Kamis, 22 Juli 2010

മാത്​സ് ബ്ലോഗിന് 5 ലക്ഷം ഹിറ്റുകള്‍


മാത്​സ് ബ്ലോഗിന്റെ സന്ദര്‍ശനങ്ങളുടെ എണ്ണം അഞ്ചിനു പിന്നില്‍ അഞ്ചു പൂജ്യങ്ങളുമായി അഞ്ചു കൊണ്ട് ലക്ഷാര്‍ച്ചന ചെയ്യുമ്പോള്‍ ഞങ്ങളുടെ വായനക്കാരായ അധ്യാപകര്‍ക്കു മുന്നില്‍, വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍, രക്ഷകര്‍ത്താക്കള്‍ക്കു മുന്നില്‍, അഭ്യുദയകാംക്ഷികള്‍ക്ക് മുന്നില്‍.... ഞങ്ങളുടെ പതിനാറംഗ ബ്ലോഗ് ടീം നമ്രശിരസ്ക്കരാവുകയാണ്. നാളിതുവരെ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കുമെല്ലാം ആത്മാര്‍ത്ഥമായ നന്ദി. മലയാള ബ്ലോഗിങ്ങില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകളുള്ള ബ്ലോഗുകളുടെ ഗണത്തിലേക്ക് വരുമ്പോള്‍ ഞങ്ങളുടെ ആദരണീയരായ ഉപദേശകസമിതി അംഗങ്ങളെ നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയാണ്. ഈ സംരംഭത്തിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കിപ്പോരുന്ന സുനില്‍ പ്രഭാകര്‍ സാര്‍ (കണ്‍സല്‍റ്റന്റ്, ഓണ്‍ലൈന്‍, മാതൃഭൂമി), പ്രൊഫ. Dr. ഇ. കൃഷ്ണന്‍ സാര്‍ (മാത്​സ് ഡിപ്പാര്‍ട്ടമെന്റ് ഹെഡ് (റിട്ടയേഡ്), യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം & പാഠപുസ്തകകമ്മിറ്റി ചെയര്‍മാന്‍), Dr. അച്യുത് ശങ്കര്‍ സാര്‍ (എക്സ്. സിഡിറ്റ് ഡയറക്ടര്‍ & Hon. Director, ​Centre for Bioinformatics, University of Kerala, Trivandrum) എന്നിവരാണ് നമ്മുടെ ഉപദേശകസമിതി അംഗങ്ങള്‍. മെനുവില്‍ പുതുതായി Patrons എന്നതു കൂടി ഉള്‍പ്പെടുത്തി പുതുക്കിയിരിക്കുന്നത് കാണുക. തീര്‍ന്നില്ല, ഇന്നത്തെ ഈ സന്തോഷത്തിന്റെ ഭാഗമായി വിവിധ വ്യക്തികളോടും യൂണിറ്റുകളോടുമൊക്കെ ഞങ്ങള്‍ക്ക് നന്ദി പറയാനുണ്ട്. അതാരോടൊക്കെയെന്നല്ലേ?

ഒന്നരവര്‍ഷത്തെ ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധിപേരെ പരിചയപ്പെടാന്‍ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത ഒരു ഘടമായി ഞങ്ങള്‍ കാണുന്നു. പ്രത്യേകിച്ചും ഞങ്ങളുടെ സഹപ്രവര്‍ത്തകരായ കേരളത്തിലെ അധ്യാപകരെ. വിഷയഭേദമെന്യേ അധ്യാപകര്‍ക്കായി ഒരു വേദിയൊരുക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. മാത്​സ് ബ്ലോഗിന് കടപ്പാടുള്ള ചിലരുടെ പേരുകള്‍ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. പൈത്തണ്‍ പാഠങ്ങളൊരുക്കുന്ന ചെന്നൈയില്‍ റിസര്‍ച്ച് ചെയ്യുന്ന ഫിലിപ്പ് സാര്‍, മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പസിലുകള്‍ ക്രോഡീകരിച്ച് ഇ-പുസ്തകം തയ്യാറാക്കുന്ന ഗൂഗിളില്‍ ജോലി ചെയ്യുന്ന അമേരിക്കയിലെ ഉമേഷ് സാര്‍, ഞങ്ങള്‍ക്ക് പാഠപുസ്തക സംബന്ധിയായ ചോദ്യങ്ങളൊരുക്കിത്തരുന്ന കണ്ണന്‍ സാര്‍, ഗായത്രി, ഹിത എന്നിവര്‍ക്കും ഖത്തറിലെ അസീസ് സാര്‍, അഞ്ജന ടീച്ചര്‍ എന്നു തുടങ്ങി ദാ, ഏറ്റവുമൊടുവില്‍ ജയശങ്കര്‍ സാര്‍, കാണ്‍പൂര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥിയും മാത്തമാറ്റിക്സ് ഒളിമ്പ്യാഡിലെ അസിസ്റ്റന്റ് കോച്ചുമായ റസിമാന്‍ സാര്‍ എന്നിവരോടൊക്കെയുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. ഇങ്ങനെയുള്ള ഒരു കൂട്ടം അധ്യാപകേതര അഭ്യുദയകാംക്ഷികളാണ് മാത്​സ് ബ്ലോഗിന് ഇത്രയേറെ പ്രശസ്തി നേടിത്തന്നത്. ഞങ്ങള്‍ക്ക് നിര്‍ലോഭമായ പിന്തുണ തന്നിട്ടുള്ള അന്‍വര്‍ സാദത്ത് സാര്‍ നേതൃത്വം നല്‍കുന്ന ഐടി@സ്ക്കൂള്‍ പ്രൊജക്ടിനോടും മാസ്റ്റര്‍ട്രെയിനര്‍മാരോടുമുള്ള നന്ദി എങ്ങനെ ഞങ്ങള്‍ വാക്കുകളിലൊതുക്കും? ഹസൈനാര്‍ മങ്കട, അബ്ദുള്‍ ഹക്കീം, പ്രദീപ് മാട്ടറ, ജയദേവന്‍,വാസുദേവന്‍ അടക്കമുള്ള മാസ്റ്റര്‍ട്രെയിനര്‍മാര്‍ ഞങ്ങള്‍ക്കു തന്നിട്ടുള്ള പിന്തുണ നിസ്വാര്‍ത്ഥമായാണ്. ഒപ്പം ജയരാജന്‍ സാര്‍ നേതൃത്വം നല്‍കുന്ന പാലക്കാട് ഹരിശ്രീ വെബ്പോര്‍ട്ടലിനോടും സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും ഞങ്ങള്‍ക്കയച്ചു തരുന്ന വിവിധ വിദ്യാഭ്യാസ ഓഫീസുകളിലെ ഉദ്യോഗസ്ഥരോടുമുള്ള കടപ്പാടും ഈ അവസരത്തില്‍ സ്മരിക്കട്ടെ.

പ്രോത്സാഹനങ്ങള്‍ക്കൊപ്പം തന്നെ ഞങ്ങളെ അവഗണിച്ച ചിലര്‍ കൂടിയുണ്ട്. ഞങ്ങളെ പ്രോത്സാഹിപ്പിച്ചവരെ സ്മരിക്കുന്നതോടൊപ്പം അക്കൂട്ടരെക്കൂടി ഞങ്ങളൊന്നു സ്മരിച്ചോട്ടെ. കാരണം അവരും ഈ കൂട്ടായ്മ രൂപപ്പെടുത്തുന്നതില്‍ ഭാഗഭാക്കാണ്! അവരുടെയെല്ലാം എല്ലാത്തരം ചര്‍ച്ചകളും ഞങ്ങള്‍ക്കേറെ വായനക്കാരെ നേടിത്തന്നു. നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഒട്ടേറെ സുഹൃത്തുക്കളെ ഞങ്ങള്‍ക്കിതുമൂലം ലഭിച്ചു. കേരളമൊട്ടാകെയുള്ള അധ്യാപക സമൂഹവുമായുള്ള സുഹൃത് ബന്ധമാണ് ഞങ്ങളുടെ ശക്തി. അതിനെന്നും ഞങ്ങളുടെ സുഹൃത്തുക്കളായ അധ്യാപകരോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. എന്നും ഒപ്പമുണ്ടാകണം.

Tidak ada komentar:

Posting Komentar