Sabtu, 25 September 2010

സത്യമായ സ്വാതന്ത്യത്തിന്റെ പതിമൂന്നു വര്‍ഷങ്ങള്‍

നമ്മുടെ ടീമിലെ കുറച്ചുപേര്‍ ഇന്ന് രാവിലെ ഒമ്പതുമണിമുതല്‍ എറണാകുളം അധ്യാപക ഭവനിലുണ്ടാകും.ശ്രീനാഥ്, ഹരി, നിസാര്‍, ജോമോന്‍ .....ചിലപ്പോള്‍ ജോണ്‍സാറും. എന്താ കാര്യമെന്നാകും, അല്ലേ..? കൊച്ചിയിലെ ഐലഗ് ;അതിന്റെ വിജയകരമായ പതിമൂന്നു വര്‍ഷം പിന്നിട്ടതിന്റെ സന്തോഷസൂചകമായുള്ള സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കൂട്ടായ്മയാണവിടെ. പല മേഖലകളിലും നിന്നുള്ള നിസ്വാര്‍ഥരായ ഒരുപിടി ചെറുപ്പക്കാര്‍ ജെ.ജെ.എന്നറിയപ്പെടുന്ന ജേക്കബ്സാറിന്റെ മറൈന്‍ഡ്രൈവിലുള്ള 'ജേസ് ഇന്റര്‍നെറ്റ് കഫേ'യില്‍ എല്ലാ മാസത്തിലേയും അവസാന ഞായറാഴ്ച ഒത്തുചേരാന്‍ തുടങ്ങിയിട്ട് നീണ്ട പതിമൂന്നു വര്‍ഷങ്ങളായെന്നു സാരം.
ഐലഗിന്റെ മീറ്റിംഗിനായിയാണ് ഇവരെത്തുന്നത് എന്നു സൂചിപ്പിച്ചു.... എന്താണ് ഐലഗ് എന്നറിയണ്ടേ..?

ഇന്ത്യന്‍ ലിബ്രെ യൂസേഴ്‌സ് ഗ്രൂപ്പ് ആണ് ഐലഗ്. 1997 -ല്‍ കൊച്ചിയില്‍ രൂപം കൊണ്ട ഈ സംഘടന ഇന്നേറെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.
കൊച്ചി ഐലഗിന്റെ തുടക്കം
1997 സെപ്റ്റംബര്‍ മാസത്തിലാണ് കൊച്ചിയില്‍ ഇന്ത്യന്‍ ലിനക്സ് യൂസര്‍ ഗ്രൂപ്പ് (ഐലഗ് )രൂപീകരിക്കപ്പെടുന്നത്.ഈയടുത്ത് പേര് ഇന്ത്യന്‍ ലിബ്രെ യൂസര്‍ ഗ്രൂപ്പ് എന്നാക്കി മാറ്റുകയുണ്ടായി. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ഏഴു സുഹൃത്തുക്കള്‍,1997 സെപ്‌റ്റംബര്‍ മാസത്തില്‍ എറണാകുളം നഗരത്തില്‍ ഒത്തു കൂടി. അവരുടെ ആദ്യ ഒത്തു ചേരലില്‍ ലിനക്‍സ് എന്ന പുത്തന്‍ ആശയമാണ് ചര്‍ച്ച ചെയ്‌തത്.
ആ ഒത്തുചേരലില്‍ ഏഴു പേരായിരുന്നെങ്കില്‍ ഇതിന്റെ രണ്ടാമത്തെ ഒത്തു ചേരലില്‍ പങ്കെടുത്തത് ഇരുപതു പേരാണ്. ഒരു പുതിയ സംരംഭത്തിന്റെ തുടക്കമാവുകയായിരുന്നു ആ ഒത്തു ചേരലുകള്‍.

വളര്‍ച്ച

സ്വതന്ത്ര സോഫ്‌റ്റ് വെയര്‍ ഉപയോഗിക്കുന്നവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വെയ‌ക്കാനും അറിവുകള്‍ കൈമാറാനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാനുമായിരുന്നു തുടക്കത്തില്‍ സംഘടന ലക്ഷ്യം വച്ചിരുന്നത്. ഇന്റെര്‍നെറ്റ് എന്നത് ഏറെ ചെലവേറിയതും അപൂര്‍വ്വവും ആയിരുന്ന ആ കാലത്ത് സ്വതന്ത്ര സോഫ്‌റ്റ് വെയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏക മാര്‍ഗവും ഇതായിരുന്നു.

ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്‌താണ് ഈ നീക്കം മുന്നോട്ടു പോയത്. ആദ്യ കാലത്തെ ഹൃസ്വമായ മീറ്റിംഗുകള്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന മീറ്റിംഗുകള്‍ക്ക് വഴിമാറി .ഇന്റെര്‍നെറ്റ് കണക്‍ഷന്‍ ഏറെ ചെലവേറിയതായിരുന്ന ആ കാലത്ത് ഗ്നു ലിനക്‍സ് വീട്ടില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ ശ്രമിച്ച് പരാജപ്പെട്ടവര്‍ ഈ മീറ്റിംഗില്‍ എത്തിയിരുന്നു.

എന്നാല്‍ പിന്നീട് ഈ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. വിവിധ വിഷയങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍, പ്രദര്‍ശനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചു ഐലഗ് വളരുകയായിരുന്നു.

കടലു കടന്ന് സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായ റിച്ചാഡ് സ്റ്റാള്‍മാന്റെ വരെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കൊച്ചിയിലെ ഐലഗ് പ്രവര്‍ത്തകര്‍ക്കായി. റിച്ചാഡ് സ്‌റ്റാള്‍മാനോടൊപ്പം കൊച്ചിയിലെ ഐലഗ് പ്രവര്‍ത്തകര്‍ നില്‍ക്കുന്ന ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇന്നത്തെ മീറ്റിംഗ്
സ്വതന്ത്ര സോഫ്‌റ്റ് വെയറുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍, അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസരം, സ്വതന്ത്ര സോഫ്‌റ്റ് വെയറിലെ മലയാളം കംപ്യൂട്ടിംഗിനെ കുറിച്ചുള്ള അവതരണം , ലൈബ്രറി മാനേജ്മെന്റ് , ലേണീംഗ് മാനേജ്മെന്റ്, ഗ്നു ലിനക്സ് ഇന്‍സ്റ്റാലേഷന്‍, ഗ്രാഫിക് ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ട അവതരണങ്ങള്‍ , പോസ്‌റ്റര്‍ പ്രദര്‍ശനം കൂടാതെ നിങ്ങളുടെ ലാപ്ടോപ്പില്‍ സൗജന്യമായി ഗ്നൂ ലിനക്‌സ് ഇന്‍സ്‌റ്റാള്‍ ചെയ്‌തു തരുന്ന ഇന്‍സ്‌റ്റാള്‍ ബൂത്തും ഇവിടെയുണ്ട്.
പ്രവേശനം സൗജന്യമാണ് കേട്ടോ..വരുന്നോ എറണാകുളത്തേക്ക്?

Tidak ada komentar:

Posting Komentar