Rabu, 14 April 2010

ഈ പേപ്പര്‍ കൂനയുടെ ഉയരം കണക്കാക്കാമോ?

നമ്മുടെ സ്ഥിരം സന്ദര്‍ശകരില്‍ പലര്‍ക്കും ഇപ്പോഴും ബ്ലോഗ് സന്ദര്‍ശിക്കാനാകുന്നില്ലായെന്ന പരാതി നിലനില്‍ക്കുന്നു. അത് പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. www.mathsblog.in എന്ന ഡൊമൈന്‍ വഴി കയറാനാകുന്നില്ലെന്ന് പറഞ്ഞ് പലരും വിളിച്ചപ്പോഴും www.mathematicsschool.blogspot.com ഉപയോഗിക്കാനാണ് ഞങ്ങള്‍ മറുപടി കൊടുത്തത്. കമന്റ് ബോക്സിലെ നമ്മുടെ സ്ഥിരം കൂട്ടുകാരെയും കാണാനാകാത്തതിന്റെ കാരണവും അതു തന്നെയായിരിക്കുമെന്ന് കരുതുന്നു. എന്തായാലും ഡൊമൈന്‍ സംബന്ധമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് ബ്ലോഗ് ടീമംഗമായ ശ്രീനാഥ് സാര്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നുണ്ട്. അതിനിടയില്‍ത്തന്നെ, പസിലുകള്‍ പ്രസിദ്ധീകരിക്കാത്തതിനെക്കുറിച്ചുള്ള പരിഭവം നിറഞ്ഞ മെയിലുകള്‍ക്ക് മറുപടിയായി പസില്‍ ചര്‍ച്ചയ്ക്കായി ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കട്ടെ. പേര് വെളിപ്പെടുത്താതെ ഒരു അധ്യാപകന്‍ അയച്ചു തന്ന ഒരു ചോദ്യം.തന്റെ പത്താം ക്ലാസ് ഗണിതാധ്യാപകനായ സുകുമാരന്‍ മാഷ് ഒരു ഫ്രീ പിരീഡില്‍ മുമ്പെങ്ങോ നല്‍കിയ ചോദ്യമാണെന്നും അതു കൊണ്ടു തന്നെ അദ്ദേഹത്തെ സ്മരിക്കാനുള്ള ഒരു അവസരമായി ഇതിനെ കാണാനാഗ്രഹിക്കുന്നുവെന്നും മെയിലിലുണ്ട്. കാഴ്ചയില്‍ ഇതൊരു ലളിതമായ ചോദ്യമാണെന്നു തോന്നുന്നു. ഉത്തരം ലഭിച്ചു കഴിഞ്ഞാല്‍ തുടര്‍ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാമല്ലോ. അധികം നീട്ടാതെ ഇനി ചോദ്യത്തിലേക്ക് കടക്കാം

ഇക്കഴിഞ്ഞ വാര്‍ഷിക പരീക്ഷയ്ക്കായി എന്‍റെ സ്ക്കൂളില്‍ ഒരു വലിയൊരു ഷീറ്റ് പേപ്പര്‍ വാങ്ങി. പരീക്ഷാ പേപ്പറിന് വേണ്ട അളവില്‍ അതിനെ പലതായി കീറിമുറിച്ച് ഒന്നിനു മീതെ ഒന്നായി അടുക്കി വെച്ചാല്‍ ഒരിഞ്ചു കനത്തില്‍ ആയിരം ഷീറ്റ് കടലാസ് ഉണ്ടാകുമത്രേ. പകഷെ ഇതൊന്നും അറിയാത്ത പുതിയ പ്യൂണ്‍ ഈ വലിയ ഷീറ്റ് കടലാസ് ആദ്യം നടുവേ കീറി അത് ഒന്നിനു മീതെ ചേര്‍ത്തു വെച്ച് വീണ്ടും കീറി.എല്ലാം കൂടി വീണ്ടും ചേര്‍ത്ത് വെക്കുന്നു. പിന്നെയും കീറുന്നു. അവയെല്ലാം കൂടി ചേര്‍ത്ത് വെക്കുന്നു. ഈ പരിപാടി ആകെ അന്‍പതു തവണ ചെയ്തു. അദ്ദേഹത്തിന്റെ ചോദ്യം മറ്റൊന്നുമല്ല. അവസാനം കീറിമുറിക്കലെല്ലാം കഴിഞ്ഞ് അതെല്ലാം കൂടി ചേര്‍ത്ത് വെക്കുമ്പോള്‍ ഉണ്ടാകുന്ന കടലാസ് കൂനയ്ക്ക് എത്ര അടി ഉയരമുണ്ടാകും?

Tidak ada komentar:

Posting Komentar