ഗുണങ്ങളുമുണ്ടെങ്കില്‍ നിങ്ങളുടെ ജോലി സഫലമാകും. കുട്ടികള്‍ നിങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്നതും ഈ സമീപനം തന്നെയാണ്. നിരന്തരമായ ശ്രമങ്ങളിലൂടെ സ്വയം മിനുക്കിയെടുക്കേണ്ടവയാണിവ. എന്തു ചെയ്യണമെങ്കിലും പരിശീലനം വേണമെന്നു വാശിപിടിക്കുകയല്ല നല്ല അധ്യാപകന്‍ ചെയ്യേണ്ടത്. സ്വന്തം ശ്രമങ്ങളിലൂടെ സ്വയം പരിശീലിക്കുകയാണു വേണ്ടത്. അതിനു വേണ്ട സൗകര്യങ്ങളെല്ലാം നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളിലുണ്ട്. മാതൃകാപരമായ അധ്യയന രീതികളെക്കുറിച്ചുള്ള പഠനങ്ങളും റിപ്പോര്‍ട്ടുകളും ആയിരക്കണക്കിനുണ്ട് ഇന്റര്‍നെറ്റില്‍. കൂട്ടായ ചര്‍ച്ചകളിലൂടെ എന്തെന്തു പുതിയ ആശയങ്ങളാണു നമ്മുടെ സ്‌കൂളുകളില്‍ തന്നെ നടപ്പാക്കുന്നത്? നിരന്തരമായ അന്വേഷണങ്ങളിലൂടെ അധ്യാപകന്‍ സ്വയം നവീകരിച്ചുകൊണ്ടിരിക്കണം.
ജീവിതം പഠിപ്പിക്കാന്‍ ഒരു പിരിയഡ്
ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സലിംകുമാര്‍ ഒരു സ്‌കൂളില്‍ സ്വീകരണത്തിനെത്തിയപ്പോള്‍ കുട്ടികള്‍ ഒരു ചോദ്യം ചോദിച്ചു - താങ്കള്‍ മുഖ്യമന്ത്രിയായാല്‍ ആദ്യമെടുക്കുന്ന തീരുമാനം എന്തായിരിക്കും? തൊട്ടടുത്ത സെക്കന്‍ഡില്‍ സലിംകുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു - സ്‌കൂളുകളില്‍ കുട്ടികള്‍ക്കു ജീവിതം പഠിപ്പിക്കാന്‍ ഒരു പിരിയഡ് തുടങ്ങും!
ഒട്ടും തമാശയായി കാണേണ്ട കാര്യമല്ല സലിംകുമാര്‍ പറഞ്ഞത്. കുട്ടികളെ നല്ല കുട്ടികളായി ജീവിക്കാന്‍ പഠിപ്പിക്കേണ്ട വലിയ ഉത്തരവാദിത്തം സ്‌കൂളിനുണ്ട്. കാരണം, വെല്ലുവിളികളുടെ ലോകത്താണ് അവര്‍ ജീവിക്കുന്നത്. നാട്ടിലും റോഡിലും വീട്ടിലും കുഞ്ഞുങ്ങളെ കാത്ത് അപകടങ്ങള്‍ പതിയിരിക്കുന്നു. അവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. അവരെ വഴിതെറ്റിക്കാന്‍ സ്‌കൂളുകള്‍ക്കു ചുറ്റും മാഫിയകള്‍ തന്നെ വട്ടമിട്ടു പറക്കുന്നു. ഇതിനെയെല്ലാം നേരിട്ടു നന്നായി വളരാന്‍ അവര്‍ക്കു നിങ്ങളുടെ കൈത്താങ്ങ് ആവശ്യമാണ്.
കുട്ടികളെ നേര്‍വഴിക്കു നയിക്കുന്നതില്‍ രക്ഷിതാക്കളെക്കാള്‍ ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ട്. കാരണം, രക്ഷിതാക്കളെക്കാള്‍ കൂടുതല്‍ സമയം അവര്‍ നിങ്ങളോടൊപ്പമാണു ജീവിക്കുന്നത്. മാത്രമല്ല, രക്ഷിതാക്കള്‍ക്ക് ഒട്ടേറെ പരിമിതികളുണ്ട്. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു കാര്യമായ അറിവില്ലായ്മ തന്നെയാണു പ്രധാനം. എന്തു ജോലിചെയ്യുന്നതിനു മുന്‍പും നമുക്കു കൃത്യമായ പരിശീലനം ലഭിക്കുന്നുണ്ട്. എന്നാല്‍ രക്ഷാകര്‍ത്തൃത്വം എന്ന ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു മുന്‍പു നമുക്ക് എന്തു പരിശീലനമാണു ലഭിക്കുന്നത്?
കുടുംബത്തില്‍ നിന്നു കണ്ടും കേട്ടും പഠിക്കുന്നതല്ലാതെ? ഇങ്ങനെ പഠിക്കുന്നതെല്ലാം നല്ല പാഠങ്ങളാണോ?
ആരാകണം അധ്യാപകന്‍?
രക്ഷിതാക്കളുടെ ഈ പരിമിതി മനസ്സിലാക്കി കുട്ടികളെ നന്നായി വളര്‍ത്താന്‍ അവരെ സഹായിക്കേണ്ടതു നല്ല അധ്യാപകന്റെ പ്രധാന കടമകളിലൊന്നാണ്; പ്രത്യേകിച്ച് അണുകുടുംബങ്ങള്‍ വ്യാപകമാകുന്ന ഇക്കാലത്ത്. കുട്ടികളുമായി മാത്രമല്ല, അവരുടെ രക്ഷിതാക്കളുമായും അധ്യാപകന്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കണം. എവിടെയെങ്കിലും ചെറിയ പിശകുകള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ അതു തിരുത്താന്‍ കുട്ടികളുമായും അവരുടെ കുടുംബവുമായുമുള്ള ബന്ധം പ്രയോജനപ്പെടുത്തുകയും വേണം. കുട്ടികളെ ജീവിതം പഠിപ്പിക്കുന്ന അച്ഛനാകണം, അമ്മയാകണം, ചേച്ചിയാകണം, ചേട്ടനാകണം നല്ല അധ്യാപകന്‍.
കുട്ടികളെ സാമൂഹിക ഉത്തരവാദിത്തമുള്ളവരാക്കി വളര്‍ത്തേണ്ടതും സ്‌കൂളുകളുടെ കടമയാണ്. വിഭിന്നശേഷിയുള്ള കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പം പഠിപ്പിക്കണമെന്ന പുതിയ നിര്‍ദേശം ഈ ലക്ഷ്യം കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. ഇങ്ങനെയുള്ളവരും നമുക്കു ചുറ്റുമുണ്ടെന്നും അവരെ ഒരു മൂലയ്ക്കു മാറ്റിനിര്‍ത്തുകയല്ല, മറിച്ചു നമ്മുടെ കൂടെയിരുത്തുകയാണു ചെയ്യേണ്ടതെന്നുമുള്ള സന്ദേശമാണത്.
നല്ല കുട്ടികളായി വളര്‍ത്തുന്നതിനൊപ്പം അവരുടെ നിലവാരത്തിനനുസരിച്ചുള്ള പഠനം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകണം. കുട്ടികളുമായുള്ള ബന്ധം സുദൃഢമാകുന്നതിലൂടെ അവരുടെ കഴിവുകളും കുറവുകളും നമുക്കു മനസ്സിലാക്കാനാകും.
കഴിവുകള്‍ രാകി മിനുക്കാനും കുറവുകള്‍ കഴിയാവുന്നത്ര പരിഹരിക്കാനും അവരെ സഹായിക്കണം. എല്ലാ കുട്ടികളും എ പ്ലസ് നേടണമെന്നു വാശിപിടിച്ച് അവരെ മാനസിക സമ്മര്‍ദത്തിലാക്കുകയല്ല വേണ്ടത്.
കാലം മാറുകയാണ്. കുട്ടികളുടെ ജീവിതരീതികളും വീക്ഷണങ്ങളും മാനസികനിലയും മാറുന്നു. അതിനനുസരിച്ച് അധ്യാപകരും തയാറെടുക്കണം. ഓരോ അധ്യാപകനും ഇങ്ങനെ സ്വയം മാറുമ്പോഴാണു നല്ല വിദ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. നല്ല വിദ്യാലയങ്ങളില്‍ നിന്നാണു നല്ല സമൂഹം ഉയിരെടുക്കുന്നത്.
Tidak ada komentar:
Posting Komentar