Minggu, 04 April 2010

നല്ലകാലമോ, നല്ല 'കാല'നോ..?

കേന്ദ്രമന്ത്രിസഭ പാസ്സാക്കിയ വിദ്യാഭ്യാസാവകാശ നിയമം, പരക്കെ ചര്‍ച്ചാവിഷയമായിരിക്കുകയാമല്ലോ..? 'അധ്യാപകര്‍ക്ക് നല്ലകാലം' എന്നാണ് 'മലയാളമനോരമ' പത്രം കഴിഞ്ഞദിവസം വെണ്ടക്ക നിരത്തിയത്. എന്നാല്‍ ഹൈസ്കൂള്‍ അധ്യാപകരെ സംബന്ധിച്ചിടത്തോളം ഇതൊരു ഇടിത്തീയായിത്തീര്‍ന്നേക്കാമെന്നാണ് 'മാതൃഭൂമി' പറയുന്നത്! തീര്‍ന്നില്ല, അണ്‍-എയിഡഡ് വിദ്യാലയങ്ങളിലെ 25 ശതമാനം സീറ്റുകളില്‍ തദ്ദേശവാസികളായ കുട്ടികളെ പഠിപ്പിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന നിബന്ധന സര്‍ക്കാര്‍ എയ്ഡഡ് മേഖലയുടെ നട്ടെല്ലൊടിക്കുമെന്ന് 'ദേശാഭിമാനി'. പള്ളിക്കൂടങ്ങളുടെ, മുഴുവന്‍ അധികാരങ്ങളും തദ്ദേശസ്വയംഭരണസ്താപനങ്ങള്‍ക്കു കൈമാറി, കേന്ദ്രം ഉത്തരവാദിത്തത്തില്‍ നിന്നും പതുക്കെ പിന്മാറുകയാമെന്ന് 'മാധ്യമം'.......
'മാതൃഭൂമി' പത്രം പറയുന്നത് മുഴുവനായും വായിക്കൂ....


"കേന്ദ്രവിദ്യാഭ്യാസാവകാശ നിയമത്തിനനുസൃതമായി സ്‌കൂളുകളില്‍ നടത്തിയേക്കാവുന്ന പുനര്‍വിന്യാസം ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കും. ക്ലാസ് പുനഃക്രമീകരണത്തിന്റെ ഫലമായി പതിനായിരത്തോളം ഹൈസ്‌കൂള്‍ അധ്യാപകര്‍ അധികമായിത്തീരുമെന്നതാണ് പ്രധാന ആശങ്ക. എന്നാല്‍ എല്‍.പി,യു.പി. വിഭാഗങ്ങളില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുന്നതിലൂടെ പതിനായിരക്കണക്കിന് അധ്യാപകരുടെ അധികതസ്തികകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

കേന്ദ്ര നിയമത്തിന്റെ അന്തസ്സത്തയനുസരിച്ച് രാജ്യത്താകമാനം ഏകീകൃതമാനദണ്ഡമാണ് നിലവില്‍വരിക. ഇതനുസരിച്ച് സംസ്ഥാനത്ത് നിലവിലുള്ള എല്‍.പി, യു.പി., ഹൈസ്‌കൂള്‍ സംവിധാനമാണ് മാറ്റിമറിക്കപ്പെടുന്നത്. നിലവില്‍ ഒന്നുമുതല്‍ നാലു വരെ ലോവര്‍പ്രൈമറിയും അഞ്ച് മുതല്‍ ഏഴുവരെ അപ്പര്‍പ്രൈമറിയും എട്ടു മുതല്‍ പത്തുവരെ ഹൈസ്‌കൂളുമായാണ്തിരിച്ചിരിക്കുന്നത്. കേന്ദ്രനിയമം വരുന്നതോടെ ഒന്നുമുതല്‍ അഞ്ചുവരെ ലോവര്‍പ്രൈമറിയും ആറുമുതല്‍ എട്ടുവരെ അപ്പര്‍പ്രൈമറിയും ഒമ്പത്,പത്ത് ക്ലാസുകള്‍ ഹൈസ്‌കൂളായുംതരംതിരിക്കപ്പെടും. അന്യസംസ്ഥാനങ്ങളില്‍ നേരത്തേതന്നെ ഈ സംവിധാനമാണ് പിന്തുടരുന്നതെന്നതിനാല്‍ നിയമം പ്രധാനമായി ബാധിക്കുന്നത് കേരളത്തെയാണ്.

ഹൈസ്‌കൂള്‍ അധ്യാപകരുടെ എണ്ണം വെട്ടിച്ചുരുക്കി അവരെ യു.പി. വിഭാഗത്തിലേക്ക് മാറ്റുകയാണെങ്കില്‍ അധ്യാപകസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങും. ശമ്പളസ്‌കെയിലിലെ കുറവ് മാത്രമായിരിക്കില്ല പ്രശ്‌നം. എച്ച്.എസ്.എ. മാര്‍ യു.പി. വിഭാഗത്തിലേക്ക് 'ചേക്കേറാന്‍' മടിക്കുമെന്നതാണ് പ്രധാനപ്രശ്‌നം. ബിരുദവും ബി.എഡുമാണ് ഹൈസ്‌കൂള്‍ അധ്യാപകരുടെഅടിസ്ഥാനയോഗ്യതയെങ്കില്‍ പ്ലസ്ടുവും ടി.ടി.സി. യുമാണ് യു.പി, എല്‍.പി. വിഭാഗങ്ങളിലെ അടിസ്ഥാനയോഗ്യത.

2009-10 അധ്യയന വര്‍ഷത്തില്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെഎണ്ണം 4,94,105 ആണ്. ഇതില്‍ 1,37,722 കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളിലും 3,21,617 പേര്‍ എയിഡഡ് സ്‌കൂളുകളിലും 34,766 പേര്‍ അണ്‍-എയിഡഡ് മേഖലയിലുമാണ്. പുതിയ നിയമപ്രകാരം ഈ കുട്ടികള്‍ യു.പി. വിഭാഗത്തില്‍ തന്നെയാണ് നിലനില്‍ക്കുക. നാലാംക്ലാസില്‍ നിന്ന് 4, 39,061 കുട്ടികളാണ് അടുത്ത അധ്യയനവര്‍ഷം അഞ്ചാംക്ലാസിലേക്ക് പ്രവേശനം നേടുന്നത്. പുതിയ നിയമപ്രകാരം ഇവര്‍ എല്‍.പി. വിഭാഗത്തില്‍ തന്നെ തുടരുകയാണ്. എല്‍.പി. വിഭാഗത്തില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ വേണം എന്നാണ് പുതിയ നിബന്ധന. യു.പി. വിഭാഗത്തില്‍ 35 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്നാണ് കണക്ക്. ഹൈസ്ക്കൂള് വിഭാഗത്തിലെ അനുപാതത്തെപ്പറ്റി യാതൊന്നും പറയുന്നുമില്ല.

ആരെല്ലാം പുതിയ വിദ്യാഭ്യാസ നയത്തെ എത്രമാത്രം പ്രകീര്‍ത്തിച്ചാലും അതിന്റെ പിന്നില്‍ പതിയിരിക്കുന്ന നിഗൂഡതകളെപ്പറ്റി പരാമര്‍ശിക്കുന്നതേയില്ല. കാരണം, പലരും ഈ നിയമം നടപ്പാക്കുന്നവര്‍ മുന്നോട്ടു വെക്കുന്ന വിഷയുണ്ടകളിന്മേലുള്ള നിറപ്പൊലിമ മാത്രമേ കാണുന്നുള്ളു. അതിന്റെ മാരകാവസ്ഥയെപ്പറ്റി ഗുണദോഷവശങ്ങള്‍ അനഭവിക്കുന്നവര്‍ ആശങ്കപ്പെടുന്നതിനെ സ്വാഭാവികമായികമായി മാത്രം കാണരുതെന്നേ ഞങ്ങള്‍ക്ക് പറയാനുള്ളു. ഉദാഹരണം നോക്കൂ. "അധ്യാപകര്‍ക്ക് നല്ല കാലം വരുന്നു.... പതിനായിരം പുതിയ ഒഴിവുകള്‍ സൃഷ്ടിക്കപ്പെടും...." ഇത് കണ്ടാല്‍ ആരാണ് ഈ നിയമത്തെ കുറ്റം പറയുക? പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കേണ്ടതിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. അത് എല്.പിയില്‍ മാത്രമായിരിക്കുമെന്നതാണ് വാസ്തവം. കാരണം, അഞ്ചാം ക്ലാസ് എല്‍.പിയിലേക്ക് വരികയും അനുപാതം 1:30 ആക്കുകയും ചെയ്യുമ്പോള്‍ എല്‍.പി.എസ്.എ മാരുടെ ഒഴിവുകള് സൃഷ്ടിക്കേണ്ടി വരും. എന്നാല്, യു.പി വിഭാഗത്തിലാകട്ടെ അഞ്ചാം ക്ലാസ് നഷ്ടപ്പെടുമെങ്കിലും ഹൈസ്ക്കൂളില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന എട്ടാം ക്ലാസ് ലഭിക്കുകയും അനുപാതം 1:35 ആക്കുന്നതോടെ ചെറിയൊരു ആശ്വാസമുണ്ടാകും. പക്ഷെ, ഹൈസ്ക്കൂള്‍ ക്ലാസുകളിലെ സ്ഥിതിയെന്താണ്? എട്ടാം ക്ലാസ് നഷ്ടപ്പെടുന്നു. അനുപാതം 1:45 തന്നെ ആയി നില്‍ക്കാന്‍ തന്നെയാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ഒന്‍പത്, പത്ത് ക്ലാസുകളിലെ കുട്ടികളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും എച്ച്.എസ്.എമാരുടെ നിലനില്‍പ്പ്. പുതിയ ഒഴിവുകള്‍ സൃഷ്ടിച്ച് പതിനായിരം പുതിയ അധ്യാപകര്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് കരുതുന്നുണ്ടോ? ഈ ഒഴിവുകള്‍ നികത്താന്‍ യു.പി.എസ്.എ മാരെ എല്‍.പിയിലേക്കും എച്ച്.എസ്.എ. മാരെ യു.പി. വിഭാഗത്തിലേക്കും മാറ്റേണ്ടി വരും എന്ന പോംവഴി തന്നെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുക്കുകയെന്ന് അധ്യാപകര്‍ ആശങ്കപ്പെടുന്നു. മുമ്പ് പ്രീഡിഗ്രി വേര്‍പെടുത്തലുണ്ടായപ്പോള്‍ കോളേജധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോളേജുകളില്‍ നിന്ന് ഇതില്‍ പലരും പോകാന്‍ കൂട്ടാക്കിയതുമില്ല. ഈ അവസ്ഥ ഇവിടെയും സംജാതമാവുകയില്ലേ? അധ്യാപകന്റെ നിലനില്പിനെത്തന്നെയല്ലേ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്? ഭാവിയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എടുത്തുകളയുകയും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ എല്ലാ സ്ക്കൂളുകളിലും വരാനും സാധ്യതയുണ്ടെന്ന് പരക്കെയുള്ള ആശങ്ക യാഥാര്‍ത്ഥ്യമാവുകയാണോ? എങ്കില്‍ ഇന്ന് ഡിവിഷന്‍ ഫാളുകളെ ഭയപ്പെടാതിരിക്കുന്ന ഹയര്‍സെക്കന്ററി സ്ക്കൂളുകളുടെ കാര്യവും അവതാളത്തിലാകും. ഹയര്‍സെക്കന്ററി അധ്യാപകര് ഭാവിയില്‍ ഹൈസ്ക്കൂള്‍ തലത്തിലേക്ക് വന്നാലും അത്ഭുതപ്പെടാനില്ല.

1997 ജൂലായ് 14 ന് ശേഷം എയിഡഡ് സ്‌കൂളുകളില്‍ അധ്യാപകരായി പ്രവേശിച്ചവര്‍ക്ക് സംരക്ഷണാനുകൂല്യവുമില്ല. പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട് എയിഡഡ് മേഖലയിലെ മാനേജുമെന്റുകളും സര്‍ക്കാരും തമ്മില്‍ ഉരസല്‍ ഉണ്ടാകാനും സാധ്യതയേറെയാണ്."

ഈ നിയമം, കേരളത്തിനു വേണ്ടി, പുതുക്കിപ്പണിയാന്‍ കമ്മിറ്റിയെ നിശ്ചയിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, നിങ്ങളുടെ കമന്റുകള്‍ക്ക് വലിയ പ്രസക്തിയും പ്രാധാന്യവുമുണ്ട്.- വിശേഷിച്ചും, ഉന്നതതലങ്ങളില്‍പ്പോലും നമ്മുടെ സംവാദങ്ങള്‍ക്ക് ധാരാളം വായനക്കാരുണ്ടെന്നതിനാല്‍..!

Tidak ada komentar:

Posting Komentar