Senin, 15 Maret 2010

കടങ്കഥ : ആദിവാസി മോഷ്ടാക്കള്‍


മാത്‌സ് ബ്ലോഗിലെ ദൈനംദിന പസില്‍ ചര്‍ച്ച കാണുന്നില്ലല്ലോയെന്ന് പലര്‍ക്കും പരാതിയുണ്ട്. റീവാമ്പിങ്ങിനു ശേഷം ഒരു പസില്‍ പോലും പ്രസിദ്ധീകരിച്ചിട്ടില്ലായെന്ന കാര്യം സത്യത്തില്‍ ഇപ്പോഴാണ് ശ്രദ്ധിച്ചത് തന്നെ. അതുകൊണ്ടു തന്നെ ഒട്ടും സമയം കളയാതെ നമ്മുടെ വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു പസില്‍ പ്രസിദ്ധീകരിക്കുകയാണ്. ഉത്തരവും മറ്റു പസില്‍ ചര്‍ച്ചകളുമെല്ലാം ഈ പോസ്റ്റില്‍ തകൃതിയായി നടക്കട്ടെ. എല്ലാവരുടേയും ശ്രദ്ധ ദൂരെ... ദൂരെ ദൂരെയുള്ള കൊടുംകാട്ടിലേക്ക് കൊണ്ടു പോകുന്നു. കാടിന്റെ ഒത്ത നടുവില്‍ ആദിവാസികളുടെ കൂരകള്‍ കാണാം. അവിടെ മൂപ്പന്റെ കൂരയ്ക്ക് മുന്നിലെ മരച്ചുവട്ടിലൊരുക്കിയിരിക്കുന്ന കല്ലുകൊണ്ടുള്ള സിംഹാസനം. അവരുടെ ഗോത്രത്തിന്റെ കോടതി യാണത്. മൂന്ന് ആദിവാസികളെയും ഓരോ തൂണിന്മേല്‍ കെട്ടിയിട്ട് എല്ലാവരും മൂപ്പന്റെ ശിക്ഷാ വിധികള്‍ക്കായി കാത്തിരിക്കുകയാണ്. ഇവര് ചെയ്ത കുറ്റമെന്താണെന്നറിയേണ്ടേ. പനങ്കള്ള് കഴിക്കാനായി അടുത്തുള്ള കൂരകളില്‍ നിന്നും വ്യത്യസ്ത ദിവസങ്ങളിലായി ഒരാള്‍ ഒരു പിച്ചളപ്പാത്രവും അടുത്തയാള്‍ ഒരു മാന്‍ തോലും മൂന്നാമത്തെയാള്‍ കര്‍പ്പൂരവും മോഷ്ടിച്ചത്രേ. ദീര്‍ഘനേരത്തെ മൌനത്തിനു ശേഷം മൂപ്പന്‍ ചോദിച്ചു. "ഓരോരുത്തരും എന്തെല്ലാമാണ് കട്ടത്?" അവരുടെ മറുപടി രസകരമായിരുന്നു. അതെന്താണെന്നല്ലേ. കേട്ടോളൂ.

കണ്ണപ്പന്‍ പറഞ്ഞു "മാരിയപ്പനാണ് കര്‍പ്പൂരം കട്ടത്" ചിന്നയ്യന്‍ പറഞ്ഞു "അല്ല, മാരിയപ്പന്‍ മാന്‍ തോലാണ് കട്ടത് മൂപ്പാ" മാരിയപ്പന്‍ പറഞ്ഞു "ഞാനൊന്നും കട്ടിട്ടില്ല മൂപ്പാ". ഇവരുടെ മറുപടികളെല്ലാം അദ്ദേഹം കേട്ടു. ഒരു കാര്യം മൂപ്പന് ഉറപ്പാണ് കോവിലിലെ ഉത്സവത്തിന് ഉപയോഗിക്കുന്ന തേവരുടെ 'മാന്‍ തോല്‍' മോഷ്ടിച്ചയാള്‍ക്ക് ഒരിക്കലും നുണപറയാനാകില്ല. എന്നാല്‍ പിച്ചളപ്പാത്രം മോഷ്ടിച്ചയാളുടെ വാക്കാകട്ടെ പിച്ചളപ്പാത്രം പോലെയായിരിക്കും 'അത് തീരെ വിശ്വസിക്കാനാകില്ല'. ഇവരുടെ ഈ മൊഴികളില്‍ നിന്നും ആരെല്ലാം എന്തെല്ലാം മോഷ്ടിച്ചുവെന്ന് കണ്ടെത്താമോ? എങ്ങനെ ഉത്തരത്തിലേക്കെത്തിയെന്ന് വിശദീകരിക്കുകയും വേണം

Tidak ada komentar:

Posting Komentar