മലയാളം, തമിഴ്, അറബ്, ഹിന്ദി എന്നീ ഭാഷകളുടെ ഒരു മിശ്രിതമാണ് ജസരി . ഈ ഭാഷ സംസാരിക്കുന്ന നാട്ടുകാരാണ് ലക്ഷദ്വീപുകാര്‍. കേരള സിലബസ് പിന്തുടരുന്ന ദ്വീപുകളില്‍ മലയാള പാഠാവലി മാത്രമാണ് ഒരു വിദ്യാര്‍ത്ഥിയില്‍ സാഹിത്യപരമായ കഴിവു വര്‍ദ്ധിപ്പിക്കാനുള്ള ഏക ഉപാധിയായി കാണുന്നത്. കേരളക്കരയില്‍ മാത്രമല്ല ലോകമെങ്ങും ദിവസേന വായിക്കുന്ന ദിനപത്രങ്ങള്‍ ദ്വീപില്‍ കിട്ടുന്നത് 15 ദിവസത്തിലൊരിക്കല്‍ ഇവിടെ എത്തുന്ന കപ്പലുകളിലാണ് !!!!! പത്തു ദ്വീപുകളാണ് ലക്ഷദ്വീപില്‍ വാസയോഗ്യമായുള്ളത്. വെള്ളി അവധി ദിവസമാണ്. ഞായറാഴ്ച ഉച്ച വരെ പ്രവര്‍ത്തിക്കണം. മറ്റു ദിവസങ്ങളില്‍ സ്ക്കൂള്‍ സമയം രാവിലെ 10 മുതല്‍ 8.30 വരെ. 8 പിരീഡുകളാണ് ഒരു ദിവസം. പത്തു ക്ലസ്റ്ററുകളാണ് ലക്ഷദ്വീപിലുള്ളത്. ജസരി ഭാഷ സംസാരിക്കുന്ന നാട്ടില്‍ നിന്നും മലയാളത്തോട് താല്പര്യം തോന്നിയ ദ്വീപിലെ ഒരു ഒന്‍പതാം ക്ലാസുകാരി സബീനാ ബീഗം ഒരു കവിതയെഴുതി. ഒരു ഗണിത കവിത. അത് ചുവടെ കൊടുത്തിരിക്കുന്നു.
ബഹുഭുജങ്ങള്‍ എന്ന പാഠഭാഗം തുടങ്ങുമ്പോള്‍ ഗവ. സീനിയര്‍ സെക്കന്ററി സ്ക്കൂള്‍ ഗണിതാധ്യാപകനായ സര്‍ഫ്രാസ് മാസ്റ്റര്‍, 9 B യില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചിരുന്നില്ല. പാഠഭാഗത്തില്‍ ബഹുഭുജത്തിന്റെ പ്രത്യേകതകളും അവ പ്രകൃതിയുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനെ കുറിച്ചുള്ള കാര്യങ്ങളും എല്ലാവര്‍ക്കും രസം തോന്നിയില്ലെങ്കിലും സബീന ബീഗം എ. സി. തന്റെ ഭാവന കവിതയിലൂടെ പുറത്തു കൊണ്ടു വരികയായിരുന്നു. സാഹിത്യ പാരമ്പര്യത്തിലാണ് സബീന ബീഗം ജനിച്ചതെങ്കിലും അവളുടെ ഈ കഴിവു മനസ്സിലാക്കാന്‍ 9-ാം ക്ലാസ്സുവരെ കാത്തിരിക്കേണ്ടി വന്നു ....... അതും ഗണിതത്തിലൂടെ.
ഈ കവിതയ്ക്ക് പരിമിതികള്‍ കാണാം. ജസരി ഭാഷയുടെ പ്രസരത്തിനു നടുവില്‍ നിന്ന് മലയാളത്തിലൊരു കവിതയെഴുതാന്‍ വെമ്പല്‍ കാണിച്ച ദ്വീപ് താത്തയ്ക്ക് നമുക്ക് പ്രോത്സാഹനം നല്കാം. നമ്മുടെ പ്രോത്സാഹനങ്ങളാണ് ഓരോ കുട്ടിയുടേയും വളര്‍ച്ചയ്ക്ക് ഉപകരിക്കുക.
(രീതി -ഈവല്ലിയില്‍ നിന്ന് ചെമ്മേ.....)
ഈ പുസ്തകത്തില്‍ ഇന്നേറേ- കാണും
ചിത്രപ്പണി എന്താ സാറേ.
തെറ്റി നിനക്കെന്റെ മോനെ - ഇവ
പോളിഗണ്‍ രൂപങ്ങളാണേ.
മൂന്ന് വശത്തിന്റുടമാ- അത്
ത്രികോണത്തിന്റെ വിധമാ
നാല് വശത്തിന്റുപമാ -എന്നും
ചതുരം വരച്ച ഫലമാ.
പഞ്ചഭുജത്തിന്റെ കോലം -കേള്
മൊഞ്ചുള്ള വെണ്ടയ്ക്ക രൂപം.
കണ്ടിച്ച വെണ്ടയ്ക്ക തുണ്ടം- കണ്ടാല്‍
മണ്ടിക്കും ഉണ്ടാം വിവേകം
ആറ് വശങ്ങള്‍ ചേര്‍ന്നാലോ- അവ
കൂറീടാം ഷഡ്ഭുജമല്ലോ
തേനീച്ച കൂട്ടിന്‍ അറകള്‍ -പാരം
ഷഡ്ഭുജ കൂട്ട നിരകള്‍
ഏഴ് വശമുണ്ടോ കുഞ്ഞേ- എന്നാല്‍
സപ്തഭുജം അതു തന്നേ
അഷ്ടഭുജമാകാന്‍ വേണം- വശം
സ്പഷ്ടം അതെട്ടാകിടേണം
ഭുജമെണ്ണം ഒമ്പതെന്നാല്‍- അതിന്‍
നാമം നവഭുജമെന്നാം
പത്ത് വശങ്ങള്‍ ചേര്‍ന്നാലോ- ഇതിന്‍
പേരാം ദശഭുജമല്ലോ
രൂപം ഇതുപോല്‍ തുടര്‍ന്നാല്‍ - നമുക്ക്
ചൊല്ലാം ബഹുഭുജ മെന്ന്.
പരിമിതികളെ ഉള്‍ക്കൊണ്ടു തന്നെ നമുക്ക് ഈ ലക്ഷദ്വീപുകാരി കവയിത്രിക്കുട്ടിയെ പ്രോത്സാഹിപ്പിക്കാം. ഒപ്പം ഞങ്ങളോട് നിരന്തരം ചാറ്റിലൂടെയും ഇ-മെയിലിലൂടെയുമെല്ലാം ഇടപെട്ടുകൊണ്ടിരിക്കുന്ന സര്‍ഫ്രാസ് മാസ്റ്റര്‍ക്കും ഞങ്ങളുടെ ആദ്യകാല സുഹൃത്ത് പൂക്കോയ മാഷിനും മാത്‍സ് ബ്ലോഗ് ടീമിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.
Tidak ada komentar:
Posting Komentar