MATHEMATICS

Minggu, 05 Agustus 2012

ഗണിതശാസ്ത്രവര്‍ഷം - സ്ക്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍

മാത്‌സ് ബ്ളോഗിലെ സന്ദര്‍ശകര്‍ക്ക് 2012 ന്റെ പ്രാധാന്യം - ദേശീയഗണിതവര്‍ഷം- ഒട്ടും തന്നെ വിശദീകരിക്കേണ്ടതില്ല. ഗണിതം, ഭാരതീയഗണിതശാസ്ത്ര ചരിത്രം, ശ്രീനിവാസരാമാനുജന്‍ തുടങ്ങിയ സംഗതികളൊന്നും അതുകൊണ്ടുതന്നെ വിസ്തരിക്കുന്നുമില്ല. ഒരൊറ്റക്കാര്യം മാത്രമാണിവിടെ സ്പര്‍ശിക്കുന്നത്. മറ്റെതൊരു ദിനാചരണം പോലെയും ദേശീയ ഗണിതവര്‍ഷം മാത്സ്ബ്ളോഗിലൂടെയെങ്കിലും വെറും ആചരണമയി കടന്നുപോയിക്കൂടാ. ഒക്കെ 'കണക്കെന്ന്' പറയിപ്പിച്ചുകൂടാ. ഈ വര്‍ഷം നമുക്കെന്തെല്ലാം ചെയ്യാന്‍ കഴിയും?

രണ്ടുതലങ്ങളില്‍ നമുക്കീ കാര്യം ആലോചിക്കാം
  • ഗണിതശാസ്ത്രത്തിന്റെ ചരിത്രവും പ്രാധാന്യവും സാധാരണക്കാരുമായി പങ്കുവെക്കുക
  • ഗണിതപഠനത്തില്‍ കുട്ടികളുടെ അഭിരുചി അത്യധികം വര്‍ദ്ധിപ്പിക്കുക.
സാധാരണക്കാര്‍ക്ക് [ അദ്ധ്യാപകസമൂഹത്തില്‍ പോലും ] കണക്ക് എന്തോ അകലെക്കിടക്കുന്ന ഒരു ഭൂഖണ്ഡം പോലെയാണ്`. അതുകൊണ്ടുതന്നെ അപ്രാപ്യമെന്നും അഗ്രാഹ്യമെന്നും കരുതുകയാണ്`. കണക്കിന്റെ ചരിത്രവുമായി ബന്ധപ്പെടുമ്പോള്‍ മാത്രമാണ്` [ നിത്യജീവിതത്തിലെ പ്രാധാന്യവും ] ഈ അകല്‍ച്ച മാറിപ്പോകുന്നത്. ഭാരതീയരും വിദേശീയരുമായ ഗണിതശാസ്ത്രജ്ഞരുടെ ജീവിതവും അതത് കാലത്തെ സാമൂഹ്യാവസ്ഥകളും മനസ്സിലാകുന്നതോടെ കണക്കിനുള്ള ഈ മായികഭാവം ഇല്ലാതാകും. പേരെടുത്ത് പറയാതെതന്നെ ഏതു ശാസ്ത്രജ്ഞനും തുടക്കത്തില്‍ സാധാരണക്കാരനായിരുന്നുവെന്നും വിഷയത്തിലുള്ള അതിയായ താല്പ്പര്യം [ അറിവിന്റെ സുഖം] , കൂടുതല്‍ അറിയാനുള്ള അഭിനിവേശം , [അറിഞ്ഞോ അറിയാതെയോ ഒരാളില്‍ നിലനില്‍ക്കുന്ന] സാമൂഹ്യമായ പ്രതിബദ്ധത എന്നിവയൊക്കെയാണ്` അവരെ അസാധാരണരാക്കിയെന്നതും ആണല്ലോ വസ്തുത. ഏതു സാധാരണക്കാരനും കടന്നുചെല്ലാവുന്ന പടിവാതിലുകളാണ്` ശാസ്ത്രങ്ങള്‍ക്കൊക്കെയും [ അറിവിനൊക്കെയും] എന്ന മഹാസത്യം ചരിത്രത്തിന്ന് വിശദീകരിച്ചുകൊടുക്കാന്‍ കഴിയും .

കുട്ടികളുടെ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും ഈ ഒരു വഴി പ്രയോജനപ്പെടുത്താം.ഗണിതം ഒരു പരീക്ഷാവസ്തു വെന്ന നിലയിലായിരിക്കരുത് ഇടപെടല്‍. കണക്കുക്ളാസിലെ പ്രതിപാദ്യം എന്നുമായിക്കൂടാ. ഇതില്‍ ആദ്യം സ്വയം നവീകരിക്കേണ്ടത് കണക്ക് മാഷ് തന്നെയാവും പലപ്പോഴും. ബോധനത്തില്‍ വന്ന മാറ്റം ശരിയായി പ്രയോഗിക്കപ്പെടാന്‍ സാധിക്കണം.

രണ്ടുതരത്തില്‍ ഈ കാര്യങ്ങളില്‍ ഇടപെടല്‍ നടത്താമെന്നു തോന്നുന്നു.

  • ബ്ളോഗ് ടീം നേരിട്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍
  • ബോഗിലൂടെ പ്രക്ഷേപണം ചെയ്യുന്ന പ്രേരണകള്‍

അവയേതെല്ലാമെന്ന് നമുക്ക് നോക്കാം. കൂട്ടിച്ചേര്‍ക്കേണ്ടവ കമന്റിലൂടെ ചര്‍ച്ചയ്ക്കു വന്നാല്‍ അതു കൂടി ഉള്‍പ്പെടുത്താം.
  1. ഏതൊരു പോസ്റ്റിലും അന്തര്‍ലീനമായിരിക്കുന്ന ഒരു ഗണിത ഘടകമുണ്ടല്ലോ. അത് ചര്‍ച്ചക്ക് നല്കണം. ചിലപ്പോള്‍ അത് നിസ്സാരമായ ഒന്നാകാം. പലപ്പോഴും ഗൗരവപ്പെട്ടതും. അത് കണ്ടെത്താനും ചര്‍ച്ചക്ക് വെക്കാനും കഴിയുമോ എന്നതാണ് ടീം എറ്റെടുക്കുന്ന വെല്ലുവിളി. ഭാഷയേപ്പോലും, ഒരു സര്‍ക്കാര്‍ ഉത്തരവ് പോലും mathematize ചെയ്യാന്‍ കഴിയുക എന്നര്‍ഥം. നമ്മുടെ ക്ളാസുകളില്‍ ഗണിതത്തെപ്പോലും ഭാഷീകരിക്കയാണല്ലോ ചെയ്തുവരുന്നത് എന്നാലോചിക്കുമ്പോള്‍ വളരെ സുപ്രധാനമായ ഒരു ക്രിയാരൂപമാകും ഇത്.
  2. ഗണിതസമസ്യകളുടെ ചരിത്രപരമായ , സാമൂഹ്യമായ മാനങ്ങള്‍ വിശദമാക്കുന്ന കുറിപ്പുകള്‍ ആലോചിക്കാവുന്നതണ്`.
  3. മിടുക്കരായ അധ്യാപകരേയും കുട്ടികളേയും സംബോധനചെയ്യുന്ന ക്വിസ്സ്, പ്രഹേളികകള്‍, പ്രശ്നങ്ങള്‍ എന്നിവ തുടര്‍ച്ചയായി നല്കാന്‍ കഴിയുമോ എന്നാലോചിക്കാം .
  4. നമ്മുടെ ഭൂരിപക്ഷം പോസ്റ്റുകളും ബ്ലോഗ്ഗ്- നെറ്റ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ല . നോട്ട് ബുക്കില്‍ എഴുതുന്നതിനു പകരം വെബ്ബ് പേജില്‍ എഴുതുന്നു എന്നേ ഉള്ളൂ. ലിങ്കുകളുടെ പ്രയോജനം 99% പോസ്റ്റിലും ഇല്ല. അതുകൊണ്ടുതന്നെ വെബ്ബ് പരമായ ആധികാരികത ഉണ്ടാക്കാനവുന്നില്ല. വിക്കി നോക്കിയാല്‍ ഇതറിയാം. അറിവിന്റെ വിശാലതകളില്‍ നമ്മുടെ സന്ദര്‍ശകരെ എത്തിച്ചേ മതിയാവൂ.
  5. നമ്മുടെ നിത്യസന്ദര്‍ശകരായ ഗണിതപ്രിയന്‍മാര്‍പോലും സ്വയം സൃഷ്ടികളില്‍ ഏര്‍പ്പെടുന്നില്ല. പലരും ഉപഭോക്താക്കള്‍ മാത്രമാണ്`. [ഒരു കോടി ഉപഭോക്താക്കള്‍ എന്ന ഹിറ്റ് കണക്ക് സ്വയം വിലയിരുത്തലായിട്ടല്ല ; ഉപഭോക്തൃഭാവത്തെ ചോദ്യം ചെയ്യുന്നതായിക്കൂടി എണ്ണിയേ തീരൂ എന്നു തോന്നുന്നില്ലേ? ] ഉപഭോക്താക്കള്‍ ഉല്‍പ്പാദകരാവുകകൂടി ചെയ്യാന്‍ നമ്മുടെ പോസ്റ്റുകള്‍ പ്രയോജനപ്പെടണം. ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങള്‍ മാതൃകയാക്കാവുന്നതാണ്`..
  6. സ്കൂള്‍ തലത്തില്‍ കുട്ടികള്‍ക്ക് ഒറ്റക്കും ഗ്രൂപ്പായും [ ക്ളാസിലും, ക്ളബ്ബിലും] ചെയ്യാവുന്ന ഗണിതപ്രവര്‍ത്തനങ്ങള്‍ - [ പാഠഭാഗങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനായും ആസ്വദിക്കുന്നതിനായും ഉള്ളവ ] കണ്ടെത്തി നല്‍കാന്‍ കഴിയണം. ഗണിതത്തിന്റെ ആസ്വാദനനത്തിന്ന്- സൗന്ദര്യാംശത്തിന്ന് അധിക ഊന്നല്‍ ആവാം.
  7. മിടുക്കരായ അദ്ധ്യാപകര്‍ക്ക് വെല്ലുവിളി ഏറ്റെടുക്കുന്ന തരത്തില്‍ ഇടപെടാവുന്ന സമസ്യകള്‍, പ്രശ്നങ്ങള്‍... കണ്ടെത്തി നല്‍കാന്‍ കഴിയണം. അവരുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രത്യേക പേജ് നീക്കിവെക്കണം.
  8. നിത്യജീവിതവുമായി ബന്ധപ്പെട്ട ഗണിതാത്മക വിഷയങ്ങള്‍ ആലോചിക്കാം. പെട്റോള്‍ വില വര്‍ദ്ധന, രൂപയുടെ വിലമാറ്റം, സബ്സിഡി... സ്വര്‍ണ്ണവില.... എന്നിങ്ങനെ. ഗണിതം സമൂഹവുമായി ബന്ധപ്പെടുന്ന ഇടങ്ങള്‍...
ഒരുകോടി സന്ദര്‍ശകര്‍ വലിയ ശക്തിയാണ്. അവര്‍ വെറും സന്ദര്‍ശകരായിരിക്കരുത് ഇനിയും. ഇടപെടാനുള്ള അവസരം ക്രിയാത്മകമായി ഒരുക്കാന്‍ ഈ ശക്തി തന്നെ നമുക്ക് സഹായകമാവും. ഒരിക്കല്‍ ബ്ളോഗ് സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് ഒരു പോസ്റ്റ് വായിച്ചു കഴിഞ്ഞാല്‍ ഒരു കമ്ന്റിടുന്നതിന്നപ്പുറത്തേക്ക് എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന ആവേശം ഉല്പ്പാദിപ്പിക്കാനാവുമോ എന്നായിരിക്കും 'ഒരു കോടി' യുടെ വെല്ലുവിളി. . ഇതാകും 'ദേശീയ ഗണിതവര്‍ഷത്തില്‍ നമുക്ക് ഏറ്റെടുക്കാനാവുക..

ശതകോടി ആശംസകളോടെ
എസ്.വി. രാമനുണ്ണി മാസ്റ്റര്‍
മാത്​സ് ബ്ലോഗ് ടീം

Tidak ada komentar:

Posting Komentar